നമുക്ക് ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും ജേണലിസത്തിന് ഇങ്ങനേയും ഒരു മുഖമുണ്ട്

മന്ത്രിയുടെ ചാപല്യം വാര്‍ത്തയാക്കുന്നതിനു പകരം, ഈ മാര്‍ഗ്ഗത്തിലൂടെ അയാള്‍ അഴിമതിക്കാരനാണെന്നു തെളിയിക്കുന്ന എന്തെങ്കിലുമായിരുന്നു, പുറത്തുവിട്ടിരുന്നത് എങ്കില്‍ ഇന്നു മംഗളത്തിനെതിരെ നില്‍ക്കുന്ന കേരളം, മംഗളത്തിനു പിന്നില്‍ കട്ടസപ്പോട്ട എന്നു പറഞ്ഞു നിന്നേനെ- നാരദ റെസിഡന്റ് എഡിറ്റര്‍ സെബിന്‍ എ. ജേക്കബ് എഴുതുന്നു

നമുക്ക് ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും ജേണലിസത്തിന് ഇങ്ങനേയും ഒരു മുഖമുണ്ട്

മംഗളംകാരനു ബുദ്ധി പോരാഞ്ഞതുകൊണ്ട്, അതിനെ ഒരു ലൈംഗികവിവാദമാക്കി ഒതുക്കി. കാലംമാറിയതു മനസ്സിലാക്കുന്നതില്‍ അവര്‍ക്കു വന്ന പിഴവ് വലിയ വില കൊടുക്കേണ്ടിവരുന്നതിലേക്ക് അവരെ നയിച്ചു.വാസ്തവത്തില്‍ wine, wealth, women എന്നീ മൂന്നു ചൂണ്ടകളില്‍ കൊളുത്തിയാണ് പല നിക്ഷിപ്ത താത്പര്യക്കാരും അധികാരസ്ഥാനത്തുള്ളവരെ സ്വാധീനിച്ച് അനര്‍ഹമായ പലതും നേടുന്നത്. അതേ പാതയിലൂടെ വാര്‍ത്തകള്‍ ശേഖരിക്കുന്നവരും അതേ പാതയിലൂടെ അധികാരികളുടെ തോന്ന്യാസങ്ങള്‍ പുറത്തെത്തിക്കുന്നവരും ഒക്കെ ജേണലിസ്റ്റുകളുടെ ഇടയില്‍ തന്നെയുണ്ട്

വാജ്‌പേയി മന്ത്രിസഭയുടെ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖികയും റാങ്ക് ഹോള്‍ഡറും ഹിന്ദി കവയത്രിയുമായ യുവതി കൊല്ലപ്പെട്ടത് ഓര്‍മ്മയുണ്ടാവും. മറ്റാര്‍ക്കും ലഭിക്കാത്ത വാര്‍ത്തകള്‍ അവര്‍ക്കു ലഭിച്ചുകൊണ്ടിരുന്നത്, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായുള്ള ബന്ധത്തിലൂടെയായിരുന്നു. അതില്‍ പിന്നീടുണ്ടായ ചില പ്രശ്‌നങ്ങള്‍ ആണ് അവരുടെ കൊലപാതകത്തിലേക്കു നയിച്ചത് എന്നാണ് ഉയര്‍ന്നുകേട്ട ആരോപണം. ഒരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനടക്കം കേസില്‍ പ്രതിയായിരുന്നു. വലിയ മോറല്‍ ഹൈ ഗ്രൗണ്ട് എടുക്കുന്ന മാദ്ധ്യമസ്ഥാപനങ്ങള്‍ വരെ ഇത്തരം പരിപാടികള്‍ക്ക് സ്ത്രീകളെ ഉപയോഗിച്ചിട്ടുണ്ട് എന്നതിന്റെ ഉദാഹരണമാണിത്. അവര്‍ സ്വമേധയാ ചെയ്തതാണെന്നു പറയാമെങ്കിലും ബൈലൈനിനായുള്ള മോഹമാണ്, അതിലേക്ക് അവരെ എത്തിച്ചത്.

അതുകൊണ്ടു തന്നെ, സിസ്റ്റം അതില്‍ കോംപ്ലിസിറ്റ് ആണ്.ആയുധ ഇടപാടിലെ കോഴ പുറത്തുകൊണ്ടുവന്ന അനിരുദ്ധ് ബഹാലിന്റെ നേതൃത്വത്തിലുള്ള സ്റ്റിങ് ഓപ്പറേഷനില്‍ ജേണലിസ്റ്റുകള്‍ മാത്രമല്ല, പട്ടാളമേധാവികളുടെ ആവശ്യപ്രകാരം എത്തിച്ചുകൊടുത്ത കോള്‍ ഗേള്‍സ് വരെ അവരുടെ പങ്കുവഹിച്ചിട്ടുണ്ട് എന്നാണ് വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഒരു പ്രത്യേക കമ്പനിയെ പട്ടികയില്‍ പെടുത്തുക എന്ന ഫേവറേറ്റിസത്തിനു പ്രതിഫലമായി അവര്‍ രതി ആവശ്യപ്പെടുകയായിരുന്നു.മുകളില്‍ പറഞ്ഞ രണ്ടു കേസിലും ബ്ലാക്ക് മെയിലിങ്ങിനല്ല, ശരീരം ഉപയോഗപ്പെടുത്തിയത്. ഒന്നില്‍ വാര്‍ത്തയുടെ സോഴ്‌സ് ഉറപ്പിക്കാനും രണ്ടാമത്തേതില്‍ കിക്ക് ബാക്ക് ആയും ആണ്. അതിലെ ധാര്‍മ്മികത രണ്ടാമത്തെ വിഷയമാണ്. രണ്ടിലും സ്ലീസ് എലമെന്റ് വാര്‍ത്തകളില്‍ ഇല്ലായിരുന്നു. എന്നാല്‍ മംഗളം സ്റ്റിങ് ആവട്ടെ, മന്ത്രിയുടെ വിഷയാസക്തി എന്ന ഒറ്റ പോയിന്റിലാണ് കേന്ദ്രീകരിച്ചത്.മന്ത്രിയുമായി അശ്ലീലമടക്കം സംസാരിക്കാവുന്ന അടുപ്പം സ്ഥാപിച്ചശേഷം അതിനെ റെക്കോഡ് ചെയ്യുകയും ഒരുപക്ഷെ ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിച്ചിരിക്കയും അതു നടക്കാതെ വന്നപ്പോള്‍ പുറത്തുവിടുകയും ആവും ചെയ്തിട്ടുണ്ടാവുക എന്നാണ് ഊഹിക്കാവുന്നത്. മറ്റൊരു മന്ത്രിയേയും എംഎല്‍എയും കൂടി ഇവര്‍ ഇതേ വഴിയില്‍ കുടുക്കിയെന്നും മന്ത്രി പണംകൊടുത്ത് ഒതുക്കിയെന്നുമുള്ള ഊഹാപോഹം മംഗളം സര്‍ക്കിളില്‍ നിന്നു തന്നെ വാമൊഴി രൂപത്തില്‍ പ്രചരിച്ചിരുന്നത് ഈ സംശയത്തിന് സാധുത നല്‍കുന്നു.

നമുക്ക് ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും ജേണലിസത്തിന് ഇങ്ങനേയും ഒരു മുഖമുണ്ട്. കോര്‍പ്പറേറ്റ് പൊളിറ്റിക്‌സിന്റെയും ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയുടെയും സ്വാഭാവിക ഉത്പന്നമാണത്. ചാരപ്രവര്‍ത്തനത്തിലെ പ്രധാനപ്പെട്ട കരുവാണ് എപ്പോഴും ശരീരം.മന്ത്രിയുടെ ചാപല്യം വാര്‍ത്തയാക്കുന്നതിനു പകരം, ഈ മാര്‍ഗ്ഗത്തിലൂടെ അയാള്‍ അഴിമതിക്കാരനാണെന്നു തെളിയിക്കുന്ന എന്തെങ്കിലുമായിരുന്നു, പുറത്തുവിട്ടിരുന്നത് എങ്കില്‍ ഇന്നു മംഗളത്തിനെതിരെ നില്‍ക്കുന്ന കേരളം, മംഗളത്തിനു പിന്നില്‍ കട്ടസപ്പോട്ട എന്നു പറഞ്ഞു നിന്നേനെ. അങ്കമാലി പെണ്‍കുട്ടിയും ജോസ് തെറ്റയിലുമായുള്ള രംഗങ്ങള്‍ പുറത്തുവിട്ട ചാനലിന് എതിരെ ഉണ്ടാകാതിരുന്ന വികാരം മംഗളത്തിനെതിരെയും ഉണ്ടാവില്ലായിരുന്നു. അങ്കമാലി കേസില്‍ ഒരു ചൂഷണത്തിന്റെ കഥ സാധൂകരിക്കാനുണ്ടായിരുന്നതിനാലാണ് ചാനലിനു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. ശശീന്ദ്രന്റെ കാര്യത്തിലാവട്ടെ, അത്തരം ഒരു ചൂഷണത്തിന്റെ കഥ പോലും വിശ്വസനീയമായി മെനയുന്നതിന് ചാനല്‍ അധികാരികള്‍ക്കു കഴിഞ്ഞില്ല.സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയിട്ടുള്ള, ഒരു പക്ഷെ ഇനിയും നടത്താന്‍ സാധ്യതയുള്ള ഒരു സ്ഥാപനത്തിന്റെ അമരത്താണു ഞാനുള്ളത്. അതുകൊണ്ടുതന്നെ, തൊഴില്‍ നല്‍കുന്ന സ്ഥാപനത്തിന്റെ തീരുമാനങ്ങള്‍ക്ക് ഉത്തരവാദിത്തം വഹിക്കേണ്ടിവരും എന്ന് എനിക്കുറപ്പുണ്ട്.സ്ത്രീകളെ ലൈംഗികവസ്തു എന്ന നിലയില്‍ ഉപയോഗപ്പെടുത്തുന്ന രീതിയെ അംഗീകരിക്കുന്ന രാഷ്ട്രീയമല്ല, എന്റേത്.

മൂലധനം ആവശ്യമാണെന്നു മനസ്സിലാക്കുമ്പോഴും അപ്പംകൊണ്ടുമാത്രമല്ല, മനുഷ്യപുത്രന്‍ ജീവിക്കുന്നത് എന്ന സിദ്ധാന്തത്തോടാണ് യോജിപ്പ്. മൂലധന താത്പര്യങ്ങളെക്കാള്‍ മുകളില്‍ നില്‍ക്കുന്ന ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ പുലര്‍ത്തുന്നത് മോശമാണ് എന്ന ധാരണയില്ല. മൂലധനമില്ലാതെ സിദ്ധാന്തംകൊണ്ടുമാത്രം അപ്പം കഴിക്കാം എന്ന മിഥ്യാബോധവുമില്ല.എന്റെ കീഴില്‍ പണിയെടുക്കുന്ന ഒരു വനിതാ ജേണലിസ്റ്റിനോട് സ്ഥാപനത്തിനുവേണ്ടി ലൈംഗികച്ചുവയോടെ സംസാരിക്കാനോ വാര്‍ത്തയ്ക്കുവേണ്ടി അതിരുവിട്ടു പെരുമാറാനോ ഞാനോ സ്ഥാപനമേധാവികളോ ആവശ്യപ്പെടില്ല എന്ന കാര്യത്തില്‍ എനിക്കു സംശയമൊന്നുമില്ല. അത് ഞങ്ങളുടെ സ്‌കൂള്‍ ഓഫ് ജേണലിസമല്ല. അതേ സമയം അക്കാര്യത്തില്‍ മോറല്‍ ഹൈഗ്രൗണ്ട് എടുക്കാനും ഞാനില്ല. ഓരോരുത്തരുടെയും ധാര്‍മ്മികതയും മൂല്യങ്ങളും തീരുമാനിക്കേണ്ടത് അവരവരാണ് എന്നതാണ് എന്റെ നിലപാട്.

അടുപ്പം തോന്നിക്കുന്ന സ്ത്രീകളോട് ജീവിതത്തിലൊരിക്കലും ലൈംഗികത സംസാരിച്ചിട്ടില്ലാത്ത പുരുഷന്മാര്‍ മന്ത്രിയെ കല്ലെറിയട്ടെ എന്നു നമുക്ക് രാഷ്ട്രീയമായ ശരി പറയാം. അതേ സമയം അധികാരസ്ഥാനത്തുള്ളവര്‍ എന്ന നിലയില്‍ അത്തരം പ്രലോഭനങ്ങളെ അടക്കം അതിജീവിക്കേണ്ടത് അവരുടെയും അവരെ വിജയിപ്പിച്ച മുന്നണിയുടെയും നിലനില്പിന്റെ കൂടി ആവശ്യമാണ് എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കാതെ തരമില്ല. അധികാരപ്രാപ്തിക്കു ശേഷമുണ്ടാകുന്ന പുതിയ ബന്ധങ്ങളെ സംശയത്തോടെ കാണാനുള്ള കൗശലം കൈമോശം വരുന്നത് അപകടമാണ് എന്നേ ഞാന്‍ പറയൂ. അതു കേവലം ലൈംഗിക സ്വാതന്ത്ര്യത്തിന്റെയോ വ്യക്തി സ്വാതന്ത്ര്യത്തിന്റെയോ പ്രശ്‌നമല്ല. അധികാരം നല്‍കുന്ന സവിശേഷമായ സ്ഥാനം ദുരുപയോഗപ്പെടുത്താന്‍ മറ്റൊരാളെ അനുവദിക്കാതെയിരിക്കുക എന്ന ജാഗ്രതയുടെ പ്രശ്‌നമാണ്.

മംഗളം സ്‌കൂള്‍ ഓഫ് ജേണലിസത്തെ തികച്ചും എതിര്‍ക്കുന്ന കൂട്ടത്തിലാണു ഞാന്‍. സോഴ്‌സിനെ ക്വോട്ട് ചെയ്യാതെയും ഇന്‍ഡിപ്പെന്‍ഡന്റ് സോഴ്‌സ് ഇല്ലാതെയും വാര്‍ത്ത ചമയ്ക്കുന്ന രീതിയോടു തന്നെ നിരന്തരം കലഹിച്ചു പോരുന്ന ആളെന്ന നിലയില്‍ അക്കാര്യത്തില്‍ എനിക്കു വ്യക്തതയുണ്ട്. വസ്തുതകളെ അവഗണിച്ചോ കണ്ടില്ലെന്നു നടിച്ചോ വാര്‍ത്തയ്ക്കുള്ളില്‍ ലേഖകന്റെ അഭിപ്രായം തിരുകുന്ന എഡിറ്റോറിയലൈസിങ് രീതിയോടും എനിക്കു യോജിപ്പില്ല. അത്തരം മാദ്ധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന യലഹീം വേല below the belt blows പ്രതിലോമകരമാണ് എന്നാണു കരുതുന്നത്. സമൂഹത്തില്‍ പക്ഷെ പുരോഗമനപരമായ കാര്യങ്ങള്‍ മാത്രമല്ല ഉള്ളത് എന്നു തിരിച്ചറിയാനുള്ള ബോധം എന്നില്‍ അവശേഷിക്കുന്നുണ്ട്. Ideal worldനു വേണ്ടി കൊതിക്കുമ്പോഴും real world എന്തെന്നു കണ്ണുതുറന്നു കാണേണ്ടതുണ്ടല്ലോ.