വർത്തമാനകാലത്തിന്റെ അടയാളം (സ്വർഗരാജ്യത്തിന്റെയല്ല); അഥവ പിന്നില്‍ നിന്നു കുത്തുന്ന രണ്ടില രാഷ്ട്രീയം

പണ്ടു നായനാർ പറഞ്ഞ അതേ ഡയലോഗ്, മാണി ഞങ്ങളെ പിന്നിൽ നിന്നു കുത്തി എന്ന വാചകം, മുൻ ഡിസിസി പ്രസിഡന്റ് കെ സി ജോസഫ് ആവർത്തിക്കുന്നു. കേരള കോൺഗ്രസ് ഉടൻ തന്നെ യുഡിഎഫിലേക്കു വരും എന്നാൽ അതു ജോസ് കെ മാണി ഇല്ലാതെയായിരിക്കും. ജോസ് കെ മാണിയുള്ള കേരള കോൺഗ്രസിനെ ഒരു കാരണവശാലും തങ്ങൾ അടുപ്പിക്കില്ല എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു- മാണി ഇടതു മുന്നണിയിലേക്കെന്ന പ്രചാരണത്തെ വിലയിരുത്തുകയാണ് നാരദ ന്യൂസ് റെസിഡന്‍റ് എഡിറ്റര്‍ സെബിന്‍ എ. ജേക്കബ്

വർത്തമാനകാലത്തിന്റെ അടയാളം (സ്വർഗരാജ്യത്തിന്റെയല്ല); അഥവ പിന്നില്‍ നിന്നു കുത്തുന്ന രണ്ടില രാഷ്ട്രീയം

വമ്പു നടിച്ച മല്ലൻ ഗോല്യാത്തു കിടപ്പൂ തകതെയ്
ചെമ്പു മലപോലവൻ മന്നിൽ കതിർകു തത്തത്താ

സംഗതി പരിചമുട്ടുകളിപ്പാട്ടാണ്. മല്ലനായ ഗോല്യാത്തിനെ ബാലനായ ദാവീദ് കവണയിൽ കല്ലെറ്റിച്ചു വീഴ്ത്തിയ കഥ. ഈ കഥയോടൊക്കും കോട്ടയത്തെ സംഭവങ്ങൾ. ആരാണു ഗോല്യാത്ത്, ആരാണു ദാവീദ് എന്നതിനെ ചൊല്ലി തർക്കമുണ്ടെന്നേയുള്ളൂ. അത് തവണക്കണക്കിൽ മാറും.

ജോസഫ് വിഭാഗത്തെ കൂടെക്കൂട്ടിയതു മുതലാണ് മാണിയുടെ ശനിദശ തുടങ്ങുന്നത്. രണ്ടാംനിര നേതാക്കൾ ആവശ്യത്തിനുണ്ടായിരുന്ന ജോസഫ് വിഭാഗം യുഡിഎഫിലെത്തുന്നതോടെ അവരുടെ സിറ്റിങ് സീറ്റുകൾ കേരള കോൺഗ്രസിനു വിട്ടുകൊടുക്കേണ്ടിവരുന്നത് കോൺഗ്രസിനു ചിന്തിക്കാൻ ആവുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ, മുന്നണിയിലേക്കു പുതിയ ആൾക്കാരെ വലിച്ചുകയറ്റുന്നവരുടെ ഉത്തരവാദിത്തമാണ്, അവർക്കു സീറ്റു കൊടുക്കുന്നത് എന്നും തങ്ങളുടെ സീറ്റുകൾ വിട്ടുനൽകാനാവില്ല എന്നുമുള്ള നിലപാടാണ്, കോൺഗ്രസ് എടുത്തത്. കൂടുതൽ ശക്തമായ കേരള കോൺഗ്രസ് എന്നാൽ മുസ്ലീം ലീഗിനേക്കാൾ സ്വാധീനം പൊളിറ്റിയിൽ ചെലുത്താൻ പ്രാപ്തമായ സംഘം എന്നതായിരുന്നു പ്രശ്നം. അത്, കോട്ടയം - പത്തനംതിട്ട - ഇടുക്കി ജില്ലകളിലെ യുഡിഎഫ് രാഷ്ട്രീയത്തിൽ പല ഇളക്കിപ്രതിഷ്ഠകൾക്കും ഇടയാക്കുമായിരുന്നു. ഭാഗികമായെങ്കിലും ആലപ്പുഴ, എറണാകുളം ജില്ലകളിലും.

മാണി അതിനു മുമ്പത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അതേ സീറ്റുകളിൽ തന്നെ ഒതുങ്ങേണ്ടിവന്നു. തുടർന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭ. മാണിയും ജോസഫും മന്ത്രിമാർ. ഇടയ്ക്കുവച്ച് മാണിയെ സിപിഐ മാടിവിളിച്ചു. അതേ, ഇന്ന് മാണിക്കെതിരെ മൈക്ക് വയ്ക്കുന്ന അതേ സിപിഐ തന്നെ. തുടർന്ന് സിപിഐഎം വേദിയിൽ മാണിയെ ക്ഷണിച്ചു. അതോടെ സിപിഐ സ്റ്റാൻഡ് മാറ്റി.

മാണിയുടെ എൽഡിഎഫ് പ്രവേശം തടയാനാണ് ബാർ കോഴ ആരോപണം ഉമ്മൻ ചാണ്ടി ഉപയോഗപ്പെടുത്തിയത് എന്നൊരു വികാരം മാണിക്കുണ്ട്. കെ എം മാണിക്കെതിരെ മാത്രം കേസെടുക്കുകയും സമാനമായ ആരോപണം നേരിട്ട കെ ബാബുവിനെ സംരക്ഷിക്കുകയും ചെയ്തത് ഇരട്ടനീതിയുടെ ഉദാഹരണമായാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ബാർ കോഴ ആരോപണം ഉയർന്നിരുന്നില്ലെങ്കിൽ പോലും മാണിയുടെ ഇടതുപ്രവേശനം നടക്കില്ലായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. പി ജെ ജോസഫ് പോലും എൽഡിഎഫ് ഉപേക്ഷിച്ച് മാണിക്കൊപ്പം കൂടിയത് കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ കത്തോലിക്ക ബിഷപ്പുമാരുടെ ഇടപെടലിനെ തുടർന്നായിരുന്നു. ആ നിലയ്ക്ക്, കേരളത്തിൽ വിമോചന സമരത്തിലേക്കു കോൺഗ്രസിനെ എടുത്തു ചാടിച്ചതിൽ പ്രധാന പങ്കുവഹിച്ച കെ എം മാണി തന്നെ, ഇപ്പോൾ ആ സാഹസത്തിനു മുതിരില്ലായിരുന്നു. എൽഡിഎഫ് ക്ഷണം എന്നത് വിലപേശലിനുള്ള ഉപായമായാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. എന്നാൽ ആ വിലപേശൽ ഉമ്മൻ ചാണ്ടിക്കു ശല്യമായി തോന്നി എന്നിടത്താണു കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.

(ഭൂതകാലത്തിൽ നിന്നൊരില: ഭാഗം 1 ഇവിടെ വായിക്കാം)

ഒരു ചെറിയ ഫ്ളാഷ് ബാക്ക്.

മൂന്നിലവ് ഗ്രാമപഞ്ചായത്ത്. കേരള കോൺഗ്രസിന്റെ സ്ട്രോങ് ഹോൾഡ്. കഴിഞ്ഞതിന്റെ മുന്നിലത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മാണിയുടെ ഭാഷയിൽ പറഞ്ഞാൽ ഈ പഞ്ചായത്തിൽ സൗഹൃദ മത്സരമായിരുന്നു. യുഡിഎഫിലെ ഘടകകക്ഷികളായ കേരള കോൺഗ്രസും കോൺഗ്രസ് ഐയും ചേരിതിരിഞ്ഞു മത്സരിച്ചു. കേരള കോൺഗ്രസ് ഒറ്റയ്ക്കു ഭൂരിപക്ഷം നേടി. കേരള കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് ഭരിച്ചു.

2015ൽ വീണ്ടും തെരഞ്ഞെടുപ്പെത്തി. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നേ നടക്കുന്ന ഇലക്ഷൻ. ഇത്തവണ സംസ്ഥാനത്തെങ്ങും യുഡിഎഫ് മുന്നണിബന്ധം വിട്ടു മത്സരിക്കേണ്ടതില്ല എന്ന ധാരണ സംസ്ഥാനതലത്തിൽ കൈക്കൊണ്ടിരുന്നു. എന്നാൽ കോട്ടയം ജില്ലയിൽ മാത്രം പ്രശ്നം. ജില്ലയിൽ യുഡിഎഫ് സഖ്യം ഉണ്ടാവണമെങ്കിൽ മൂന്നിലവു പഞ്ചായത്തിലെ ഒരു പ്രത്യേക വാർഡ് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റിനു മത്സരിക്കാൻ കൊടുക്കണം എന്നതാണാവശ്യം. അത്, അദ്ദേഹത്തിന്റെ ഹോംവാർഡല്ല. 28 വർഷമായി കേരള കോൺഗ്രസ് മാത്രം വിജയിച്ചുവന്ന വാർഡാണ്. അതിനേക്കാളപ്പുറം, കേരള കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ജോയ് അമ്മ്യാനിയുടെ സ്വന്തം വാർഡുമാണ്. സിറ്റിങ് മെമ്പറാവട്ടെ, ജോയ് അമ്മ്യാനിയുടെ ഭാര്യയും. അവർ അതിനു മുമ്പ് 2000-2005 ടേമിലും മെമ്പറായിരുന്നതാണ്.

ഒടുവിൽ 'മാണിസാർ' ഇടപെട്ടു. ജില്ലയിലെ മുന്നണിയുടെ കെട്ടുറപ്പിനുവേണ്ടി ഒരു തവണത്തേക്ക് ത്യാഗം അനുഷ്ഠിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആന്റോ ആന്റണി എംപിയുടെ സഹോദരൻ ജയിംസ് ആന്റണി അവിടെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു. ജയിംസ് ആന്റണിക്കു വേണ്ടി ഒരു തവണത്തേക്കു മാത്രമാണു താൻ മാറുന്നത് എന്ന മുഖവുരയോടെ ജോയ് അമ്മ്യാനി രണ്ടില ചിഹ്നത്തിൽ ജയിംസ് ആന്റണിയുടെ വാർഡിലും പോയി മത്സരിച്ചു. കേരള കോൺഗ്രസ് വോട്ട് യുഡിഎഫിനു വീണെങ്കിലും കോൺഗ്രസുകാർ കഴിഞ്ഞ തവണത്തെ കലിപ്പു തീർക്കാൻ കിട്ടുന്നിടത്തെല്ലാം കേരള കോൺഗ്രസിനിട്ടു കാലുവാരി. നാലു വോട്ടിന് ജോയ് അമ്മ്യാനി പരാജയപ്പെട്ടു.

റിസൽറ്റ് വന്നപ്പോൾ അഞ്ചു സീറ്റോടെ സിപിഐഎം ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസിനു നാലുസീറ്റ്, കേരള കോൺഗ്രസിനു മൂന്നു സീറ്റ്. അങ്ങനെ പ്രസിഡന്റ് കോൺഗ്രസുകാരനായി. കേരള കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

പുതിയ പഞ്ചായത്തു ഭരണസമിതിയുടെ ടേമിന് ഒരുകൊല്ലം തികയാൻ ഒരാഴ്ച ശേഷിക്കേ ജയിംസ് ആന്റണി മരണമടഞ്ഞു. അപ്പോഴേക്കും കേരള കോൺഗ്രസ് യുഡിഎഫ് വിട്ടിരുന്നു. തന്നെയുമല്ല, സ്വന്തം വാർഡിൽ നിന്നാൽ ജയിക്കില്ല എന്നതിനാൽ പ്രത്യേക പരിഗണന നൽകി ജയിംസ് ആന്റണിക്കുവേണ്ടി ആഗ്രഹം തീർക്കാൻ ഒറ്റത്തവണത്തേക്കു വിട്ടുകൊടുത്ത സീറ്റുമല്ലോ അത്. കോൺഗ്രസുകാർ അതു തങ്ങളുടെ സിറ്റിങ് വാർഡാണ് എന്ന അവകാശവാദത്തിൽ സ്വന്തമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കെ എം മാണിയുടെ അനുഗ്രഹാശിസ്സുകളോടെ ജോയ് അമ്മ്യാനിയും പത്രിക സമർപ്പിച്ചു.

റിസൽറ്റ് വന്നു. വാർഡിൽ ലോകസഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശരാശരി 25 വോട്ടുമാത്രം വീഴാറുള്ള സിപിഐഎമ്മിന് അത്തവണ 85 വോട്ടുകിട്ടി. 2015ൽ ജയിംസ് ആന്റണിക്കെതിരെ സ്വതന്ത്രനായി മത്സരിച്ച് 191 വോട്ടു നേടിയ ജോയിച്ചൻ കുന്നികുഴിക്കാട്ടിനു പക്ഷെ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ വോട്ട് 55 ആയി കുറഞ്ഞു. ബിജെപി അവർക്കു മുൻ തെരഞ്ഞെടുപ്പിൽ കിട്ടിയ 27 വോട്ടുകൾ അതേപടി സംരക്ഷിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി 139 വോട്ടുകൾ പിടിച്ചു. അതിനേക്കാൾ 50 വോട്ട് കൂടുതൽ നേടി 189 വോട്ടു സമാഹരിച്ച ജോയ് അമ്മ്യാനി വിജയിച്ചു.

പുതിയ മെമ്പർ സത്യപ്രതിജ്ഞ ചെയ്ത് രണ്ടുദിവസത്തിനുള്ളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ സിപിഐഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇത് തങ്ങൾ അറിഞ്ഞല്ല എന്നും തങ്ങൾ പ്രമേയത്തെ എതിർക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് മാത്രം പ്രമേയത്തെ എതിർത്തു വോട്ടുചെയ്തു. കോൺഗ്രസിലെ മറ്റു മൂന്നംഗങ്ങൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. അങ്ങനെ അഞ്ചിനെതിരെ എട്ടുവോട്ടിനു ലേഖാ കൃഷ്ണൻകുട്ടി നായർ പുറത്തായി.

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഐഎം സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി. കോൺഗ്രസ് നേതാക്കൾ ആന്റോ ആന്റണിയുടെ മറ്റൊരു സഹോദരനായ ചാൾസ് ആന്റണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് നേതാക്കളെ അങ്ങോട്ടു പോയിക്കണ്ടു. നിങ്ങൾ ധൈര്യമായിരുന്നോളൂ, സ്ഥാനാർത്ഥിയെ ഞങ്ങൾ നിർദ്ദേശിച്ചുകൊള്ളാം എന്നായിരുന്നു വാഗ്ദാനം. ജോയ് അമ്മ്യാനിയും പത്രിക കൊടുത്തു. നേരം വെളുത്തപ്പോൾ തലേന്നു വൈകിട്ടു കൈകൊടുത്തു പിരിഞ്ഞ കോൺഗ്രസ് നേതാക്കളെ ആരെയും കണ്ടില്ല. കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നു. നാലിനെതിരെ അഞ്ചുവോട്ടിന് സിപിഐഎം സ്ഥാനാർത്ഥി ഷാജി ജോൺ വൈസ് പ്രസിഡന്റായി. എന്നാപ്പിന്നെ നിങ്ങളങ്ങ് ഒരുമിച്ചു ഭരിച്ചോ എന്നു പറഞ്ഞ് കേരള കോൺഗ്രസ് പ്രതിപക്ഷത്തേക്കു മാറി.

കട്ട് ടു പ്രസന്റ്

ഈ കളിയുടെ ആന്റി ക്ലൈമാക്സ് ആണ് കോട്ടയം ജില്ലാ പഞ്ചായത്തിൽ നടന്നത്. തലേവാരത്തിൽ ഉറപ്പുകൊടുത്തത് ഇവിടെ ജോസ് കെ മാണിയാണ്. കോട്ടയം ജില്ലാ പഞ്ചായത്തിൽ ബൈ ഇലക്ഷൻ ഒന്നും നടന്നിട്ടില്ല. ആകെ നടന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡിസിസി പ്രസിഡന്റായി നിയമിക്കപ്പെട്ടതാണ്. അതോടെ പാർലമെന്ററി സ്ഥാനം ഒഴിയാൻ അദ്ദേഹം തീരുമാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തുന്നു. സിപിഐഎം എവിടെനിന്നോ എത്തി പിന്തുണയ്ക്കുന്നു. സംഗതി ഉഷാർ.

പണ്ടു നായനാർ പറഞ്ഞ അതേ ഡയലോഗ്, മാണി ഞങ്ങളെ പിന്നിൽ നിന്നു കുത്തി എന്ന വാചകം, മുൻ ഡിസിസി പ്രസിഡന്റ് കെ സി ജോസഫ് ആവർത്തിക്കുന്നു. കേരള കോൺഗ്രസ് ഉടൻ തന്നെ യുഡിഎഫിലേക്കു വരും എന്നാൽ അതു ജോസ് കെ മാണി ഇല്ലാതെയായിരിക്കും. ജോസ് കെ മാണിയുള്ള കേരള കോൺഗ്രസിനെ ഒരു കാരണവശാലും തങ്ങൾ അടുപ്പിക്കില്ല എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. കേരള കോൺഗ്രസ് നേതാക്കളുമായി ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും രഹസ്യചർച്ച നടത്തിയതിനെ തുടർന്നാണ്, ഈ മനഃസാക്ഷി സൂക്ഷിപ്പുകാരന്റെ തുറന്നുപറച്ചിൽ.

ഈ കളിയിൽ പലരും സിപിഐഎമ്മിനെ കുറ്റപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയധാർമ്മികതയില്ലായ്മ എന്ന വാദമാണ് പലരും ഉയർത്തുന്നത്. 'കോഴമാണി', 'പൊന്നുമാണി'യായോ എന്നുവരെ പരിഹാസമുയരുന്നു. അകന്നുനിന്നു നോക്കിയാൽ ഒന്നാന്തരം കളിയാണ് സിപിഐഎം നടത്തിയത്. ജില്ലയിലെ യുഡിഎഫിൽ അവിശ്വാസത്തിന്റെ വിത്തുപാകാൻ ഇതിലൂടെ മാർക്സിസ്റ്റ് പാർടിക്കായി. എങ്ങനെ പോയാലും യുഡിഎഫിനു ജയിക്കാൻ പാകത്തിന് രൂപപ്പെടുത്തിയ, ഡീലിമിറ്റേഷനു ശേഷമുള്ള കോട്ടയം പാർലമെന്റ് മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പിനു തന്നെ കോൺഗ്രസ് നോട്ടമിട്ടതാണ്. അവിടെ നിന്ന് ജോസ് കെ മാണിയെ പറപറപ്പിക്കാനുള്ള അവസരമായാവും ജില്ലയിലെ കോൺഗ്രസ് നേതൃത്വം ഇതിനെ ഉപയോഗിക്കുക. അതിനർത്ഥം കേരള കോൺഗ്രസിന്റെ വെടിതീർന്നു എന്നു തന്നെയാണ്. അല്ലാതെ ആ പാർട്ടിക്ക് എൽഡിഎഫിലേക്കു പ്രവേശനം കിട്ടുമെന്ന് ഞാൻ വിചാരിക്കുന്നില്ല.

സിപിഐ ഉള്ളിടത്തോളം കാലം കേരള കോൺഗ്രസ് എൽഡിഎഫിൽ എത്തില്ല എന്നു നിസ്സംശയം പറയാം. അതല്ലെങ്കിൽ ദേശീയ തലത്തിലുള്ള ഇടതുപക്ഷ സഖ്യം ഉപേക്ഷിച്ച് സിപിഐ കോൺഗ്രസ് പാളയത്തിലേക്കു പോകണം. അതേതായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ സംഭവിക്കാൻ ഇടയില്ല. കേന്ദ്ര നേതൃത്വങ്ങൾ അതിനു വഴങ്ങില്ല. സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരപകടമുള്ളത്, ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി എന്ന പുതിയ നേതാവിനെ കൃത്യമായി പ്ലേസ് ചെയ്യാൻ കേരള കോൺഗ്രസിനു കഴിഞ്ഞു എന്നതാണ്. ഒരുപക്ഷെ ഏറ്റുമാനൂർ തിരികെപ്പിടിക്കാൻ ചാഴിക്കാടനു പകരമെത്തുക ഇദ്ദേഹമാവില്ലെന്നാരുകണ്ടു?