ഭൂതകാലത്തുനിന്ന് ഒരില (കാഫ്കയുടെ കഥയല്ല); കോട്ടയത്തു കാണപ്പെട്ട പ്രത്യേക ഇല

എന്റെ അയൽവീട്ടിലെ 'കോട്ടമുറി രാജു' എന്നറിയപ്പെടുന്ന വേങ്കടത്തെ രാജുച്ചായൻ ആയിരുന്നു അന്നു ഞങ്ങളുടെ വാർഡിലേ കേരള കോൺഗ്രസ് മുഖം. അദ്ദേഹമാണ് അവിടെ കുതിരയെ കൊണ്ടുവന്നത് എന്നായിരുന്നു, എന്റെ ധാരണ. കുതിരച്ചിഹ്നത്തിലായിരുന്നു കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ അത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്- ഓര്‍മ്മവെച്ച കാലം മുതല്‍ കേരള കോണ്‍ഗ്രസുകാരെ അടുത്തു നിന്നു കണ്ട നാരദ ന്യൂസ് റെസിഡന്‍റ് എഡിറ്റര്‍ സെബിന്‍ എ. ജേക്കബ് എഴുതുന്നു

ഭൂതകാലത്തുനിന്ന് ഒരില (കാഫ്കയുടെ കഥയല്ല); കോട്ടയത്തു കാണപ്പെട്ട പ്രത്യേക ഇല

ഞാനാദ്യം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ആകൃഷ്ടനാവുന്നത്, എന്റെ ഏഴാം വയസ്സിൽ തിരുവഞ്ചൂരിലെ എന്റെ വീടിനു മുന്നിലൂടെ സ്കറിയാ തോമസിന്റെ പ്രചാരണവാഹനത്തിനു മുന്നെ കുതിരയോടി വരുന്ന കാഴ്ചയോടെയാണ്. ചിത്രമഞ്ജുഷയിലും പൈക്കോ ക്ലാസിക്സിന്റെ അമർ ചിത്രകഥയിലും മറ്റും വായിച്ച പുരാണ ചിത്രകഥകളിലെ അശ്വമേധത്തിന്റെ റിയൽ ലൈഫ് ഇൻകാർനേഷൻ ആയാണ് അതനുഭവപ്പെട്ടത്. തികച്ചും അയഥാർത്ഥ്യം. അതിനുമുമ്പ് കഥാസംഗ്രഹ നോട്ടീസ് വിതറിപ്പോകുന്ന സിനിമാപ്രചാരണ ജീപ്പുകളുടെ പിന്നാലെ ഓടുന്ന കുട്ടിയായിട്ടാണ്, ഞാൻ എന്നെത്തന്നെ ഓർമ്മിക്കുന്നത്.

എന്റെ അയൽവീട്ടിലെ 'കോട്ടമുറി രാജു' എന്നറിയപ്പെടുന്ന വേങ്കടത്തെ രാജുച്ചായൻ ആയിരുന്നു അന്നു ഞങ്ങളുടെ വാർഡിലേ കേരള കോൺഗ്രസ് മുഖം. അദ്ദേഹമാണ് അവിടെ കുതിരയെ കൊണ്ടുവന്നത് എന്നായിരുന്നു, എന്റെ ധാരണ. കുതിരച്ചിഹ്നത്തിലായിരുന്നു കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ അത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അക്കാലത്തു കേരളകോൺഗ്രസ് (ജെ) മറ്റൊരു ജന്തുവായിരുന്നു. ആനയായിരുന്നു ചിഹ്നം. ബിഎസ്‌പി ദേശീയ കക്ഷിയായതോടെയാണ് ആന സൈക്കിൾ ചവിട്ടാൻ തുടങ്ങുന്നത്. ഏതായാലും കോട്ടയം മണ്ഡലത്തിൽ ആനയും കുതിരയും പരസ്പരം മത്സരിക്കേണ്ടിവന്നില്ല.

മൂന്നാം തവണയായിരുന്നു സിറ്റിങ് മെമ്പറായ സ്കറിയാ തോമസ് ജനവിധി തേടുന്നത്. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണ്. അന്ന് എംജി സർവ്വകലാശാലയില്ല. കേരള സർവ്വകലാശാലയിൽ കെ സുരേഷ് കുറുപ്പ് ചെയർമാനായി എസ്എഫ്ഐ ആദ്യമായി യൂണിവേഴ്സിറ്റി യൂണിയൻ പിടിച്ചിട്ടു നിൽക്കുന്നു. എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റാണ് കുറുപ്പ്. സുരേഷ് കുറുപ്പായിരുന്നു കോട്ടയം പാർലമെന്റ് നിയോജക മണ്ഡലത്തിലെ എൽഡിഎഫിന്റെ തുറുപ്പുചീട്ട്. കേരളത്തിൽ ആദ്യമായി ഒരു ഇടതുപക്ഷ കക്ഷിയുടെ സ്ഥാനാർത്ഥിയുടെ മുഖം തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ പതിയുന്നത് അത്തവണയാണ്.

കേരളത്തിൽ 17 സീറ്റുകളിലും എൽഡിഎഫ് തോറ്റു. കോട്ടയത്തു മാത്രം അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിനു മേലെ കുറുപ്പിന്റെ ചിരിക്കുന്ന മുഖം ഉയർന്നുനിന്നു. മാവേലിക്കരയിൽ ഹിന്ദുസ്ഥാൻ മസ്ദൂർ സംഘ് എന്ന ജനതാദളിന്റെ ട്രേഡ് യൂണിയൻ നേതാവ് തമ്പാൻ തോമസും വടകരയിൽ കോൺഗ്രസ് എസിന്റെ കെ പി ഉണ്ണിക്കൃഷ്ണനും മാത്രമാണ് അന്ന് ഇടതുപക്ഷത്തുനിന്നു വിജയിച്ച മറ്റു രണ്ടുപേർ. എന്റെ മനസ്സിലാകട്ടെ, സ്കറിയാ തോമസിന്റെ കുതിരക്കുളമ്പടി മാത്രമായിരുന്നു. അരിവാളു നിങ്ങളുടെ തലയരിയാനാണേ, ചുറ്റിക നിങ്ങടെ തലയ്ക്കടിക്കാനാണേ, നക്ഷത്രം നിങ്ങളെ ചുറ്റിക്കാനാണേ എന്ന യുഡിഎഫുകാരുടെ പരിഹാസമുദ്രാവാക്യം സ്വാധീനിച്ച ബാലനായിരുന്നു, ഞാൻ.

ഗാട്ട് കരാർ ഒപ്പിടുന്നതിനെതിരെ ഇടതുപക്ഷ എംപിമാർ നാലരവർഷമായപ്പോൾ രാജിവച്ചു. 1989ൽ വീണ്ടും പൊതുതെരഞ്ഞെടുപ്പ്. അത്തവണ കേരള കോൺഗ്രസിൽ നിന്ന് കോൺഗ്രസ് (ഐ) കോട്ടയം സീറ്റ് ഏറ്റെടുത്തു. യുവകോമളനും സുന്ദരകളേബരനും കരുണാകരൻ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തല മുഖത്തു മഞ്ഞപ്രകാശം വീഴുന്ന നിലയിൽ ക്രമീകരിച്ച തുറന്ന ജീപ്പിൽ നേരം ഇരുട്ടിക്കഴിഞ്ഞ് ഞങ്ങളുടെ കവലയിൽ പ്രചാരണത്തിനു വന്നു. മന്നവേന്ദ്രാ വിളങ്ങുന്നു, ചന്ദ്രനെപ്പോൽ നിന്മുഖം എന്ന ഉപമ മനസ്സിലേക്കോടിയെത്തി. അത്തവണ യുഡിഎഫ് സീറ്റ് തിരിച്ചുപിടിച്ചു.

അതുവരെ കെ എം മാണിയായിരുന്നു, എന്നെ സംബന്ധിച്ചു ലീഡർ. ആന്റണിയും വയലാർ രവിയും അതുകഴിഞ്ഞു മാത്രം ഉമ്മൻ ചാണ്ടിയും പിന്നാലെ. അപ്പുറത്ത് എന്റെ മുന്നിൽ പത്രങ്ങളിലൂടെ മാത്രം പരിചയമുള്ള കോമാളിക്കഥാപാത്രമായി ഇ കെ നായനാർ. ഷ്രൂഡ് പൊളിറ്റീഷ്യൻ എന്ന നിലയിൽ ഇ എം എസ്. ഒട്ടും ജനപ്രിയനല്ലാതിരുന്ന, ഉരുക്കുമുഷ്ടിയുടെ മൂർത്തീഭാവമായ വി എസ് അച്യുതാനന്ദൻ എന്ന പാർടി സെക്രട്ടറി.

ഇക്കാലയളവിലൊന്നും ഇലക്ഷനിയറിങ്ങിനപ്പുറമുള്ള രാഷ്ട്രീയമൊന്നും അത്ര പരിചിതമല്ലായിരുന്നു. എന്നാൽ 90കളുടെ പിറവിയോടെ എന്നെ സംബന്ധിച്ചു കാര്യങ്ങൾ മാറി. സോവിയറ്റ് യൂണിയൻ തകർച്ച, ബോഫോഴ്സ് കോഴ ആരോപണം, വി പി സിംഗ് സർക്കാരിനെതിരായ കോൺഗ്രസ് ഉപജാപങ്ങൾ, ചന്ദ്രശേഖരനെ വച്ചുകൊണ്ടുള്ള പാവ ഗവൺമെന്റ്, രാജീവ് ഗാന്ധിയുടെ കൊലപാതകം, ഉദാരവത്കരണത്തിലേക്കുള്ള രാഷ്ട്രത്തിന്റെ പ്രവേശനം, നരസിംഹറാവുവിന്റെ വരവ്, കെ കരുണാകരന്റെ ഗുരുവായൂർ യാത്രകൾ, തിരുത്തൽവാദത്തിന്റെ ഉദയം, വീരേന്ദ്രകുമാറിന്റെ ഗാട്ടും കാണാച്ചരടും, കേരളത്തിലെ കെഎസ്ആർടിസി സമരം, ബാബറി മസ്ജിദിന്റെ തകർച്ച, ഐഎസ്എസിന്റെ പിറവി, എന്നു വേണ്ട, രാഷ്ട്രീയം പ്രക്ഷുബ്ധമായി നിൽക്കുന്നു. വൈകാരികമല്ല, രാഷ്ട്രീയം എന്ന തിരിച്ചറിവ് എത്തിയ നാളുകൾ.

അതുവരെ ഒരു സാദാസീതാ യുഡിഎഫുകാരനായിരുന്ന ഞാൻ ആരും പറയാതെ തന്നെ ഇടതുപക്ഷമായി. പ്രീഡിഗ്രിക്കു കോളേജിൽ ചേർന്നപ്പോൾ എസ്എഫ്ഐയായി. ഒന്നാം വർഷം ഡിഗ്രി പഠിക്കുമ്പോൾ മലയാള മനോരമയുടെ കീഴിലുള്ള അഖിലകേരള ബാലജനസഖ്യത്തിന്റെ ദക്ഷിണമേഖലാ ഭാരവാഹി സ്ഥാനത്തുള്ള പ്രവർത്തനം എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് നിർജീവമാക്കേണ്ടി വരുന്നതാണ്, എന്റെ തിരഞ്ഞെടുപ്പുകളിൽ സംഘടന നടത്തുന്ന ആദ്യ ഇടപെടൽ എന്നു പറയാം.

എസ്എഫ്ഐ ആയശേഷമാണ്, സമരങ്ങളിലും മറ്റുമുള്ള പടപ്പാട്ടുകളുടെ ഉപയോഗം പരിചയപ്പെടുന്നത്. ആദ്യം ഹൃദിസ്ഥമാക്കിയ പാട്ടുകളിലൊന്നിൽ ഒരു വരി വല്ലാതെ ഉടക്കിവലിച്ചു.

"കേരളത്തെ ഒറ്റുചെയ്ത മാണിയെത്തളയ്ക്കുവാൻ
കേരളത്തിൻ മക്കളെ, നമ്മളൊത്തുചേരണം"

ഇതിന്റെ കോൺടെക്സ്റ്റ് എനിക്കു മനസ്സിലായില്ല. അന്ന് ഞങ്ങളുടെ യൂണിറ്റ് സെക്രട്ടറിയായിരുന്ന, പിന്നീടു ദേശാഭിമാനി സ്പോർട്സ് ലേഖകനൊക്കെയായ, വർഷങ്ങൾക്കു മുമ്പു കാനഡയിലേക്കു ചേക്കേറിയ സി ജി പ്രദീപിനോട് ഞാൻ സംശയം ചോദിച്ചു. എന്റെ രാഷ്ട്രീയ സംശയങ്ങൾക്ക് അന്ന് ഉത്തരം നൽകുന്നവരിൽ പ്രധാനിയായിരുന്നു, പ്രദീപ്.

കെ എം മാണിയും ആന്റണി കോൺഗ്രസും സംസ്ഥാനത്തെ എൽഡിഎഫ് സംവിധാനത്തിന്റെ ഭാഗമായിരുന്നു എന്നും ഒരു രാത്രി മരങ്ങാട്ടുപള്ളിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പു യോഗത്തിൽ സംസാരിച്ചു വന്നതിന്റെ പിറ്റേദിവസം ഒരു മുന്നറിയിപ്പുമില്ലാതെ മാണിയും ആന്റണിയും എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേർന്നെന്നും അടക്കമുള്ള ചരിത്രം ഒരു പക്ഷെ അല്പം കല്പിതകഥകളുടെ അകമ്പടിയോടെ പ്രദീപ് വിവരിച്ചുതന്നു. അന്ന് മാണി ഞങ്ങളെ പിന്നിൽനിന്നു കുത്തി എന്ന് ഇ കെ നായനാർ പറഞ്ഞതും പ്രദീപ് എടുത്തുപറഞ്ഞു.

മെഡിക്കൽ സമരം നടക്കുന്ന സമയം. സംയുക്ത സമരസമിതിയിൽ കേരള കോൺഗ്രസ് ജെയുടെ വിദ്യാർത്ഥി വിഭാഗവുമുണ്ട്. അവരുടെ നേതാക്കൾ പരമാവധി രണ്ടോ മൂന്നോ ദിവസമാണ്, നിരാഹാരം കിടക്കുക. അതിനിടയിൽ അവരുടെ ഒരു സമരഭടൻ വെളുപ്പാൻകാലത്തു വെളിക്കിറങ്ങാൻ പോയിട്ട് ഏത്തപ്പഴം അകത്താക്കുന്നത് കൈയോടെ പിടിച്ച് അവരെ മേലാൽ ഈ പന്തലിന്റെ അയലത്തൊന്നും കാണരുതെന്നു താക്കീതു ചെയ്തു വിടുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട്. കേരള കോൺഗ്രസ് സംസ്കാരത്തെ ജോസഫിന്റെ മുറിയിലൂടെ നേരിട്ടു പരിചയപ്പെടാനുള്ള അവസരം കൂടിയായിരുന്നു, അത്.

രമേശ് ചെന്നിത്തല രണ്ടാം തവണ കോട്ടയം പാർലമെന്റ് സീറ്റിൽ നിന്ന ജനവിധി തേടുന്നത് 1991ലാണ്. അത്തവണ നിയമസഭാ തെരഞ്ഞെടുപ്പും ഒപ്പം നടക്കുകയാണ്. നാലുവർഷമായപ്പോൾ ഇ കെ നായനാരെ രാജിവപ്പിച്ച് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ ഇടതുപക്ഷം തുടർഭരണം സ്വപ്നം കണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. കഷ്ടകാലത്തിന് മെയ് 21ന് ശ്രീപെരുംപതൂരിൽ തമിഴ് പുലികളുടെ ബെൽറ്റ് ബോംബ് ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നു. അതോടെ വിഎസിന്റെ അത്തവണത്തെ മുഖ്യമന്ത്രി മോഹം പൊലിയുന്നു.

അതിനു മുന്നേ കോട്ടയത്തു സംഭവിക്കുന്ന മറ്റൊരു അത്യാഹിതമുണ്ട്. ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രണ്ടിലച്ചിഹ്നത്തിൽ ബാബു ചാഴിക്കാടൻ മത്സരിക്കുന്നു. സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനത്തിന് പാർലമെന്റ് അസംബ്ലി സ്ഥാനാർത്ഥികൾ ഒരുമിച്ചാണ്. മെയ് 15നു വൈകുന്നേരം ആർപ്പൂക്കര വാരിമുട്ടത്തെ സ്വീകരണ ചടങ്ങിൽ പങ്കെടുക്കാൻ തുറന്ന ജീപ്പിൽ എഴുന്നേറ്റു നിന്ന് കൈകൾ വീശിപ്പോകെ ഒരു പാടത്തെ മുറിച്ചുകടക്കുന്ന ചിറയിൽ വച്ച് വെള്ളിടിവെട്ടി ബാബു ചാഴിക്കാടൻ കൊല്ലപ്പെടുന്നു. കൂട്ടത്തിൽ കുറിയോനായതിനാൽ രമേശ് ചെന്നിത്തല മിന്നലിന്റെ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. ആഘാതത്തിൽ പുറകിലേക്കു തെറിച്ചുവീണെങ്കിലും പരിക്കുപറ്റാതെ കഴിച്ചു.

ഈ ബാബു ചാഴിക്കാടനാണ് എന്റെ ഓർമ്മയിൽ കോട്ടയം പട്ടണത്തിലെ പ്രധാന കേരള കോൺഗ്രസ് നേതാവായിരുന്നത്. അതിനു മുമ്പ് ഏറ്റുമാനൂരിൽ ഏതാണ്ട് രണ്ടു ടേമുകൾ വിജയിച്ചിരുന്നത് ജോർജ് ജോസഫ് പൊടിപാറ എന്ന കേരള കോൺഗ്രസ് വിമതനായിരുന്നു എന്നും ഓർമ്മ. ബാബു ചാഴിക്കാടന്റെ മരണത്തെ തുടർന്ന് ഏറ്റുമാനൂരിലെ തെരഞ്ഞെടുപ്പു മാറ്റിവച്ചു. അദ്ദേഹത്തിന്റെ സഹോദരൻ തോമസ് ചാഴിക്കാടൻ കാനറാ ബാങ്കിലെ ജോലി രാജിവച്ച് തെരഞ്ഞെടുപ്പു ഗോദായിൽ ഇറങ്ങി. അതേവരെ യാതൊരു രാഷ്ട്രീയപരിചയവുമില്ലാതിരുന്ന ആ യുവാവ് വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.

കേരള കോൺഗ്രസുകാരിൽ നിന്നാണ്, യുഡിഎഫുകാർ പൊതുവേ, ഗൃഹസന്ദർശനം പഠിച്ചത്. വിവാഹത്തിനും നൂലുകെട്ടിനും മരണത്തിനും ആരുക്ഷണിച്ചാലുമില്ലെങ്കിലും വീട്ടുപടിക്കൽ ഹാജരാവുകയും അതുവഴി വീട്ടുകാരുടെ ഉള്ളിൽ കയറിപ്പറ്റുകയും ചെയ്യുന്ന മണിയടി രാഷ്ട്രീയം. അതിന്റെ ഉസ്താദ് ആയിരുന്നു ബാബു ചാഴിക്കാടൻ.

കേരള കോൺഗ്രസ് നേതാക്കന്മാരെ പിന്നീടു കാണുന്നത്, സെറിഫെഡിൽ ചുരുങ്ങിയ കാലം പബ്ലിക് റിലേഷൻസ് പണി ചെയ്തപ്പോഴാണ്. അന്നു വിക്റ്റർ ടി തോമസ് ആയിരുന്നു സെറിഫെഡ് ചെയർമാൻ. അന്നദ്ദേഹം കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്. വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്കു നൽകി കേരള കോൺഗ്രസ് - ബിജെപി സഖ്യമായിരുന്നു പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പഞ്ചായത്ത് ഭരിച്ചിരുന്നത്. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ വിക്റ്റർ ടി തോമസ് തന്നെ മുൻകൈയെടുത്തു തുടങ്ങിയ ബന്ധം.

ഇന്നുകാണുന്ന യുഡിഎഫ് സംവിധാനം വാസ്തവത്തിൽ മൂന്നു നേതാക്കളുടെ സൃഷ്ടിയാണ്. കെ കരുണാകരനെ ചാരക്കേസിലൂടെ രാജിവപ്പിച്ച് അധികാരം പിടിച്ചെടുക്കാൻ നീങ്ങിയ ആ നേതാക്കൾ - ഉമ്മൻ ചാണ്ടി, കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി - ഇന്നു കേരള രാഷ്ട്രീയത്തിൽ നിന്നു മെല്ലെ അദൃശ്യമാവുകയാണ്. ഉമ്മൻ ചാണ്ടിയുടെ സ്ഥാനത്ത് രമേശ് ചെന്നിത്തലയെത്തി. കുഞ്ഞാലിക്കുട്ടി ഇ അഹമ്മദിന്റെ ഒഴിവിൽ ഡൽഹിയിലേക്കു പോകുന്നു. കെ എം മാണി സമദൂരസിദ്ധാന്തവുമായി തൃശങ്കുവിൽ നിൽക്കുന്നു.

(തുടർന്നു വായിക്കുക)