ജിഷ്ണു പ്രണോയ് എസ്എഫ്‌ഐയുടെ രക്തസാക്ഷിയാണോ?

ജിഷ്ണുവിന്റെ ചരമദിനം ഏതെങ്കിലും പ്രത്യേക പേരില്‍ ആചരിച്ചേക്കാം. എന്നാല്‍ സഖാവ് രജനി രക്തസാക്ഷി ദിനം എന്ന ഒന്നില്ലാത്തതുപോലെ തന്നെ, സഖാവ് ജിഷ്ണു രക്തസാക്ഷി ദിനം എന്ന ഒന്നും ഉണ്ടാവാന്‍ ഇനി ഒരു സമ്മേളനം മറിച്ചു തീരുമാനിക്കാത്ത പക്ഷം യാതൊരു സാധ്യതയുമില്ല- ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷിത്വം സംബന്ധിച്ച് നാരദയില്‍ നടക്കുന്ന സംവാദത്തില്‍ റിസിഡന്റ് എഡിറ്റര്‍ സെബിന്‍ എ. ജേക്കബ്.

ജിഷ്ണു പ്രണോയ് എസ്എഫ്‌ഐയുടെ രക്തസാക്ഷിയാണോ?

ജിഷ്ണു പ്രണോയിയെ രക്തസാക്ഷിയായി അംഗീകരിക്കുന്നുവോ എന്ന ചോദ്യത്തിന് അംഗീകരിക്കുന്നു എന്നു തന്നെയാണ് ജെയ്ക്കിന്റെ ഉത്തരം. രജനി എസ് ആനന്ദിനെ പോലെ തന്നെ വ്യവസ്ഥയുടെ രക്തസാക്ഷി എന്ന നിലയിലാണ് ജിഷ്ണുവിനെയും കാണുന്നത്. അതിനപ്പുറം എസ്എഫ്‌ഐയുടെ രക്തസാക്ഷികളുടെ പട്ടികയില്‍ ആ പേര് എഴുതിച്ചേര്‍ക്കുന്നത് അനുചിതമാണ് എന്നാണ് എന്റെയും അഭിപ്രായം. അതേ അഭിപ്രായമാണ് ജയ്ക്കും പങ്കുവച്ചത്. അത് സംഘടന എന്ന നിയതമായ ചട്ടക്കൂടു പരിചയമില്ലാത്ത ഒരാള്‍ക്കും മനസ്സിലായിക്കൊള്ളണമെന്നില്ല.

വിദ്യാഭ്യാസമേഖലയിലെ പ്രസക്തമായ ഒരു വിഷയത്തിലാണ് ജിഷ്ണു മരിക്കുന്നത്. ആത്മഹത്യ എന്നതാണു പ്രാഥമിക നിഗമനം. ലെനിന്‍ ആത്മഹത്യ ചെയ്ത സഖാക്കളുടെ വീട്ടില്‍ പോയിട്ടില്ല എന്നു പറഞ്ഞ് ആ ജീവത്യാഗത്തെ അവഗണിക്കാനാവില്ല. ആത്മഹത്യ വിപ്ലവത്തെ ഒറ്റുകൊടുക്കുന്നു എന്നായിരുന്നിരിക്കണം ബോള്‍ഷെവിക് നിലപാട്. എസ്എഫ്‌ഐ ബോള്‍ഷെവിക്കല്ല. അതൊരു ബഹുജനസംഘടനയാണ്. വിദ്യാര്‍ത്ഥിമുന്നണിയിലാണു പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ജിഷ്ണുവിന്റെ മരണം സ്വാശ്രയമേഖലയിലെ സംഘടനാസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിലെ നിര്‍ണ്ണായക വഴിത്തിരിവാണ്. ഇനിയത് ആത്മഹത്യയാണെങ്കില്‍ പോലും അതിലേക്കു നയിച്ചത് രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളാണ്. ആ നിലയ്ക്ക് ജിഷ്ണുവിനെ എസ്എഫ്‌ഐയുടെ രക്തസാക്ഷികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വികാരം എസ്എഫ്‌ഐക്കാര്‍ക്കിടയില്‍ തന്നെ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

എട്ടു ജില്ലാസമ്മേളനങ്ങള്‍ നടന്നത് ജിഷ്ണു പ്രണോയ് നഗറുകളിലാണ് എന്നു ജെയ്ക്ക് തന്നെ പറയുന്നു. അതായത്, ജിഷ്ണു എസ്എഫ്‌ഐക്ക് മരണാനന്തരവും ഊര്‍ജ്ജം പകരുന്നുണ്ട്. എന്നാല്‍ സഖാവ് ദേവപാലന്‍ മുതല്‍ തുടങ്ങുന്ന 32 ഷഹീദുകളുടെ പട്ടികയില്‍ ആ പേരില്ല. വ്യവസ്ഥയുടെ രക്തസാക്ഷിയെന്ന നിലയില്‍ രജനി എസ് ആനന്ദിന്റെ പേരു പോലെ തന്നെ ജിഷ്ണു പ്രണോയിയുടെ പേരും ഓര്‍മ്മിക്കപ്പെടുകയും അനുസ്മരണ സമ്മേളനങ്ങള്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ കാലംസാക്ഷി ചരിത്രം സാക്ഷി എന്നു നെഞ്ചുപൊട്ടി വിളിക്കുന്ന പ്രിയസഖാക്കളുടെ പേരിനൊപ്പം ആ പേര്‍ ഉണ്ടാവില്ല. ജിഷ്ണു ആക്റ്റ് ഉണ്ടായേക്കാം. ജിഷ്ണുവിന്റെ ചരമദിനം ഏതെങ്കിലും പ്രത്യേക പേരില്‍ ആചരിച്ചേക്കാം. എന്നാല്‍ സഖാവ് രജനി രക്തസാക്ഷി ദിനം എന്ന ഒന്നില്ലാത്തതുപോലെ തന്നെ, സഖാവ് ജിഷ്ണു രക്തസാക്ഷി ദിനം എന്ന ഒന്നും ഉണ്ടാവാന്‍ ഇനി ഒരു സമ്മേളനം മറിച്ചു തീരുമാനിക്കാത്ത പക്ഷം യാതൊരു സാധ്യതയുമില്ല. അല്ലെങ്കില്‍ സംശയലേശമന്യേ ജിഷ്ണു കൊല്ലപ്പെട്ടതാണെന്നു തെളിയണം. ഇതു മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമൊന്നുമല്ല. ഇമോഷന്‍ മാറ്റിവച്ച് ആലോചിച്ചാല്‍ മതി.

സ്ഥാപനവത്കരണം എന്നത് നിവൃത്തിയില്ലാത്ത അനിവാര്യതയാണ്. കത്തോലിക്കാ സഭ തെമ്മാടിക്കുഴി ഒരുക്കിയതുപോലെ എസ്എഫ്‌ഐയും തെമ്മാടിക്കുഴി ഒരുക്കുകയാണോ എന്ന ചോദ്യം വരാം. ഇത്ര മനസ്സാക്ഷിയില്ലാത്തവരാണോ ഇടതന്മാര്‍ എന്ന ചോദ്യം വരാം. അതിലൊന്നും കാര്യമില്ല. ജയ്ക്കു തന്നെ തന്റെ വിശദീകരണത്തില്‍ പറയുന്നതുപോലെ, ഇത് കെ എസ് യുക്കാരോ ആര്‍എസ്എസുകാരോ ദലിത് പാന്തേഴ്‌സോ പിഡിപിക്കാരോ ഒന്നും ചെയ്ത കൊലപാതകമല്ല. ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറാണ് എന്നു പറയാം. അതായത്, ഉത്തരം പറയേണ്ടത് ഒരു സ്ഥാപനമാണ്, വ്യക്തിയോ സംഘടനയോ അല്ല.എന്നാല്‍ ഇക്കാര്യം ഒരു വാര്‍ത്താലേഖകന്‍ എടുത്തു ചോദിക്കുമ്പോള്‍ ഒരു പരിണത പ്രജ്ഞനായ രാഷ്ട്രീയനേതാവ്, അയാളുടെ സ്വതവേയുള്ള സോഫ്റ്റിക്കേഷന്‍ നിമിത്തം ഒഴിഞ്ഞുമാറുകയോ തന്ത്രപരമായി വിഷയം മാറ്റുകയോ ചെയ്യും. ആ സങ്കീര്‍ണ്ണത ജെയ്ക്കിനില്ലാതെപോയി. അയാള്‍ നേരെ ഉള്ള കാര്യം പറഞ്ഞു. അതു ഞങ്ങളുടെ ലേഖകന്‍ വാര്‍ത്തയുമാക്കി.

ടെലിഫോണ്‍ അഭിമുഖത്തില്‍ ജയ്ക്ക് പറഞ്ഞതില്‍ ഒരു വരി അധികമായി ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടില്ല എന്നും ട്രാന്‍സ്‌ക്രിപ്റ്റ് പുറത്തുവിടാന്‍ തയ്യാറാണെന്നും ലേഖകന്‍ പറയുന്നു. തങ്ങള്‍ ഇതു പ്രസിദ്ധീകരിക്കാന്‍ പോവുന്ന കാര്യം എടുത്തു പറഞ്ഞിരുന്നതായാണ് അഭിമുഖം നടത്തിയ പ്രതീഷ് രമ വിശദീകരിക്കുന്നത്. ഔദ്യോഗികം എന്ന പദം ജയ്ക്ക് ഉപയോഗിച്ചിട്ടില്ല. അഭിമുഖത്തിലും അതു പറയുന്നില്ല. തലക്കെട്ടിലുണ്ട്. അത് ഇന്‍ഫറന്‍സ് ആണ്. ദേവപാലന്‍ മുതലുള്ള 32 പേരുടെ പട്ടികയില്‍ ജിഷ്ണുവിന്റെ പേരുണ്ടാവില്ല എന്നു പറഞ്ഞാല്‍ എസ്എഫ്‌ഐയുടെ രക്തസാക്ഷിപ്പട്ടികയില്‍ പേരുചാര്‍ത്തിയിട്ടില്ല എന്നുതന്നെയല്ലേ അര്‍ത്ഥം? അപ്പോള്‍ അംഗീകൃതമായ രക്തസാക്ഷിപ്പട്ടികയും അങ്ങനെയല്ലാത്ത മറ്റൊരു പട്ടികയും ഉണ്ടെന്നുതന്നെയല്ലേ, അര്‍ത്ഥമാക്കേണ്ടത്?

ജിഷ്ണു എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു എന്നതിലും പാമ്പാടി നെഹ്‌റു കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റിടാന്‍ ശ്രമിച്ചിരുന്നു എന്ന കാര്യത്തിലും തര്‍ക്കമൊന്നുമില്ലല്ലോ. ആ സ്ഥിതിക്ക് ഈ പുതിയ അറിവ്, ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യമുയര്‍ത്തി ജിഷ്ണുവിന്റെ മാതാവ് നിരാഹാരം അനുഷ്ഠിക്കുന്ന സമയത്ത് പ്രസക്തവും എസ്എഫ്‌ഐക്കാരല്ലാത്ത ആളുകളെ സംബന്ധിച്ചു വാര്‍ത്തയുമല്ലേ?എന്റെ ചോദ്യം ഇതാണ്. പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയ ഒരു കാര്യം പ്രസിദ്ധീകരിച്ചത് തെറ്റാണോ?

മനഃപൂര്‍വ്വം ട്രാപ് ചെയ്യാനാണെങ്കില്‍ അതു പ്രത്യേകിച്ച് എടുത്തു ചോദിക്കേണ്ട കാര്യമില്ലല്ലോ. പ്രസിദ്ധീകരിച്ച ശേഷം വീണ്ടുവിചാരമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടി എന്താണ്? ഒന്നുകില്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു എന്നും എന്നാല്‍ ഒറ്റക്കേള്‍വിയില്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതുകൊണ്ട് വിശദീകരിക്കുന്നു എന്നും പറഞ്ഞ് അതിന്റെ വിപുലീകരണം നല്‍കാം. അല്ലെങ്കില്‍ താന്‍ ഉദ്ദേശിച്ചത് അതുപോലെയല്ല വന്നതെന്നു പറഞ്ഞ് വിശദീകരണം നല്‍കാം. താന്‍ പറഞ്ഞതേയല്ല, ലേഖകന്‍ എഴുതിയത് എന്നും പറയാം.

ഇതല്ല, നടന്നിരിക്കുന്നത്. വൈകാരികതയുടെ വേലിയേറ്റത്തില്‍ ഉള്ളതുള്ളതുപോലെ പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ പറ്റില്ല എന്നു തോന്നിയിട്ടാവുമോ, സെപ്റ്റിക് ടാങ്കില്‍ നിന്നു പൊട്ടിയൊലിച്ചുപോകുന്ന ജലം, അമേധ്യം, കുടില ബുദ്ധി തുടങ്ങിയ പ്രയോഗങ്ങള്‍? അതോ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍- ജിഷ്ണുവിന്റെ ബന്ധുക്കള്‍ സംസ്ഥാന പൊലീസിനെതിരെ തിരിയുകയും സമരം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍- ഇനി ജിഷ്ണുവിനെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയില്ല എന്നു നിനച്ചിട്ടോ?

ജിഷ്ണു പ്രണോയ് രക്തസാക്ഷിയാണോ?

ആണ്.

എസ്എഫ്‌ഐയുടെ രക്തസാക്ഷിയാണോ?

അല്ല.

രണ്ടേ രണ്ടു കാര്യങ്ങള്‍. ഇതു മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമല്ലല്ലോ. പിന്നിപ്പോള്‍ തള്ളിപ്പറയുന്നതെന്തിന്?

.......................

ഇതു സംബന്ധിച്ച് ലേഖകന്റെ വിശദീകരണം ഇവിടെ