എലിസബത് രാജ്ഞിയുടെ കടൽനായകൾ

കടല്‍കൊള്ള കുറ്റകരമാകാതിരിക്കാന്‍ കടല്‍നായകള്‍ക്ക് ലൈസന്‍സും നല്‍കുമായിരുന്നു. ലെറ്റര്‍ ഓഫ് മാര്‍ക്വി എന്നായിരുന്നു ആ ലൈസന്‍സ് അറിയപ്പെട്ടിരുന്നത്. ലാഭമുണ്ടാക്കാന്‍ മാത്രമല്ല, ദേശസ്‌നേഹത്തിന്‌റെ അടയാളമായും ലെറ്റര്‍ ഓഫ് മാര്‍ക്വിയെ പരിഗണിച്ചിരുന്നു.

എലിസബത് രാജ്ഞിയുടെ കടൽനായകൾ

നമ്മുടെ ലോകം ഇപ്പോള്‍ ഭയപ്പെടുന്ന അനേകം വിഷയങ്ങളില്‍ പ്രധാനപ്പെട്ടയാണല്ലോ പൈറസി. സിനിമ, സോഫ്റ്റ്വേര്‍ രംഗത്തുള്ളവര്‍ക്കാണ് പൈറസി ഏറ്റവും കൂടുതല്‍ ഭീഷണിയാകുന്നത്. പൈറസിയെ തടുക്കാനുള്ള ഓരോ ശ്രമത്തിനേയും നിഷ്ഫലമാക്കിക്കൊണ്ട് സൈബര്‍ കൊള്ളക്കാര്‍ അവരുടെ ജോലി തുടരുകയാണ്.

കടല്‍ക്കൊള്ളക്കാരെയാണ് പൈററ്റുകള്‍ എന്ന് വിളിക്കാറുള്ളത്. സൊമാലിയൻ പൈററ്റുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരമായി കേള്‍ക്കാറുമുണ്ട്. കടല്‍മാര്‍ഗ്ഗം കച്ചവടം ചെയ്യുന്നവര്‍ക്ക് വലിയ ഭീഷണിയാണ് പൈററ്റുകള്‍. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ലൈസന്‍സോടെ കൊള്ളയടിയില്‍ ഏര്‍പ്പെട്ടിരുന്ന പൈററ്റുമാരും ഉണ്ടായിരുന്നു.

പതിനാലാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ട് രാജ്ഞിയായിരുന്ന എലിസബത് I ന്‌റെ ഭരണകാലത്തായിരുന്നു സര്‍ക്കാര്‍ അനുമതിയോടെ കടല്‍ക്കൊള്ളക്കാര്‍ ചരക്കുകപ്പലുകള്‍ കൊള്ളയടിച്ചിരുന്നത്. കടല്‍നായകള്‍ എന്നായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്. അവര്‍ ഒരേ സമയം അടിമക്കച്ചവടവും എലിസബത് രാജ്ഞിയ്ക്ക് വേണ്ടി കടല്‍ക്കൊള്ളയും ചെയ്തിരുന്നു.

സ്പാനിഷ് ചരക്കുകപ്പലുകളെ കൊള്ളയടിക്കാനായി രാജ്ഞി നിയോഗിച്ച പട്ടാളക്കാര്‍ തന്നെയായിരുന്നു കടല്‍നായകള്‍. അങ്ങിനെ കൊള്ളയടിച്ചുണ്ടാക്കുന്ന സമ്പത്ത് രാജ്ഞിയുടെ ഖജനാവിലേയ്‌ക്കെത്തുകയും ചെയ്യും.

കടല്‍കൊള്ള അവരുടെ രാജ്യത്ത് കുറ്റകരമാകാതിരിക്കാന്‍ കടല്‍നായകള്‍ക്ക് ലൈസന്‍സും നല്‍കുമായിരുന്നു. ലെറ്റര്‍ ഓഫ് മാര്‍ക്വി എന്നായിരുന്നു ആ ലൈസന്‍സ് അറിയപ്പെട്ടിരുന്നത്. ലാഭമുണ്ടാക്കാന്‍ മാത്രമല്ല, ദേശസ്‌നേഹത്തിന്‌റെ അടയാളമായും ലെറ്റര്‍ ഓഫ് മാര്‍ക്വിയെ പരിഗണിച്ചിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തികള്‍ മറികടക്കാനും ആക്രമണങ്ങള്‍ നടത്താനും കൊള്ളയടിക്കാനുമെല്ലാം ആ ഒരു ലൈസന്‍സ് മാത്രം മതിയായിരുന്നു.

1560 ലായിരുന്നു എലിസബത്തിന്‌റെ കടല്‍നായകള്‍ ജോലി ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ബ്രീട്ടീഷ് നേവിയും സ്പാനിഷ് നേവിയും തമ്മിലുള്ള മത്സരത്തിന്‌റെ ഭാഗമായിട്ടായിരുന്നു കടല്‍നായകളുടെ രംഗപ്രവേശം. അവര്‍ തങ്ങളുടെ ജീവനും സ്വന്തം കപ്പലുകളും അപകടപ്പെടുത്തിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സ്പാനിഷ് നേവിയുടെ സമ്പത്തും വലിപ്പവും ഗണ്യമായി കുറയ്ക്കാന്‍ അവര്‍ക്കാകുകയും ചെയ്തു.

1604 ല്‍ ഇംഗ്ലണ്ടും സ്‌പെയിനും തമ്മില്‍ സമാധാനക്കരാറില്‍ എത്തുന്നത് വരെ കടല്‍നായകള്‍ പ്രവര്‍ത്തിച്ചു. അതിനുശേഷം അവര്‍ സ്വന്തം നിലയില്‍ കടല്‍ക്കൊള്ളക്കാരായി തുടരുകയായിരുന്നു. സര്‍ ഫ്രാന്‍സിസ് ഡ്രേക്ക്, സര്‍ ജോണ്‍ ഹാക്കിന്‍സ്, സര്‍ വാള്‍ട്ടര്‍ റാലി തുടങ്ങിയവരായിരുന്നു എലിസബത്ത് രാജ്ഞിയുടെ പ്രിയ കടല്‍നായകള്‍.