കലോത്സവ നഗരിയിൽ ചില കാഴ്ച്ചകളുണ്ട്; ഒരുപാടു സ്നേഹം തോന്നുന്ന കാഴ്ചകൾ

അമ്മുവും ബാലേട്ടനും. കണ്ണിൽ നിറയെ അങ്കലാപ്പാണ്. പക്ഷെ ബാലേട്ടന്റെ കൈ പിടിച്ച് നടക്കുമ്പോൾ അമ്മു 52 വർഷം മുൻപുള്ള ആ 18കാരി ആവുകയാവുകയായിരുന്നു.- കലോത്സവനഗരിയിലെ കൗതുക കാഴ്ചകൾ

കലോത്സവ നഗരിയിൽ ചില കാഴ്ച്ചകളുണ്ട്; ഒരുപാടു സ്നേഹം തോന്നുന്ന കാഴ്ചകൾ

സ്വർണ്ണ കപ്പ് ഇനി കോഴിക്കോട് സൂക്ഷിക്കും. ചെറിയ മാർക്കുകളുടെ വ്യത്യാസത്തിലാണ് സ്ഥാനങ്ങൾ മാറി മറിയുന്നത്. എന്തായാലും കലോത്സവം ഒരു അങ്കം തന്നെ. ആഘോഷത്തിന്റെ അങ്കം. പക്ഷെ ഈ മത്സരങ്ങൾക്കൊക്കെ അപ്പുറത്തും കലോത്സവ നഗരിയിൽ ചില കാഴ്ച്ചകളുണ്ട്. നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ച് കുലുക്കുന്ന, ഒരുപാട് സ്നേഹം തോന്നുന്ന കാഴ്ച്ചകൾ. അത്തരം കാഴ്ച്ചകളിലൂടെ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ സഞ്ചരിച്ചത്.

പത്താം ക്ളാസുകാരി കൊച്ചുമകൾ സ്വാതിജയുടെ സംസ്കൃത പ്രഭാഷണം കേൾക്കാൻ എത്തിയതാണ് ബ്രഹ്മദത്തനും വസന്തയും.രണ്ട് പേർക്കും കലോത്സവം പുതിയൊരു അനുഭവമാണ്. ഇക്കാലത്തിന്റെ ഇടക്ക് ഇങ്ങനൊരു ഉത്സവത്തിന് പങ്കെടുക്കാനായല്ലോ എന്ന ത്രില്ലിലാണ് രണ്ട് പേരും. കൊച്ചു മകൾക്ക് കിട്ടിയ 'എ' ഗ്രേഡ് അവർക്ക് ഇരട്ടിമധുരമാണ്. ഇവരുടെ സന്തോഷം കണ്ട് തിരിഞ്ഞപ്പോഴാണ് മറ്റു രണ്ട് പേരെ കണ്ടത്.

അമ്മുവും ബാലേട്ടനും. കണ്ണിൽ നിറയെ അങ്കലാപ്പാണ്. പക്ഷെ ബാലേട്ടന്റെ കൈ പിടിച്ച് നടക്കുമ്പോൾ അമ്മു 52 വർഷം മുൻപുള്ള ആ പഴയ 18 കാരിയാവുകയാവുകയായിരുന്നു. ഇതു പോലെ പണ്ട് ഉത്സവത്തിന് പോയിട്ടുണ്ട്. അമ്മു എന്ന അമ്മിണിയമ്മ പറഞ്ഞു. ബാലേട്ടൻ എല്ലാം കേട്ട് ചിരിച്ച് കൊണ്ടേയിരുന്നു. "തൃശ്ശൂര് ഇത്ര വലിയ ഉത്സവം നടക്കുമ്പം എങ്ങനാ വരാതിരിക്യാ അതുകൊണ്ടാ വയ്യാഞ്ഞിട്ടും ഞങ്ങൾ വന്നത്"- എന്ന് പറഞ്ഞ് രണ്ട് പേരും ആൾതിരക്കിനിടയിലേക്ക് കയറി.

ഒൻപതാം ക്ലാസുകാരൻ നിതിൻ രാജ് കലോത്സവ വേദിയിലെത്തിയത് മത്സരിക്കാനല്ല. പക്ഷേ വലിയൊരു കലയും കൊണ്ടാണ്. മരത്തിൽ കൊത്തുപണി ചെയ്യുന്ന നിതിൻ ഈ വർഷത്തെ പ്രവർത്തി പരിചയമേളയിൽ 'എ' ഗ്രേഡ് നേടിയിട്ടുണ്ട്. അച്ചൻ നടരാജിൽ നിന്നാണ് നിതിൻ 'പണി' പഠിച്ചത്. ആറാം ക്ലാസുമുതൽ നിതിൻ കൂടെ കൂട്ടിയതാണ് ഈ കല. ഡിപിഐ യുടെ പ്രദർശനമേളയിൽ തന്റെ ഉത്പന്നങ്ങളുമായി എത്തിയ നിതിൻ അവിടെ വെച്ചും കൊത്തുപണി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ ഒട്ടുമിക്കതും വിറ്റുപോവുകയും ചെയ്തു.അതേ സ്റ്റാളുകളിൽ പിന്നെയും ഉണ്ടായിരുന്നു ആളുകൾ. അറബി അക്ഷരങ്ങൾ കൊണ്ട് ചിത്രം വരക്കുന്നവർ, ഒരേ സമ യം രണ്ട് കൈകൊണ്ടും എഴുതുന്നവർ, പിന്നെയും എത്രയോ പേർ കലോത്സവത്തിന്റെ ഭാഗമാവുകയും പലവഴി പോവുകയും ചെയ്തു.

മത്സരിക്കാൻ വന്നവരുടേയോ കാണാൻ എത്തിയവരുടേയോ മാത്രം ഉത്സവമായിരുന്നില്ല കലോത്സവം. കച്ചവടക്കാരും ഓട്ടോ ഡ്രൈവർമാരുമെല്ലാം കലോത്സവത്തിന്റെ ത്രില്ലിലായിരുന്നു. സ്വന്തം ആഘോഷമാക്കിയാണ് അവരെല്ലാവരും കലോത്സവത്തെ നെഞ്ചിലേറ്റിയത്. സ്വർണ്ണ കപ്പ് ആരുകൊണ്ടുപോയാലും അടുത്ത വർഷത്തേക്കുള്ള സ്വപ്നവും പേറിയാണ് എല്ലാവരും തൃശ്ശൂരിൽ നിന്ന് വണ്ടി കയറിയത്. അടുത്ത വർഷത്തെ കലോത്സവ വേദിയിൽ വെച്ച് കാണാം എന്ന വാഗ്ദാനവും കൈമാറുന്നുണ്ടവർ.

Read More >>