സൗരവ് ഗാംഗുലി; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഭരിച്ച അരിസ്റ്റോട്ടിൽ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഫാന്‍സാണുള്ളതെങ്കില്‍ ഈ മനുഷ്യന് ഫോളോവേഴ്സ് ആണുള്ളത്‌ എന്ന് പലപ്പോഴും തോന്നിയിട്ടുള്ളത് സത്യമായിരുന്നു- സംഗീത് ശേഖറിന്റെ മനോഹരമായ ഒരു കുറിപ്പ്...

സൗരവ് ഗാംഗുലി; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഭരിച്ച അരിസ്റ്റോട്ടിൽ

Don't Write me off. I will be around. And I will be around. Slowly I will become a memory. And then I will come back.

എഴുതിതള്ളപ്പെടുന്ന ഓരോരുത്തര്‍ക്കും ഒരു പ്രതീക്ഷയുണ്ട്, ഒരിക്കല്‍ തിരിച്ചു വരാമെന്ന പ്രതീക്ഷ. അതിപ്പോ ജീവിതത്തിലായാലും സ്പോര്‍ട്സിലായാലും തിരിച്ചുവരവിനായി കൊതിക്കുന്നവരാണ് എല്ലാവരും. പലരോടും തീര്‍ക്കാനുള്ള കണക്കുകള്‍, ചില വാശികള്‍, മുറിവേറ്റ ആത്മാഭിമാനം, സഹിക്കേണ്ടി വന്ന അപമാനതിനുള്ള മറുപടി എന്നിങ്ങനെ കാരണങ്ങള്‍ പലതായിരിക്കും. എല്ലാവര്‍ക്കും പക്ഷെ അതിനു കഴിയാറുമില്ല. സ്പോര്‍ട്സില്‍ അവിശ്വസനീയമായ തിരിച്ചുവരവുകള്‍ മിക്കപ്പോഴും ഇതിഹാസ പദവിയിലേക്കാണ് പലരെയും നയിക്കുന്നത്. ഒരു ഓട്ടോക്രാറ്റിനെ പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഭരിച്ച അരിസ്റ്റോക്രാറ്റിന്‍റെ അവസാനത്തെ തിരിച്ചു വരവോളം മഹത്തായതൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടിട്ടില്ല എന്ന് നിസ്സംശയം പറയാം. ടീമിന് പുറത്തായ ശേഷം 2006ല്‍ തന്‍റെ പേര് ക്രിക്കറ്റ് ലോകം പാസ്റ്റ് ടെന്‍സില്‍ ഉപയോഗിച്ച് തുടങ്ങിയ സമയത്ത് അയാളൊരു പെപ്സിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് "നിങ്ങളെന്നെ മറന്നിട്ടില്ലല്ലോ"എന്ന് ചോദിക്കുന്നുണ്ട്. അയാളുടെ കടുത്ത ആരാധകരില്‍ പലരുടെയും കണ്ണുകളെ നനയിച്ച ചോദ്യമാണത്. അവരെങ്ങനെയാണ് ആ മനുഷ്യനെ മറക്കുക. കടന്നു പോയ നല്ല കാലത്തെ ഓര്‍മിപ്പിക്കുന്ന വാക്കുകളില്‍ വിഷാദ ഭാവത്തോടെ ഒരിക്കല്‍ക്കൂടി ഷര്‍ട്ട് ഉയര്‍ത്തി കറക്കി വീശാനുള്ള അവസരം എനിക്ക് കിട്ടുമോ എന്നാര്‍ക്കറിയാം എന്നയാള്‍ പറഞ്ഞപ്പോള്‍ അയാളുടെ ആരാധകരില്‍ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നു കാണണം. ആ പരസ്യം കണ്ടിട്ടുള്ള അയാളുടെ ആരാധകരില്‍ പലര്‍ക്കും അന്നത് കണ്ടിരിക്കുമ്പോള്‍ ചെറിയൊരു പക്ഷെ സുഖകരമായ വിറയല്‍ ദേഹത്തിലൂടെ കടന്നു പോയത് വിവരിച്ചു തന്നത് ഇന്നും ഓര്‍മിക്കുന്നുണ്ട്. When i saw the Ad in Tv, it sent shivers down my spine എന്ന് ഒരു കൊല്‍ക്കത്തക്കാരന് തോന്നിയെങ്കില്‍ അതിലൊട്ടും അതിശയപ്പെടേണ്ട കാര്യമില്ല. കേരളത്തിലും അതെ തീവ്രതയോടെ അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകരുണ്ട് എന്നറിയാമെങ്കിലും ആ ഫീലിംഗ് ഇതിലധികം വിശദീകരിച്ചു തരാന്‍ എനിക്കറിയില്ല. ഈ പരസ്യം കണ്ട് സഹതപിച്ചവരുണ്ട്, കളിയാക്കിയവരുണ്ട്. ആ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടു കൊതിപ്പിച്ചു കൊണ്ട് കടന്നു കളഞ്ഞതാണെന്നു കരുതി നെടുവീര്‍പ്പിട്ട കടുത്ത ആരാധകരെപ്പോലും അമ്പരപ്പിച്ചു കൊണ്ട് കൃത്യം ഒരു മാസത്തിനു ശേഷം അയാള്‍ സൌത്ത് ആഫ്രിക്കയിലുണ്ട്. The mother of All Comebacks. ആ ദിവസത്തിലേക്കുള്ള യാത്രക്കിടെ നമുക്ക് അതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ശ്രദ്ധിക്കാതെ വയ്യ.

ഇടങ്കയ്യനായി ജനിച്ചാല്‍ തന്നെ നിങ്ങള്‍ പകുതി യുദ്ധം ജയിച്ചു കഴിഞ്ഞു എന്ന് പറഞ്ഞു വച്ചത് ജെഫ് ബോയ്‌കോട്ടായിരുന്നു. ഇടങ്കയ്യനായി ജനിക്കാതെ ഇടങ്കയ്യനായി മാറേണ്ടി വന്ന ബാറ്റ്സ്മാന് പകുതി യുദ്ധത്തിന്റെ ആനുകൂല്യം ഉണ്ടായിരുന്നില്ല. ഒഫ് കോഴ്സ്, നമ്മള്‍ സംസാരിക്കുന്നത് സൌരവ് ഗാംഗുലിയെ കുറിച്ചാണ്. ബീയിംഗ് സൌരവ് ഗാംഗുലി, വല്ലാത്തൊരു അവസ്ഥയാണത്. ഒരിഞ്ചു പോലും പുറകോട്ടു മാറാന്‍ കഴിയാത്ത ആധിപത്യ സ്വഭാവത്തിന്‍റെ ഗുണവും ദോഷവും അനുഭവിച്ചതാണ്‌ ഗാംഗുലിയുടെ കരിയർ. അയാളുടെ പണത്തിന്‍റെയും പ്രതാപത്തിന്റെയും പാരമ്പര്യത്തിന്റെയും ധാര്‍ഷ്ട്യത്തോളമെത്തുന്ന വലുപ്പം തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ഗ്രസിച്ച ഒത്തുകളിക്കും അയാള്‍ക്കുമിടയില്‍ ഒരു മതില്‍ തീര്‍ത്തു വച്ചത്എന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. നേരെ നിന്ന് എന്നത് ആലോചിക്കാനേ കഴിയില്ല എന്നിരിക്കെ മറ്റൊരാള്‍ മുഖേന പോലും അയാളുടെ നേരെ പ്രലോഭനത്തില്‍ പൊതിഞ്ഞ ഒരു ഓഫര്‍ മുന്നോട്ടു വക്കാന്‍ ഒരു ബുക്കിക്കും കഴിയില്ല എന്ന ചിന്ത ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിയുടെ മനസ്സില്‍ ഉറപ്പിച്ചു നിര്‍ത്തിയത് അയാളുടെ മാത്രം മികവല്ല. രാഹുല്‍ ദ്രാവിഡും ലക്ഷ്മണും മധ്യവര്‍ഗത്തിന്റെ ശാന്തതയും കുലീനതയും പ്രകടമാക്കിയ നാളുകളില്‍ ഉപരിവര്‍ഗത്തിന്റെ ധാര്‍ഷ്ട്യവും ആധിപത്യസ്വഭാവവും ഇന്ത്യന്‍ ക്രിക്കറ്റിനു ഗുണകരമായ രീതിയില്‍ പ്രദര്‍ശിപ്പിച്ചവനാണ് സൌരവ് ഗാംഗുലി. "The Entire ground Belongs to me Ravi..." സച്ചിന്‍ ടെണ്ടുല്‍ക്കറിന് മുംബെയിലും വി.വി.എസ് ലക്ഷ്മണിനു ഹൈദരാബാദിലും സ്റ്റാന്‍ഡ് ഉള്ള സ്ഥിതിക്ക് സൌരവ് ഗാംഗുലിക്ക് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഒരു സ്റ്റാന്‍ഡ് വേണ്ടതല്ലേ എന്ന രവിശാസ്ത്രിയുടെ കളിയാക്കലിനു മറുപടി പെട്ടെന്നായിരുന്നു. ആ ഒരു വാചകം തന്നെയാണ് സൌരവ് ഗാംഗുലി എന്ന മനുഷ്യന്‍റെ ആറ്റിറ്റ്യൂഡ്. അവിടെയും അയാള്‍ക്ക് സമാനതകളില്ല. അതയാള്‍ പറയുന്നത് കൃത്യമായ ധാരണയോടെ തന്നെയാണ്. തിളക്കമുള്ള വിഗ്രഹങ്ങള്‍ മാത്രം വച്ചാരാധിക്കപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ അയാള്‍ക്കുമുണ്ടായിരുന്നു ഒരു മുന്തിയ സ്ഥാനം. ഒപ്പം അയാള്‍ക്കെതിരെ ഒരു ഇലയനങ്ങിയാല്‍ വിപ്ലവം അഴിച്ചു വിടാന്‍ കാത്തിരിക്കുന്ന പ്രാദേശികവികാരത്തിന്റെ പിന്തുണയും. അയാളെ പടിയടച്ചു പിണ്ഡം വച്ചപ്പോള്‍ ഈഡനില്‍ ഇന്ത്യന്‍ ടീമിനെയും രാഹുല്‍ ദ്രാവിഡിനെയും കൂവി വിട്ട ചരിത്രവുമുണ്ട്. ഒരിക്കല്‍ ഇംഗ്ലീഷ് കൌണ്ടിയില്‍ ഒരു അര്‍ദ്ധ സെഞ്ച്വറി നേടിയതിനു ശേഷം സ്വന്തം ടീമംഗങ്ങള്‍ നില്‍ക്കാറുള്ള ബാല്‍ക്കണിക്ക് നേരെ ബാറ്റ് ഉയര്‍ത്തി അഭിവാദ്യം ചെയ്യുമ്പോള്‍ കയ്യടിക്കാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല എന്നതയാളുടെ ആധിപത്യ സ്വഭാവത്തിന്റെ ബാക്കിപത്രമാകാം. എന്തായാലും ജെന്റില്‍മാന്‍സ് ഗെയിം എന്ന് പേരിട്ടു വിളിക്കുന്ന ഈ ഗെയിമില്‍ മാന്യത കാട്ടാനുള്ള ധാര്‍മിക ഉത്തരവാദിത്വം കുറച്ചു രാജ്യങ്ങള്‍ക്ക് മാത്രമായി ഒതുക്കി വച്ചിരിക്കുന്ന നിയമസംഹിതകള്‍ക്കെതിരെയായിരുന്നു ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട ടീ ഷര്‍ട്ട് പ്രതികരിച്ചത്. അത്തരമൊരു മാന്യതയുടെ മൂടുപടം അയാള്‍ക്ക് ആവശ്യമില്ലായിരുന്നു. മഗ്രാത്തിനും ശ്രീശാന്തിനും രണ്ടു തരം മാന്യതയുടെ അളവുകോലുകള്‍ കല്‍പിച്ചു കൊടുക്കുന്ന ഒരു ക്രിക്കറ്റിലെ സദാചാര സംസ്കാരത്തെയാണ്‌ അയാള്‍ വെല്ലുവിളിച്ചത്.

ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ അഭിജാതരായ കാണികളുടെ മുന്നില്‍ ഷര്‍ട്ട് ഊരി കറക്കി വീശിയ മനുഷ്യന്‍, ടോസ് ചെയ്യാന്‍ വൈകിയെത്തി സ്റ്റീവ് വോയെയും ക്രിക്കറ്റ് ലോകത്തെയും ചൊടിപ്പിച്ച ഇന്ത്യന്‍ നായകന്‍ ഇതെല്ലാമാണ് സൌരവ് ഗാംഗുലി എന്ന പേര് ഒരു ടിപ്പിക്കല്‍ ആരാധകനില്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍. തീര്‍ച്ചയായും അയാളുടെ ആരാധകരല്ലാത്തവര്‍ക്ക് പോലും, അതവര്‍ പുറമേ സമ്മതിച്ചില്ലെങ്കില്‍ കൂടെ, രോമാഞ്ചമുണര്‍ത്തുന്ന ഓര്‍മ്മകള്‍ തന്നെയാണത്. അതിനപ്പുറത്ത് ഗാംഗുലി എന്ന ബാറ്റ്സ്മാന്‍ ഗാംഗുലി എന്ന നായകന്‍റെ നിഴലിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ്. ഇന്ത്യയുടെ ടെസ്റ്റ്‌ ബാറ്റിംഗ് ലൈനപ്പിലെ വിഖ്യാതരായ ആ ഫാബുലസ് ഫൈവില്‍ സൌരവ് ഗാംഗുലിയെ അഞ്ചാമനായി മാത്രമേ നിര്‍ത്താന്‍ കഴിയൂ എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ വച്ചു കൊണ്ട് ഏകദിനത്തിലെക്ക് വരുമ്പോള്‍ സൌരവ് പക്ഷെ ഒരു കൊളോസസിനെപോലെ ഉയര്‍ന്നു നില്‍ക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പുറകില്‍ രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിര്‍ത്തി ഒന്ന് കൂടെ ചിന്തിച്ചു കഴിയുമ്പോള്‍ അറിയാതെ ഒന്നാം സ്ഥാനത്തേക്ക് കയറ്റി നിര്‍ത്താന്‍ തോന്നിപ്പോകുന്ന ഒരു തരം ആകര്‍ഷണീയതയാണ് ഏകദിനത്തില്‍ സൌരവ് ഗാംഗുലി എന്ന ബാറ്റ്സ്മാന്‍. ഇന്ത്യന്‍ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സാക്ഷാല്‍ ടെണ്ടുല്‍ക്കറെ പോലും രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിര്‍ത്തുന്ന തരത്തില്‍ ആധിപത്യ സ്വഭാവം കാട്ടിയിട്ടുള്ളതാണ് ഗാംഗുലിയുടെ ഏകദിന ഇന്നിംഗ്സുകള്‍ പലതും എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചു കൊണ്ട് അയാളിലെ ക്യാപ്റ്റനെ മുന്നിലേക്ക് കയറ്റി നിര്‍ത്തി അയാളിലെ ബാറ്റിംഗ് പ്രതിഭയെ നമ്മൾ ചെറുതായി അവഗണിച്ചു വിടുകയാണ്. ഒരു ടിപ്പിക്കല്‍ സൌരവ് ഗാംഗുലി ആരാധകന് സൌരവ് എന്ന ബാറ്റ്സ്മാന്റെ ബ്രില്ല്യന്റ് ബാറ്റിംഗ് പ്രകടനങ്ങളെക്കാള്‍ അയാളുടെ ഹീറോയിക്ക് ഇമേജ് തന്നെയാണ് മുന്‍തൂക്കമര്‍ഹിക്കുന്ന സംഗതിയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. മഹേന്ദ്രസിംഗ് ധോണി എന്ന നായകന്‍ ചരിത്രത്തെ തനിക്ക് ശേഷവും മുന്നേയും എന്ന രീതിയില്‍ വിഭജിച്ചു വക്കുമ്പോഴും രണ്ടായിരാമാണ്ടിലെ സൌരവിനെ കണ്ടു, കളിച്ചു വളര്‍ന്നവര്‍ക്ക് അയാളൊരു നൊസ്റ്റാള്‍ജിക്ക് മെമ്മറി തന്നെയാണ്. പലപ്പോഴും അതിശയോക്തികളോളമെത്തുന്ന വാഴ്ത്തുപാട്ടുകളിലെ നായകനായ സൌരവ് ഗാംഗുലിയെ ഞാന്‍ മാറ്റി നിര്‍ത്തുകയാണ്. അയാളിലെ ബാറ്റ്സ്മാന്‍ഷിപ്പിനെ, പ്രത്യേകിച്ച് കരിയറിന്‍റെ അവസാനഘട്ടത്തില്‍ നാം കണ്ട Rejuvenated ഇമേജിനെ എടുത്തു മുന്നിലേക്ക് നിര്‍ത്താനാണ് എനിക്കാഗ്രഹം. ലോര്‍ഡ്സിലെ ഷര്‍ട്ട് കറക്കലിനേക്കാള്‍, ഓസ്ട്രേലിയന്‍ ടീമിനോട് കാട്ടിയ ധാര്‍ഷ്ട്യത്തെക്കാള്‍, ലോര്‍ഡ്സിലെ സ്വപ്നതുല്യമായ തിരിച്ചു വരവിനേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത് അയാളുടെ അവസാനത്തെ തിരിച്ചു വരവാണ്. തന്‍റെ ഈഗോയെ തൃപ്തിപ്പെടുത്തുക എന്നതിനൊപ്പം ചിലര്‍ക്ക് ചിലതൊക്കെ മനസ്സിലാക്കി കൊടുക്കുക എന്ന കൂടുതല്‍ പ്രാധാന്യമുള്ള കാര്യം ചെയ്തെടുക്കാന്‍ തന്നെയാണ് ഗവാസ്കറിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ഈഗോയിസ്റ്റ് അവസാന തിരിച്ചുവരവിന് ഒരുങ്ങുന്നത് .

ഒരു സ്റ്റേജ് എങ്ങനെയാണ് സെറ്റ് ചെയ്യപ്പെടുന്നത് എന്ന് പല തവണ ആലോചിച്ചു നോക്കിയിട്ടുണ്ട്. മഹത്തായ ഇന്നിംഗ്സുകള്‍ക്കെല്ലാം പുറകില്‍ ഒരു ബാക്ക് ഡ്രോപ്പ് ഉണ്ടായിരിക്കും. അതിലേക്കു നയിക്കുന്ന സാഹചര്യങ്ങള്‍ പലതായിരിക്കും. അതിന്‍റെ ആഫ്റ്റര്‍ എഫക്റ്റ്സ് കരിയറുകളെ തന്നെ റീ ഡിഫൈന്‍ ചെയ്യുന്നതായിരിക്കും. സൌരവ് ഗാംഗുലിയുടെ കരിയറിലെ ഏറ്റവും പ്രധാനമായ, പക്ഷെ അയാളുടെ കടുത്ത ആരാധകര്‍ക്ക് പോലും അഞ്ജാതമായിരിക്കാവുന്ന ഒരിന്നിംഗ്സ് മറ്റാര് മറന്നാലും ഗാംഗുലി മറക്കാന്‍ സാധ്യതയില്ല. 2006 മാര്‍ച്ച് ഗാംഗുലിയുടെ ആരാധകരുടെ മനസ്സിലെ കറുത്ത അദ്ധ്യായമാണ്‌. കോച്ച് ഗ്രെഗ് ചാപ്പലുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും മോശം ഫോമും കാരണം സൌരവ് ടെസ്റ്റ്‌ ടീമില്‍ നിന്നും പുറത്താകുന്നു. Lesser mortals would have given up, then and there. But not Ganguly. ആഭ്യന്തര ക്രിക്കറ്റ് കളിച്ചു ഫോം തെളിയിച്ചാല്‍ പരിഗണിക്കാമെന്ന സെലക്ടര്‍മാരുടെ വാക്കുകള്‍ക്ക് രഞ്ജിയില്‍ ബംഗാളിന്‍റെ അടുത്ത രണ്ടു മത്സരങ്ങള്‍ കളിക്കാതെ മറുപടി കൊടുക്കാന്‍ വേറെയാര്‍ക്ക് സാധിക്കും? അയാള്‍ കളിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്ന അന്നത്തെ ബി.സി.സി.ഐ സെക്രട്ടറി നിരഞ്ജന്‍ ഷായുടെ മനോഹരമായ ചോദ്യം ഒരു വെല്ലുവിളിയായി തോന്നിയതോടെ സൌരവ് തിരിച്ചെത്താന്‍ തീരുമാനിച്ചു. തന്നില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്ന വിശ്വാസം, തന്നില്‍ അടിച്ചേല്‍പിക്കപ്പെടുന്ന വിധി അംഗീകരിക്കാന്‍ തയ്യാറാകാത്ത അയാളുടെ ധാര്‍ഷ്ട്യം ഇത് രണ്ടുമാണ് ഒരു തിരിച്ചു വരവിനു വേണ്ടി ശ്രമിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. കടുത്ത പരിശീലനം, സാങ്കേതികമായ അഡ്ജസ്റ്റ് മെന്റുകള്‍. ഒരു ഭാഗത്ത് ഇന്ത്യന്‍ ടീം സൌത്ത് ആഫ്രിക്കയിലാണ്. അവര്‍ നിലവാരമുള്ള പേസ് ബൌളിംഗിനെതിരെ ജീവനുള്ള ട്രാക്കുകളില്‍ കുഴങ്ങുന്ന കാഴ്ച. ഇന്ത്യന്‍ ടീം അത് വരെ ഗാംഗുലിയില്ലാതെ 41 ഏകദിനങ്ങളും 7 ടെസ്റ്റുകളും പൂര്‍ത്തിയാക്കിയിരുന്നു. അയാള്‍ക്ക് പകരം മധ്യനിരയില്‍ ഡ്രാഫ്റ്റ് ചെയ്യപ്പെട്ടവര്‍ കുഴങ്ങുകയും കൂടെ ചെയ്തതോടെ ദാദയുടെ തിരിച്ചു വരവിനുള്ള കളമൊരുങ്ങുകയായിരുന്നു. വൈ സൌരവ് ഗാംഗുലി? എന്ന ചോദ്യം ഉയര്‍ന്നതിന് ആധാരമായ കാര്യം അതുവരെ തിരിച്ചുവരവിന് ഉതകുന്ന കിടിലന്‍ പ്രകടനങ്ങള്‍ ഒന്നും തന്നെ അയാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയിരുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ ഒരു കൂട്ടം യുവതാരങ്ങളെ വകഞ്ഞു മാറ്റിക്കൊണ്ട്, പലരുടെയും നെറ്റി ചുളിപ്പിച്ച ഒരു തീരുമാനത്തിന്‍റെ പരിണിത ഫലമായി അങ്ങനെ, അഗെയിനിസ്റ്റ് ഓള്‍ ഓഡ്സ് എന്നത് എടുത്തു പറയണം, തന്‍റെ കരിയറിലെ ഏറ്റവും പ്രധാനമായ ഒരു മത്സരത്തിനു ഇറങ്ങുകയാണ് സൌരവ്. സൌത്ത് ആഫ്രിക്കയിലെ വേഗമാര്‍ന്ന ട്രാക്കുകളില്‍ ഡെയില്‍ സ്റ്റെയിനെയും കൂട്ടരെയും നേരിടാന്‍ പോന്ന സാങ്കേതിക മികവ് അയാള്‍ക്കുണ്ടോ എന്ന ചോദ്യത്തിന് സെലക്ടര്‍മാര്‍ക്ക് ക്ര്യത്യമായ മറുപടി ഒന്നുമില്ല. പെട്ടെന്നൊരു ദിവസം സൌരവ് സൌത്ത് ആഫ്രിക്കയിലേക്കുള്ള ഫ്ലൈറ്റിലാണ് .

റസ്റ്റ്‌ ഓഫ് സൌത്ത് ആഫ്രിക്കക്കെതിരെ ഒരു പരിശീലന മത്സരത്തില്‍ ഒരു വേഗതയുള്ള ട്രാക്കില്‍ മോര്‍നെ മോര്‍ക്കലും നാന്റെ ഹെവാര്‍ഡും അലോണ്‍സോ തോമസും അടങ്ങിയ ഒരു ബൌളിംഗ് നിരക്കെതിരെ മിഡില്‍ സ്റ്റമ്പ് ഗാര്‍ഡുമായി ദാദ അവതരിക്കുകയാണ്. ഇന്ത്യന്‍ ടീം മാനേജ്മെന്റിലെയോ ടീമിലെയോ ഒരാള്‍ക്ക് പോലും വിശ്വാസമുണ്ടായിരുന്നു കാണില്ല സൌരവ് ഈയൊരു വേഗതയുള്ള ട്രാക്കില്‍ നിലവാരമുള്ള ഒരു പിടി പേസര്‍മാരെ അതിജീവിക്കുമെന്ന്. അവരുടെ മനസ്സിലെ ഗാംഗുലി പിച്ചില്‍ പുല്ല് കണ്ടാല്‍ തിരിഞ്ഞു നടക്കുന്ന കടുവയായിരുന്നു. അതും പോരാഞ്ഞു നല്ലകാലം പിന്നിട്ടു കഴിഞ്ഞൊരു ബാറ്റ്സ്മാന്‍ എന്ന മുന്‍വിധി കൂടെയുണ്ടാകുമല്ലോ.

സൌരവ് ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്താക്കപ്പെടുന്ന കാലഘട്ടത്തില്‍ പഴയകാല ഇന്ത്യന്‍ കളിക്കാരനായിരുന്ന ഫാറൂഖ് എന്‍ജിനീയര്‍ ഒരഭിമുഖത്തില്‍ പറയുന്നുണ്ട്, കേവലം 5 മിനുട്ടുകള്‍ സൌരവ് എനിക്ക് തരികയാണെങ്കില്‍ അയാളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു കൊടുക്കാമെന്ന്. ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുമ്പോള്‍ കോര്‍ണര്‍ ചെയ്യപ്പെടുന്നു എന്നതിലുപരി സ്ട്രോക്കുകള്‍ കളിക്കുമ്പോള്‍ ഗാംഗുലി തെറ്റായ പൊസിഷനിലാ ണെന്ന കൃത്യമായ നിരീക്ഷണം. ആ 5 മിനുട്ടുകള്‍ ഫാറൂഖിനു ലഭിച്ചോ എന്ന് നമുക്കറിയില്ല. പക്ഷെ ഇവിടെ മോര്‍നെ മോര്‍ക്കലിനും കൂട്ടുകാര്‍ക്കും മുന്നിലേക്ക് എത്തിപ്പെട്ട ഗാംഗുലി മാറിയിരുന്നു. അയാള്‍ എടുത്തിട്ടുള്ള എഫര്‍ട്ടുകള്‍ ആദ്യ പന്ത് നേരിടുമ്പോള്‍ തന്നെ വ്യക്തമായിരുന്നു. മിഡില്‍ സ്റ്റമ്പ് ഗാര്‍ഡ് എടുത്ത് ബാക്ക് ലിഫ്റ്റ് കുറച്ച് അപ് റൈറ്റ് സ്റ്റാന്‍സില്‍ പന്തിനെ ക്ലോസ് ആയി വാച്ച് ചെയ്തതിനു ശേഷം സ്ട്രോക്കുകള്‍ കളിക്കുന്ന ഒരു സൌരവ് ഗാംഗുലി. പ്രത്യേകം ശ്രദ്ധിക്കേണ്ടത് അയാളുടെ കണ്ണുകളിലെ ശാന്തതയായിരുന്നു. ഒരു Serene calmness...

ഹെവാര്‍ഡിനെതിരെ ഒരു തകര്‍പ്പന്‍ സ്ക്വയര്‍ ഡ്രൈവ്, പന്ത് ബൌണ്ടറി കടക്കുന്നു. ഹെവാര്‍ഡിന്‍റെ മറുപടി ഒരു അതിവേഗ ലിഫ്റ്റര്‍ ആയിരുന്നു. ആ ഇന്നിംഗ്സിലെ അയാളുടെ ഒരേയൊരു പിഴവ്, പന്തില്‍ നിന്നും കണ്ണെടുത്തതോടെ പന്ത് ഹെല്‍മറ്റിലിടിച്ചതിനെ തുടര്‍ന്ന് ഗാംഗുലി പതര്‍ച്ചയോടെ സ്ക്വയര്‍ ലെഗിന്റെ ദിശയിലേക്ക് നീങ്ങിയപ്പോള്‍ അയാളുടെ ആത്മവിശ്വാസത്തിനു ക്ഷതം സംഭവിച്ചിരിക്കും എന്ന് തന്നെ കണ്ടിരുന്നവര്‍ കരുതി. രണ്ടേ രണ്ടു മിനുട്ടുകള്‍ക്ക് ശേഷം സൌരവ് ക്രീസിലേക്ക് മടങ്ങിയെത്തി. റിട്ടയേഡ് ഹര്‍ട്ട്‌ എന്ന സൌകര്യപൂര്‍വ്വമായ ഓപ്ഷന്‍ അയാളുടെ മുന്നില്‍ ഉണ്ടായിരുന്നു. മുന്‍പൊരിക്കല്‍ ആയിരുന്നെങ്കില്‍ അയാളത് പരിഗണിച്ചേനെ എന്ന് തോന്നുന്നു. ഇപ്പോഴത്തെ സൌരവിന് ഈയൊരു ഇന്നിംഗ്സ് കളിച്ചേ മതിയാകുമായിരുന്നുള്ളൂ. ഹെവാര്‍ഡ് അടുത്ത ഓവര്‍ എറിയാന്‍ മടങ്ങി വരുകയാണ്. പോയന്റിലൂടെയും കവറിലൂടെയും തുടര്‍ച്ചയായി സൌരവിന്റെ ക്ലാസ് സ്റ്റാമ്പ് ചെയ്തു വച്ച രണ്ടു ബൌണ്ടറികള്‍. അതൊരു അഗ്രസ്സീവ് ബാറ്റ്സ്മാന്റെ ടിപ്പിക്കല്‍ മറുപടി ആയിരുന്നെയില്ല. സൌരവ് ഗാംഗുലി എന്ന ഏകദിന ബാറ്റിംഗ് ഇതിഹാസം അത്തരമൊരു മറുപടി അയാളുടെ സുവര്‍ണ കാലത്ത് പലതവണ നല്‍കിയിട്ടുണ്ട്. പക്ഷെ ഇന്ന് ക്രീസിലുള്ള മനുഷ്യന്‍ ഒരു ടെസ്റ്റ്‌ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ തന്‍റെ ട്രാന്സ്ഫോര്‍മേഷന്‍റെ തെളിവുകളായിട്ടാണ് ആ ബൌണ്ടറികള്‍ സമര്‍പ്പിച്ചത്. സൌരവ് ഗാംഗുലി സൌത്ത് ആഫ്രിക്കയിലേക്ക് വന്നത് ഭയപ്പെടാനൊ ഡോമിനേറ്റ് ചെയ്യപ്പെടാനോ ആയിരുന്നില്ല. അയാള്‍ക്കിവിടെ ചിലതൊക്കെ തെളിയിക്കാനുണ്ടായിരുന്നു. പ്രതീക്ഷിച്ചതു പോലെ ഷോര്‍ട്ട് പിച്ച് പന്തുകളുടെയും ബൌണ്‍സറുകളുടെയും ഒരു ബാരെജ് ആയിരുന്നു പിന്നെ വന്നത്. പിഴവ് ആവര്‍ത്തിക്കാതെ അവയെ ഒഴിവാക്കി വിട്ട സൌരവ് ബൌളര്‍മാര്‍ പന്ത് ഓവര്‍ പിച്ച് ചെയ്ത നിമിഷം ഓര്‍മകളെ വര്‍ഷങ്ങള്‍ പുറകിലേക്ക് പിടിച്ചു നടത്തിയ ദൈവത്തിന്‍റെ കയ്യൊപ്പുള്ള മനോഹരമായ ഡ്രൈവുകളിലൂടെ, ജാക്വസ് റുഡോള്‍ഫ് അയാളെ തളക്കാന്‍ വേണ്ടി ഒരുക്കിയ 7-2 ഓഫ് സൈഡ് ഫീല്‍ഡിനെ കീറി മുറിച്ചു. കുറ്റങ്ങളും കുറവുകളും സാങ്കേതികമായ അപര്യാപ്തതകളും അക്കമിട്ടു നിരത്തി ഒരു കൊല്ലം മുന്നേ അയാളുടെ ബാറ്റിംഗ് ശൈലിയെ കീറി മുറിച്ച പണ്ഡിതന്മാര്‍ സ്തബ്ധരായിരുന്നു. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സൌരവ് സീന്‍ വിടുമ്പോള്‍ അത്തരമൊരു പരിതാപകരമായ അവസ്ഥയില്‍ തന്നെയായിരുന്നു. റസ്റ്റ്‌ ഈസ്‌ ഹിസ്റ്ററി. സൌരവ് ഗാംഗുലി ഒരു സ്വപ്നത്തില്‍ എന്നോണം കിടയറ്റ ഇന്നിംഗ്സുകള്‍ കളിച്ചു കൊണ്ടിരുന്നു. ആരാധകര്‍ അവരൊരിക്കലും ഉണരാന്‍ താല്‍പര്യപ്പെടാതിരുന്ന ആ സ്വപ്നം കണ്‍കുളിര്‍ക്കെ ആസ്വദിച്ചു കൊണ്ടുമിരുന്നു.

2012, കൊല്‍ക്കത്ത. ഈഡനില്‍ പൂനെക്ക് വേണ്ടി കൊല്‍ക്കത്തക്കെതിരെ കളിക്കാനിറങ്ങിയ ദാദ കൊല്‍ക്കത്തയുടെ ലോയല്‍റ്റിയെ വെല്ലുവിളിച്ച കാഴ്ച മറക്കാനാകില്ല. സൌരവ് വിരമിക്കേണ്ട സമയം കഴിഞ്ഞെന്നും ട്വെന്റി-ട്വെന്റി അയാള്‍ക്ക് പറ്റിയ കളിയല്ലെന്നും അഭിപ്രായമുണ്ടായിരുന്ന ഒട്ടേറെ കൊല്‍ക്കത്തക്കാര്‍. അവര്‍ക്ക് പോലും എതിര്‍ക്കാന്‍ കഴിയാതിരുന്ന ഒരേയൊരു വികാരം. കൊല്‍ക്കത്തയുടെ സ്വന്തം ടീമിനെ സ്നേഹിക്കുംപോഴും അവര്‍ക്കെതിരെ പട നയിക്കാന്‍ ഇറങ്ങിയ മനുഷ്യനെ മനസ്സില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയാതെ കുഴങ്ങിയ ഈഡനിലെ ജനത. അവര്‍ക്കറിയാമായിരുന്നു അവരുടെ പ്രിയപ്പെട്ട ദാദക്ക് തന്‍റെ മാന്ത്രിക സ്പര്‍ശം നഷ്ടമായി കഴിഞ്ഞെന്ന്, അവര്‍ക്കറിയാമായിരുന്നു സൌരവ് ഇപ്പോള്‍ ഓഫ് സൈഡിലെ ദൈവമല്ലെന്ന്. ഡേവിഡ് ഗവറിനു ശേഷം ഇടതു കയ്യന്‍ ബാറ്റ്സ്മാന്‍റെ അനായാസതയും സൗന്ദര്യവും മുഴുവന്‍ ചാലിച്ചെടുത്ത സ്ട്രോക്കുകള്‍ ലോകത്തിനു മുന്നില്‍ കാഴ്ച വച്ച മനുഷ്യന്‍ ക്രീസിലേക്ക് നടന്നടുക്കുമ്പോള്‍ അവര്‍ക്ക് അമിത പ്രതീക്ഷകള്‍ ഇല്ലായിരുന്നു. പ്രതീക്ഷിച്ചത് പോലെ ആ ഇന്നിംഗ്സും സ്ക്രാച്ചി ആയിരുന്നു. എഡ്ജുകളും ഡോട്ട് ബോളുകളും എല്ലാം നിറഞ്ഞ ഭംഗിയില്ലാത്ത ഒരിന്നിംഗ്സ്. ഒരു കാലത്ത് മികച്ച ടൈമിംഗ് കൊണ്ടനുഗ്രഹിക്കപ്പെട്ടിരുന്ന ആ ക്ലാസ് പ്ലെയര്‍ ക്രീസില്‍ കഷ്ടപ്പെടുന്ന കാഴ്ച ദുഖകരമായിരുന്നു. ഇടക്കെപ്പോഴോ ഗാംഗുലി ഉണര്‍ന്നു. ജാക്ക് കല്ലിസിനെ ഒരു പന്തില്‍ മിഡ് ഓഫിനു മുകളിലൂടെ ഉയര്‍ത്തി വിട്ട സൌരവ് അടുത്ത പന്തില്‍ അപ്പര്‍കട്ടിലൂടെ ബൌണ്ടറിയും നേടി. അടുത്ത പന്ത് ഒരു ബൌണ്‍സര്‍ ആയിരുന്നു, പുറകെ കല്ലിസിന്റെ അധിക്ഷേപ വാക്കുകളും. ജാക്ക് കല്ലിസ് എത്ര മഹാനായ ക്രിക്കറ്ററും ആയിക്കോട്ടെ, കളിക്കുന്നത് കല്‍ക്കത്തയുടെ സ്വന്തം ടീമിന് വേണ്ടിയും ആയിക്കോട്ടെ, പക്ഷെ ഈഡന്‍ ഗാര്‍ഡന്‍സില്‍ അന്ന് സൌരവ് ഗാംഗുലിക്ക് നേരെ സ്ലെഡ്ജ് ചെയ്ത നിമിഷം 70000 ത്തോളം വരുന്ന കാണികള്‍ പൊട്ടിത്തെറിച്ചു. കൂവലോടെ ജാക്ക് കല്ലിസിനെ നേരിട്ടത് അവരായിരുന്നു, കൊല്‍ക്കത്തയുടെ രാജകുമാരന് വേണ്ടി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഫാന്‍സാണുള്ളതെങ്കില്‍ ഈ മനുഷ്യന് ഫോളോവേഴ്സ് ആണുള്ളത്‌ എന്ന് പലപ്പോഴും തോന്നിയിട്ടുള്ളത് സത്യമായിരുന്നു.

And then, ganguly is walking towards his pune dug out. ഗ്രൗണ്ടില്‍ ഒരു ബംഗാളി ദേശഭക്തി ഗാനം മുഴങ്ങുന്നുണ്ട്. Jodi Tor Dak Shune Keu Na Ase Tobe Ekla Cholo Re ("If no one responds to your call, then go your own way alone"). അയാളുടെ നല്ല കാലത്ത് അയാളെ കണ്ടിരുന്ന ഒരു തലമുറയിലെ പലരും സ്റ്റേഡിയത്തിലും ടെലിവിഷനു മുന്നിലും കരച്ചിലിന്റെ വക്കത്താണെന്നു പറഞ്ഞാല്‍ അതൊരിക്കലും അതിശയോക്തിയൊന്നുമല്ല. അതവസാനത്തെ കാഴ്ചയാണെന്ന തിരിച്ചറിവ് നല്‍കിയ വേദനയറിഞ്ഞു കൊണ്ട് തന്നെ സൌരവ് പൂനെ ഡഗ് ഔട്ടിനു അടുത്തെത്തിയപ്പോള്‍ എഴുപതിനായിരത്തോളം വരുന്ന കാണികള്‍ സ്റ്റാന്‍ഡിംഗ് ഒവേഷന്‍ നല്‍കിയയാളെ ആദരിച്ചു. നിറഞ്ഞ മനസ്സോടെ പതിയെ ബാറ്റ് ഒന്നുയര്‍ത്തി സൌരവ് ഗാംഗുലി മാഞ്ഞു പോയി, ഓര്‍മകളിലേക്ക്. അസ്തമനം ഒരു യാഥാര്‍ത്ഥ്യമാണ്. ഏതൊരു നല്ല കാര്യത്തിനും ഒരവസാനമുണ്ടായെ തീരൂ. അഭിമാനിക്കാവുന്ന ഒട്ടേറെ നിമിഷങ്ങള്‍ തന്റെ ടീമിനും ആരാധകര്‍ക്കും സമ്മാനിച്ച തന്‍റെ കരിയറിലേക്ക് ഇന്നയാള്‍ക്ക് അഭിമാനത്തോടെ മാത്രം തിരിഞ്ഞു നോക്കാം. ഒരു കോണ്‍സ്പിറെറ്റര്‍ എന്ന് ചിലരൊക്കെ സൌരവിനെ വിളിക്കുന്നത് കേട്ടിട്ടുണ്ട്. കരിയറിലെ അയാളുടെ പല നീക്കങ്ങളും അത്തരമൊരു നിഗമനത്തില്‍ ചിലരെയെങ്കിലും കൊണ്ടെത്തിച്ചിരുന്നു. എങ്കിലും അയാള്‍ ഒരുക്കിയെടുത്ത അടിത്തറയുടെ മുകളിലാണ് പിന്നീട് സിംഹാസനങ്ങള്‍ ഒരുപാട് നിരന്നത് എന്ന കാരണം കൊണ്ട് തന്നെ നമുക്കത് മറക്കേണ്ടി വരും. നിങ്ങള്‍ക്കയാളെ ജഡ്ജ് ചെയ്യാം, അയാളെ വെറുക്കാം, പക്ഷേ അയാളെ അവഗണിച്ചു കൊണ്ട് കടന്നു പോകാനാകില്ല. നിങ്ങളുടെ പെര്‍സ്പെക്ടീവ്, അതെന്തു തന്നെയായാലും അയാളെ അലോസരപ്പെടുത്താനും പോകുന്നില്ല. Here is a man to whom, Indian cricket owes a little more than a lot...

Read More >>