ദളിത് ഹർത്താൽ ' എന്ന പ്രതിഷേധ ശബ്ദം കേരളത്തിന്റെ പൊതുമണ്ഡലത്തിലെ ഏതെല്ലാം അടരുകളെയാണ് ചൊടിപ്പിക്കുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യുന്നത്?

“ഏതൊരു ചെറുകിട ഹർത്താൽ ആഹ്വാനത്തെപ്പോലും ഏറ്റെടുത്ത് കടയടച്ചാഘോഷിക്കുന്ന വ്യാപാരി വ്യവസായികളും ബസ് ഉടമകളും ഹർത്താലിനോടു സഹകരിക്കുന്നില്ല എന്നു പറഞ്ഞ് കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് വ്യാപാര വ്യവസായ മേഖലയിലെ ദളിതുകളുടെ പങ്കാളിത്തത്തിലെ ശുഷ്കാവസ്ഥയെ കാണിച്ചു തരുന്നുണ്ട്”- സാംകുട്ടി പട്ടങ്കരി എഴുതുന്നു

ദളിത് ഹർത്താൽ  എന്ന പ്രതിഷേധ ശബ്ദം കേരളത്തിന്റെ പൊതുമണ്ഡലത്തിലെ ഏതെല്ലാം അടരുകളെയാണ് ചൊടിപ്പിക്കുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യുന്നത്?

പട്ടികജാതി/വർഗ്ഗങ്ങൾക്കെതിരായ ആക്രമണങ്ങളെ തടയാനുള്ള നിയമത്തെ ദുർബ്ബലപ്പെടുത്തുന്ന തരത്തിലുള്ള സുപ്രീം കോടതിയുടെ ഇടപെടലിൽ പ്രതിഷേധിച്ചു കൊണ്ടു നടന്ന ഭാരത ബന്ദിനു നേരേ വടക്കേ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ സംഭവിച്ച കുപ്രസിദ്ധമായ കടന്നാക്രമണങ്ങളുടെ നിജസ്ഥിതി പരിശോധിച്ചാൽ, തിളങ്ങുന്ന വർത്തമാനകാല ഇന്ത്യയുടെ സാമൂഹിക നീതിയെക്കുറിച്ചുള്ള വിശ്വാസങ്ങൾ എത്രമാത്രം ഗുരുതരമായിരിക്കുന്നു എന്നു ബോധ്യപ്പെടും. ദളിതുകളെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതി വിധി ആയാലും പോലീസ് നായാട്ടായാലും സിവിൽ സമൂഹത്തിന്റെ നിയമം കയ്യാളലായാലും അതീവ ഗൗരവമുള്ള സംഗതി തന്നെയാണ്.

ഇന്നലെയും സാമൂഹ്യനീതിയെന്ന അവകാശത്തിനു വേണ്ടി ഒരു രക്തസാക്ഷിയെ സമ്മാനിക്കേണ്ടി വരുന്ന രീതിയിൽ സങ്കീർണ്ണമാണ് ഇന്ത്യയിലെ വർണ്ണബന്ധിതമണ്ണ്. ദളിതുകളുടെ വ്യവഹാരങ്ങളിൽ ഇടപെടുന്ന ഘട്ടങ്ങളിൽ, നീതിന്യായ വ്യവസ്ഥ പോലും സംശയം ഉന്നയിക്കുന്നത്, വിധികർത്താക്കൾ പോലും ജാതി മതങ്ങളിൽ നിന്നു മുക്തരല്ല എന്ന വസ്തുതയെ ഈ ചർച്ചക്കു മുന്നിൽ വയ്ക്കുന്നു. ദളിതുകളുടെ സത്യാവസ്ഥ തെളിയിക്കാൻ എത്രയേറെ തെളിവുകൾ ഉണ്ടെങ്കിലും ശരി, ദളിതുകളെ സംശയിക്കാനുള്ള അവകാശം കോടതികൾ വരെ കൊണ്ടു നടക്കുന്ന ഒന്നാണ്. അതുകൊണ്ട് 'നിങ്ങളെന്തിനാണ് മക്കൾക്ക് ഈ പേരിട്ടത് ' എന്നു തുടങ്ങിയ വഷളത്തരങ്ങൾ പോലും നീതിന്യായ വ്യവസ്ഥയിൽ നിന്നു കേൾക്കുവാൻ ദളിതുകൾ നിർബന്ധിക്കപ്പെടാറുണ്ട്. ഇത്തരമൊരു വർത്തമാന സാഹചര്യത്തിലാണ് ഈ ഹർത്താൽ ഉയർത്തുന്ന നീതി വ്യവഹാരം ഉയർന്നു നിൽക്കുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം തിരിച്ചറിയേണ്ട ഒരു സംഗതി, ഏതു സന്ദർഭങ്ങളിലും ദളിതുകളുടേതായ പ്രതിഷേധങ്ങൾക്കു മുന്നിൽ മുന്നണി വ്യത്യാസമില്ലാതെ സവർണ്ണത അഥവാ പ്രബല രാഷ്ട്രീയ സംഘടനകൾ ഏകീകരിക്കപ്പെടുന്നു എന്നുള്ളതാണ്. ഇക്കാര്യത്തിൽ ജനാധിപത്യത്തിന്റെ ഏതതിരുകളും ലംഘിക്കപ്പെടുന്നു. ദളിതുകൾക്കു നേരേയുണ്ടാകുന്ന അക്രമണ നീക്കങ്ങളിലും ലോക്കപ്പ് മർദ്ദന/മരണങ്ങളിലും എല്ലാം തന്നെ കേരളവും ഇതര സംസ്ഥാനങ്ങളോട് മത്സരിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. ഇതിനിടയിൽ ആണ്, 'ദളിത് ഹർത്താലിനിടയിലേക്ക് തീവ്രവാദികൾ നുഴഞ്ഞു കയറുന്നു' എന്ന് ഹിന്ദുരാഷ്ട്രീയ വിശ്വാസികളും അവരോടൊപ്പം കുറച്ചേറെ മാർക്സിയൻ വിശ്വാസികളും പ്രചരണവുമായി രംഗത്തെത്തുന്നത്. കുറച്ചു കാലങ്ങൾക്ക് മുൻപ് ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് ദളിത് ആദിവാസികൾ നടത്തിയ രാത്രി സമരത്തിന്റെ സന്ദർഭത്തെ, യാതൊരു രാഷ്ട്രീയ മാന്യതയും പാലിക്കാതെ, അവിഹിതത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നുവെന്ന് ദുഷ്ട ആരോപണം നടത്തി, ചാണകവെള്ളവും ചൂലുമായി സെക്രട്ടറിയറ്റ് നട ശുദ്ധീകരിച്ച പുരോഗമന മഹിളകളുള്ള കേരളത്തിൽ ഇത്തരം ഉപജാപങ്ങൾ മർദ്ദന ഉപകരണങ്ങളായി മാറുന്നത് സ്വാഭാവികമാണ്.

എല്ലാവർക്കും ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നതു പോലെ, ഇന്റലിജൻസ് റിപ്പോർട്ട് തുടങ്ങിയുള്ള കപടഅജണ്ടകൾ എപ്പോഴും പ്രവർത്തനക്ഷമമാകുന്നത് അസമത്വം നിറഞ്ഞ ഒരു അധികാര വ്യവസ്ഥയ്ക്കുള്ളിലാണ്. അവിടെ ആരെ വേണമെങ്കിലും ഒരു 'മാവോവാദി' ആക്കുവാനോ 'തീവ്രവാദി' ആക്കുവാനോ അധികാരം കയ്യാളുന്ന വ്യവസ്ഥയ്ക്കു കഴിയും. മാവോവാദിക്കോ തീവ്രവാദിക്കോ പ്രത്യേകിച്ച് ഒരു വ്യക്തമായ നിർവ്വചനവും ഇല്ല എന്നതാണതിന്റെ ഏറ്റവും വലിയ അസംബന്ധം. വടക്കേ ഇന്ത്യയിലെന്ന പോലെ തികച്ചും അയുക്തികമായി എന്നു പറയാവുന്ന വിധം, മാവോവാദികൾ എന്ന ബാനറിൽ കേരളത്തിലും പോലീസിന്റെ നേതൃത്വത്തിൽ നിഗൂഢമായ കൊലപാതകം അരങ്ങേറിയിട്ടുണ്ടെന്നുള്ളത് നിസ്സാരമായ അപകടസൂചന അല്ല എന്നു എപ്പോഴാണ് തിരിച്ചറിയുന്നത്.

ദളിതുകൾക്കും ആദിവാസികൾക്കും നേരേ ദയാരഹിതമായി പ്രയോഗിക്കപ്പെടുന്ന ഇത്തരം ആയുധങ്ങൾ, ദേശീയമായി വളർന്നു വരുന്ന ഏതൊരു ഫാസിസ്റ്റ് ഭരണകൂട ശക്തിക്കും വേണ്ടിവന്നാൽ കേരളമുൾപ്പെടെയുള്ള ഏതൊരു പ്രദേശത്തും സംഘടനയ്ക്കും നേരേ പ്രയോഗിക്കാൻ കഴിയുന്നവയാണ്. അതൊരു ഡമോക്ലസ്സിന്റെ വാളായി തലയ്ക്കു മുകളിൽ തൂങ്ങി ആടുന്നു എന്നത് ഇപ്പോൾ എല്ലാവരും സൗകര്യപൂർവ്വം മറക്കുകയാണ്. നാളെകളിൽ ആർക്കു നേരേയും പടർന്നു കയറാവുന്ന ഈ ദുരന്തത്തെ നേരിടാനുള്ള ധാർമ്മികതയെയാണ് ദുരൂഹ ആക്രമണ കൊലപാതകങ്ങളുടെ ന്യായീകരിക്കലിലൂടെ പ്രബുദ്ധ കേരളവും കളഞ്ഞു കുളിച്ചിരിക്കുന്നത്. ദളിത് ഹർത്താലിനോട് പുച്ഛം പ്രദർശിപ്പിക്കുമ്പോഴും തത്തുല്യമായ ദുരന്തമാണ് കേരളീയ സമൂഹം ചേർത്തു പിടിക്കപ്പെടുന്നത്.

ഏതൊരു ചെറുകിട ഹർത്താൽ ആഹ്വാനത്തെപ്പോലും ഏറ്റെടുത്ത് കടയടച്ചാ ഘോഷിക്കുന്ന വ്യാപാരി വ്യവസായികളും ബസ് ഉടമകളും ഹർത്താലിനോടു സഹകരിക്കുന്നില്ല എന്നു പറഞ്ഞ് കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് വ്യാപാര വ്യവസായ മേഖലയിലെ ദളിതുകളുടെ പങ്കാളിത്തത്തിലെ ശുഷ്കാവസ്ഥയെ കാണിച്ചു തരുന്നുണ്ട്. കേരളത്തിലെ പ്രബലവും ചലനക്ഷമവുമായ വിപണി മൂലധനമാണല്ലോ മേൽപ്പറഞ്ഞവ. അതുകൊണ്ടു തന്നെ പ്രകടമായ ഈ പുശ്ചം സ്വയം തീരുമാനമെടുക്കാനാർജ്ജിക്കുന്ന കരുത്തിനോടുള്ള പ്രതിരോധ രൂപീകരണം തന്നെയാണ്. ഇന്നേവരെ നടന്നു വന്നിട്ടുള്ള ഹർത്താലാഘോഷങ്ങളിൽ പോലും ഈ വ്യാപാരി വ്യവസായികളോ ബസ്സ് ഉടമകളോ ഈ രീതിയിൽ പ്രതികരിച്ചു കണ്ടിട്ടില്ല. കച്ചവട അധികാരങ്ങൾക്കു പുറത്തു നിറുത്തപ്പെടുന്ന വിഭാഗങ്ങളുടെ തിരിച്ചറിവിന്റേതായ ചെറിയൊരു ഭാവനയെപ്പോലും സഹിക്കാനാകാത്ത കച്ചവട പൊതുബോധത്തിന്റെ ഹിംസാത്മകത അടിയന്തിരമായി തിരുത്തപ്പെടേണ്ടതു തന്നെയാണ്.

ഏതായാലും സൂക്ഷ്മമായി പരിശോധിച്ചാൽ, ദളിത് ഹർത്താൽ പുതിയ ഒരു രാഷ്ട്രീയ ലക്ഷ്യത്തെ ഉയർത്തിപ്പിടിക്കുന്നുണ്ട്. പ്രധാനമായും അത് പരമ്പരാഗതമായ സംരക്ഷക വിഭാഗത്തെ റദ്ദുചെയ്യുന്നു. തങ്ങളുടെ ഉദ്ധാരകരെന്നു സ്വയം ഘോഷിച്ചവരുടെ കപടകർതൃത്വങ്ങൾക്കു നേരേ ഉഗ്രവും അർത്ഥഗർഭവും മുനയുള്ളതുമായ മൗനങ്ങളെ ഞാണിൽ തിരുകുന്നു. കേരളത്തിന്റെ രാഷ്ട്രീയ സമൂഹത്തിലെ സ്ഥിരം പ്രായോജകർ ഭയപ്പെടുന്നതും യഥാർത്ഥത്തിൽ ഈ മൗനത്തെത്തന്നെയാണ്.

Read More >>