നായന്മാരുടെ ആകുലത ചോവന്മാര്‍ തങ്ങള്‍ക്കൊപ്പമാകുമോ എന്നാണ്: എസ്. ഹരീഷ്

ഇവര്‍ ആര്‍ക്കെതിരെ എന്തിനാണ് സമരം ചെയ്യുന്നത്? സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാമെന്ന് വിധിച്ചത് സുപ്രീം കോടതിയാണ്.അതിന് പിണറായി വിജയന്റെ തന്തയ്ക്ക് വിളിച്ചിട്ട് എന്തുകാര്യം?- മീശ നോവൽ രചിയതാവ് എസ്. ഹരീഷ് എഴുതുന്നു

നായന്മാരുടെ ആകുലത ചോവന്മാര്‍ തങ്ങള്‍ക്കൊപ്പമാകുമോ എന്നാണ്: എസ്. ഹരീഷ്

എസ്. ഹരീഷ്

ഴിഞ്ഞ ദിവസം ഒരു ശബരിമല സംരക്ഷണയാത്ര കാണുവാനുള്ള ഭാഗ്യമുണ്ടായി. മുന്നില്‍ സെറ്റുടുത്ത കുലസ്ത്രീകള്‍ അവരെ കാണുന്നതിഷ്ടമില്ലാത്ത അയ്യപ്പന്റെ നാമം ജപിച്ചുനീങ്ങുന്നു. അയ്യോ ഞങ്ങള്‍ക്ക് ശുദ്ധിയില്ലേ, ഞങ്ങളെ എങ്ങും അടുപ്പിക്കരുതേ എന്ന നിലവിളി മുഴങ്ങുന്നു. പത്രലേഖകര്‍ ആകാശത്ത് മീന്‍കൊത്തിപ്പരുന്തുകള്‍ വരുന്നുണ്ടോ എന്നു നോക്കുന്നു. ഏറ്റവും പിന്നിലാണ് രസം. അവിടെ കൈയില്‍ അനേകം ചരടുകളുള്ള മദ്ധ്യവയസ്‌ക്കന്മാര്‍ തുള്ളിമറിയുന്നുണ്ട്. പിണറായി വിജയാ താ....എന്നാണ് അവരുടെ മുദ്രാവാക്യം. ഫെമിനിച്ചികളേ കുലടകളേ എന്ന വിളിയുമുണ്ട്. ഭാഗ്യത്തിന് മറ്റൊരിടത്ത് സംഭവിച്ചതുപോലെ തുണിപൊക്കിക്കാട്ടുന്ന വിശ്വാസികളെ കണ്ടില്ല. എല്ലാവരും ധൃതിയിലുമാണ്. കാരണം രാത്രി വീട്ടിലെത്തി മതേതരവാദികളെ തെറിപറയുന്ന വീഡിയോ അവര്‍ക്ക് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യേണ്ടതുണ്ട്.

ഈ കോമാളി സമരത്തിന് കിട്ടുന്ന പിന്തുണയാണ് ശ്രദ്ധിക്കേണ്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താക്കോല്‍സ്ഥാനത്തിനുവേണ്ടി പെരുന്നയില്‍ ഉരുണ്ട നേതാവും മുസ്ലീംലീഗും പള്ളിക്കാരും പട്ടക്കാരും അവര്‍ക്കൊപ്പമുണ്ട്. പോരാത്തതിന് പി സി ജോര്‍ജ്ജും സന്തോഷ് പണ്ഡിറ്റും. ഇടയ്ക്കിടയ്ക്ക് മറ്റുമതക്കാരുടെ ആചാരങ്ങളെ തൊട്ടുകളിക്കുന്നില്ലല്ലോ എന്ന് ഇവര്‍ വിലപിക്കുന്നത് പേടിച്ചായിരിക്കണം ചില പള്ളിക്കമ്മറ്റിക്കാര്‍ സ്വീകരണം പോലും കൊടുക്കുന്നുണ്ട്.

ഇവര്‍ ആര്‍ക്കെതിരെ എന്തിനാണ് സമരം ചെയ്യുന്നത്? സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാമെന്ന് വിധിച്ചത് സുപ്രീം കോടതിയാണ്. അതിന് പിണറായി വിജയന്റെ തന്തയ്ക്ക് വിളിച്ചിട്ട് എന്തുകാര്യം? പെട്ടെന്ന് വിധി നടപ്പിലാക്കുന്നു എന്നാണ് ആരോപണം. അതിന് കുലസ്ത്രീകളെ ആരും വലിച്ച് ശബരിമലയില്‍ കയറ്റുന്നില്ലല്ലോ. സ്ത്രീപ്രവേശനത്തിനായി ഒരുക്കങ്ങള്‍ നടത്തുന്നു എന്നാണെങ്കില്‍, അടുത്ത ഒന്നാംതീയതി ഒരു യുവതി സന്നിധാനത്ത് തൊഴാനെത്തിയാല്‍ പിണറായി വിജയന്‍ എന്താണ് ചെയ്യേണ്ടത്? ആ സ്ത്രീയുടെ കൈയും കാലും തല്ലിയൊടിക്കണോ? അതോ അയ്യപ്പധര്‍മ്മക്കാര്‍ക്ക് കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുക്കണോ?

പിന്നെന്തിനാണ് സമരം? അത് സമരത്തിന്റെ പ്രഭവകേന്ദ്രം അന്വേഷിച്ചാല്‍ മനസ്സിലാകും. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുവിളിച്ചിട്ട് പോകാതെ കൗപീനധാരികളായ തന്ത്രിമാര്‍ എങ്ങോട്ടാണ് പോയത്?സംശയമില്ല, പെരുന്നയ്ക്കു തന്നെ. കേരളത്തിലെ ആസ്ഥാനകോമാളിയെന്ന് വിളിക്കാവുന്ന സുകുമാരന്‍നായരെ അവരും തിരുവാഭരണം സൂക്ഷിക്കുന്ന വീട്ടുകാരും അങ്ങോട്ട് പോയിക്കണ്ടു. അതായത് ജനാധിപത്യ സര്‍ക്കാരിനെക്കാള്‍ അവര്‍ മതിക്കുന്നത് പരപുച്ഛത്തിനും വികടസരസ്വതിക്കും വ്യവഹാരതല്പരതയ്ക്കും പേരുകേട്ട ഒരു ജാതിനേതാവിനെയാണ്. കോമാളികളായി വിലയിരുത്തേണ്ടവരെ ജഗജില്ലികളായി കരുതുന്ന കാലം കൂടിയാണിത്.

ഇവിടെയാണ് ഈ സമരത്തെ ജാതിസമരം ആയി അടയാളപ്പെടുത്തേണ്ടി വരുന്നത്. ആചാരം സംരക്ഷിക്കാനാണെങ്കില്‍ എല്ലാ ആചാരങ്ങള്‍ക്കും വേണ്ടി ഇവര്‍ സമരം ചെയ്യാത്തതെന്ത്? അയ്യപ്പവിഗ്രഹത്തില്‍ പൂജചെയ്യാന്‍ മലയരയന്മാര്‍ക്ക് അവസരം കൊടുക്കേണ്ടേ?മുഹമ്മയിലെ ഈഴവകുടുംബമായ ചീരപ്പന്‍ചിറക്കാര്‍ക്ക് വെടിവഴിപാടിനുള്ള അവകാശം തിരികെ നല്‌കേണ്ടേ?അവരുടെ വിശ്വാസപ്രകാരം ഒരു ഈഴവപ്പെണ്‍കുട്ടിയായ മാളികപ്പുറത്തമ്മയ്ക്ക് പൂജചെയ്യാന്‍ ഈഴവ ശാന്തിമാരെ നിയമിക്കേണ്ടേ?കടുത്തസ്വാമിക്ക് ഭക്തര്‍ കഞ്ചാവ് കൊണ്ടുവരുന്ന ആചാരം പുനസ്ഥാപിക്കേണ്ടേ?

അപ്പോള്‍ ആചാരമല്ല പ്രധാനം, ബ്രാഹ്മണ ആചാരങ്ങളാണ്. ബ്രാഹ്മണമതത്തിന്റെ അടിത്തറ വിലക്കുകളും ശുദ്ധാശുദ്ധ സങ്കല്പവുമാണ്. അതുപയോഗിച്ചാണ് അവര്‍ നാട്ടുദൈവങ്ങളെ മുഴുവന്‍ പൂണൂലിടീച്ചത്. ബ്രാഹ്മണമതത്തിന്റെ സേവകരാണ് ശൂദ്രനായന്മാര്‍.അതുകൊണ്ടാണ് സംവരണത്തിനെതിരേ സുപ്രീംകോടതി കയറിയിറങ്ങുന്ന സുകുമാരന്‍ നായര്‍ ഈ സമരത്തേയുംനയിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമരം അടിസ്ഥാനജനവിഭാഗങ്ങള്‍ക്കെതിരായതും അവര്‍ണ്ണ വിരുദ്ധവുമാണ്.നൂറ് വര്‍ഷം മുന്‍പ് അമ്പലത്തിനടുത്ത്കൂടി പോകാന്‍ പാടില്ലായിരുന്നവരും ഇപ്പോള്‍ ആചാരസംരക്ഷണസമരത്തിലുള്ളതാണ് ഏറ്റവും കൗതുകകരം. ഒരു സവര്‍ണ്ണ സിംഹാസനം അവരും സ്വപ്നം കാണുന്നുണ്ടായിരിക്കണം.

വിമോചനസമരത്തിനു ശേഷം കേരളം കണ്ട ഏറ്റവും പിന്തിരിപ്പന്‍ സമരത്തിന് വഴിയൊരുക്കിയത് ആരാണ്? നമ്മള്‍ തെരഞ്ഞെടുത്ത ഇടതുവലത് രാഷ്ട്രീയക്കാരും നമ്മള്‍ പണം കൊടുത്ത് പുലര്‍ത്തുന്ന മാദ്ധ്യമങ്ങളും തന്നെ. ശ്രദ്ധിച്ചിട്ടില്ലേ, സുകുമാരന്‍ നായര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പോലും അങ്ങോട്ടുപോയി കാണാറില്ല. ഇറച്ചിക്കടയില്‍ പട്ടി നില്ക്കുന്നതുപോലെ അയാളുടെ ദര്‍ശനം കാത്ത് ജനപ്രതിനിധികള്‍ പുറത്ത്‌നില്ക്കുന്നു. വന്ന വഴി മറന്ന് നാരായണപ്പണിക്കരുടെ പേരുപോലും പരാമര്‍ശിക്കാത്ത അയാളുടെ അഹങ്കാരവര്‍ത്തമാനങ്ങള്‍ക്ക് കാതോര്‍ക്കുന്നു. അയാള്‍ക്ക് ഇഷ്ടക്കേടുണ്ടാകുമോന്ന് ഭയന്ന് പത്രക്കാര്‍ മന്നംജയന്തി പൊലിപ്പിക്കുന്നു. സര്‍ക്കാര്‍ അവധി നല്കുന്നു.

ഇതേ മാധ്യമങ്ങളാണ് ജനങ്ങളെ ചൂഷണം ചെയ്ത് ജീവിച്ച ഒരു കുടുംബത്തെ ഇപ്പോഴും രാജകുടുംബമെന്ന് വിശേഷിപ്പിക്കുന്നത്. അവരുടെ വീട്ടുപേര് അടിയന്തിരമായി വല്ല ഷിബുനിവാസ് എന്നോ ശശിഭവന്‍ എന്നോ മാറ്റേണ്ടതാണ്. മന്ത്രി സുധാകരന്‍ പറഞ്ഞതുപോലെ ഏത് രാജാവ് , എവിടുത്തെ രാജാവ്.

ഒരു ജാതി എപ്പോഴും അതിന്റെ തൊട്ടടുത്തുള്ള ജാതിയോടാണ് പൊരുതുന്നത്. നായന്മാരുടെ ആകുലത ചോവന്മാര്‍ തങ്ങള്‍ക്കൊപ്പമാകുമോ എന്നാണ്. ഈഴവര്‍ പുലയരെക്കുറിച്ചും ആകുലപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് സുകുമാരന്‍ നായര്‍ നയിക്കുന്ന ഈ നായര്‍ സമരത്തില്‍ പിണറായി വിജയനെതിരേ തെറി ഉയരുന്നത്. സ്ത്രീപ്രവേശനത്തെ അനുകൂലിച്ച റ്റി ജി മോഹന്‍ദാസിനെതിരേയും ആര്‍ എസ് എസ്സിനെതിരേയും ആരും ഒരക്ഷരം മിണ്ടാത്തത്.

Read More >>