ഗാസയുടെ അതിര്‍ത്തിയില്‍ കുടകുണ്ട്, ബസ് സ്റ്റോപ്പില്‍ പച്ചയ്ക്ക് എഴുതി വെച്ചിട്ടുണ്ട്- 'ഹിന്ദുക്കള്‍ മാത്രം ഇരിക്കുക'

പൊതുഫണ്ടിൽ നിന്നും നിർമിച്ചിട്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 'ഹിന്ദുക്കൾ മാത്രം ഇവിടെ ഇരിക്കുക' എന്ന് എഴുതിയിരിക്കുന്ന ഗ്രാമങ്ങളാണ് ആർഎസ്എസ് നിയന്ത്രണത്തിൽ കുടകിൽ ഉള്ളത്. കാസർഗോട്ടെ ഗാസ സ്ട്രീറ്റിനെപ്പറ്റി വേവലാതിപ്പെടുന്നവർ ഒരിക്കലെങ്കിലും വിളിപ്പാടകലെയുള്ള കർണാടക സംഘപരിവാർ ഗ്രാമങ്ങൾ സന്ദർശിക്കുക - നാരദാ ന്യൂസ് സീനിയർ കറസ്‌പോണ്ടന്റ് ജിബിൻ പി സി എഴുതുന്നു.

ഗാസയുടെ അതിര്‍ത്തിയില്‍ കുടകുണ്ട്, ബസ് സ്റ്റോപ്പില്‍ പച്ചയ്ക്ക് എഴുതി വെച്ചിട്ടുണ്ട്- ഹിന്ദുക്കള്‍ മാത്രം ഇരിക്കുക

കാസർഗോട്ടെ 'ഗാസാ' സ്ട്രീറ്റിനെക്കുറിച്ച് വേവലാതിപ്പെടുന്നവരും ആശങ്കപ്പെടുന്നവരും ലക്ഷ്യമിടുന്നത് കടുത്ത മതവിദ്വേഷ പ്രചരണത്തോടൊപ്പം കേരളം വിരുദ്ധ വിഷപ്രചരണം കൂടിയാണ്. ആർക്കും ഒരു ഭയാശങ്കയും കൂടാതെ വഴിനടക്കാവുന്ന ഒരു റോഡിന്റെ പേരിനെ പർവ്വതീകരിക്കുന്നവർ കാസർഗോടൻ അതിർത്തികളിലേക്ക് കൂടി സഞ്ചരിക്കുക. കുടകിലേക്ക്. മഞ്ഞു പുകയുന്ന പച്ചപ്പട്ടുടുത്ത കുടക് ഏതു സഞ്ചാരിയുടെയും മനം കവരും. കാപ്പിയും കുരുമുളകും വയലുകളും കുടകിന്റെ മാത്രം സവിശേഷതയാണ്. പ്രകൃതിസൗന്ദര്യം തുളുമ്പുന്ന കുടകിൽ സംഘപരിവാർ വർഗീയതയും പുകയുന്നുണ്ട്. മൊത്തം ജനസംഘ്യയുടെ 40% മുസ്ലിംങ്ങളാണ്. തദ്ദേശീയരെക്കൂടാതെ കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരും കുടക് ജനതയുടെ ഭാഗം തന്നെ. ടിപ്പുവിന്റെ അധിനിവേശം അടക്കമുള്ള ചരിത്രത്തിന്റെയും നാടോടിക്കഥകളുടെയും ഇടയിൽ വർഗീയതയുടെ അടിവേരുള്ള കുടകിനെ വിദ്വേഷ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കുകയാണ് ആർഎസ്എസ്. ഇതിന്റെ തുടർച്ചയാണ് കാസർഗോട്ടും ആർഎസ്എസ് നടപ്പാക്കാനൊരുങ്ങുന്നത്.

'ഹിന്ദുക്കൾ മാത്രം ഇവിടെ ഇരിക്കുക'

തലക്കാവേരി വന്യജീവി സങ്കേതത്തോട് ചേർന്നുള്ള 'പട്ടി' ഗ്രാമത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പോകാം. പൊതുഫണ്ടിൽ നിന്നും നിർമിച്ചിട്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 'ഹിന്ദുക്കൾ മാത്രം ഇവിടെ ഇരിക്കുക' എന്ന് എഴുതിയിരിക്കുന്നു. മുസ്ലിംങ്ങൾ തീരെയില്ലാത്ത, സംഘപരിവാർ ശക്തികേന്ദ്രമായ ഒരു മേഖലയിലെ ഇത്തരം ചുവരെഴുത്തുകളെ ഒറ്റപ്പെട്ട ജല്പനങ്ങളായി കാണാൻ കഴിയില്ല. 'പ്രൗഡ് ഇന്ത്യൻ ആർമി'എന്നും ആർഎസ്എസ് എന്നും 'ഹിന്ദു ലാൻഡ് കുടക്' എന്നും ഉള്ള എഴുത്തുകൾ കൂടി ചേർത്ത് വായിക്കുമ്പോഴാണ് ചുവരെഴുത്തിന്റെ രാഷ്ട്രീയം പൂർണമാവുക.

കാഞ്ഞങ്ങാട് ഉൾപ്പെടെ കാസർഗോഡ് ജില്ലയിലെ വലിയൊരു വിഭാഗം ജനങ്ങളും മടിക്കേരി അടക്കമുള്ള കുടക് പട്ടണങ്ങളിലേക്ക് പോകുന്ന വഴിയിലാണ് 'പട്ടി' ഗ്രാമം. തലക്കാവേരി ക്ഷേത്രത്തിലേക്കുള്ളവർ മാത്രമല്ല, ഹിന്ദു ഇതര സമുദായത്തിൽപെട്ടവരും ഇതുവഴി സഞ്ചരിക്കാറുണ്ട്.

Image Title

'മണ്ണിന്റെ മക്കൾ' വാദവും സാമുദായിക സ്പർദ്ധയും

1940കളിൽ കുടകിലേക്ക് മലയാളികളുടെ കുടിയേറ്റം ആരംഭിച്ചു. കണ്ണൂർ തലശേരിയിൽ നിന്നും കോട്ടയം പാലായിൽ നിന്നും വെറും കൈവീശി വന്നവർ മണ്ണ് പൊന്നാക്കി എല്ലുമുറിയെ പണിയെടുത്തു. അങ്ങനെ കഠിനാദ്ധ്വാനം ചെയ്തവർ ഏക്കറുകണക്കിന് ഭൂമി സ്വന്തമാക്കി. തൊഴിലാളികളായിരുന്നവരുടെ പിൻതലമുറ എസ്റ്റേറ്റ് മുതലാളിമാരായി വളർന്നു. കുടിയേറി എത്തിയവരിൽ ഭൂരിപക്ഷവും ന്യൂനപക്ഷ സമുദായക്കാരായിരുന്നു. കുടകിന്റെ സാമ്പത്തിക മേഖലയുടെ 80% നിയന്ത്രിക്കാൻ കഴിയുന്ന തരത്തിൽ കുടിയേറ്റക്കാർ പ്രബലരായി.

Image Title

കുടിയേറിയെത്തിയ മുതലാളിമാരുടെ മതം പറഞ്ഞുകൊണ്ട് തീവ്ര സ്വഭാവമുള്ള സാമുദായിക സംഘടനകൾ തദ്ദേശീയർക്കിടയിൽ ശക്തിപ്പെടാൻ തുടങ്ങി. ജൻ ജാഗ്രിതിയും കൊടവ സംഘടനകളും ആദ്യകാലത്ത് 'മണ്ണിന്റെ മക്കൾ വാദമാണ്' ഉയർത്തിയത് എങ്കിലും തീവ്ര സംഘപരിവാർ രാഷ്ട്രീയത്തിലേക്ക് ചുവടുമാറാൻ അധികകാലം എടുത്തില്ല.

തദ്ദേശീയരും കുടിയേറ്റക്കാരുമായ ജനസംഖ്യയിൽ 40% മുസ്ലിം വിഭാഗത്തിൽ പെട്ടവരാണ്. ഇരുവിഭാഗങ്ങൾക്കിടയിൽ കച്ചവടത്തിലും ഭൂമിയുടെ കാര്യത്തിലും നടക്കുന്ന ചില്ലറ പ്രശ്നങ്ങളെ സാമുദായിക ലഹളയുടെ രൂപത്തിലേക്ക് വളർത്താൻ സംഘപരിവാർ സംഘടനകൾക്ക് കഴിഞ്ഞു. തീവ്രഹിന്ദു സംഘടനകളോട് കിടപിടിക്കുന്ന തരത്തിൽ തീവ്രസ്വഭാവം പ്രകടിപ്പിക്കുന്ന സംഘടനകൾ മുസ്ലിം വിഭാഗങ്ങൾക്കിടയിലും ശക്തിപ്രാപിക്കാൻ തുടങ്ങി.

2001 ഡിസംബറിലെ കറുത്ത ദിനങ്ങൾ

2001 ഡിസംബർ 9 മുതൽ 17 വരെ അരങ്ങേറിയ വർഗീയ കലാപം കുടകിന്റെ മനസ്സിൽ കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. പാലൂർ ഗ്രാമത്തിലെ കാവേരിക്കരയിൽ സ്ഥിതി ചെയ്യുന്ന ഹരിശ്ചന്ദ്ര ക്ഷേത്രം ദൃക്‌സാക്ഷികളില്ലാതെ ആക്രമിക്കപ്പെടുകയും വൃത്തികേടാക്കുകയും ചെയ്തതോടെയാണ് സംഘർഷം തുടങ്ങിയത്. ക്ഷേത്രം ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിനു സമീപം സംഘപരിവാർ സംഘടനയായ 'ഭക്തജനസംഘ' ഒരു യോഗം വിളിച്ചു ചേർത്തു. ആർഎസ്എസ്-ബിജെപി-ബജ്‌രംഗ് ദൾ തുടങ്ങിയ സംഘടനകളിലെ നേതാക്കൾ ആയിരക്കണക്കിന് പേർ പങ്കെടുത്ത യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

Image Title

യോഗശേഷം കത്തിയും വാളുകളും അടക്കമുള്ള മാരകായുധങ്ങളുമായി 2500 പേർ കൊട്ടമുടി എന്ന സമീപഗ്രാമത്തിലേക്ക് മാർച്ച് ചെയ്തു. പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചുകൊണ്ടായിരുന്നു ഈ കലാപം. കൊട്ടമുടി മുസ്ലിം ഭൂരിപക്ഷ ഗ്രാമമായിരുന്നു. അവിടത്തെ വീടുകൾ തല്ലിത്തകർക്കുകയും വ്യാപകമായ അക്രമം അഴിച്ചുവിടുകയും ചെയ്ത് സംഘപരിവാർ കലാപം ആരംഭിച്ചു. കോട്ടമുടിക്ക് സമീപമുള്ള തോട്ടം കൊള്ളയടിച്ചു. 80 ഏക്കർ വലിപ്പമുള്ള തോട്ടത്തിലെ വിളകൾ മുഴുവൻ അക്രമികൾ സ്വന്തമാക്കി. പോലീസ് കടുത്ത രീതിയിൽ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും കോട്ടമുടിയിലെ മുസ്ലിം പള്ളി തകർക്കപ്പെട്ടു. കലാപകാരികൾക്ക് നേരെ കോട്ടമുടിയിൽ നിന്നും കല്ലേറുണ്ടായി. കല്ലേറ് നടത്തിയ മുസ്ലിം യുവാക്കളുടെ സംഘത്തെ പോലീസ് ലാത്തി ചാർജ് ചെയ്ത് പിരിച്ച് വിട്ടു. ഹൈവേയിൽ മരം മറിച്ചിടുകയും വ്യാപകമായി തീവെപ്പുണ്ടാകുകയും ചെയ്‌തു.

പിന്നീട് ഹിന്ദു ജാഗരൺ വേദികെ ബന്ദ് നടത്തുകയും അക്രമം തുടരുകയും ചെയ്‌തു. പിന്നീട് ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തിൽ ഏതാനും മുസ്ലിം യുവാക്കൾ പിടിയിലായി.

ആർഎസ്എസ് അജണ്ട നടപ്പിലാക്കപ്പെടുന്ന കുടക് ഗ്രാമങ്ങൾ

കഴിഞ്ഞ ഏതാനും വർഷങ്ങളായി മറ്റു പേരുകളിൽ നിന്നും മോചിതമായി ആർഎസ്എസ് അതിന്റെ സ്വന്തം പേരിൽ തന്നെയാണ് ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി കോൺഗ്രസ് സർക്കാർ 'ടിപ്പു ജയന്തി' ആഘോഷിക്കുന്നതിനെയും കൃത്യമായ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കാനും ആർഎസ്എസിന് സാധിച്ചു. ടിപ്പുവിന്റെ കുടക് ആക്രമണങ്ങളുടെ നാട്ടുകഥകൾ മനസ്സിലും ടിപ്പുവിനോടുള്ള വിരോധം തലച്ചോറിലും സൂക്ഷിക്കുന്ന പ്രാദേശിക ജാതി സംഘടനകളെ തങ്ങൾക്കൊപ്പം നിർത്താൻ ആർഎസ്എസിന് സാധിച്ചു.

ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം നൽകി ജീവിച്ചുവരുന്ന പരമ്പരാഗത കുടക് ജനതയെ എളുപ്പത്തിൽ ക്ഷേത്ര കേന്ദ്രീകൃത ജീവിത ശൈലിയിലേക്ക് മാറ്റിയും അന്യമതവിരോധം കൃത്യമായി കുത്തിവച്ചും ആർഎസ്എസ് കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ സജീവമാകുകയാണ്.

Image Title

ടിപ്പു ജയന്തിയുടെ ബന്ധപ്പെട്ട നടന്ന ആക്രമണങ്ങളിൽ കേരളത്തിൽ നിന്നുള്ള ആർഎസ്എസ് നേതാക്കൾക്ക് പങ്കുണ്ടെന്നു കർണാടക പോലീസ് കണ്ടെത്തിയിരുന്നു. ഇത്തവണ ടിപ്പു ജയന്തി ദിനത്തിൽ കേരളാ അതിർത്തി അടച്ചുകൊണ്ട് അക്രമം ഇല്ലാതാക്കാൻ പൊലീസിന് സാധിച്ചിരുന്നു. കേരളത്തിലെ വിശേഷാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അക്രമങ്ങൾക്ക് ഈ ഗ്രാമങ്ങൾക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് നമ്മുടെ പൊലീസിന് യാതൊരു അറിവും ഇല്ല.

തെന്നിന്ത്യയിലെ സാമുദായിക പരീക്ഷണങ്ങൾക്ക് കുടക് പശ്ചാത്തലമാവുന്നു എന്നുതന്നെ വേണം കരുതാൻ. സംഘപരിവാറിനെ പ്രതിരോധിക്കാൻ എന്ന വ്യാജേനെ സമാനസ്വഭാവത്തോടെ തീവ്ര മുസ്ലിം സംഘടനകളും രംഗത്തെത്തുന്നതോടെ മഞ്ഞ് പുകയുന്ന ഭൂമിയുടെ ഭാവി ആശങ്കയിലാകുന്നു.


ചിത്രങ്ങൾ: ജിബിൻ പിസി

Read More >>