പുരുഷനെക്കാള്‍ ഉന്മാദത്തോടെ ജീവിതത്തെയും എഴുത്തിനെയും അറിഞ്ഞവളാണ് കമല സുരയ്യ

മാധവിക്കുട്ടിയുടെ എഴുത്തിന്റെ ആന്തരിക ധാരയില്‍ ശരീരവും ലൈംഗികതയും വരച്ചു തീര്‍ക്കുന്ന നിറങ്ങളുടെ രാഷ്ട്രീയം എന്തായാലും കമലിനു മനസിലായിട്ടില്ല. സ്വന്തം പൊതുബോധത്തില്‍ ലൈംഗികത തെറ്റാണെന്ന് അദ്ദേഹം കരുതുന്നുമുണ്ടാവാം. മാത്രവുമല്ല, വിദ്യാ ബാലന്‍ എന്ന അഭിനേത്രി വളരെ ശക്തമായ കഥാപാത്ര ആവിഷ്‌കാര സിദ്ധിയുള്ള സ്ത്രീയാണെന്ന് ഇയാള്‍ക്ക് ഇനിയും മനസിലായില്ല എന്ന് തോന്നുന്നു- രോഷ്നി സ്വപ്ന എഴുതുന്നു

പുരുഷനെക്കാള്‍ ഉന്മാദത്തോടെ ജീവിതത്തെയും എഴുത്തിനെയും അറിഞ്ഞവളാണ് കമല സുരയ്യ


രോഷ്നി സ്വപ്നകമല്‍ എന്ന സംവിധായകന്‍ മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കുറിച്ച് എന്താണ് മനസ്സിലാക്കിവച്ചിരിക്കുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ വല്ലാത്ത സഹതാപം തോന്നുന്നു .തന്റെ പ്രസ്താവനയില്‍ക്കൂടി ഒരേ സമയം എഴുത്തുകാരിയെയും രണ്ടു അഭിനേത്രികളെയും കമല്‍ അധിക്ഷേപിച്ചതായി കണ്ടേ പറ്റു .മാധവിക്കുട്ടി എഴുതിയ ഒരു വരി പോലും തനിക്കു മനസിലായില്ല എന്ന് വെളിപ്പെടുത്തുകയാണ് കമല്‍ ഇപ്പോള്‍ ചെയ്തത് . ആമി എന്ന മാധവിക്കുട്ടി എന്ന സുരയ്യ എന്ന എഴുത്തുകാരിയെ ഏത് അളവ് കോലില്‍ ആണ് കമല്‍ വായിച്ചെടുത്തത് എന്നറിയില്ല . അതിനിഗൂഢമായ ആത്മഭാഷ കൊണ്ടു ആഖ്യാനത്തിന്റെ അതിരുകളെ അതിവര്‍ത്തിച്ച ഒരു സ്ത്രീ ആണവര്‍ . ഉടലും ദേഹവും ശരീരവും അവര്‍ ആത്മത്തില്‍ നിന്നും മുറിച്ചെടുത്തും അടര്‍ത്തിമാറ്റിയും ഒട്ടിച്ചുചേര്‍ത്തും ജലത്തില്‍ എന്ന പോല്‍ ലയിപ്പിച്ചും ജീവിതത്തെയും എഴുത്തിനെയും അറിഞ്ഞവരാണവര്‍ .ഒരു പക്ഷെ പുരുഷനെക്കാള്‍ ഉന്മാദത്തോടെ ....! സമാനതകള്‍ ഇല്ലാത്ത എഴുത്തും ജീവിതവുമാണ് കമല്‍ ,മാധവിക്കുട്ടിയുടെ സ്വത്വം. അത് കേവല ഉടല്‍ സൗന്ദര്യ ചിത്രങ്ങളല്ല.'അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു എങ്കിലും അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു' എന്ന പ്രസ്താവന സഹതാപം അര്‍ഹിക്കുന്നു

.''സാധാരണ സ്ത്രീ 'എന്നത് കൊണ്ടു അങ്ങ് എന്താണ് ഉദ്ദേശിക്കുന്നത്? ഏറ്റവും പുതിയ സംസ്‌കാരം പഠനം ഈ 'സാധാരണ സ്ത്രീ സങ്കല്‍പ്പത്തെ 'അംഗീകരിക്കുന്നില്ല സംവിധായകാ . അങ്ങ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ ആയിരിക്കുമല്ലേ മഞ്ജു എന്ന കലാകാരിക്കും നല്‍കിക്കാണുക? കഷ്ടം ! വിദ്യ ബാലന്‍ ആയിരുന്നെങ്കില്‍ കടന്നുവന്നേക്കാവുന്ന ലൈംഗികത എന്ന പ്രയോഗം പോലും വികലമായ ഒരു മനസ്സില്‍ നിന്നും കടന്നു വരുന്നതാണ് .പറയാനോ പരാമര്‍ശിക്കപ്പെടാനോ ആസ്വദിക്കാനൊ നിഷേധിക്കപ്പെട്ട ഒന്നാണ് ലൈംഗികത എന്ന ധാരണ തീര്‍ത്തും സഹതാപം അര്‍ഹിക്കുന്നു . ജീവിക്കാനായി ലൈംഗിക തൊഴില്‍ ചെയ്യുന്നവരോട് അങ്ങേക്കുള്ള മനോഭാവം എന്താണാവോ. ലോക ക്ലാസ്സിക് സിനിമകള്‍ അങ്ങേക്ക് അശ്ലീലം ആകും അല്ലെ? മാധവിക്കുട്ടിയുടെ രചനകള്‍ അങ്ങ് വായിച്ചിട്ടുള്ളത് ലൈംഗികതയോട് നമ്മുടെ പൊതു സമൂഹത്തിന്റെ ചില അടരുകള്‍ (അത് ജാതീയമാവാം മതപരമാവാം ലിംഗപരമാവാം) കല്‍പിച്ചിട്ടുള്ള തിരശ്ശീലക്ക് അപ്പുറം നിന്നുകൊണ്ടാണ് എങ്കില്‍ വീണ്ടും സഹതപിക്കുന്നു 'ആമി 'എന്ന സിനിമ ഈ മനോഭാവം വച്ചാണ് സംവിധാനം ചെയ്തത് എങ്കില്‍ എന്തായിരിക്കും ഫലം എന്ന് ആശങ്കയുണ്ട്.

മാധവിക്കുട്ടിയുടെ എഴുത്തിന്റെ ആന്തരിക ധാരയില്‍ ശരീരവും ലൈംഗികതയും വരച്ചു തീര്‍ക്കുന്ന നിറങ്ങളുടെ രാഷ്ട്രീയം എന്തായാലും കമലിനു മനസിലായിട്ടില്ല. സ്വന്തം പൊതുബോധത്തില്‍ ലൈംഗികത തെറ്റാണെന്ന് അദ്ദേഹം കരുതുന്നുമുണ്ടാവാം. മാത്രവുമല്ല, വിദ്യാ ബാലന്‍ എന്ന അഭിനേത്രി വളരെ ശക്തമായ കഥാപാത്ര ആവിഷ്‌കാര സിദ്ധിയുള്ള സ്ത്രീയാണെന്ന് ഇയാള്‍ക്ക് ഇനിയും മനസിലായില്ല എന്ന് തോന്നുന്നു. ബോളിവുഡ് സാമ്പ്രദായിക, സ്ത്രീ, വാര്‍പ്പ് നായികമാരില്‍ നിന്നും വേറിട്ടു തന്നെ അഭിനയ ജീവിതം നിലനിര്‍ത്തികൊണ്ട് പോകുന്ന വിദ്യാ ബാലന്‍ ഡേര്‍ട്ടി പിക്ചര്‍ എന്ന ഒരു സിനിമ മാത്രമല്ല അഭിനയിച്ചത് എന്ന് മനസിലാക്കിയാല്‍ നന്നായി .ഇന്ത്യന്‍ സിനിമ രംഗത്ത് വ്യക്തമായ ചില നിലപാടുകള്‍ വിദ്യാ ബാലന്‍ മുന്നോട്ടു വെക്കുന്നുണ്ട് . ഉയര്‍ത്തുന്ന വിഷയത്തിനോടൊട്ടും ചേര്‍ന്നു നില്‍ക്കാന്‍ പോലും അര്‍ഹനല്ലാത്ത ഒരാള്‍ എന്തിനാണു മാധവിക്കുട്ടിയെപ്പോലെ ഒരു എഴുത്തുകാരിയെ സമീപിക്കുന്നത് ? തനിക്കു ഉള്‍ക്കൊള്ളാന്‍ പോലും കഴിയാത്ത വിഷയത്തില്‍ അഭിപ്രായം പറയുന്നത് ? താന്‍ ഉള്‍പ്പെടെയുള്ള സിനിമാലോകത്തു വ്യക്തമായ ധാരണകള്‍ നിലനിര്‍ത്തി ജോലി ചെയ്യുന്ന മറ്റൊരു കലാകാരിയെ അപമാനിക്കുന്നത് ?

ഈ വിവരക്കേട് മുമ്പേ തിരിച്ചറിഞ്ഞത് കൊണ്ടാവും വിദ്യ 'ആമി 'യില്‍ നിന്നും പിന്‍മാറിയത് . മാധവിക്കുട്ടിയെ അപമാനിച്ചതിന് തുല്യമായ കമലിന്റെ പ്രസ്താവന ഞാന്‍ എന്നും ആമി എന്നു തന്നെ വിളിച്ച ആമിയെ വ്യക്തി എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും കമലിനേക്കാള്‍ ഒരുപാട് അടുത്തറിഞ്ഞ എന്നെ നീരസപ്പെടുത്തുന്നു . എഴുത്തുകാരി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഈ പ്രസ്താവനയെ ഞാന്‍ മുഴുവന്‍ മനസ്സുകൊണ്ടും നിരാകരിക്കുന്നു

Read More >>