അറബ് രാജ്യങ്ങള്‍ തമ്മിലടിക്കുന്നതില്‍ അമേരിക്കയുടെ പങ്ക്

ഗൾഫ് യുദ്ധത്തിന്റെ തുടക്കത്തിൽ, ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്കൻ സേനയ്ക്ക് ഖത്തർ താവളം കൊടുത്തു. അതിൽ ഏറ്റവും രസകരം ഏതാണ്ട് രണ്ടു ബില്യൺ US ഡോളർ ഖത്തർ സര്‍ക്കാരിനെ കൊണ്ട് തന്നെ അമേരിക്ക ചെലവഴിപ്പിച്ചു എന്നാണ്. മിഡിൽ ഈസ്റ്റിലുള്ള ഏറ്റവും വലിയ റൺവേകളും ഇവിടെയാണ്‌. കൂറ്റൻ ബോംബറുകൾ ഇറങ്ങുവാൻ വേണ്ടിയാണിത്‌. ഇന്ന് ഈ താവളത്തിൽ 12000 അമേരിക്കൻ സൈനികർ ക്യാമ്പ് ചെയുന്നുണ്ട്. ഖത്തറിന്റെ സൈനിക ബലം 11500 മാത്രമാണ്, അതും ആര്‍മി/ നേവി/ എയർ ഫോഴ്സ് എന്നിവയെല്ലാം കൂടി. ഖത്തര്‍ ഉപയോഗിക്കുന്നതാകട്ടെ അധികവും അമേരിക്കൻ സൈനിക ഉപകരണങ്ങളുമാണ്.

അറബ് രാജ്യങ്ങള്‍ തമ്മിലടിക്കുന്നതില്‍ അമേരിക്കയുടെ പങ്ക്

എന്തായിരുന്നു അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തിനുള്ള കാരണങ്ങള്‍? ഇറാക്ക് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈൻ ഒരു തീരുമാനം കൊണ്ടുവന്നതാണ് ഇതിന്റെ തുടക്കം- ഇനി മുതൽ അമേരിക്കൻ ഡോളറിൽ ഇറാക്ക് എണ്ണ നല്‍കില്ല. മറ്റേതു കറൻസിയും സ്വീകരിക്കും, എന്നാല്‍ അമേരിക്കൻ കറൻസി വേണ്ടേ വേണ്ട.

തുടര്‍ന്ന്, അമേരിക്കൻ പ്രസിഡന്റായ ജോർജ് ബുഷ് സീനിയർ ഇറാഖിന് മറുപടി നല്‍കാനായി അവസരം കാത്തിരുന്നു. സമാന്തര കാലയളവില്‍ കുവൈറ്റിലേക്ക് സൈനിക നീക്കം നടത്താൻ സദ്ദാമിനു ഉപദേശം ലഭിക്കുകയും ചെയ്യുന്നു. ഇറാഖ് ഭരണകൂടത്തില്‍ നുഴഞ്ഞു കയറിയ അമേരിക്കൻ ചാര സംഘടനായായ സി ഐ എയുടെതായിരുന്നു ഈ ഉപദേശം. കാര്യങ്ങൾ ദീര്‍ഘവീക്ഷണത്തോടെയും ഭരണപരമായ വിവേകത്തോടെയും മനസിലാക്കാതെ സദ്ദാം ഭരണകൂടം അതിനു ഇറങ്ങി പുറപ്പെട്ടു. ഒരു പക്ഷെ ഇറാഖ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ മണ്ടത്തരം എന്ന് വിശേഷിപ്പിക്കാവുന്ന നീക്കത്തിനാണ് സദ്ദാം തുനിഞ്ഞത്. Biggest lies of America എന്ന പുസ്തകത്തിലൂടെ ഒരു സിഐഎ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതാണ് ഇത്.

അങ്ങനെ അമേരിക്കൻ സേന ഗൾഫിൽ ഇറങ്ങി. അറേബ്യൻ രാജ്യങ്ങളുടെ സംരക്ഷണമായിരുന്നു സ്ലോഗൻ എങ്കിലും എണ്ണ ആയിരുന്നു ലക്ഷ്യം. അതിനുപരി ആരും കാണാതെ പോയ ഒരു ഹിഡന്‍ അജണ്ട കൂടിയുണ്ടായിരുന്നു- ഇസ്രായേല്‍ എന്ന ചെറു രാജ്യത്തിന് ഒരു കവർ സെക്യൂരിറ്റിയും. അറേബ്യൻ രാജ്യങ്ങൾ ഒരുമിച്ചു ഈ ജൂതരാജ്യത്തെ ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ തിരിച്ചടിക്കാൻ അറേബ്യയുടെ മണ്ണിൽ തന്നെ ഒരു താവളം ഉണ്ടാകണം. ഇതിനായി ഖത്തറില്‍ അമേരിക്കയുടെ ഒരു വലിയ സൈനികത്താവളം ഉണ്ടായി. ഒരു ലോങ്ങ് ഫോർമാറ്റ് തന്ത്രമായിരുന്നു ഇത്. ഇന്റർനാഷണൽ മീഡിയ മുഴുവൻ കൈവശപ്പെടുത്തി അമേരിക്ക അറബ് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. രാജവ്യവസ്ഥയില്‍ വിരാജിക്കുന്ന അറേബ്യന്‍ ഭരണകൂടങ്ങളുടെ അധികാര നിലനില്‍പ്പിനെയാണ് അവര്‍ തന്ത്രപരമായി ഉപയോഗപ്പെടുത്തിയത്.

മരുഭൂമിയും, ഒട്ടകവും, ഈന്തപ്പഴവും പിന്നെ രാജകീയ ജീവിതവും ശീലമായ രാജാക്കന്മാരെ അമേരിക്ക പാട്രിയട് മിസൈൽ കാണിച്ചു വിരട്ടിയെടുത്തു. നേട്ടം മുഴുവനും അമേരിക്കയ്ക്കായിരുന്നു. ക്രൂഡ് ഓയിൽ വിപണിയുടെ നിയന്ത്രണം, ഗൾഫിന്റെ സാമ്പത്തിക വളർച്ചയുടെ പടവുകള്‍ എന്നിവയെല്ലാം അമേരിക്ക നേടിയെടുത്തു. ശീത യുദ്ധത്തിൽ അമേരിക്കൻ ശത്രു ഭാഗത്തായിരുന്ന റഷ്യയുടെ സാന്നിധ്യം നല്ലൊരു ശതമാനം മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങളിൽ നിന്നും ഒഴിവായി കിട്ടുകയും ചെയ്തു. ഇസ്രായേല്‍ പരിപൂർണമായും അമേരിക്കൻ സെക്യൂരിറ്റിയിലും സുരക്ഷിതമായി എന്നത് മറ്റൊരു കാര്യം.

ഗൾഫ് യുദ്ധത്തിന്റെ തുടക്കത്തിൽ, ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്കൻ സേനയ്ക്ക് ഖത്തർ താവളം കൊടുത്തു. അതിൽ ഏറ്റവും രസകരം ഏതാണ്ട് രണ്ടു ബില്യൺ US ഡോളർ ഖത്തർ സര്‍ക്കാരിനെ കൊണ്ട് തന്നെ അമേരിക്ക ചെലവഴിപ്പിച്ചു എന്നാണ്. മിഡിൽ ഈസ്റ്റിലുള്ള ഏറ്റവും വലിയ റൺവേകളും ഇവിടെയാണ്‌. കൂറ്റൻ ബോംബറുകൾ ഇറങ്ങുവാൻ വേണ്ടിയാണിത്‌. ഇന്ന് ഈ താവളത്തിൽ 12000 അമേരിക്കൻ സൈനികർ ക്യാമ്പ് ചെയുന്നുണ്ട്. ഖത്തറിന്റെ സൈനിക ബലം 11500 മാത്രമാണ്, അതും ആര്‍മി, നേവി, എയർ ഫോഴ്സ് എന്നിവയെല്ലാം കൂടി. ഖത്തര്‍ ഉപയോഗിക്കുന്നതാകട്ടെ അധികവും അമേരിക്കൻ സൈനിക ഉപകരണങ്ങളുമാണ്.

ഇറാക്ക് യുദ്ധ സമയത്തു അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ്, ഖത്തർ ഭരണാധികാരിയോട് അമേരിക്കൻ സംരക്ഷണം നിങ്ങൾക്ക് ഉണ്ടായിരിക്കും എന്ന് ഉറപ്പ് നല്‍കിയിരുന്നു. റിപ്പബ്ലിക്കൻ നോമിനി ആയിരുന്നു ജോർജ് ബുഷ്. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ നോമിനിയാണ് എന്നും ഓര്‍ക്കണം. തന്റെ സൗദി അറേബ്യൻ സന്ദർശനം കാരണം ഖത്തർ ഒറ്റപ്പെട്ടു എന്ന് ഇന്നലെ അദ്ദേഹം ട്വീറ്റ് ചെയ്തതും ശ്രദ്ധിക്കുക. എവിടെ തുടങ്ങി എവിടെ പോയി കാര്യങ്ങള്‍?

അറബ് രാജ്യങ്ങൾ ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു സംസാരിച്ചാൽ തീരുന്ന വിഷയം മാത്രമാണ് ഇതെല്ലാം. ഒരു ശീതയുദ്ധത്തിലേക്ക് പോകുവാൻ എന്ത് കാര്യങ്ങളാണ് ഇപ്പോള്‍ ഉണ്ടായത്? 'ബിഗ് ബ്രദർ അമേരിക്ക'യുടെ ഇടപെടൽ എന്നായിരിക്കും ഉത്തരം. അമേരിക്ക ആർക്കു വേണ്ടി ഇടപെട്ടു? അറബ് രാജ്യങ്ങൾക്ക് കാര്യങ്ങള്‍ പഠിച്ചാല്‍ മനസിലാകുന്നതെ ഉള്ളു. പക്ഷെ എന്തു ചെയ്യാന്‍, അമേരിക്കയെ ഭയമാണ്. വെറുതെ ഭയക്കുന്നു! സ്വന്തം രാജ്യത്തു നിന്നും ഉത്പാദിക്കുന്ന ഓയിലും ഗ്യാസും വിറ്റു സമ്പന്നരായവര്‍, മൂലധനം ഏറ്റവും കൂടുതലുള്ള രാജ്യങ്ങൾ, എന്നിട്ടും എന്തിനാണ് ഈ ഭയം?