കഴുത്തിലേയും കയ്യിലേയും നഖപ്പാടുകള്‍, തെറിച്ചു കിടന്ന നാപ്കിന്‍: വാളയാറിലെ ബാലികമാരുടെ കൊലപാതകം; നിങ്ങള്‍ ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്?

കുട്ടിയുടെ കഴുത്തിലും കാലിലുമൊക്കെ നഖപ്പാടുകളും മറ്റും ഞാന്‍ വ്യക്തമായി കണ്ടതാണ്. കുട്ടി ഉപയോഗിച്ചതായി കരുതുന്ന നാപ്കിന്‍ പാഡ് തെറിച്ചുകിടക്കുന്നുമുണ്ടായിരുന്നു- വാളയാറിലെ ബാലികമാരുടെ ഇരട്ടക്കൊലയുടെ വസ്തുത അന്വേഷിച്ചു ചെന്ന ഷഫീക്ക് താമരശ്ശേരിയുടെ റിപ്പോര്‍ട്ടും ചിത്രങ്ങളും

കഴുത്തിലേയും കയ്യിലേയും നഖപ്പാടുകള്‍, തെറിച്ചു കിടന്ന നാപ്കിന്‍: വാളയാറിലെ ബാലികമാരുടെ കൊലപാതകം; നിങ്ങള്‍ ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്?

ചിത്രങ്ങളും എഴുത്തും: ഷഫീഖ് താമരശ്ശേരി

മാര്‍ച്ച് മാസത്തിന്റെ ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിച്ച് പാലക്കാടന്‍ ചുരത്തിലൂടെ കേരള-തമിഴ്‌നാട് അതിര്‍ത്ഥി പ്രദേശമായ വാളയാറിലെ അട്ടംപള്ളം ഗ്രാമത്തിലെത്തിയപ്പോള്‍ നാട്ടുകാരോട് പ്രത്യേകിച്ചൊന്നും തിരക്കേണ്ടി വന്നിരുന്നില്ല. ക്യാമറയും തൂക്കിയെത്തിയ എന്നെയും സുഹൃത്തിനെയും കണ്ടപാടെ നാട്ടുകാരിലൊരാള്‍ ഞങ്ങള്‍ക്ക് വഴി പറഞ്ഞു തന്നു. 'ദാ ഈ കാണുന്ന വഴിയിലൂടെ ഒരു കിലോ മീറ്റര്‍ ചെന്നാല്‍ ഒരു കനാലെത്തും. അതു കഴിഞ്ഞാല്‍ ഉടന്‍ ഇടത്തേക്കൊരു റോഡ് കാണാം. അതാണ് ശെല്‍വപുരത്തേക്കുള്ള വഴി. അതിലൂടെ ഇത്തിരി മുന്നോട്ട് ചെന്നാല്‍ ഇടതുഭാഗത്ത് ഉള്ളിലായിട്ടാണ് സംഭവം നടന്ന വീട്'.


വാളയാറിലെ ശെല്‍വപുരത്ത് ഒന്നരമാസത്തിന്റെ ഇടവേളയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു സഹോദരിമാര്‍ ഒരേ പോലെ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തെക്കുറിച്ചാണ് വഴികാട്ടിയായ ഈ നാട്ടുകാരന്‍ പറഞ്ഞത്. ഞങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ മരിച്ച കുട്ടികളുടെ അമ്മ, ച്ഛന്‍ ഇളയ സഹോദരന്‍, ഇത്തശ്ശി എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. പുതുതായി പണി നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേര്‍ന്ന് താത്കാലികമായി പണി തീര്‍ത്ത ഒരു ഷെഡ്ഡിലായിരുന്നു ഇവരുടെ താമസം. സംഭവമറിഞ്ഞെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിങ്ങനെ വരുന്നവരുടെയെല്ലാം ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണം താന്‍ പെറ്റു വളര്‍ത്തിയ രണ്ടു പെണ്‍മക്കളും പീഡനത്തിനിരയായി കൊല്ലപ്പെട്ട യാഥാര്‍ത്ഥ്യം വിവരിക്കേണ്ടി വരുന്ന ഒരമ്മ.

ഇടയ്ക്ക് വാക്കുകള്‍ പിഴയ്ക്കുന്നുവെങ്കിലും തമിഴ് കലര്‍ന്ന പാലക്കാടന്‍ മലയാളത്തില്‍ അവര്‍ കാര്യങ്ങള്‍ വിട്ടുപോകാതെ പറയാന്‍ ശ്രമിക്കുന്നുണ്ട്. തൊട്ടടുത്ത് കലങ്ങിയ കണ്ണുകളുമായി നിസ്സഹായതയോടെയിരിക്കുന്ന അച്ഛന്‍, ശരീര ഭാഷ കൊണ്ട് മാത്രം സംസാരിക്കുന്ന മുത്തശ്ശി, ഇതൊന്നുമറിയാതെ അവിടെ വരുന്നവരെ ആശ്ചര്യത്തോടെ നോക്കിക്കൊണ്ട് കയ്യില്‍ രണ്ടു ചേച്ചിമാരുടെയും ഫോട്ടോയുമായി വീടിനു മുറ്റത്തൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഏഴ് വയസ്സുകാരന്‍ അനിയന്‍. അതായിരുന്നു അവിടുത്തെ കാഴ്ച്ചകള്‍.

സഹോദരിമാരുടെ മരണം

2017 ജനുവരി 13 ന് വൈകീട്ട് 6 മണിയോടടുത്താണ് 11 വയസ്സുകാരിയെ വാളയാര്‍ അട്ടംപള്ളം ശെല്‍വപുരത്തെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കാണുന്നത്. 11കാരിയുടെ സഹോദരിയായ 9 വയസ്സുകാരിയാണ് മൃതദേഹം ആദ്യമായി കാണുന്നത്. ഈ കുട്ടിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. സംഭവസ്ഥലത്തു നിന്നും മുഖംമൂടി ധരിച്ച രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടതായി കുട്ടി അന്നു തന്നെ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഈ വിവരം അന്വേഷണത്തിന് വന്ന പൊലീസുദ്യോഗസ്ഥര്‍ക്കും മൊഴിയായി നല്‍കിയിരുന്നു.

തൂങ്ങിയ നിലയില്‍ കാണപ്പെട്ട 11കാരിയുടെ ശരീരത്തില്‍ പലയിടങ്ങളിലായി നഖപ്പാടുകളും മറ്റും കണ്ടിരുന്നുവെന്നും മരണപ്പെട്ടുവെന്ന് കരുതുന്നതിന്റെ ഏതാനും സമയം മുമ്പു പോലും വളരെ സ്വാഭാവികമായിത്തന്നെയാണ് പെണ്‍കുട്ടി സമീപത്തുള്ളവരോട് സംസാരിച്ചുന്നതെന്നും ഇതിനാല്‍ ആത്മഹത്യയാവാന്‍ യാതൊരു സാദ്ധ്യതയുമില്ലെന്നുമൊക്കെ പരിസരവാസികളില്‍ ചിലരും പൊലീസിന് മൊഴി നല്‍കി. എന്നാല്‍ അന്വേഷണഘട്ടങ്ങളിലെല്ലാം പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണ് എന്ന് തന്നെയായിരുന്നു പോലീസ് പറഞ്ഞിരുന്നത്. അസ്വാഭാവിക മരണത്തിന് കേസ്സെടുക്കുക മാത്രമാണ് പൊലീസ് ചെയ്തത്.

മരിച്ചത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിരുന്നിട്ടും കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ പോക്‌സോ പ്രകാരം കേസ്സെടുക്കാനോ, മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താനോ പൊലീസ് തയ്യാറായിരുന്നില്ല. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തവരെയാകട്ടെ ചോദ്യം ചെയ്ത ഉടന്‍ വിട്ടയയക്കുകയുമായിരുന്നു. വാളയാര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ പിന്‍സണ്‍ പി.ജോസഫ് തയ്യാറാക്കിയ എഫ്.ഐ.ആറിലാണങ്കില്‍ '... എന്ന പെണ്‍കുട്ടി ഏതോ മനോവിഷമത്തില്‍ വീടിനുള്ളില്‍ കഴുക്കോലില്‍ ഷാളില്‍ കെട്ടിത്തൂങ്ങി മരണപ്പെട്ടു' എന്നാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്.

യാതൊരു വിധത്തിലുള്ള അന്വേഷണവും നടത്താതെ 11കാരിയുടെ മരണം മനോവിഷമത്താലുള്ള ആത്മഹത്യയെന്ന് പൊലീസ് എഴുതിച്ചേര്‍ത്തത് ഇപ്പോഴും ഒരു ചോദ്യമായി തന്നെ നില്‍ക്കുകയാണ്. മൂത്ത മകള്‍ തന്റെ ചെറിയച്ചനില്‍ നിന്നും ലൈംഗിക അതിക്രമം നേരിട്ടിരുന്നതായി അമ്മയോട് മുമ്പ് തന്നെ പറഞ്ഞിരുന്നതിനാല്‍ കുട്ടികളുടെ അമ്മ മധുവിനെക്കുറിച്ചുള്ള സംശയങ്ങള്‍ പോലീസിനോട് പങ്കുവെച്ചിരുന്നു. മാത്രമല്ല കുട്ടികളോടൊപ്പം കളിച്ചിരുന്ന അടുത്തവീട്ടിലെ ഒരു പയ്യന്‍ പെണ്‍കുട്ടികളുടെ ചെറിയച്ചനെ സംഭവം നടക്കുന്നതിന്റെ ഏതാനും സമയം മുമ്പ് അവിടെ കണ്ടിരുന്നതായും പറഞ്ഞിരുന്നു.

ചെറിയച്ചനെ ചോദ്യം ചെയ്യാനായി പോലീസ് കൊണ്ടുപോയെങ്കിലും സി.പി.ഐ. എം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള ആളുകള്‍ ഇടപെട്ട് പുറത്തുകൊണ്ടുവരികയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടവരിലും ഒരാളൊഴികെ ബാക്കിയുള്ളവര്‍ സി.പി.ഐ.എം പ്രവര്‍ത്തകരായിരുന്നുവെന്നത് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. 11കാരിയുടെ മരണം കൊലപാതകമാണെന്ന സംശയം പരസ്യമായി പ്രകടിപ്പിച്ച ചില നാട്ടുകാരെയും 'ഇത്തരം ആരോപണങ്ങള്‍ നാട്ടിലെ ബാക്കിയുള്ള പെണ്‍കുട്ടികളുടെ കൂടി ഭാവി കളയുമെന്ന്' പറഞ്ഞ് സി.പി.ഐ.എം പ്രാദേശിക നേതാക്കള്‍ പിന്തിരിപ്പിക്കുകയായിരുന്നു.

ഒമ്പതുകാരിയായ ഇളയ പെണ്‍കുട്ടി മരണത്തിനു മുമ്പ് ലൈംഗികപീഡനത്തിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇത് പുറത്തുവിടാതെ മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലയെന്ന തരത്തിലായിരുന്നു പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടത്. 11കാരിയുടെ മരണം നടന്ന് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമുണ്ടായില്ല. ഇതിനിടെ കഴിഞ്ഞ മാര്‍ച്ച് 4 ന് വീണ്ടും ഇളയ സഹോദരിയും സമാനമായ രീതിയില്‍ അതേ സ്ഥലത്ത് തന്നെ മരിച്ച നിലയില്‍ കാണുകയായിരുന്നു.

ഒമ്പതുകാരിയുടെ മരണവും ആത്മഹത്യ തന്നെയാണെന്ന രീതിയിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്. പൊലീസും ഇതു തന്നെ ആവര്‍ത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും അത് വിശ്വസിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. 9 വയസ്സുള്ള പെണ്‍കുട്ടിയെങ്ങനെ ആത്മഹത്യ ചെയ്യുമെന്നതു തന്നെയായിരുന്നു മിക്കവരുമുയര്‍ത്തിയ ചോദ്യം. മാത്രവുമല്ല നാല് അടിയില്‍ താഴെയായിരുന്നു ഇരു കുട്ടികളുടെയും ഉയരം. പത്ത് അടിയോളം ഉയരമുള്ള വീടിന്റെ ഉത്തരത്തില്‍ എങ്ങനെയാണ് കുട്ടികള്‍ക്ക് സ്വയം തൂങ്ങാന്‍ കഴിയുന്നത്.? ആ സമയത്താണെങ്കില്‍ വീടിനകത്ത് കട്ടിലോ, കസേരയോ ഒന്നും ഉണ്ടായിരുന്നുമില്ല.
ഇതിനിടയില്‍ മൂത്ത സഹോദരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. 'There was evidence suggestive of unnatural sexual offence on the child,in the form of multiple episodes of anal penetrations in the past' എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ചെയ്തത്. മരണത്തിനു മുമ്പ് നിരവധി തവണ കുട്ടി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയായെന്നു വ്യക്തമായിട്ടും അതില്‍ അന്വേഷണം നടത്താതിരുന്ന പൊലീസിനെതിരെ വ്യാപകമായ ആരോപണങ്ങളുയര്‍ന്നു. അങ്ങനെയാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്‌ഐ പി.സി ചാക്കോ, പ്രതികളെ പിടികൂടാന്‍ തയ്യാറാകുന്നത്.

കുട്ടികളുടെ അമ്മയുടെ ചെറിയച്ചന്റെ മകന്‍, ചേച്ചിയുടെ മകന്‍, അയല്‍വാസിയായ യുവാവ്്, കുട്ടികളുടെ അച്ഛന്റെ കൂടെ ജോലി ചെയ്യുന്ന യുവാവ്് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മൂത്ത സഹോദരി മരണപ്പെട്ട സമയത്ത് വീട്ടില്‍ നിന്നും രണ്ടുപേര്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായി ഇളയ സഹോദരി മൊഴി നല്‍കിയിട്ടും അന്വേഷണത്തില്‍ പൊലീസ് കാണിച്ച അനാസ്ഥയാണ് പിന്നീട് ഇളയ സഹോദരി കൂടി കൊല്ലപ്പെടാന്‍ കാരണമെന്ന തരത്തില്‍ നാട്ടുകാര്‍ പ്രതികരിച്ചതോടുകൂടിയാണ് ഈ വിഷയം കേരളമൊട്ടാകെ ഉയര്‍ന്നുവന്നത്. ഇതോടെ അന്വേഷണത്തില്‍ വീഴ്ച്ച പറ്റിയെന്ന തൃശ്ശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാറിന്റെ സ്ഥിരീകരണം പുറത്തുവരികയും എസ്.ഐ പി.സി ചാക്കോയെ സസ്പെന്റ് ചെയ്യുകയുമുണ്ടായി.

പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. 11കാരിയുടെ മരണം നടന്നിട്ട് രണ്ടു മാസമായിട്ടും കാര്യമായ അന്വേഷണം നടത്താത്ത പൊലീസിനും വിഷയത്തില്‍ ഇടപെടാത്ത പാലക്കാട് ശിഷുക്ഷേമ സമിതിക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. കമ്മീഷന്‍ ഈ വിഷയത്തില്‍ സ്വമേധയാ കേസ്സെടുക്കുകയും ചെയ്തിരുന്നു.

കുട്ടികളുടെ അമ്മയുടെ വാക്കുകളിലേക്ക്

ഇവിടടുത്തുള്ള കല്ലങ്കാട്ടിലെ എന്റെ തറവാട്ടുവീട്ടിലാണ് ഞാന്‍ ജനിച്ചതു വളര്‍ന്നതും. അവിടെ ഇപ്പോള്‍ എന്റെ അമ്മ മാത്രമാണ് താമസിക്കുന്നത്. എസ്.സി വിഭാഗത്തിലെ ചെറുമ സമുദായത്തില്‍പ്പെട്ടവരാണ് ഞങ്ങള്‍. അച്ഛന്‍ കിടപ്പിലായതോടുകൂടിയാണ് പതിനഞ്ചാമത്തെ വയസ്സില്‍ ഞാന്‍ വാര്‍ക്കപ്പണിക്കു പോയിത്തുടങ്ങുന്നത്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഞാന്‍ കൂടെ ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശിയുമായി അടുപ്പത്തിലാകുകയും അയാളെ വിവാഹം കഴിക്കുകയും ചെയ്തു.

ആറുമാസം കഴിഞ്ഞപ്പോഴാണ് ഇയാള്‍ക്ക് വേറെയും ഭാര്യയുണ്ടെന്ന കാര്യം ഞാന്‍ അറിയുന്നത്. അതോടെ ബന്ധം ഉപേക്ഷിച്ചു. അയാള്‍ പോയതിനു ശേഷമാണ് ഞാന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് മനസ്സിലായത്. ആ ബന്ധത്തില്‍ എനിക്കുണ്ടായ കുഞ്ഞാണ് മൂത്ത പെണ്‍കുട്ടി. ഇതിനു ശേഷമാണ് ഇപ്പോള്‍ കൂടെയുള്ള കോഴിക്കോട് സ്വദേശിയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിലുണ്ടായ കുട്ടികളാണ് മരിച്ച ഇളയ പെണ്‍കുട്ടിയും ഏറ്റവുമിളയ ആണ്‍കുട്ടിയും.

എട്ടു വര്‍ഷത്തോളമായി ഞങ്ങള്‍ ഈ വീട്ടിലാണ് താമസിക്കുന്നത്. പെണ്‍മക്കള്‍ രണ്ടുപേരും ഗുരുവായൂരിലെ ഒരു ഹോസ്റ്റലില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്. രണ്ടു വര്‍ഷം മുമ്പാട് അവരെ ഇവിടുത്തെ സ്‌കൂളില്‍ ചേര്‍ക്കുന്നത്. മൂത്തവളെ കഞ്ചിക്കോട് ഗവ സ്‌കൂളിലും ഇളയവളെ പാമ്പാമ്പള്ളം ജി.എല്‍.പി സ്‌കൂളിലും. ഞങ്ങള്‍ രണ്ടുപേരും കൂലിപ്പണിക്കാരായതിനാല്‍ പകല്‍ സമയങ്ങളില്‍ വീട്ടിലാരുമുണ്ടാകാറില്ല. ഞങ്ങള്‍ പണിക്കുപോകുമ്പോള്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ ഇല്ലാത്ത ദിവസമാണെങ്കില്‍ അവരെ തറവാട്ടിലോ അല്ലെങ്കില്‍ അടുത്തുള്ള വീട്ടിലോ നോക്കാനേല്‍പ്പിച്ച് പോകാറാണ് പതിവ്. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി എന്റെ ചെറിയച്ചന്റെ മകനാണ്.

അവന്‍ പലപ്പോഴും ഈ വീട്ടില്‍ വരാറുണ്ടായിരുന്നു. നേരത്തെ തന്നെ കുട്ടികളോടുള്ള അവന്റെ പെരുമാറ്റത്തില്‍ ചില പ്രശ്നങ്ങള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഒരു ദിവസം അവന്‍ മൂത്തവളെ ചുമരില്‍ ചാരി നിര്‍ത്തി മറഞ്ഞുനില്‍ക്കുന്നത് ഭര്‍ത്താവ് കണ്ടിരുന്നു. അന്ന് തന്നെ അവനെ വീട്ടില്‍ നിന്നും താക്കീത് നല്‍കി പറഞ്ഞയക്കുകയും ചെയ്തു. ഞാന്‍ മൂത്തവളോട് കാര്യങ്ങള്‍ വിശദമായി തിരക്കിയപ്പോഴാണ് അവള്‍ പറയുന്നത്. അയാള്‍ നിരവധി തവണ അവളോട് മോശമായി പെരുമാറുകയും പല സ്ഥലങ്ങളിലും കയറിപ്പിടിക്കുകയും ചെയ്തിട്ടുണ്ട് എന്ന്. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് മോള് പറഞ്ഞത്. ഞാനീ വിഷയം അയാളുടെ അമ്മയോടും പറഞ്ഞിരുന്നു. അതിന്റെ ദേഷ്യത്തിലാണോ അവനെന്റെ മോളോടിങ്ങനെ ചെയ്തതെന്നെനിക്കറിയില്ല.

സംഭവം നടന്ന ദിവസം ഞങ്ങള്‍ രണ്ടുപേരും ചിറ്റൂരില്‍ ജോലിക്ക് പോയിരിക്കയായിരുന്നു. മൂത്തവള്‍ക്ക് അന്ന് പീരീഡ്സ് സമയമായതിനാല്‍ സ്‌കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഇളയവളേയും കൂട്ടിനിരുത്തിയാണ് ഞങ്ങള്‍ പോയത്. എന്റെ അമ്മയും ചെറിയ മകനും കൂടി മലയ്ക്കു പോകുന്നതിനുള്ള മാലയിടാന്‍ പോയിരിക്കയായിരുന്നു. കുട്ടികള്‍ രണ്ടുപേരും കൂടെ ഒരുമിച്ച് തുണികളൊക്കെ അലക്കിയതിനു ശേഷം ആറിയിടാന്‍ മൂത്തവളെ ഏല്‍പ്പിച്ച് ആടിനെ തീറ്റിക്കാനായി തറവാട്ടുവീട്ടിലേക്ക് പോയതായിരുന്നു ഇളയവള്‍ . മൂത്തവള്‍ പിറകേ വരാമെന്നും പറഞ്ഞു. എന്നാല്‍ കുറച്ചുനേരം കഴിഞ്ഞിട്ടും മൂത്തവളെ കാണാത്തതുകൊണ്ട് അത് തിരക്കാനായി തിരിച്ചുവീട്ടിലേക്ക് വരുമ്പോഴാണ് വീടിന്റെ മുന്നില്‍ നിന്നും മുഖം ടവല്‍ കൊണ്ട് മറച്ച രണ്ടുപേര്‍ ഇറങ്ങിവരുന്നത് ഇളയവള്‍ കണ്ടത്. അവരെ കണ്ട് പേടിച്ച ്അവള്‍ ഒരു ഇലക്ട്രിക് പോസ്റ്റിന്റെ പിറകില്‍ മറഞ്ഞു നിന്നു. അവര്‍ പോയതിനു ശേഷം വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് വീടിന്റെ കഴുക്കോലില്‍ തൂങ്ങിക്കിടക്കുന്ന ചേച്ചിയെ അവള്‍ കാണുന്നത്.അവളുടെ ബഹളം കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. മൂത്തവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നൊക്കെ പലരോടും ഞങ്ങള്‍ ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. സംശയമുണ്ടായിരുന്ന ബന്ധുവിനെ അടക്കമുള്ള ആളുകളെക്കുറിച്ച് പോലീസിന് മൊഴിയും നല്‍കിയിരുന്നു. എന്നാല്‍പൊലീസ് ഇത് ആത്മഹത്യയാണെന്ന് തന്നെ ആവര്‍ത്തിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് അവള്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നത് പുറത്തറിയുന്നത്. മൂത്തവളുടെ മരണശേഷം പലപ്പോഴും രാത്രികളിലൊക്കെ ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ എന്നെ സമാധാനിപ്പിക്കാറുള്ളത് ഇളയവളായിരുന്നു. അവളെയാണ് ദിവസങ്ങള്‍ക്കിപ്പുറം മാര്‍ച്ച് നാലിന് സമാനമായ രീതിയില്‍ തൂങ്ങിക്കിടക്കുന്നത് കാണുന്നത്.

പൊലീസിന്റെ അനാസ്ഥ ഒന്നുകൊണ്ട് മാത്രമാണ് എനിക്കെന്റെ രണ്ടാമത്തെ മകളും നഷ്ടമായത്. മരണത്തിനുമുമ്പ് അവളും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് ഇപ്പോഴറിയുന്നത്. എനിക്കതൊന്നും വിശ്വസിക്കാനേ കഴിയുന്നില്ല.

അച്ഛന്റെ വാക്കുകള്‍

കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹില്‍ ആണ് എന്റെ സ്വദേശം. ഈഴവ സമുദായക്കാരാണ് ഞാനും കുടുംബവും. 13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജോലിയുടെ ഭാഗമായി ഇവിടെയെത്തുന്നത്. വിവാഹ ശേഷം ഞാന്‍ ഇവിടത്തുകാരനായി. രാവിലെ പണിക്കു പോകും വൈകീട്ട് തിരിച്ചു വരും എന്നതല്ലാതെ എനിക്കിവിടെ അധികം ബന്ധങ്ങളൊന്നുമില്ല. നാട്ടുകാരുമായുള്ള സംസാരങ്ങള്‍ പോലും വളരെ കുറവാണ്. ജോലി കഴിഞ്ഞു വന്നാല്‍ ഇടയ്‌ക്കൊക്കെ മദ്യപിക്കാറുണ്ട്.


കഴിഞ്ഞ 8 വര്‍ഷമായി ഞങ്ങള്‍ ഈ ഷെഡ്ഡിനകത്താണ് താമസം. അടുക്കളയും കിടപ്പുമുറിയുമെല്ലാം ഈ ഒറ്റമുറിയാണ്. പഞ്ചായത്തില്‍ നിന്നും ധനസഹായം ലഭിച്ചതിനാലാണ് പുതിയ വീടിന്റെ പണികളാരംഭിച്ചത്.ഇതിനിടെ ജോലിക്കിടയില്‍ കാലിന് വയ്യാതായതിനാല്‍ അഞ്ചാറുമാസം ഞാന്‍ പണിക്കൊന്നും പോകാതെ വീട്ടില്‍ തന്നെയായിരുന്നു. ആ സമയത്താണ് ഒരിക്കല്‍ മൂത്തവളോട്് പ്രതി മോശമായ രീതിയില്‍ പെരുമാറുന്നത് ഞാന്‍ കണ്ടത്. അങ്ങനെയാണ് അയാള്‍ക്ക് താക്കീത് നല്‍കുന്നതും അവന്‍ പിന്നീടിങ്ങോട്ട് വരാതാകുന്നതും.

മൂത്തവളുടെ മരണത്തെക്കുറിച്ച് പൊലീസ് കാര്യമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ഇളയവളുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല. മൂത്തവളുടേത് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള പൊലീസിന്റെ ശ്രമം എന്തിനായിരുന്നുവെന്ന് ഞങ്ങള്‍ക്കിപ്പോഴും വ്യക്തമല്ല. സംഭവം നടന്ന് ഒരു മാസത്തിനു ശേഷം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഞങ്ങള്‍ ചെന്നപ്പോഴും ഏതോ കെമിക്കല്‍ റിപ്പോര്‍ട്ട് വരാനുണ്ട്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് ഞങ്ങളെ തരിച്ചയയ്ക്കുകയായിരുന്നു.

മൂത്തവളുടെ മരണശേഷം മറ്റു രണ്ടു കുട്ടികളെയും ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. പരിചയമില്ലാത്ത ആരു വിളിച്ചാലും പോകരുതെന്നും ഒറ്റക്കെവിടെയും പോയി ഇരിക്കരുതെന്നുമൊക്കെ ഞങ്ങള്‍ രണ്ടുപേര്‍ക്കും പറഞ്ഞുകൊടുത്തിരുന്നു. മാര്‍ച്ച് നാലിന് ഞങ്ങള്‍ ജോലിക്ക് പോകുമ്പോള്‍ ഇളയവളോടൊപ്പം അനിയനും മുത്തശ്ശിയും ഇവിടെയുണ്ടായിരുന്നു. ഇതിനിടയില്‍ മുത്തശ്ശി ഇളയവനേയും കൂട്ടി തറവാട്ടുവീട്ടിലേക്ക് പോയപ്പോള്‍ ഇളയവളെ തൊട്ടടുത്ത വീട്ടിലാക്കുകയാണുണ്ടായത്. പിന്നെങ്ങിനെയാണ് അവള്‍ ഒറ്റയ്ക്ക് വീട്ടിലെത്തിയതെന്നറിയില്ല.ഞങ്ങള്‍ ജോലി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ പരിസരത്തൊന്നും ആരെയും കണ്ടില്ല. ഭാര്യ അകത്തുകയറി നോക്കിയപ്പോള്‍ ഇളയവള്‍ അഅകത്ത് തറയില്‍ നില്‍ക്കുന്നതായി കണ്ടു. വിളിച്ചിട്ടും മിണ്ടാത്തത് കണ്ടപ്പോള്‍ ലൈറ്റിട്ടു നോക്കി. അപ്പോഴാണ് കഴുത്തില്‍ നിന്നും മുകളിലേക്ക് കെട്ടിയിരിക്കുന്ന തുണി കണ്ടത്. ഭാര്യയുടെ കരച്ചില്‍ കേട്ടാണ് ഞാന്‍ ഓടിയെത്തിയത്. ഞാന്‍ ചെന്ന് അവളെ പിടിച്ചപ്പോഴേക്കും അവള്‍ എന്റെ തോളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അവളുടെ രണ്ടു കാലും തറയില്‍ തട്ടി തന്നെയാണ് ഇരിക്കുന്നുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആത്മഹത്യയാണെന്ന് ആരു പറഞ്ഞാലും ഞങ്ങള്‍ക്കത് വിശ്വസിക്കാന്‍ കഴിയില്ല. പോലീസിപ്പോള്‍ അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തില്‍ കഴിഞ്ഞ 8 വര്‍ഷമായി ഞങ്ങളുടെ കൂടെ തന്നെ ജോലി ചെയ്യുന്ന ഷിബുവുമുണ്ട്. അവന്‍ ഇവിടെ തന്നെയായിരുന്നു താമസവും. എന്റെയൊരു കൂടപ്പിറപ്പിനെപ്പോലയാണ് ഞാന്‍ അവനെ കണ്ടിട്ടുള്ളത്. കുട്ടികളോടുള്ള അവന്റെ സമീപനത്തില്‍ ഇന്നു വരെ ഞങ്ങള്‍ മോശമായി ഒന്നും കണ്ടിട്ടുമില്ല. മാത്രവുമല്ല രണ്ടു കുട്ടികളുടെയും മരണ സമയത്ത് അവന്‍ ഞങ്ങളുടെകൂടെ ജോലിയിലുമുണ്ടായിരുന്നു. ഇനി അവന്‍ ഞങ്ങളറിയാതെ കുട്ടികളോട് മോശമായി ഇടപെട്ടിരുന്നോ അതോ പോലീസ് മറ്റാരെയോ രക്ഷിക്കാന്‍ വേണ്ടി അവനെ കുടുക്കിയതാണോ എന്നൊന്നുമറിയില്ല.


പൊലീസും പൊതുസമൂഹവും പതിവുരീതിയില്‍ തന്നെ സമീപകാല കേരളത്തില്‍ നടന്ന അങ്ങേയറ്റം മൃഗീയമായ കൊലപാതകങ്ങളിലൊന്നായ ജിഷ സംഭവത്തില്‍ പോലും ആദ്യ ദിവസങ്ങളില്‍ പൊലീസ് സ്വീകരിച്ച അനങ്ങാപ്പാറ നയം തന്നെയായിരുന്നു ഇവിടെയും. സംശയത്തിനുള്ള സാധ്യതകള്‍ പോലും അവശേഷിപ്പിക്കാതെ ഇതൊരു സ്വാഭാവികമരണമാണ് എന്ന വരുത്തിത്തീര്‍ക്കാന്‍ പോലീസ് പരമാവധി ശ്രമിച്ചു. ദുരൂഹസാഹചര്യത്തില്‍ മരണത്തിനിരയാക്കപ്പെട്ടവര്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം ഡി.വൈ.എസ്.പി റാങ്കിന് മുകളിലുള്ളവര്‍ കേസന്വേഷിക്കണമെന്ന നിയമം ഇവിടെ പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല ഇരു കുട്ടികളും പ്രായപൂര്‍ത്തിയാകാതിരുന്നവരായിട്ടും പോക്‌സോ നിയമപ്രകാരം പോലും കേസ്സ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇവിടെയും ആദ്യത്തെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടം നിര്‍വഹിച്ചത് വെറുമൊരു പി.ജി വിദ്യാര്‍ത്ഥിനിയായ ഡോ.ടി പ്രിയദയാണ്.

ഏറെ വിവാദങ്ങളുയര്‍ന്നു വന്നതിനാലാണ് രണ്ടാമത്തെ കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം പൊലീസ് സര്‍ജന്‍ ഡോ.പി.ബി ഗുജറാളിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

'മരിച്ച മൂത്തകുട്ടിയുടെ ശരീരം താഴെയിറക്കുമ്പോള്‍ ഞാനും അവിടെയുണ്ടായിരുന്നു. കുട്ടിയുടെ കഴുത്തിലും കാലിലുമൊക്കെ നഖപ്പാടുകളും മറ്റും ഞാന്‍ വ്യക്തമായി കണ്ടതാണ്. കുട്ടി ഉപയോഗിച്ചതായി കരുതുന്ന നാപ്കിന്‍ പാഡ് തെറിച്ചുകിടക്കുന്നുമുണ്ടായിരുന്നു. ഇതെല്ലാം കൊണ്ട് തന്നെ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് ഞങ്ങള്‍ തറപ്പിച്ചു പറഞ്ഞതാണ്. പക്ഷേ പോലീസ് അതു കേള്‍ക്കാന്‍തയ്യാറായില്ല എന്ന് മാത്രമല്ല പ്രതികളെന്ന സംശയത്താല്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയവരെ ചുരുങ്ങിയ മണിക്കൂറിനുള്ളില്‍ തന്നെ വിട്ടയയ്ക്കുകയുമാണുണ്ടായത്' - സമീപവാസിയായ അബ്ബാസ് പറയുന്നു.

ഇതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായൊരു സംഭവമായിരുന്നു പ്രതികളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നപ്പോള്‍ അവിടെ അരങ്ങേറിയത്. തീര്‍ത്തും ആസൂത്രിതമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഒരുകൂട്ടം സ്ത്രീകളും ഏതാനും പുരുഷന്‍മാരും ചേര്‍ന്ന് മാധ്യമങ്ങളുടെയും ആള്‍ക്കൂട്ടത്തിന്റെയും മുന്നില്‍വെച്ച് മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിനുനേരെ അസഭ്യവര്‍ഷം ചൊരിയുകയായിരുന്നു.


കുട്ടികള്‍ക്ക് ഇങ്ങനെയൊരു ദുരന്തമുണ്ടാവാന്‍ പ്രധാന കാരണം അച്ഛനും അമ്മയുമാണെന്നും, അമ്മ മോശപ്പെട്ട സ്ത്രീ ആയതിനാലാണ് കുട്ടികള്‍ക്കിത് സംഭവിച്ചത് എന്നുമൊക്കെ അവരവിടെ വിളിച്ചുകൂവുന്നുണ്ടായിരുന്നു. അവരില്‍ പലരും പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളുടെ ബന്ധുക്കളും മറ്റു ചിലര്‍ പാര്‍ട്ടി അനുയായികളുമായിരുന്നു. 'ഇതുകൊണ്ടൊന്നും തീരില്ലെടീ... എന്റെ മോനെ പോലീസിന് പറഞ്ഞുകൊടുത്ത നീ ഇനിയും അനുഭവിക്കാന്‍ പോകുന്നേയുള്ളൂ...' എന്ന് ഇതിലൊരു സ്ത്രീ മരിച്ച കുട്ടികളുടെ അമ്മയുടെ മുഖത്തുനോക്കി പറയുന്നുമുണ്ടായിരുന്നു.

ഒരു സിനിമാതാരത്തിന് നേരെയുണ്ടായ അതിക്രമത്തിനെതിരെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികരിച്ച കേരളത്തിലെ മാധ്യമങ്ങളുടെയും സര്‍ക്കാറിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിലെത്തിപ്പെടാന്‍ അതിര്‍ത്തി ദളിതരായ രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ പിച്ചിച്ചീന്തപ്പെട്ട ശരീരങ്ങള്‍ക്ക് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നതെന്തുകൊണ്ടാണെന്ന് നാം സ്വയം ചോദിക്കേണ്ട ചോദ്യമാണ്. ഇവിടെ പീഡിക്കപ്പെടുന്നതും കൊല ചെയ്യപ്പെടുന്നതും പെണ്‍ ശരീരങ്ങള്‍ മാതമല്ല. ജാതിയും ദാരിദ്ര്യവും ഭൂരാഹിത്യവും കീഴാളജീവിതവും കൂടിയാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ പാലേരിയിലെ മാണിക്യത്തിന്റെ നിലവിളിയിലാരംഭിച്ച കേരള സംസ്ഥാന ചരിത്രത്തില്‍ നില നില്‍ക്കുന്ന സാമൂഹിക സാഹചര്യങ്ങളാല്‍ അരുംകൊല ചെയ്യപ്പെട്ട ഇനിയും നീതി കിട്ടാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ നിലയ്ക്കത്ത നിലവിളികളുടെയിടമായി അതിര്‍ത്തി ഗ്രമമായ വാളയാര്‍ അടയാളപ്പെടുത്തേണ്ടിവന്നേക്കാം.