ഒരു പാടു പൊള്ളി നീറുന്ന അപമാനബോധമാണ് ഞങ്ങളിൽ ചിലർക്ക് ജാതി; ഉൾവലിയാൻ മാത്രം പ്രേരിപ്പിക്കുന്ന ഒന്ന്

എന്റെ നാട്ടിൽ ഒരു നായർ കുടുംബം താമസിച്ചിരുന്നു. അവിടുത്തെ കുടുംബിനി, നായർ ഒഴിച്ചുള്ള ജാതിക്കാരെ ഒക്കെ പടിക്കു പുറത്തു നിർത്തിയിരുന്നു. ഈ അപമാനം ഭയന്ന് അവരുടെ വീടിന്റെ പടിക്കൽ പോലും കയറാത്ത ഒരു കുട്ടിക്കാലം എനിയ്ക്കുണ്ടായിരുന്നു- രശ്മി. ജി എഴുതുന്നു.

ഒരു പാടു പൊള്ളി നീറുന്ന അപമാനബോധമാണ് ഞങ്ങളിൽ ചിലർക്ക് ജാതി; ഉൾവലിയാൻ മാത്രം പ്രേരിപ്പിക്കുന്ന ഒന്ന്

ആ ചോദ്യത്തിനുള്ള എന്റെ ഉത്തരത്തിനു മുൻപ് ഒരു ചെറിയ സംഭവ കഥ പറയാം. നാലിലും, ഒന്നിലും പഠിയ്ക്കുന്ന രണ്ട് കുട്ടികളാണ് കഥാപാത്രങ്ങൾ. ഒന്നിൽ പഠിയ്ക്കുന്ന അനിയനെ ചേർത്ത് പിടിച്ചു, കോരിച്ചൊരിയുന്ന ഒരു മഴയത്ത്, അനിയന്റെ സഹപാഠിയുടെ വീട്ടിലേയ്ക്കു ഓടിക്കയറി നിന്ന നാലാം ക്ലാസുകാരിയുടെ കഥ. തണുത്തു വിറച്ച ഒന്നാം ക്ലാസ്സുകാരൻ, വരാന്തയിൽ കിടന്ന തോർത്ത് എടുത്തു തല തുടച്ചു. അത് കണ്ടു വന്ന അമ്മൂമ്മയുടെ (സഹപാഠിയുടെ, അവനും ഒന്നിലാണ് കേട്ടോ), മുഖ ഭാവത്തിലും ദേഷ്യത്തിലും, ഒരു നാലാം ക്ലാസുകാരി അപമാനത്തിൽ മുങ്ങിപ്പോയി. തോർത്തു കഴുകി വെള്ളത്തിൽ മുക്കിയിടാൻ പറഞ്ഞ ആ സ്ത്രീയുടെ ശബ്ദത്തേക്കാൾ അവളെ തളർത്തിയത്, ജാതി എന്തെന്ന് മനസിലാവാത്ത, ഒരേ ക്ലാസിൽ പഠിയ്ക്കുന്ന, ഒരേ യൂണിഫോം ധരിക്കുന്ന, പഠനത്തിലും കളിയിലും ഒരേ പോലെ നിൽക്കുന്ന രണ്ടു ഒന്നാം ക്ലാസ്സുകാരാണ്. ഒരു പക്ഷെ ആ സംഭവത്തിന് ശേഷം തന്റെ അനിയന് സംഭവിക്കാവുന്ന മാറ്റമാണ്.

ഇനി പറയാം എന്താണ് ജാതി എന്ന്. ചിലപ്പോൾ നിങ്ങൾക്ക് അത് കൂടുതൽ മനസിലായേക്കും. കാലാകാലങ്ങളായി മനസ്സിൽ ഉറപ്പിച്ചതും, പ്രവർത്തിച്ചതും ജാതിയാണെന്നും, അത് നമ്മളിൽ ചിലർക്ക് പ്രിവിലേജും , മറ്റു ചിലർക്ക് ഡിസ്അഡ്വാൻറ്റേജുമാകുന്നത് എങ്ങനെ എന്നും. ജന്മം കൊണ്ടു തന്നെ മാറ്റിനിർത്തപ്പെട്ട, കുറെ മനുഷ്യർ. കാലാകാലങ്ങളായി അവരോട് കാണിക്കുന്ന വേർതിരിവ്. അതവരുടെ ചിന്തകളെ, മനസിനെ, തലച്ചോറിനെ പോലും മരവിപ്പിക്കുന്നതായിരുന്നു. ആ മരവിപ്പിനെയാണ് മാറ്റിനിർത്തേണ്ടത്. മുഖ്യധാരയിലേക്കു വരാൻ അവരെ ആത്മവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്താൻ ചിലതൊക്കെ ചെയ്തേ മതിയാകൂ.

എന്റെ നാട്ടിൽ ഒരു നായർ കുടുംബം താമസിച്ചിരുന്നു. അവിടുത്തെ കുടുംബിനി, നായർ ഒഴിച്ചുള്ള ജാതിക്കാരെ ഒക്കെ പടിക്കു പുറത്തു നിർത്തിയിരുന്നു. ഈ അപമാനം ഭയന്ന് അവരുടെ വീടിന്റെ പടിക്കൽ പോലും കയറാത്ത ഒരു കുട്ടിക്കാലം എനിയ്ക്കുണ്ടായിരുന്നു. അവരുടെ പറമ്പിലെ ആഞ്ഞിലി ചക്കയും, ഞാവൽ പഴങ്ങളും, ഇലഞ്ഞിക്കായകളും ഒക്കെ എന്നിലെ കുട്ടിയെ വല്ലാതെ പ്രലോഭിപ്പിച്ചിരുന്നു. എന്നിട്ടും ആറു വയസുകാരിയിൽ അറുപതു വയസ്സിന്റെ പക്വത വന്നത് അപമാനബോധത്തിൽ നിന്നാണ്.

ഇങ്ങനെയുള്ള ചെറിയ അനുഭവങ്ങൾക്കപ്പുറം ഒരു പാടു പൊള്ളി നീറുന്ന അപമാനബോധമാണ് ഞങ്ങളിൽ ചിലർക്ക് ജാതി. ഉൾവലിയാൻ മാത്രം പ്രേരിപ്പിക്കുന്ന ഒന്ന്. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ഇന്നും ചിലരെയൊക്കെ സമൂഹം ജാതിക്കണ്ണുകൊണ്ട് കാണുന്നു. ആരും കേൾക്കാതെ ജാതി പറഞ്ഞു രസിക്കുന്നു!

ഇനി നിങ്ങൾ പറയൂ, എന്താണ് ജാതി. ഒളിച്ചിരുന്ന് വേട്ടയാടുന്ന ഒന്നാണ് ഇന്നത്തെ ജാതി വ്യവസ്‌ഥ . കുറച്ചു നാൾ മുൻപ് വരെ, വരുന്നതും പോകുന്നതും നേർക്ക് നേർ ആയിരുന്നു. അത് കൊണ്ട് നേരിടാൻ എളുപ്പവും. ഇന്ന് ചന്ദ്രനിലെത്തി. ചൊവ്വയിലെത്തി എന്നഹങ്കരിക്കുന്ന അതേ മലയാളി ആണ്, ജാതി ഏതും ആകാം എന്ന് പത്രത്തിൽ വിവാഹ പരസ്യം കൊടുക്കുന്നത്. എന്നിട്ട് നേരിട്ട് വിളിയ്ക്കുമ്പോൾ "ഏതാ ജാതി ?" എന്ന ആദ്യ ചോദ്യത്തിൽ നമ്മെ ഞെട്ടിപ്പിക്കുന്നത്. ഈ സത്യങ്ങളൊന്നും കണ്ടില്ലെന്നു നടിക്കാനാവില്ല, ജീവിതത്തിന്റെ എല്ലാ നടവഴികളിലും ഇന്നും, ചിലപ്പോഴൊക്കെ എന്റെയും നിന്റെയും തലയിലെ ഭാരവും, ഭാരമില്ലായ്മയും പേരുകളിലെ വാലുകളാണ്. അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് എന്നറിയാം മുന്തിയ വാലുകൾ സ്വന്തമാക്കിയവർക്ക്. നിങ്ങൾക്കു ന്യായങ്ങൾ ഉണ്ടാവാം ജാതിപ്പേരുകൾ നിലനിർത്തുന്നതിൽ. പക്ഷെ ഞങ്ങളിൽ ചിലർക്ക് ഒഴിവാക്കാതെ വയ്യല്ലോ ഈ ഭാരം, മതേതര രാഷ്ട്രം എന്ന് അഹങ്കരിക്കുമ്പോഴും. അത് പോട്ടെ, ചിലരൊക്കെ ഞങ്ങളെ ഇന്നും ദൂരെ നിർത്തുന്നുണ്ട്. ഇന്നും തീണ്ടാപ്പാടകലെ സ്വപ്നങ്ങൾ ഉള്ള അയിത്ത ജാതിക്കാർ. അനുഭവിച്ചറിയുന്നവർക്ക് മാത്രം ഉള്ള മുറിവുകൾ, അപമാനം!

ഇതിനെതിരായി ഗവണ്മെന്റ് എന്ന സിസ്റ്റത്തിന് ചെയ്യാൻ പറ്റുന്ന ഒന്നാണ് സംവരണം. തങ്ങൾക്കു തുല്യരല്ല എന്ന് മേൽജാതിക്കാർ തന്നെ വിശ്വസിക്കുന്ന ചില ചെറിയ മനുഷ്യരോടുള്ള നീതി. തുല്യത നേടുന്നത് വരെ സംവരണം തുടരണം, അത് എപ്പോഴാണ് സാധ്യമാവുക? മേൽ ജാതിക്കാർ എന്ന് അവകാശപ്പെടുന്നവർക്കൊപ്പം എല്ലാവരും എത്തണം. സമൂഹ മനസിലെ അയിത്തം മാറണം. അതെ, മാറേണ്ടത് മുഴുവൻ സമൂഹവുമാണ്.

Read More >>