ഈ തിരക്കഥ കേരളത്തിലോടുമോ? പശുവിനെ പറ്റി പലസംസ്ഥാനങ്ങളില്‍ പല നിലപാടുള്ള കോണ്‍ഗ്രസുകാരാ...

ഒന്നോര്‍ത്തുനോക്കൂ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയും നരേന്ദ്രമോഡി പ്രതിപക്ഷ നേതാവും ആയിരിക്കുമ്പോള്‍ആണ് ഇത്തരം ഒരു നീക്കം നടന്നതെങ്കില്‍ രാഹുലിനെ നിക്കറില്‍ മുള്ളിച്ചേനെ മോഡി - രശ്മി ആര്‍ നായര്‍ എഴുതുന്നു

ഈ തിരക്കഥ കേരളത്തിലോടുമോ? പശുവിനെ പറ്റി പലസംസ്ഥാനങ്ങളില്‍ പല നിലപാടുള്ള കോണ്‍ഗ്രസുകാരാ...

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 80% ജനങ്ങള്‍ മിശ്രഭുക്കുകളായുള്ള രാജ്യമാണ് ഇന്ത്യ. അവരുടെ ഭക്ഷണ കാര്യത്തിലേക്ക് നേരിട്ട് കൈകടത്തിക്കൊണ്ട് വെജിറ്റേറിയനിസം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഭരണകൂടം നടത്തുന്നു . ലോകത്ത് ഏതൊരു ജനാധിപത്യ രാജ്യത്തെയും പ്രതിപക്ഷം സ്വപ്നംകാണുന്ന ഒരു ഭരണകൂട നീക്കം . ആദ്യമായല്ല ഈ സര്‍ക്കാര്‍ ഭൂരിപക്ഷം ജനങ്ങളെയും നേരിട്ട് ആക്രമിക്കുന്നത്. നോട്ടുനിരോധനം അത്തരത്തില്‍ ഒന്നായിരുന്നു. എന്നിട്ടും ഒരു രാജ്യവ്യാപക പ്രതിഷേധംപോലും സംഘടിപ്പിക്കാന്‍ കഴിയാതെ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയും മുന്നണിയും നോക്കുകുത്തികളാകുന്നു. ചോദിക്കാനും പറയാനും ആളില്ലാത്തവൻ്റെ മുകളില്‍ ഏതു നീര്‍ക്കോലിയും കുതിരകയറും എന്നൊരു നാടന്‍ ചൊല്ലുണ്ട്. അപ്പോള്‍ ചോദിക്കാനും പറയാനും പോയിട്ട് ജീവനോടെ ഉണ്ടോ എന്ന് പോലും ഉറപ്പില്ലാത്ത പ്രതിപക്ഷമുള്ള, ജനങ്ങളുടെ മുകളില്‍ നീര്‍ക്കോലിക്ക് പകരം ഉഗ്രവിഷമുള്ള നരേന്ദ്രമോദി കൂടെ ആയാലോ.

ഒന്നോര്‍ത്തുനോക്കൂ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയും നരേന്ദ്രമോഡി പ്രതിപക്ഷ നേതാവും ആയിരിക്കുമ്പോഴാണ് ഇത്തരമൊരു നീക്കം നടന്നതെങ്കില്‍ രാഹുലിനെ നിക്കറില്‍ മുള്ളിച്ചേനെ മോദി. ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും, നിര്‍ഭാഗ്യവശാല്‍ ജവര്‍ലാല്‍ നെഹ്‌റു കഴിഞ്ഞാല്‍ ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രാസംഗികനാണ് നരേന്ദ്രമോഡി. പ്രസംഗം എന്ന് പറയുമ്പോള്‍ വസ്തുനിഷ്ഠമായ കാര്യഅവതരണം ഒന്നുമല്ല നല്ല ഫസ്റ്റ്ക്ലാസ്സ്‌ ഷോമാന്‍. സംഘപരിവാറിന്റെ അജണ്ടകളില്‍ക്കൂടി തലച്ചോര്‍ റദ്ദാക്കപ്പെട്ട ഒരാള്‍ക്കൂട്ടത്തെ എങ്ങനെ കയ്യടിപ്പിക്കണമെന്നും കരയിക്കണമെന്നും കൃത്യമായി അറിയാവുന്നയാള്‍. രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടുകൂടി പാര്‍ലമെൻ്റിനുള്ളില്‍ മോദിക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. എന്തെങ്കിലുമൊക്കെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന കേജ്രിവാളും മമതയും അഴകൊഴമ്പന്‍ നിലപാടുകള്‍ ആണെങ്കിലും മഹാസഖ്യം ഉണ്ടാക്കിയ നിതീഷ്കുമാറും ഒന്നും പാര്‍ലമെൻ്റിലോ ദേശീയ രാഷ്ട്രീയത്തിലോ കളിക്കാര്‍ അല്ല എന്നതും മോദിക്ക് അനുഗ്രഹമാണ്.

ഗോമാംസ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനു ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വാ തുറക്കാന്‍ കഴിയില്ല എന്നതാണ് സത്യം. കാരണം, ഇന്ത്യയില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഗോവധ നിരോധന നിയമം നടപ്പിലാക്കിയത് BJP അല്ല കോണ്‍ഗ്രസാണ്. ഒന്നോ രണ്ടോ സംസ്ഥാനങ്ങള്‍ക്ക് പുറത്തേക്കു വലിയ ചലനമൊന്നും സൃഷ്ടിക്കാന്‍ കഴിയാത്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഒരു മൈനര്‍ കളിക്കാര്‍ മാത്രമാണ്. ഈ ബദല്‍ സംസ്ഥാനങ്ങളിലേക്ക് മറ്റുള്ളിടത്തെ ജനങ്ങള്‍ പ്രത്യാശയോടെ നോക്കുന്നുണ്ട് എന്നത് സംഘപരിവാറിനെ വിറളി പിടിപ്പിക്കുന്നുണ്ടെങ്കിലും NDA എന്ന ഭരണമുന്നണിക്ക്‌ അതൊരു വെല്ലുവിളിയായി ഇനിയും മാറിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം . സത്യത്തില്‍ അരയിലെ ആയുധങ്ങള്‍ ഒന്നും പുറത്തെടുക്കാതെ തന്നെ അനായാസം വിജയിക്കാന്‍ കഴിയുന്ന ഒരു കളിയാണ് ഇന്ത്യയില്‍ ഇന്ന് നരേന്ദ്രമോദി കളിക്കുന്നത്.

നരേന്ദ്രമോഡി അധികാരമേറ്റ ശേഷം ആദ്യം ഗൌതം അദാനിയെയും കൂട്ടി ഓസ്ട്രേലിയക്ക് പോയത് നയതന്ത്രം കേട്ടിപ്പടുക്കാനായിരുന്നില്ല. അവിടുത്തെ അദാനി പവര്‍ പ്ലാൻ്റിന് പ്രാദേശികമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു കൊടുക്കാന്‍ ആയിരുന്നു. അന്ന് കൂടെ പോയ SBI ചെയര്‍പേഴ്സൻ അരുന്ധതി ഭട്ടാചാര്യ 6200 കോടി രൂപയുടെ ലോണും പാസാക്കി കൊടുത്തു . അതുകൊണ്ട് ഈ ഫാസിസ്റ്റ് ഭരണകൂടം എന്ത് ചെയ്താലും രാഷ്ട്രീയനേട്ടം എന്ന ഉല്‍പ്പന്നത്തെ കൂടാതെ അതിനൊരു കോർപ്പറേറ്റ് ഉപോല്‍പ്പന്നം കൂടി ഉണ്ടാകും. ഇന്നലെ മുതല്‍ BJP ആവര്‍ത്തിച്ചു പറയുന്നു മാംസം അല്ല നിരോധിച്ചത് കശാപ്പാണെന്ന്. അപ്പോള്‍ ഈ ജനങ്ങള്‍ക്ക്‌ കഴിക്കാനുള്ള മാംസം എവിടെ നിന്നും വരും. കേരളത്തിലെ സാഹചര്യങ്ങള്‍ വത്യസ്ഥമാണ്‌. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ എല്ലാ മേജര്‍ സിറ്റികളിലും ബീഫ് വ്യാപാരം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭീഷണിയിലും പ്രതിസന്ധിയിലുമാണ്. പ്രാദേശിക കശാപ്പുശാലകള്‍ ഇല്ലാതായാല്‍ കുത്തകകളുടെ പായ്ക്ക്റ്റ് മീറ്റ്‌ വില്‍പ്പന കുതിച്ചുയരും . അത്തരത്തില്‍ ചില്ലറ വില്‍പ്പന ശൃംഘലകള്‍ ഇന്ത്യയില്‍ ആരുടെ ഉടമസ്ഥതയിലാണ് ? ബീഫിന്റെ പ്രോസസിംഗ് കയറ്റുമതി കുത്തകകള്‍ ആരാണ് നിയന്ത്രിക്കുന്നത് എന്നൊക്കെ അന്വേഷിച്ചാല്‍ ചിത്രം കൂടുതല്‍ വ്യക്തമാകും.

അപ്പോള്‍ സംഘപരിവാറിൻ്റെ രാഷ്ട്രീയലാഭം എന്ത് എന്ന ചോദ്യം ന്യായമായും ഉണ്ടാകും. അവിടെയാണ് ഗോ മാംസത്തെ വെറുമൊരു ഭക്ഷണ പ്രശ്നമായി മാത്രം സമീപിക്കുന്നതുകൊണ്ടുള്ള പ്രശ്നം. ഇന്ത്യ എന്ന ബഹുമുഖ സംസ്കൃതികളുടെ ഒരു കൂട്ടത്തെ ഏകശിലാരൂപമാക്കി ആര്‍ഷത്തില്‍ കൊണ്ടുപോയി തളയ്ക്കാനാണ് എന്നും പരിവാര്‍ ശ്രമിച്ചിട്ടുള്ളത്. ഗോ മാംസ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങള്‍ അല്ലെങ്കില്‍ മുസ്ലീങ്ങള്‍ സ്വയം ശത്രുക്കള്‍ ആയി പ്രഖ്യാപിക്കുമ്പോഴും സംഘപരിവാര്‍ ലക്ഷ്യം ദളിത്‌ പിന്നോക്ക വിഭാഗങ്ങളിലാണ്. ഗോമാംസം ഭക്ഷിക്കുന്നതും പശുവിനെ പാലിനായും കാര്‍ഷിക വൃത്തിക്കായും വളര്‍ത്തുന്നതും മുതല്‍ പശുവിൻ്റെ തോല്‍ കൊണ്ട് ഉപജീവനം നടത്തുന്നതുമായ ഒരു വലിയ സംസ്കൃതി നമ്മുടെ രാജ്യത്തെ ദളിത്‌ വിഭാഗങ്ങള്‍ക്കിടയിലുണ്ട്. ആ സംസ്കൃതികളെ അപ്പാടെ ഉടച്ചു ബ്രാഹ്മണിസത്തിൻ്റെ അജണ്ടകള്‍ നടപ്പാക്കുക എന്ന പരിവാര്‍ ലക്ഷ്യം ഈ ഗോമാംസ രാഷ്ട്രീയത്തില്‍ ഒളിച്ചു കടത്തപ്പെടുന്നുണ്ട്.

ഇന്ത്യയുടെ തെക്കേയറ്റത്ത് കേരളം പോലൊരു ചെറിയ സംസ്ഥാനമെങ്കിലും ഇതിനെ പ്രതിരോധിക്കുന്നുണ്ട് എന്ന തിരിച്ചറിവ്, സ്വന്തം സംസ്കൃതിയും ഭക്ഷണവും ഉപജീവനവും അടിച്ചമര്‍ത്തപ്പെടുന്ന ഒരു വലിയവിഭാഗം ജനങ്ങളുടെ പ്രത്യാശകളുടെയും പ്രതീക്ഷകളുടെയും മുകളില്‍ ഒരു ചുവന്ന സൂര്യനായി പ്രകാശം പരത്തുന്നുണ്ട്.