പ്രബുദ്ധകേരളമെന്ന് എങ്ങനെ അഭിമാനിക്കാനാവും, ആത്മീയ ചൂഷകരുടെ നാടല്ലെ ശരി

ഒരു മനുഷ്യന്റെ, വ്യക്തിയുടെ നൈസര്‍ഗികവും ജൈവികവുമായിട്ടുള്ള പ്രാഥമിക സ്വാതന്ത്ര്യം എന്നു പറയുന്നത് ചിന്തിക്കാനുള്ള സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തെപ്പോലും മതസ്വാധീനത്തിനും അന്ധവിശ്വാസങ്ങള്‍ക്കും സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളുടെ നിര്‍ദേശ നിയന്ത്രണങ്ങള്‍ക്കും മുന്നില്‍ പണയം വയ്ക്കുകയും വ്യക്തിത്വം എന്നത് പൂര്‍ണമായും അപര നിയന്ത്രണത്തിന് വിധേയപ്പെടുത്തുകയും ചെയ്തുകൊണ്ട് തികച്ചും അടിമത്ത മനോഭാവത്തോടെ ജീവിച്ചു ശീലിക്കാനും തുടങ്ങിയിരിക്കുന്നു പുതുതലമുറ. അല്ലങ്കില്‍ ആ വികലമായ സങ്കുചിത പിന്‍തുടര്‍ച്ചാ പാരമ്പര്യത്തിന്റെ തിമിരം ബാധിച്ച പുറംതോട് പൊട്ടിച്ച് പുറത്തേക്കിറങ്ങാന്‍, സ്വതന്ത്രചിന്തയുടെയും യുക്തിയുടെയും തുറന്ന കാഴ്ചയുടെയും ലോകത്തേക്കിറങ്ങാന്‍ കഴിയാതെ പോകുന്നു അവര്‍ക്ക്. മതപൗരോഹിത്യം സ്വതന്ത്ര ചിന്തകള്‍ക്ക് ഇടമോ അവകാശമോ അവസരമോ നല്‍കാതെ മതാന്തതയുടെ വിധേയത്വ മനോഭാവമുള്ള വിശ്വാസികളെയാണ് പലപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കെ എം ജിതിലേഷ് എഴുതുന്നു

പ്രബുദ്ധകേരളമെന്ന് എങ്ങനെ അഭിമാനിക്കാനാവും, ആത്മീയ ചൂഷകരുടെ നാടല്ലെ ശരി

കെ എം ജിതിലേഷ്

കേരളത്തിന്റെ ഭൗതിക നിലവാര അവകാശവാദം എത്ര പൊള്ളയാണെന്ന് തിരിച്ചറിയണമെങ്കില്‍ ഇസ്സഡ് കാറ്റഗറി സുരക്ഷയുടെ സംരക്ഷണത്തില്‍ പുറത്തിറങ്ങാന്‍ ധൈര്യം കാണിക്കുന്ന ആള്‍ ദൈവങ്ങളുടെ മുന്നില്‍ അനുഗ്രഹത്തിന് അണിനിരക്കുന്ന അള്‍ക്കൂട്ടത്തെ നോക്കിയാല്‍ മതി. അവരില്‍ നിന്ന് എണ്ണമെടുത്താല്‍ ഒന്നു കൂടെ മനസ്സിലാകും അക്കാദമിക്കായുള്ള ഇടപെടലിലൂടെ കേരളത്തിലെ പൊതു സമൂഹത്തിനോ ജനങ്ങളുടെ ഭൗതിക ചിന്താ നിലവാരത്തിനോ, സാമൂഹിക നിരീക്ഷണത്തിനോ, പുരോഗമന കാഴ്ചപാടുകള്‍ക്കോ ഒരു തരത്തിലുള്ള വളര്‍ച്ചയും വന്നിട്ടില്ല. മറിച്ച് പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരുന്ന പുരോഗമന ജിവിത നിലവാരം നിരന്തരം പിന്നോട്ട് സഞ്ചരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ആധുനികശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കള്‍ ആയിട്ടുള്ള യുവജനതപോലും അപരിഷ്‌കൃതമായ ജീവിതരീതികളെയും വ്യവസ്ഥിതിയെയും പിന്‍തുടരാനും പിന്തിരിപ്പന്‍ പാരമ്പര്യങ്ങളെയും, അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും പുല്‍കാനും ജീവിതത്തില്‍ കൂടെകൂട്ടാനും മാത്രമല്ല അതിന്റെ പേരില്‍ അഭിമാനിക്കാനും ശ്രമിക്കുന്നു എന്നുള്ളത് ശാസ്ത്ര പുരോഗതിയുടെ ആധുനിക കാലത്ത് ജീവിക്കുന്നവര്‍ എന്നനിലയില്‍ തികച്ചും ലജ്ജാകരമാണ്.

ഒരു മനുഷ്യന്റെ, വ്യക്തിയുടെ നൈസര്‍ഗികവും ജൈവികവുമായിട്ടുള്ള പ്രാഥമിക സ്വാതന്ത്ര്യം എന്നു പറയുന്നത് ചിന്തിക്കാനുള്ള സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തെപ്പോലും മതസ്വാധീനത്തിനും അന്ധവിശ്വാസങ്ങള്‍ക്കും സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളുടെ നിര്‍ദേശ നിയന്ത്രണങ്ങള്‍ക്കും മുന്നില്‍ പണയം വയ്ക്കുകയും വ്യക്തിത്വം എന്നത് പൂര്‍ണമായും അപര നിയന്ത്രണത്തിന് വിധേയപ്പെടുത്തുകയും ചെയ്തുകൊണ്ട് തികച്ചും അടിമത്ത മനോഭാവത്തോടെ ജീവിച്ചു ശീലിക്കാനും തുടങ്ങിയിരിക്കുന്നു പുതുതലമുറ. അല്ലങ്കില്‍ ആ വികലമായ സങ്കുചിത പിന്‍തുടര്‍ച്ചാ പാരമ്പര്യത്തിന്റെ തിമിരം ബാധിച്ച പുറംതോട് പൊട്ടിച്ച് പുറത്തേക്കിറങ്ങാന്‍, സ്വതന്ത്രചിന്തയുടെയും യുക്തിയുടെയും തുറന്ന കാഴ്ചയുടെയും ലോകത്തേക്കിറങ്ങാന്‍ കഴിയാതെ പോകുന്നു അവര്‍ക്ക്. മതപൗരോഹിത്യം സ്വതന്ത്ര ചിന്തകള്‍ക്ക് ഇടമോ അവകാശമോ അവസരമോ നല്‍കാതെ മതാന്തതയുടെ വിധേയത്വ മനോഭാവമുള്ള വിശ്വാസികളെയാണ് പലപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ആത്മിയ വ്യാപാരികളായ ആള്‍ദൈവങ്ങളുടെ നിയന്ത്രണത്തില്‍ ഭക്തജനങ്ങളും അണികളും ശിഷ്യമാരുമൊക്കെയാക്കി മാറ്റിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ വരവ് പലപ്പോഴും ഇത്തരം ചൂഷകരില്‍ നിന്ന് മാറി നടക്കാന്‍ പുതുതലമുറയ്ക്ക് വഴികാട്ടിയാവുന്നത് കാണാതിരുന്നുകൂടാ.

ഭൗതിക ശാസ്ത്രത്തെക്കുറിച്ച് റിസര്‍ച്ച് നടത്തുന്ന ഗവേഷണ വിദ്യാര്‍ത്ഥികള്‍ പോലും വിവാഹത്തിന് ജാതകം നോക്കാനും ചെവ്വാദോഷത്തിന് പ്രതിക്രിയചെയ്യാനും, പരീക്ഷക്ക് മാര്‍ക്ക് കൂടാനും ബിസിനസ്സ് ലാഭത്തിലാക്കാന്‍ പൂജയും ഹോമവും നടത്താനും മന്ത്രിച്ചു കെട്ടാനും, ജപിച്ചു ചൊല്ലാനും പാഞ്ഞു നടക്കും, മെഡിക്കല്‍ സയന്‍സില്‍ സീറ്റ് കിട്ടാന്‍ മത്സരിക്കുന്ന അതെ തലമുറ തന്നെ അസുഖങ്ങള്‍ ധ്യാനിച്ചു മാറ്റുന്ന രോഗശുശ്രൂഷ ശാന്തിക്കു പോകുന്നതും സാംസ്‌കാരിക കേരളത്തില്‍ കാണാം. ഇനി ആത്മീയതകൊണ്ടും, പ്രാര്‍ത്ഥന കൊണ്ടും, യോഗകൊണ്ടും, ധ്യാനം കൊണ്ടുമൊക്കെ ശുദ്ധീകരിച്ചെടുത്തുവെന്ന് അവകാശപെടുന്ന ഈ സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളുടെ, ആത്മീയനേതാക്കളുടെ ഭക്തജനങ്ങളില്‍ ആരെങ്കിലും ഇതര മതസ്ഥരായ രണ്ടുപേര്‍ പരസ്പരം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അപ്പോള്‍ കാണാം മതവാദത്തിന്റെ തിട്ടൂരങ്ങള്‍. ചില അടിയന്തിരഘട്ടത്തില്‍മാത്രം പൊട്ടി മുളച്ച് രൂപംകൊള്ളുന്ന സദാചാര, സംസ്‌കാര സംരക്ഷക കമ്മിറ്റികളും വിചാരണ കോടതികളായി രൂപപെടുന്ന കാലമാണിത്. അന്ധമായ മതസ്വത്വബോധങ്ങള്‍ മാത്രം ആശയമാക്കി ജനിച്ചു വീഴുന്ന ചില യുവജന രാഷ്ട്രീയ സംഘടനകളുടെ സായുധ കായിക വിചാരണ കൂടിയാകുമ്പോള്‍ നവകേരളത്തിന്റെ കൊട്ടിഘോഷിക്കുന്ന മതേതര ഭൗതികനിലവാരം വ്യക്തമാകുകയും ചെയ്യുന്നു.

ഒരു മതേതര ജനാധിപത്യ ഭരണഘടനയ്ക്ക് കീഴില്‍ നിന്ന് കൊണ്ടാണ് മത-സാമുദായിക സംഘടനകള്‍ ഇത്തരത്തില്‍ പൗരന്റെ മൗലികവകാശങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളെയും ഹനിക്കുന്നത് എന്നതാണ് അതിവ ഗൗരവതരം. ഇത്തരത്തിലുള്ള മൗലികവകാശ ലംഘനങ്ങള്‍ക്ക് മൗനാനുവാദം നല്‍കി മതമൗലികവാദികള്‍ക്കും, അപകടകരമായി വളര്‍ന്നു വരുന്ന പൊതുബോധത്തിനും നിയമപാലകര്‍ തന്നെ കാവല്‍ നില്‍ക്കുന്നതും പുരോഗമന കേരളത്തില്‍ കാണാം. സ്‌നേഹവും സാഹോദര്യവും നന്മയും ധ്യാനവും മനുഷ്യത്വവും ഒക്കെ പ്രഭാഷണം നടത്തി ഉപദേശിച്ച് സ്വാധീനിച്ച് ഭക്തജനങ്ങളെ സൃഷ്ടിച്ച ആത്മിയനേതാക്കളെയോ ആള്‍ദൈവങ്ങളെയോ ഗുരുജിമാരെയോ അവരുടെ ആത്മീയ സംഘങ്ങളെയോ ഒന്നും നിങ്ങള്‍ക്കവിടെ കാണാന്‍ കഴിയില്ല. അവിടെ എത്ര ഉദാത്തമായ ആത്മീയത പറഞ്ഞവരായാലും ശരി മനുഷ്യന്‍ മതംകൊണ്ട് വേര്‍തിരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

സാമ്പത്തിക മൂലധനം ജീവിതത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന ഒരു സമൂഹത്തില്‍, ജീവിതത്തിന്റെ എല്ലാ ഇടങ്ങളും ഘട്ടങ്ങളും വാണിജ്യവത്കരിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത് ആത്മസംഘര്‍ഷങ്ങളോ മാനസിക പിരിമുറുക്കങ്ങളോ സമ്മര്‍ദ്ധങ്ങളോ ഇല്ലാത്തവര്‍ അപൂര്‍വം മാത്രം. പ്രത്യേകിച്ച് മധ്യവര്‍ഗ വിഭാഗം. സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളുടെ ശിഷ്യഗണങ്ങളായും, ഭക്തജനങ്ങളായും, പ്രചാരകരായും മാറുന്നവരില്‍ ഭൂരിപക്ഷം സ്ത്രീജനങ്ങളാണ്താനും. ഒട്ടും കുറവല്ലാതെതന്നെ പുരുഷന്‍മാരുമുണ്ടുതാനും. കേരളത്തിലെ വ്യവസ്ഥാപിത പുരുഷകേന്ദ്രീകൃത കുടുംബ ഇടങ്ങളും തൊഴിലിടങ്ങളും നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ ആണധികാര ചൂഷണവും ആത്മസംഘര്‍ഷങ്ങളും, പിരിമുറുക്കങ്ങളും അനുഭവിക്കുന്ന വ്യവസ്ഥാപിത സ്ത്രീ സമൂഹത്തില്‍ വിശ്വാസങ്ങള്‍ക്കും ആത്മീയ ചിന്തകള്‍ക്കുമൊക്കെ വേഗത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നു. സാധാരണക്കാരില്‍ ഇത്തരം കപട ആത്മീയ വ്യാപാരകൂട്ടങ്ങളെ കുറിച്ചുള്ള അജ്ഞതയും അറിവില്ലായ്മയും വേഗത്തില്‍ അവരെ ഇത്തരം ഇടങ്ങളിലേക്ക് ആകര്‍ഷിക്കാനും കാരണമാകുന്നു.

ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളവര്‍ പോലും ഇത്തരം ആള്‍ദൈവ ആത്മീയ വ്യാപാരികളുടെ ശിഷ്യഗണങ്ങളും ആള്‍ക്കൂട്ടങ്ങളും ആവുന്നു എന്നതാണ് ഗൗരവതരം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ശാസ്ത്ര സാങ്കേതികവും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലുമൊക്കെ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ വരെ ഇതില്‍ വരുന്നു. നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളും സിലബസുകളും ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ ഒരു സമൂഹത്തിന്റെ പരിഷ്‌കൃത രൂപപെടലിനും ഭൗതിക നിലവാരത്തിനും വ്യക്തിയില്‍ രൂപപ്പെടേണ്ടതായ വിവേചന ചിന്താശേഷിക്കുമൊക്കെ എത്രത്തോളം ഊന്നല്‍ നല്‍കുന്നുണ്ട്, പ്രാധാന്യം നല്‍കുന്നുണ്ട് എന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

കേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക മാറ്റത്തിന് ചാലക ശക്തിയായിരുന്ന പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ സേവനം, ഭരണകൂടത്തിന്റെ ഇടപെടല്‍, സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ഇടപെടലും സ്വാധീനവും. അതില്‍ നിന്നെല്ലാം കേരളം മാറി നടക്കുകയാണ്. കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും പുരോഗമന സംഘടനകള്‍ക്കും തങ്ങള്‍ക്കുണ്ടാവേണ്ടതായുള്ള ഭാരിച്ച സാമൂഹിക ഉത്തരവാദിത്ത്വങ്ങളെക്കുറിച്ച് വ്യക്തികളുടെ ചിന്തകളിലും ബോധത്തിലും ഇറങ്ങിച്ചെന്നുകൊണ്ട് സാമൂഹികപരമായി നടത്തേണ്ടതായുള്ള പരിഷ്‌കരണങ്ങളെക്കുറിച്ച്, പുരോഗമന രാഷ്ട്രിയ ഇടപെടലുകളെക്കുറിച്ച് തിരിച്ചറിവുണ്ടാകേണ്ടതുണ്ട്. കേവല വര്‍ഗീയ പ്രതിരോധ മുദ്രാവാക്യങ്ങളും മതസൗഹാര്‍ദ സെമിനാറുകളും സമ്മേളനങ്ങളും നടത്തിയതുകൊണ്ടോ ഇത്തരം സാമൂഹിക ജീര്‍ണതകളെ പ്രതിരോധിക്കാന്‍ കഴിയില്ല. വികലപാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ച പാകിയിട്ടുപോയ ഉള്ളില്‍ താലോലിച്ച് വളര്‍ത്തുന്ന മതസ്വത്വബോധം എന്ന ചെടിക്ക് വര്‍ഗ്ഗീയവാദത്തിന്റെ മരമായി വളര്‍ന്നു വരാന്‍ കാലങ്ങള്‍ ആവശ്യമില്ല എന്നത് ഓര്‍ത്താല്‍ നന്ന്.

മുഖ്യധാരാ ഇടതുപക്ഷം പോലും വോട്ടു ബാങ്കുകളായി കാണുന്ന ഭക്തജന കൂട്ടായ്മകളെയും ആള്‍ദൈവകൂട്ടങ്ങളെയും വിമര്‍ശിക്കാന്‍ വിമുഖത കാട്ടുന്നുണ്ട്. മതേതര ജനാധിപത്യ ഭരണഘടനയില്‍ നിലനില്‍ക്കേണ്ട നമ്മുടെ ഗവണ്‍മെന്റുകള്‍ ഇത്തരം സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളെ ആദരിക്കാനും അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നല്‍കാനും സര്‍ക്കാരിന്റെ അതിഥികളാക്കാനും അവരെ ഒപ്പം കൂട്ടാനും മത്സരിക്കുന്നു എന്നതാണ് മറ്റൊരു അപകടകരമായ വസ്തുത. ആത്മീയ ചൂഷകര്‍ക്ക് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കി അവര്‍ രാജ്യത്തിന്റെ മഹദ് വ്യക്തികള്‍ എന്ന് ഒരു മതേതര ജനാധിപത്യ രാജ്യത്തിന്റെ ഭരണകൂടങ്ങള്‍ തന്നെ വിളിച്ചു പറയുന്നു, സ്ഥാപിച്ചെടുക്കുന്നു. ഇത്തരത്തില്‍ വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ആത്മീയ വ്യാപാരത്തിന്റെ ഒരുവലിയ ശൃംഖല തന്നെ ഇന്നു ഇന്ത്യയിലുണ്ട് .ഇന്ത്യന്‍ ജ്യുഡിഷ്യറി സംവിധാനത്തിലെ ട്രിബ്യൂണല്‍ കോടതിവിധികളെ പോലും പരസ്യമായി വെല്ലുവിളിക്കുന്നവര്‍, ആത്മീയതയുടെ മറവില്‍ അവകാശവാദങ്ങള്‍ ഉന്നയിച്ച് ആയുര്‍വേദവും, ഭക്ഷ്യോല്‍പന്നങ്ങളും നിര്‍മ്മിച്ച് മാര്‍ക്കറ്റ് ചെയ്ത് കോടിപതികള്‍ ആകുന്നവര്‍, പരസ്യമായി നടത്തുന്ന നിയമലംഘനങ്ങള്‍ക്ക് പോലും ഭരണകൂട പിന്തുണയും രാഷ്ട്രിയ പിന്തുണയും ഉള്ളത്‌കൊണ്ട് മാത്രം നിയമവിചാരണ ചെയ്യപ്പെടാത്തവര്‍.

ക്രിസ്തുവിന്റെ പേരില്‍ കുരിശുനാട്ടി പൊതുഭൂമി കൈയ്യേറുന്ന ആത്മീയ തട്ടിപ്പിനെക്കുറിച്ച് കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാലംകൂടിയാണിത്. അംഗികാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി വിദ്യാര്‍ത്ഥികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി കമ്പളിപ്പിക്കുന്ന സാമുദായിക ആത്മിയനേതാക്കള്‍ നടത്തുന്ന കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നില്‍ പോലീസ് കേസ് എടുത്തത് ഈ അടുത്ത കാലത്താണ്. കാരന്തൂര്‍ മര്‍ക്കസ് പോലുള്ള ഇത്തരം മാനേജ്‌മെന്റുകളോട് നിയമനടപടികള്‍ ഒന്നും തന്നെ എടുക്കാതെ സര്‍ക്കാരുകള്‍ മൗനം പാലിക്കുന്നതിന്റെ പിന്നിലും ആത്മീയതയുടെ വോട്ടുബാങ്ക് വിലപേശല്‍ തന്നെയാണ്. ഇത്തരം വിവിധ സാമുദായിക മാനേജ്‌മെന്റുകള്‍ നടത്തുന്ന പരസ്യമായ നിയമലംഘനങ്ങള്‍ ജുഡിഷ്യറി സംവിധാനത്തിന്റെ കീഴില്‍ ചോദ്യം ചെയ്യപ്പെടാതെ പോകുന്നതിനുള്ള കാരണവും തെരഞ്ഞെടുക്കപെടുന്ന സര്‍ക്കാരുകളുടെ ദൗര്‍ബല്യമായി തന്നെ കാണേണ്ടിയിരിക്കുന്നു.

ആശുപത്രികളോ കോളേജുകളോ അനാഥാലയങ്ങളോ ഒക്കെ സ്ഥാപിച്ച് ഇന്‍വെസ്റ്റ്‌മെന്റ് നടത്തുക അതിലൂടെ പൊതു സ്വീകാര്യതയും സ്റ്റേറ്റിന്റെ പിന്‍ന്തുണയും നേടാം, തുടര്‍ന്നുണ്ടാകുന്ന വിദേശ ഫണ്ടിങ്ങിന്റെ കണക്ക് പറയേണ്ടതില്ലല്ലോ. ആത്മീയ വ്യാപാരത്തിനായി സ്വന്തമായി ചാനലുകള്‍ വരെ തുടങ്ങാനുള്ള ശേഷിയുണ്ടാവുന്നു ഇവര്‍ക്ക്. അതില്‍ ആരും തന്നെ ഒട്ടും പുറകിലല്ല. അമൃതാനന്ദമയീ മഠത്തിനും, ബിലീവേഴ്‌സ് ചര്‍ച്ചിനും സുന്നി എപിയ്ക്കുമെല്ലാം വന്നുകൊണ്ടിരിക്കുന്ന വിദേശഫണ്ടുകളുടെ വാര്‍ഷിക കണക്കൊന്നു പരിശോധിച്ചാല്‍ തന്നെ അക്കാര്യങ്ങള്‍ വ്യക്തമാകും. വ്യക്തമായ സാമ്പത്തിക മൂലധനആധിപത്യം നേടി കഴിഞ്ഞാല്‍ പിന്നെ നമ്മുടെ നാട്ടിലെ ഒരു മുഖ്യധാരാ മാധ്യമങ്ങളും, രാഷ്ട്രിയ പാര്‍ട്ടികളോ, സര്‍ക്കാര്‍ അന്യോഷണ ഏജന്‍സികളോ, ആരും തന്നെ ഇവരുടെ നിയമ ലംഘനങ്ങളെയോ ഇത്തരക്കാര്‍ നടത്തുന്ന അപകടകരവും സങ്കുചിതവും സാമൂഹിക അധ:പതനത്തിന് കാരണമാവുന്ന ഇടപെടലുകളെ ചെറുക്കാനോ ചോദ്യം ചെയ്യാനോ ഒരിക്കലും ശ്രമിക്കില്ല. ഇത്തരം എതങ്കിലും ഒരു ആത്മീയ വ്യാപാര ഇടങ്ങളില്‍ പോലീസ് നിയമനടപടി സ്വീകരിക്കുകയോ, റെയ്ഡ് ച്ചെയ്യുകയോ ചെയ്താല്‍ എതങ്കിലും ഒരു സാമുദായിക ആള്‍ ദൈവത്തിനു നേരെ ഒന്നു നിയമനടപടി സ്വീകരിച്ചു പോയാല്‍ ആ നിമിഷം വ്രണപെട്ടു പോകാവുന്നതെയുള്ളു സമ്പൂര്‍ണ സാക്ഷരകേരളത്തിലെ മതവികാരം!

ആത്മീയതയുടെ മറവില്‍ മതവും മതത്തിന്റെ നിഴലില്‍ ആത്മീയകച്ചവടവും നടത്തുന്നവര്‍ക്ക് എല്ലാകാലത്തും ഭരണകൂട പിന്‍തുണ ലഭിച്ചു വരാറുണ്ട് എന്നതാണ് വസ്തുത. ആത്മിയ വ്യാപാരത്തെയും സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളെയും ഇത്രതോളം അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ഗവണ്‍മെന്റുകളില്‍നിന്ന് ഇനിയും പ്രതിക്ഷിക്കേണ്ടതായ ചിലതുണ്ട് ,മെയ്ക്ക് ഇന്‍ ഇന്ത്യയും ഡിജിറ്റല്‍ ഇന്ത്യയും സ്വയം തൊഴില്‍ സംരഭങ്ങളുമൊക്കെ നടപ്പിലാക്കുന്ന കൂട്ടത്തില്‍ ആത്മീയ വ്യാപാരവും ഒരു തൊഴില്‍ മേഖലായി പ്രഖ്യാപിച്ചാലും അത്ഭുതപെടാനില്ല. കാരണം ഇത്രത്തോളം വേഗത്തില്‍ വിജയിക്കുകയും, സാമ്പത്തികലാഭം ഉണ്ടാക്കാന്‍ കഴിയുകയും പൊതുജന പിന്തുണ കിട്ടുകയും ചെയ്യുന്ന ബിസിനസ് മേഖല ഇന്ത്യയില്‍ വെറെയില്ല. ഇന്ത്യയിലെ സ്പിരിച്വല്‍ കമ്യൂണിറ്റികളുടെയും ആത്മീയ ആള്‍ദൈവങ്ങളുടെയും സാമ്പത്തിക സ്രോതസും ആസ്തിയും അവരുടെയൊക്കെ വളര്‍ച്ചയുടെ വേഗതയും എടുത്ത് പരിശോധിച്ചാല്‍ നമുക്ക് മനസിലാകും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനികളുടെയും വ്യവസായ സംരംഭങ്ങളുടെയും ഒക്കെ വിറ്റുവരവിന്റെയും, ലാഭത്തിന്റെയും ഗ്രാഫിനൊപ്പവും അതിനും മുകളിലുമാണ് ഇന്ത്യയില്‍ ആത്മീയതയുടെ വിറ്റുവരവെന്ന്.

കേരളത്തിന്റെ വ്യവസ്ഥാപിത പൊതുബോധത്തെ വളക്കൂറുള്ള മണ്ണാക്കി വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ആത്മീയ കച്ചവടക്കാരെയും സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളെയും അവരുടെ ഭക്തജനങ്ങളെയും നിരീക്ഷിച്ചാല്‍ ഒന്നു മനസ്സിലാവും. എത്രത്തോളം അപകടകരമായൊരു ചുഴിയിലേക്കാണ് പ്രബുദ്ധ കേരളം സഞ്ചരിക്കുന്നതെന്ന്. ഇത്തരം നീരാളികളില്‍ നിന്ന് രക്ഷ നേടാന്‍ ജനനേന്ദ്രിയം മാത്രമല്ല, തലയ്ക്ക് പോലും കത്തിവെച്ചാല്‍ അത്ഭുതപ്പെടാനില്ല. കാരണം ആത്മീയ ചൂഷണത്തില്‍ നിന്ന് വിടുതല്‍ നേടാതെ ഇനിയൊരു തലമുറയ്ക്ക് സമൂഹത്തെ നയിക്കാനാവില്ലെന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നുണ്ട്. കൊ