ഓൺലൈനിലൂടെ മാത്രം പാസ്സ് നൽകുന്നത് നിർത്തണം; ഈ ആൾക്കൂട്ടമാണ് മേളയെ ജനകീയ ഉത്സവമായി നിലനിർത്തുന്നത്

അക്കൗണ്ടിൽ പണവും ഓൺലൈൻ രജിസ്ട്രേഷനെപ്പറ്റി അറിവുമുള്ളവക്ക് മാത്രമേ മേളയിൽ പങ്കെടുക്കാനാകൂ എന്നത് ന്യായമാണോ? ഇന്റർനെറ്റ് കണക്ഷനും ബാങ്ക് അക്കൗണ്ടിൽ പണവുമുണ്ടായാലേ രജിസ്‌ട്രേഷൻ ചെയ്യാൻ കഴിയൂ എന്നത് ഒരു തരം വിവേചനമാണ്- രേഖ രാജ് എഴുതുന്നു.

ഓൺലൈനിലൂടെ മാത്രം പാസ്സ് നൽകുന്നത് നിർത്തണം; ഈ ആൾക്കൂട്ടമാണ് മേളയെ ജനകീയ ഉത്സവമായി നിലനിർത്തുന്നത്

കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലെ ആൾക്കൂട്ടപ്പേടി എന്നത് വലിയ കാര്യമായി ഞാൻ കണക്കാക്കുന്നില്ല. പക്ഷെ, ചലച്ചിത്രാസ്വാദകർ സമയബന്ധിതമായി ഐ എഫ്എഫ്കെ രജിസ്ട്രേഷൻ നടത്തണമെന്ന് പറയുന്നത് നീതിയല്ല. അക്കൗണ്ടിൽ പണവും ഓൺലൈൻ രജിസ്ട്രേഷനെപ്പറ്റി അറിവുമുള്ളവക്ക് മാത്രമേ മേളയിൽ പങ്കെടുക്കാനാവൂ എന്നത് ന്യായമാണോ? ഇന്റർനെറ്റ് കണക്ഷനും ബാങ്ക് അക്കൗണ്ടിൽ പണവുമുണ്ടായാലേ രജിസ്‌ട്രേഷൻ ചെയ്യാൻ കഴിയൂ എന്നത് ഒരു തരം വിവേചനമാണ്. ഫെസ്റ്റിവലിന് പോകാൻ താല്പര്യമുള്ളവർക്ക് പണം റെഡിയാക്കാനുള്ള സാവകാശം കൊടുക്കണം. അതല്ലാതെ ഇത്ര സമയത്തിനുള്ളിൽ അത് തീർക്കണമെന്നത് ശരിയല്ല. സിനിമ കാണണമെന്ന് ആഗ്രഹമുള്ള, സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കണമെന്നാഗ്രഹമുള്ള ഒരാൾക്ക് കയ്യിൽ പണവും ഇന്റർനെറ്റ് സൗകര്യവും ആ സമയത്തിനുള്ളിൽ ലഭ്യമായില്ലെങ്കിൽ അയാൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വരും. അത് കുറ്റകൃത്യമാണ്.

ആദ്യമൊന്നും നേരത്തെ രജിസ്റ്റർ ചെയ്യാറില്ലായിരുന്നു. മേള സ്ഥലത്തു പോയിട്ട് അവിടെ വെച്ച് ചെയ്യലായിരുന്നു പതിവ്. ഓൺലൈൻ രജിസ്ട്രേഷനൊന്നും ഇല്ലായിരുന്നു. തപാലിൽ അപേക്ഷ കൊടുത്ത് കാത്തിരിക്കേണ്ട ഒരു സമയമുണ്ടായിരുന്നു. അന്ന് ഇത്ര തിരക്കുണ്ടായിരുന്നില്ല. മേള ഒരു ജനകീയ ആഘോഷമാകുന്നതിന് മുൻപുള്ള കാലത്തായിരുന്നു ഇത്. അതിനു ശേഷമാണ് മേള ഇത്ര തിരക്കുള്ള ജനകീയ ഉത്സവമായി മാറുന്നത്. അപ്പോഴും സിനിമ കാണാത്തവർക്ക് അവിടെ വന്നിരുന്ന സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ കൂടുതലും സിനിമകൾക്ക് സീറ്റ് പിടിക്കാനുള്ള ഓട്ടമാണ്. അത് കൊണ്ട് തന്നെ സാംസ്കാരിക ഇടപെടലുകൾ ഇന്ന് കുറഞ്ഞിട്ടുണ്ട്. അത് എനിക്ക് വിഷമകരമാണ്.

ക്യൂ മറ്റൊരു പ്രശ്നമാണ്. രണ്ടോ മൂന്നോ മണിക്കൂറുകൾ ക്യൂ നിന്ന് സിനിമ കാണാൻ ആളുകൾ തയ്യാറാണ്. പണ്ട് കുറച്ചു കൂടി റിലാക്സ്ഡായിട്ടുള്ള സിനിമ കാണലായിരുന്നു. അത് മാറ്റാൻ സർക്കാരിന് ഒന്നും ചെയ്യാൻ പറ്റില്ല. ജനങ്ങളുടെ മനോഭാവം മാറണം. ഫെസ്റ്റിവലിനായി മാത്രമുള്ള തീയറ്ററുകൾ ഇനിയുമുണ്ടാവണം. ശരിക്കും ആൾക്കൂട്ടം ഒരു പ്രശ്നം തന്നെയാണെന്ന് തോന്നുന്നു. പക്ഷെ, ടിക്കറ്റ് രജിസ്‌ട്രേഷൻ ഓൺലൈനിൽ മാത്രമായി ഒതുക്കുന്നത് നീതികേടാണ്. ഓൺലൈനിൽ 80 ശതമാനം പാസുകൾ നൽകട്ടെ. ബാക്കിയുള്ളത് നേരിട്ട് നൽകണം. ഇതിപ്പോ ടെക്നിക്കലി പെർഫെക്ട് ആയവർക്ക് മാത്രമേ സിനിമ കാണാൻ സാധിക്കൂ. പ്രായമുള്ളവർക്കും സിനിമ കാണേണ്ടതാണ്. മേളയ്ക്ക് വരുന്നവരെ പല വിഭാഗമായി തിരിക്കണം. സിനിമ കാണാൻ വരുന്നവരെയും മേള കാണാൻ വരുന്നവരെയും വർഗീകരിക്കണം. സിനിമ കാണാൻ വരുന്നവർ ഇഷ്ടമുള്ളത് കാണട്ടെ. ഇത്തരം സാസ്കാരിക മേളകളിൽ മറ്റ് പല കാര്യങ്ങളും കൂടിയുണ്ട്. പ്രണയവും, ചങ്ങാത്തവും പാട്ടുമൊക്കെ ചേർന്നതാണ് മേള. അതങ്ങനെ തന്നെ നിൽക്കട്ടെ. അതാണതിന്റെ നിറവ്. സാംസ്കാരിക വരേണ്യ വർഗ്ഗത്തിൽ നിന്നും സിനിമ ജനകീയയാമായി എന്നതാണ് മേളയുടെ ഗുണം. പാരമ്പര്യം അവകാശപ്പെടാനില്ലാത്തവരും സാധാരണക്കാരുമായ പലരും ലോക സിനിമകൾ കണ്ടു. സിനിമ കണ്ടു. അതാണ് മേളയുടെ നേട്ടം.

- രേഖ രാജ്

Story by
Read More >>