പെൺ സുരക്ഷയ്ക്കായി ഒരുക്കിയ 'വാർത്തയും' വേട്ടയാടപ്പെട്ട പെണ്ണുങ്ങളും; മാപ്പു പറച്ചിലിലൊതുങ്ങാത്ത ക്രൂരതകൾ

പ്രണയിക്കാം എന്നും ടെലിഫോൺ സെക്സിൽ ഏർപ്പെടാം എന്നും പറഞ്ഞെത്തിയ ഒരു വനിതയോടു ഉഭയസമ്മതപ്രകാരം പൈങ്കിളി സംസാരിച്ച മന്ത്രിയാണോ ഇവര്‍ പറഞ്ഞ സ്ത്രീകളുടെ വേട്ടക്കാരൻ? അതോ ചാനൽ കാമറയ്ക്കു മുന്നിൽ തലകുനിച്ചിരുന്ന എ കെ ശശീന്ദ്രന്റെ ഭാര്യ, ശശീന്ദ്രനോട് സംസാരിക്കാന്‍ നിയോഗിക്കപ്പെട്ട പെൺകുട്ടി, ഇതുമായി യാതൊരു ബന്ധവുമില്ലാത്ത നൂറുകണക്കിന് സ്ത്രീകള്‍ -ഇവരെയെല്ലാം ഒരു 'ബ്രേക്കിംഗ് ന്യൂസ്' കൊണ്ട് വേട്ടയാടിയ മാധ്യമ സ്ഥാപനമാണോ വേട്ടക്കാര്‍ ? മാപ്പുപറച്ചിൽ കൊണ്ട് അവസാനിക്കുന്നില്ല...ഒന്നും!

പെൺ സുരക്ഷയ്ക്കായി ഒരുക്കിയ വാർത്തയും വേട്ടയാടപ്പെട്ട പെണ്ണുങ്ങളും; മാപ്പു പറച്ചിലിലൊതുങ്ങാത്ത ക്രൂരതകൾ

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനമായ വാർത്ത എന്ന പരിവേഷത്തോടെയാണ് മംഗളം ടെലിവിഷൻ തങ്ങളുടെ സംപ്രേക്ഷണം ആരംഭിക്കുന്നത്. അഗതിയും നിരാലംബയുമായ, സഹായം അഭ്യർത്ഥിച്ചു വന്ന ഒരു വീട്ടമ്മയോട്, മന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ക്രൂരവും പൈശാചികവുമായ ലൈംഗികാതിക്രമം എന്ന തായംബകയോടെ എത്തിയ എഴുന്നള്ളിപ്പായിരുന്നു ആ വാർത്ത. എന്നാൽ മുഴങ്ങി നിന്നതാകട്ടെ മന്ത്രിയുടെ പ്രണയാർദ്രമായ ശബ്ദവും. മന്ത്രി രാജി വെച്ച് പുറത്ത് പോയെങ്കിലും മാപ്പു പറച്ചിലിന് തൊട്ടു മുൻപുള്ള നിമിഷം വരെ മംഗളം ടെലിവിഷനും അതിലെ എഡിറ്റർമാറും ടെലിവിഷൻ ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പകർന്നാടിയതും കേരളം കണ്ടതാണ്.

'ഒടുവിൽ കുറ്റ സമ്മതം നടത്തി അല്ലേ?' - എന്ന സലിംകുമാർ സിനിമാ വചനം പോലെ ഗതിമുട്ടിയപ്പോൾ ചാനൽ സിഇഒ അജിത്കുമാർ ചാനലിൽ പ്രത്യക്ഷപ്പെട്ട് മാപ്പപേക്ഷയും നടത്തി. അതോടെ കൂടുതൽ പ്രസക്തമാവുന്നത് മറ്റൊരു ചോദ്യത്തിനാണ്. ആരാണ് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി?ചാനലിന്റെ വരവ് ആഘോഷമാക്കാനൊരുക്കിയ വാർത്ത മുതൽ ഇങ്ങോട്ട് ഓരോ നിമിഷവും ചാനൽ സൃഷ്ടിച്ച പെണ്ണിരകൾ നിരവധിയാണ്. മാപ്പു പറച്ചിലിൽ അജിത്കുമാർ പറഞ്ഞത് ഈ ജോലി സ്വയം ഏറ്റെടുത്ത ഒരു മാധ്യമപ്രവർത്തക എന്നാണ്. അതായത് ഉത്തരവാദിത്തം ആ സ്ത്രീക്ക് മാത്രമാണെന്ന്! ആ സ്ത്രീ ഒരു ബ്രെയ്ക്കിങ് ന്യൂസിനുവേണ്ടിയുള്ള ചാനലിന്റെ അന്വേഷണത്തിൽ ഇരയാക്കപ്പെടുകയായിരുന്നു.

പിന്നീട് തങ്ങളുടെ ഭാഗം ന്യായീകരിക്കാനായി ചാനലിന്റെ ന്യൂസ് എഡിറ്റർ എസ് വി പ്രദീപ് എ കെ ശശീന്ദ്രൻ ഒരു ഉത്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കുമ്പോൾ അടുത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയെ നോക്കുന്ന ചിത്രം വാട്‍സ് ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ചാനൽ കളികൾ ഒന്നും അറിയാത്ത ഒരു പെൺകുട്ടി ഇരയാക്കപ്പെടുകയായിരുന്നു അവിടെയും. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മംഗളം ടെലിവിഷന്റെ ആണിക്കല്ലിളക്കുന്നത് അൽനീമ അഷ്‌റഫ് എന്ന യുവ ജേര്ണലിസ്റ്റിന്റെ രാജിയോടെയാണ്. പതിറ്റാണ്ടുകളുടെ മാധ്യമ പാരമ്പര്യം അവകാശപ്പെടുന്നവരുടെ മുഖത്തേക്ക് നോക്കി ഇതല്ല ജേർണലിസം എന്ന് വിളിച്ചു പറയാൻ ആ കുട്ടിക്ക് കഴിഞ്ഞു. എന്നാൽ ന്യൂസ് എഡിറ്റർ എസ്‌ വി പ്രദീപ് വളരെ മോശമായ രീതിയിലുള്ള സൂചനകളും വാക്കുകളും ഉപയോഗിച്ച് അൽനീമയെ ഒരു സ്ത്രീയെന്ന നിലയിൽ അവഹേളിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു.

ഇതിനിടയിൽ ചാനൽ മന്ത്രിയുടെ അടുത്തേക്ക് പറഞ്ഞു വിട്ട വനിതാ ജേർണലിസ്റ്റിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞിരുന്നു. യഥാർത്ഥ ആളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ ഉതകുന്ന രീതിയിൽ നേരത്തെ മംഗളത്തിൽ നിന്നും രാജി വച്ച് പോയ ചിലരെ സൂചിപ്പിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയതിനു പിന്നിലും ആരെന്നു കണ്ടത്തേണ്ടതുണ്ട്.

എല്ലാത്തിനും അവസാനം മംഗളത്തിൽ മാത്രമല്ല, മാധ്യമ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ വനിതാ മാധ്യമപ്രവർത്തകരെയും അവഹേളിക്കുന്ന നിലയിലെത്തി കാര്യങ്ങൾ. പ്രണയിക്കാം എന്നും ടെലിഫോൺ സെക്സിൽ ഏർപ്പെടാം എന്നും പറഞ്ഞെത്തിയ ഒരു വനിതയോടു ഉഭയസമ്മതപ്രകാരം സംസാരത്തിലേർപ്പെട്ട മന്ത്രിയാണോ സ്ത്രീകളുടെ വേട്ടക്കാരൻ? അതോ ചാനൽ കാമറയ്ക്കു മുന്നിൽ തലകുനിച്ചിരുന്ന എ കെ ശശീന്ദ്രന്റെ ഭാര്യയും ശശീന്ദ്രനോട് സംസാരിക്കാനെത്തിയ പെൺകുട്ടിയും അടക്കം ഇതുമായി യാതൊരു ബന്ധം പോലുമില്ലാത്ത നൂറുകണക്കിന് സ്ത്രീകളെയും ഒരു 'ബ്രേക്കിംഗ് ന്യൂസ്' കൊണ്ട് വേട്ടയാടിയ മാധ്യമ സ്ഥാപനമോ? മാപ്പുപറച്ചിൽ കൊണ്ട് അവസാനിക്കുന്നില്ല ഒന്നും.