ചീഫ് ജസ്റ്റിസിന്റെ കർത്തവ്യം കോടതിയെ ഒരുമയോടെ കൊണ്ടുപോകേണ്ടതാണ്; തനിക്കു തുല്യനായ മറ്റൊരു ജഡ്ജിയുടെ ഉത്തരവിനെ മറികടക്കാൻ അധികാരമില്ല

പ്രതിഷേധമുയർത്തിയ നാലു ജഡ്ജിമാർ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചല്ല, നീതിന്യായ വ്യവസ്ഥയുടെ ഭാവിയിലുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് അവർ ശബ്ദമുയർത്തിയത്- സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ എഴുതുന്നു.

ചീഫ് ജസ്റ്റിസിന്റെ കർത്തവ്യം കോടതിയെ ഒരുമയോടെ കൊണ്ടുപോകേണ്ടതാണ്; തനിക്കു തുല്യനായ മറ്റൊരു ജഡ്ജിയുടെ ഉത്തരവിനെ മറികടക്കാൻ അധികാരമില്ല

രാജീവ് ധവാൻ

കേസുകളിൽ തീർപ്പ് കൽപ്പിക്കുമ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഒരു വോട്ട് മാത്രമാണുള്ളത്. നിരവധി കേസുകളിൽ ചീഫ് ജസ്റ്റിസിന്റെ വോട്ട് ന്യൂനപക്ഷ തീരുമാനത്തിൽ ഉൾപ്പെടാറുമുണ്ട്. അതിനാലാണ് അദ്ദേഹം ഒരേ നിലയിലുള്ള ആളുകളുടെ നേതാവാകുന്നത് (First among equals). സീനിയോരിറ്റി മാനദണ്ഡമാക്കിയുള്ള സ്ഥാനമാണെന്നതിനാൽ ചീഫ് ജസ്റ്റിസ് കോടതിയിലെ മികച്ച ന്യായാധിപൻ ആവണമെന്നുമില്ല. എന്നാൽ മറ്റുള്ളവരെക്കാൾ പ്രതാപമുള്ളയാളാണെന്ന് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ചീഫ് ജസ്റ്റിസിന്റെ ഒാഫീസിനാവും. ഈ ദുഖകരമായ അവസ്ഥയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കും ഉണ്ടായിരിക്കുന്നത്.

വെള്ളിയാഴ്ച ജസ്റ്റിസുമാരായ ജെ ചെലമേശ്വർ, രഞ്ചൻ ​ഗൊ​ഗോയി, മദൻ ബി ലോകൂർ, കുര്യൻ ജോസഫ് എന്നിവർ നടത്തിയ അസാധാരണമായ വാർത്താ സമ്മേളനത്തിലൂടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നീതിന്യായ വ്യവസ്ഥയുടെ ശരിയായ ക്രമത്തിലല്ല കേസുകൾ പരി​ഗണിക്കാൻ ജഡ്ജിമാരെ നിശ്ചയിക്കുന്നതെന്നും ഇത് വിപരീത ഫലമുണ്ടാക്കുന്നതായും ആരോപിച്ചിരുന്നു. കേസുകൾ വീതിച്ചു നൽകുന്നതിനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരം തോന്നിയതു പോലെ ആകരുത്. എന്നാൽ, ദീപക് മിശ്ര മറിച്ച് ചിന്തിക്കുന്നതായാണ് കാണുന്നത്.

മെഡിക്കൽ അഡ്മിഷൻ തട്ടിപ്പു കേസിൽ ജൂനിയർ ജഡ്ജിയായ എ കെ സിക്രിയുടെ ബെഞ്ചിനാണ് കേസ് അയച്ചത്. എന്നാൽ അഞ്ച് മുതിർന്ന ജഡ്ജിമാർ ഉൾപ്പെട്ട ‍ബെഞ്ച് വാദം കേൾക്കണമെന്നാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ ‍ബെഞ്ച് ഉത്തരവിട്ടത്.

ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ചെലമേശ്വറിന്റെ നിയമപരമായി കൃത്യമായ ഉത്തരവിനെ മറികടക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര താൽക്കാലിക നോട്ട് എഴുതുകയായിരുന്നു. വാക്കുകളിലൂടെയോ എഴുത്തിലൂടെയോ ഉത്തരവിലൂടെയോ തനിക്കു തുല്യനായ മറ്റൊരു ജഡ്ജിയുടെ ഉത്തരവിനെ മറികടക്കാൻ ചീഫ് ജസ്റ്റിസിന് അധികാരമില്ല.

ഭരണഘടനാ ‍ബെഞ്ച് വീണ്ടും ചേർന്നപ്പോൾ, 'വ്യക്തിപരമായ കാര്യത്തിനു' വേണ്ടി നേരത്തെ ഉണർന്നുവെന്നും മിശ്ര പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തിപരമായി യാതൊന്നുമില്ല.

ജനുവരി 12ന്, ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശരിയായ രീതിയിലല്ല കേസ് അലോട്ട് ചെയ്തത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, എം എം ശാന്തന ​ഗൗഡർ എന്നിവരടങ്ങുന്ന ‍ബെഞ്ചിനാണ് കേസ് നൽകിയത്.

കോടതി നടപടികൾ ആരംഭിക്കുന്നതിനു മുമ്പേ, 10.30നു തന്നെ പ്രതിഷേധമുയർത്തിയ നാലു ജഡ്ജിമാരും ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാൽ ജഡ്ജിമാർ ഉന്നയിച്ച കാര്യങ്ങൾ പരി​ഗണിക്കുന്നതിന് ചീഫ് ജസ്റ്റിസ് തയ്യാറായിരുന്നില്ലെന്ന് ഉൗഹിക്കാവുന്നതാണ്. സഹപ്രവർത്തകരെ പരി​ഗണിക്കുന്നതിലുള്ള ഇത്തരം പഴഞ്ചൻ നിലപാടുകളാണ് വാർത്താസമ്മേളനത്തിലേക്ക് വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചത്.

കേസുകൾ നിശ്ചയിച്ച് നൽകുന്നതിനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരം ​ദുരുപയോ​ഗം ചെയ്തതിനു പുറമേ, ജഡ്ജിമാരുടെ നിയമനത്തിലും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. 2015ലെ നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മീഷൻ (എൻജെഎസി) കേസിനു ശേഷം, കൊളീജിയത്തിലൂടെ ഹെെക്കോടതി, സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള അധികാരം സുപ്രീം കോടതി പുനസ്ഥാപിച്ചിരുന്നു. ഇതിൽ കേന്ദ്ര സർക്കാരിനും സുപ്രീം കോടതിക്കുമിടയിൽ നടപടിക്രമങ്ങളുടെ ഒരു ധാരണാപത്രം (Memorandum of Procedure) ആവശ്യമായിരുന്നു. ഇക്കാര്യത്തിൽ അറ്റോണി ജനറലായ മുകുൾ രോഹത്​ഗിയോട് സാഹായിക്കുന്നതിന് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം പിന്മാറിയിരുന്നു. ഇതായിരുന്നു അറ്റോണി ജനറൽ രാജ്യത്തിന്റേതല്ല നിലവിലെ സർക്കാരിന്റേതാണെന്ന് ഞാൻ കോടതിയിൽ പറയുന്നതിന് പ്രേരിപ്പിച്ചത്.

ജഡ്ജി നിയമനം സംബന്ധിച്ച സുപ്രീം കോടതിയിലെ കേസിനു ശേഷവും നിയമനക്കാര്യത്തിൽ അടിയറവ് പറയേണ്ടി വന്നത് ആശ്ചര്യജനകമാണ്. മെമോറാണ്ടം ഒാഫ് പ്രൊസീജ്യർ കേന്ദ്ര സർക്കാരിന് കോടതിക്കു മുകളിൽ ഒരു മേൽക്കെെ നൽകുന്നില്ല. എന്നാൽ കഴിഞ്ഞദിവസം പുറത്തുവന്ന ചീഫ് ജസ്റ്റിസിന് ജഡ്ജിമാർ അയച്ച കത്തിൽ 2017 മാർച്ചിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി മെമോറാണ്ടം ഒാഫ് പ്രൊസീജ്യർ അയച്ചു കൊടുത്തതായി വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് അവർ ഇത് സ്വീകരിച്ചതായി സമ്മതിക്കുന്നതാണ്. പക്ഷേ ഇത് സുപ്രീം കോടതി പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള സർക്കാരിന്റെ ഉപായമാണ്.

മുൻ ചീഫ് ജസ്റ്റിസായ ഖേഹർ നാശനഷ്ടങ്ങളിലൂടെ ലഭിച്ച വിജയമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ പിൻ​ഗാമി പറഞ്ഞത് മെമ്മോറാണ്ടം ഒാഫ് പ്രൊസീജ്യറിൽ തീരുമാനമായെന്നാണ്. എന്നാൽ എന്താണ് തീരുമാനമായത്? എന്താണ് അവിടെ തീരുമാനമാക്കാനുള്ളത്? കേന്ദ്ര സർക്കാരിൽ നിന്നും മറുപടിയൊന്നുമില്ലാതെ സുപ്രീം കോടതിയുടെ മെമ്മോറാണ്ടം ഒാഫ് പ്രൊസീജ്യർ നടപ്പിലായി.

വെള്ളിയാഴ്ചയുണ്ടായ സംഭവ വികാസങ്ങളെ 'കോടതിക്കുള്ളിലെ വിപ്ലവം' എന്ന് വിളിക്കാൻ ഞാൻ തയ്യാറല്ല. പ്രതിഷേധമുയർത്തില നാലു ജഡ്ജിമാർ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പൊതുപ്രശ്നമാണ് ഉയർത്തിയത്. തന്റെ സഹപ്രവർത്തകരെ നല്ലനിലയിൽ കെെകാര്യം ചെയ്യാനും അവരുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാനും തയ്യാറാവാത്ത ചീഫ് ജസ്റ്റിസ് ഭരണഘടനാപരമായി തന്നിൽ നിക്ഷിപ്തമായ കർത്തവ്യത്തിലാണ് വീഴ്ച വരുത്തിയത്.

സുപ്രീം കോടതിയിലെ ജഡ്ജിമാർ ചീഫ് ജസ്റ്റിസിന്റെ കീഴുദ്യോ​ഗസ്ഥരല്ല. ചീഫ് ജസ്റ്റിസിനൊപ്പമാണ് അവർ കൊളീജിയം രൂപീകരിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ കർത്തവ്യം കോടതിയിലെ ജഡ്ജിമാരെയും അഭിഭാഷകരെയും തന്നോടൊപ്പം കൊണ്ടുപോവുക എന്നുള്ളതാണ്.

പ്രതിഷേധമുയർത്തിയ നാലു ജഡ്ജിമാർ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചല്ല, നീതിന്യായ വ്യവസ്ഥയുടെ ഭാവിയിലുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് അവർ ശബ്ദമുയർത്തിയത്.

ഇതൊരു 'ആഭ്യന്തര പ്രശ്നം' ആണെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. എന്നാൽ കേന്ദ്ര സർക്കാരിന് സമ്മർദ്ദം ചെലുത്തി ജുഡീഷ്യൽ നിയമനങ്ങളിൽ സുപ്രീം കോടതിയെ ഒരിക്കലും വിലയ്ക്കെടുക്കാനാവില്ല.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാജിവയ്ക്കണമെന്നാണ് ചിലർ പറയുന്നത്. എന്നാൽ ചുരുങ്ങിയ പക്ഷം അദ്ദേഹം ഇക്കാര്യത്തിൽ പശ്ചാത്തപിക്കുകയെങ്കിലും ചെയ്യണം.

(കടപ്പാട്: ഇക്കണോമിക് ടെെംസ്)

Read More >>