തദ്ദേശീയ ജനതയുടെ മനുഷ്യാവകാശങ്ങൾ

തദ്ദേശീയമായ ജനങ്ങളുടെ അവകാശമാണ് അവരുമായി ബന്ധപ്പെടുന്ന കരാറുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പാക്കുന്നതിനും കൂടിയാലോചിക്കുന്നതിനും അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നത്. ഭരണകൂടങ്ങള്‍ തദ്ദേശീയ ജനതകളുടെ പിന്‍ഗാമികളുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉടമ്പടികളും കരാറുകളും ബഹുമാനിക്കുകയും ആദരിക്കുകയും വേണം.

തദ്ദേശീയ ജനതയുടെ മനുഷ്യാവകാശങ്ങൾ

തദ്ദേശീയ ജനതാ ദിനാചരണം

എല്ലാ വര്‍ഷവും ഓഗസ്റ്റ് ഒമ്പതിനു ഐക്യരാഷ്ട്രസഭ ലോകത്തിലെ തദ്ദേശീയ ജനതകളുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നു. ഇന്നേ ദിനം തെരഞ്ഞെടുക്കുവാനുള്ള കാരണം, ഇതേ ദിവസം 1982ല്‍ ആയിരുന്നു ഐക്യരാഷ്ട്ര സഭയുടെ തദ്ദേശീയ ജനതയെകുറിച്ചുള്ള ആദ്യത്തെ മീറ്റിങ് സംഘടിപ്പിച്ചത്. 2007 സെപ്തംബര്‍ മാസം 13ന് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ വെച്ച് തദ്ദേശീയ ജനതകളുടെ അവകാശ പ്രഖ്യാപനം നടത്തുകയുണ്ടായി. ഈ വര്‍ഷം ഐക്യരാഷ്ട്ര സഭ തദ്ദേശീയ ജനതകളുടെ അവകാശ പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നു.

ഈ പ്രഖ്യാപനം തദ്ദേശീയ ജനതകള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ അതിജീവനത്തിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുന്നതിനും ഉതകുന്ന വിധം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാനും ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ അവകാശ പ്രഖ്യാപനത്തിലൂടെ കാര്യമായ മാറ്റങ്ങള്‍ പ്രകടമായെങ്കിലും തദ്ദേശീയ ജനതകളെ ഔപചാരികമായി അംഗീകരിക്കുന്നതിലുണ്ടായ കുറവുകള്‍ മൂലം അവര്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും അവ നടപ്പിലാക്കുന്നതിലും പല രാജ്യങ്ങളും പരാജയപ്പെടുകയുണ്ടായി.

ഇതിന്റെ ഫലമായി തദ്ദേശീയ ജനതകള്‍ മുഖ്യധാരാ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുകയും അവരുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ പരാജയം വരിക്കുകയുമുണ്ടായി. 2007ലെ ഐക്യരാഷ്ട്ര സഭയുടെ തദ്ദേശീയ ജനതകളുടെ അവകാശപ്രഖ്യാപനത്തെ ഇന്ത്യ അനുകൂലിക്കുകയും 1957 ലെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (107) ഉടമ്പടിയില്‍ ഒപ്പുവെക്കുകയും ചെയ്തുവെങ്കിലും, തദ്ദേശീയ ജനത എന്ന ആശയത്തെ ഇന്ത്യ അംഗീകരിക്കുന്നില്ല, മറിച്ച് ഇന്ത്യയില്‍ വസിക്കുന്നവരെല്ലാം തദ്ദേശീയരാണ് എന്ന നിലപാടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്.

ആരാണ് തദ്ദേശീയജനത?

ഐക്യരാഷ്ട്രസഭയുടെ ഉപസംഘടനയായ അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ 169-ആമത് കണ്‍വെന്‍ഷന്‍ ആണ് തദ്ദേശീയജനതയുടെ ഒരു നിര്‍വചനം തുടക്കത്തില്‍ തയ്യാറാക്കാന്‍ തുനിഞ്ഞത്. എന്നാല്‍ പിന്നീട് അവതരിപ്പിക്കപ്പെട്ടതും കൂടുതല്‍ സ്വീകാര്യവുമായി മാറിയ UNDRIP എന്ന United Nations Declaration on the Rights of Indigenous People തദ്ദേശീയ ജനതയുടെ ഒരു നിര്‍വചനം അവതരിപ്പിച്ചിട്ടില്ല. എന്നിരുന്നാലും ഈ രണ്ടു ശ്രമങ്ങളിലും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു സവിശേഷത തദ്ദേശീയ ജനത സ്വയം നിര്‍വചിക്കുന്ന ഐഡന്റിറ്റിക്ക് അവ മുന്‍തൂക്കം കൊടുക്കുന്നു എന്നതാണ്. അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ 169-ാമത്തെ കണ്‍വെന്‍ഷന്‍ Convention concerning Indigenous and Tribal Peoples in Independent Countries അഥവാ സ്വതന്ത്ര രാജ്യങ്ങളിലെ തദ്ദേശീയ-ഗോത്ര സമൂഹങ്ങളെ സംബന്ധിക്കുന്ന ഉടമ്പടി എന്നും അറിയപ്പെടുന്നു. 1989-ല്‍ ആണ് ഈ ഉടമ്പടി തയ്യാറാക്കപ്പെട്ടതും ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടതും. ഏകദേശം 22-ഓളം രാജ്യങ്ങള്‍, പ്രധാനമായും ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍, ഒപ്പു വെച്ച് സ്വീകരിച്ച 169-ാമത്തെ കണ്‍വെന്‍ഷന്‍ തദ്ദേശീയ ജനതയേയും ഗോത്രജനതയെയും ഇങ്ങനെ പരിചയപ്പെടുത്തുന്നു.

1. ... (a) Tribal peoples in independent countries whose social, cultural and economic conditions distinguish them from other sections of the national community, and whose status is regulated wholly or partially by their own customs or traditions or by special laws or regulations;

(b) Peoples in independent countries who are regarded as indigenous on account of their descent from the populations which inhabited the country, or a geographical region to which the country belongs, at the time of conquest or colonization or the establishment of present State boundaries and who, irrespective of their legal status, retain some or all of their own social, economic, cultural and political institutions.

2. Self-identification as indigenous or tribal shall be regarded as a fundamental criterion for determining the groups to which the provisions of this Convention apply.

ഇതില്‍ രണ്ടാമത്തെ പോയിന്റില്‍ പറഞ്ഞിരിക്കുന്ന പ്രകാരം, ഒരു ജനസമൂഹം സ്വയം അവരെ നിര്‍വചിക്കുന്നതെങ്ങിനെയോ അതിനെയാണ് അടിസ്ഥാനപരമായ ഒരു മാനദണ്ഡമായി ഈ കണ്‍വെന്‍ഷന്‍ സ്വീകരിക്കുന്നത്. ഈ ഉടമ്പടി ആര്‍ക്കൊക്കെ ബാധകമായിരിക്കും എന്നതും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന ഒന്നാണ്. ഒന്നാമത്തെ പോയിന്റിലെ ഉപവിഭാഗം (ബി) പ്രകാരം ഏതൊക്കെ ജനസമൂഹങ്ങള്‍ തദ്ദേശീയ ജനതയായി സ്വയം കരുതുന്നുവോ അവരെയെല്ലാം തദ്ദേശീയജനതയായി അടയാളപ്പെടുത്തുന്നതും അംഗീകരിക്കുന്നതുമായ ഈ നീക്കം സ്വയംനിര്‍ണയ അവകാശങ്ങളുടെ മറ്റൊരു മാനത്തെയാണ് കാണിച്ചുതരുന്നത്.

ഇവിടെ ഗോത്രങ്ങളെയും തദ്ദേശീയസമൂഹങ്ങളെയും നിര്‍വചിക്കാനുള്ള അധികാരം അതത് ജനസമൂഹങ്ങള്‍ക്കു മേല്‍ നിക്ഷിപ്തമാണ്. ഇത് തദ്ദേശീയ സംസ്‌കാരങ്ങളെ ബഹുമാനിക്കുന്ന ഒരു നീക്കമാണ്. ഐക്യരാഷ്ട്രസംഘടനയുടെ ഈ നിലപാട് തന്നെയാണ് പിന്നീട് വന്ന UNDRIP എന്ന United Nations Declaration on the Rights of Indigenous People-ലും കാണുന്നത്. 1989 -ലെ കണ്‍വെന്‍ഷന്‍ പ്രധാനമായും തദ്ദേശീയ ജനതയോടുള്ള വിവേചനത്തിനെതിരെ സ്വീകരിച്ച ഒന്നായിരുന്നു. UNDRIP -യോളം ബൃഹത്തായ ഒരു പ്രഖ്യാപനം അല്ലാതിരുന്നിട്ടും 169-ാമത്തെ കണ്‍വെന്‍ഷന്‍ ലോകമെങ്ങും ഉയര്‍ന്ന തദ്ദേശീയ ജനതകയുടെ തങ്ങളുടെ ജീവിതത്തിന്റെയും വിശ്വാസങ്ങളുടെയും സംഘടനകളുടെയും മേലുള്ള അവകാശപ്പോരാട്ടങ്ങളോടുള്ള സഭാനിലപാട് കൂടി വ്യക്തമാക്കുന്നത് ആയിരുന്നു.

1989-ലെ 169-ആമത്തെ കണ്‍വെന്‍ഷനും അതിനു മുന്‍പുള്ള 1957-ലെ 107-ആമത്തെ കണ്‍വെന്‍ഷനും പുറമെ വിശദമായി തദ്ദേശീയ-ഗോത്ര സമൂഹങ്ങളുടെ അവകാശങ്ങളെ നിര്‍വചിച്ചത് 2007-ലെ UNDRIP അഥവാ ഐക്യരാഷ്ട്രസഭയുടെ തദ്ദേശീയജനതയുടെ അവകാശപ്രഖ്യാപനം ആണ്. Indigenous Declaration എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പ്രഖ്യാപനവും തദ്ദേശീയ ജനത എന്നതിനെ നിര്‍വചിക്കുന്നില്ല. എന്നാല്‍, പ്രഖ്യാപനത്തിന്റെ 9-ഉം 33-ഉം വകുപ്പുകള്‍ (Articles 9 and 33) പറയുന്നത് തദ്ദേശീയ ജനതയ്ക്ക് അവരുടെ പാരമ്പര്യവും ആചാരങ്ങളും മാനിച്ച് ഒരു തദ്ദേശീയ സമൂഹത്തിലോ രാഷ്ട്രത്തിലോ അംഗമായിരിക്കുവാനുള്ള അവകാശങ്ങള്‍ ഉണ്ടെന്നാണ്. എന്നു മാത്രമല്ല, സ്വന്തം സ്വത്വം അഥവാ ഐഡന്റിറ്റി സ്വയം തീരുമാനിക്കാനുള്ള എല്ലാ അവകാശങ്ങളും ഒരു തദ്ദേശീയ സമൂഹത്തിനുണ്ട്.

തദ്ദേശീയ ജനതകളോടുള്ള വിവേചനത്തിന്റെ പ്രശ്നവശങ്ങള്‍ പഠിക്കാനും പ്രതിവിധികള്‍ ആരായാനും ഐക്യരാഷ്ട്രസഭ നിയോഗിച്ച Special Rapporteur ജോസ് മാര്‍ട്ടിനെസ് കോബോ തന്റെ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗത്തില്‍ തദ്ദേശീയ ജനതയെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: സ്വയം തദ്ദേശീയ ജനതയായി നിര്‍വചിക്കുന്നതിനോടൊപ്പം ചില മാനദണ്ഡങ്ങള്‍ ഈ ജനതയെ വേറിട്ടതാക്കുന്നു. അവയില്‍ ചിലത് ഇവയാണ്. അധിനിവേശത്തിനു മുന്‍പ് നിലനിന്നിരുന്ന ജനസമൂഹങ്ങളുടെ ചരിത്രപരമായ തുടര്‍ച്ചയായിരിക്കും ഈ ജനത. വേറിട്ട സംസ്‌കാരം, മറ്റുള്ള ജനവിഭാഗങ്ങളുടെമേല്‍ അപ്രാമാണിത്വം തുടങ്ങിയ ചില സവിശേഷതകള്‍ കൂടി ഇവര്‍ക്ക് ഉണ്ടായിരിക്കും. തങ്ങളുടെ വേറിട്ട സാംസ്‌കാരിക മുദ്രകള്‍, സാമൂഹികസ്ഥാപനങ്ങള്‍, ന്യായവ്യവസ്ഥ എന്നിവയില്‍ ഊന്നിയ പുരാതനമായ ഭൂമികയും സ്വത്വവും പിന്തുടര്‍ന്ന് അടുത്ത തലമുറയിലേക്കു പകര്‍ന്നു സംരക്ഷിക്കാനുള്ള നിശ്ചയദാര്‍ഢ്യം ഇവരുടെ അസ്തിത്വത്തിന്റെ ഭാഗമാണ്. ഇതിനൊക്കെ പുറമെ ഐക്യരാഷ്ട്രസഭയുടെ തദ്ദേശീയജനതകളെക്കുറിച്ചുള്ള സ്ഥിരം ഫോറം മുന്നോട്ടുവയ്ക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്.

അവയില്‍ പ്രധാനപ്പെട്ടത്: തങ്ങളുടെ ആവാസവ്യവസ്ഥയോടും അതിലെ പ്രകൃതിവിഭവങ്ങളോടും ഉള്ള ശക്തമായ ആത്മബന്ധം, വ്യതിരിക്തമായ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതി, വ്യതിരിക്തമായ ഭാഷ, സംസ്‌കാരം, വിശ്വാസം. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ തീരജനത ഒരു തദ്ദേശീയജനതയുടെ എല്ലാ സ്വഭാവങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ജനസമൂഹമാണ്. 169-ആമത്തെ കണ്‍വെന്‍ഷന്റെ ഒന്നാമത്തെ പോയിന്റിന്റെ ഉപവകുപ്പു (b)-യിലേക്ക് തിരികെവരാം.

തീരജനത സ്വയം കരുതുന്നത് തങ്ങളുടെ പൂര്‍വികര്‍ കാലാകാലങ്ങളായി അധിവസിക്കുകയും തങ്ങളുടെ വരുംതലമുറയ്ക്ക് അവകാശപ്പെട്ടതായി കരുതുന്ന ഒരു ഭൂപ്രകൃതിയുടെ കാവല്‍ക്കാരാണെന്നാണ്. ഈ വിശ്വാസം അവരെ എത്തിക്കുന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അവര്‍ സ്വയം കടലിന്റെയും കായലിന്റെയും പരിപാലകരായും കൂട്ടുടമസ്ഥരായും സ്വയം സങ്കല്പിക്കുന്നതും. ഐക്യരാഷ്ട്രസഭയുടെ മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ വ്യതിരിക്തമായ സാമൂഹികാവസ്ഥ, സാംസ്‌കാരിക വ്യത്യസ്തത, ഭാഷാവൈവിധ്യങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയവ അവരെ ഒരു തദ്ദേശീയ ജനതയായി സ്വയം തിരിച്ചറിയുന്നതിനും അവകാശപ്പെടുന്നതിനും അതിനനുകൂലമായ അവകാശസമരങ്ങളില്‍ ഏര്‍പ്പെടുന്നതിനും പ്രാപ്തരാക്കുന്നു. മുകളില്‍ ഉദ്ധരിച്ച മാനദണ്ഡങ്ങളില്‍ ഒന്നു പോലും തീരജനതയുടെ കാര്യത്തില്‍ അനുചിതമാകുന്നില്ല. അതിനാല്‍ തദ്ദേശീയ ജനതയുടെ അവകാശങ്ങളെയും അധികാരങ്ങളെയും നിര്‍വചിക്കുന്ന ഐക്യരാഷ്ട്രസഭാ ഉടമ്പടികള്‍, പ്രഖ്യാപനങ്ങള്‍ തുടങ്ങിയവ തീരജനതയുടെ അവകാശങ്ങളെ നിര്‍വചിക്കാന്‍ ആശ്രയിക്കാവുന്നതാണ്.

തദ്ദേശീയ ജനതയുടെ മനുഷ്യാവകാശങ്ങള്‍

മനുഷ്യാവകാശ ഉടമ്പടികള്‍ ഉള്‍പ്പെടെ നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങളില്‍ നിന്നും രൂപം കൊണ്ടതാണ് അന്താരാഷ്ട്ര തദ്ദേശീയ ജനതകളുടെ അവകാശങ്ങള്‍. തദ്ദേശീയ സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളും അവരുടെ മുന്‍ഗണനകളും, അവരുടെ ഭൂമികള്‍, ഭൂപ്രദേശങ്ങള്‍, വിഭവങ്ങള്‍, സ്വയം നിര്‍ണയം (self -determination ) എന്നിവയ്ക്കുള്ള അവകാശങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. പക്ഷെ പല തദ്ദേശീയ സമൂഹങ്ങളും ഒരു പരിധി വരെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഇന്നും നേരിട്ടുകൊണ്ടിരിക്കുകയാണ്.

തദ്ദേശീയരായ ജനതകളുടെ മനുഷ്യാവകാശങ്ങള്‍ക്ക് ഏറ്റവും വിഷമകരവും വെല്ലുവിളി ഉയര്‍ത്തുന്നതുമായ ഒന്നാണ് വികസനം, വിഭവങ്ങളുടെ വേര്‍തിരിച്ചെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പേരില്‍ അവരുടെ ഭൂമി, പ്രദേശങ്ങള്‍, വിഭവങ്ങള്‍ എന്നിവയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും അവ കൈവശപ്പെടുത്തുന്നതും. ഇതു മൂലം അവരുടെ സംസ്‌കാരം ഭീഷണിയിലാവുകയും അവരുടെ അവകാശങ്ങളുടെ പ്രോത്സാഹനവും സംരക്ഷണവും എതിര്‍ക്കപ്പെടുകയും ചെയ്യുന്നു. തദ്ദേശീയരായ ജനങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ മനുഷ്യാവകാശ നിയമവും നയപരിപാടികളും പൂര്‍ണമായും ഉള്‍ക്കൊണ്ടുഅവരെ ബാധിക്കുന്ന അന്താരാഷ്ട്ര തീരുമാനങ്ങളില്‍ അവരുടെ സ്വാധീനം പ്രതിഫലിപ്പിക്കാന്‍ തക്കവിധം ഉതകുന്ന രീതിയിലാണ് തദ്ദേശീയരായ ജനതകളുടെ മനുഷ്യാവകാശങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ തദ്ദേശീയജനതയുടെ അവകാശപ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചില അവകാശങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു;

1. സ്വയം നിര്‍ണയം (Self-determination)

തദ്ദേശീയ ജനതകളുടെ അവകാശ പ്രഖ്യാപനത്തിലൂടെ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി അവര്‍ക്ക് സ്വയം നിര്‍ണയാവകാശമുണ്ടെന്നും അതിനാല്‍ അവരുടെ രാഷ്ട്രീയ നില, സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ വികാസനോപാധികള്‍ യാതൊരുവിധ തടസവും കൂടാതെ തെരഞ്ഞെടുക്കാനുമുള്ള അവകാശം അവര്‍ക്കുണ്ടെന്നു വ്യക്തമാക്കുകയുണ്ടായി. അവകാശ പ്രഖ്യാപനത്തിലെ ആര്‍ട്ടിക്കിള്‍ 3, അന്താരാഷ്ട്ര ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 1 ലെ സിവില്‍, രാഷ്ട്രീയ, സാമ്പത്തിക അവകാശങ്ങളും, സാമൂഹികവും സാംസ്‌കാരികവുമായ അവകാശങ്ങളെക്കുറിച്ചും പൊതുവായി പ്രതിപാദിക്കുന്നു. തദ്ദേശീയ ജനത സ്വയം നിര്‍ണയാവകാശത്തെ തങ്ങളുടെ അവകാശത്തിന്റെ കേന്ദ്ര ബിന്ദുവായി കാണുകയും, ഇതിലൂടെയാണ് മറ്റുള്ള അവകാശങ്ങളും പൂര്‍ത്തിയാകുന്നത് എന്ന് കരുതുകയും ചെയ്യുന്നു.

ഉദാഹരണത്തിനു തദ്ദേശീയ ജനതയുടെ അവകാശവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍(4) ഇങ്ങനെ പ്രതിപാദിച്ചിരിക്കുന്നു; തദ്ദേശീയ ജനത സ്വയം നിര്‍ണയാവകാശത്തിന്മേല്‍ അവരുടെ ആഭ്യന്തര, പ്രാദേശിക കാര്യങ്ങളിലും സ്വയംഭരണ സാമ്പത്തിക ഭദ്രതയ്ക്കും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സ്വയം ഭരണാവകാശമോ അഥവാ സ്വയം ഭരണമേല്‍പെടുത്താനുമുള്ള (self- government) ഉപാധികള്‍ സ്വീകരിക്കാനുള്ള അവകാശങ്ങളുണ്ട്.

2. ഭൂമി, ഭൂപ്രദേശങ്ങള്‍, വിഭവങ്ങള്‍ എന്നിവയ്ക്കുള്ള അവകാശങ്ങള്‍ (Rights to lands, territories and resources )

തദ്ദേശീയ ജനതകളുടെ അവകാശ പ്രഖ്യാപനത്തിലെ ആര്‍ട്ടിക്കിള്‍ 26 (1) പ്രകാരം ഐക്യരാഷ്ട്രസഭ, പരമ്പരാഗതമായി അവര്‍ക്കു കൈമാറിവരുന്നതും തദ്ദേശീയ ജനത പാരമ്പര്യമായി ഉപയോഗിച്ച് വരുന്നതോ ഉടമസ്ഥാവകാശം ഉള്ളതോ ആയ ഭൂമി, ഭൂപ്രദേശങ്ങള്‍, വിഭവങ്ങള്‍ എന്നിവയ്ക്കുള്ള അവകാശങ്ങളെ അംഗീകരിക്കുന്നു. പല കാരണങ്ങള്‍ മൂലം ഇപ്പോള്‍ മറ്റുള്ളവരുടെ നിയന്ത്രണത്തിലുമുള്ള ഭൂമി, ഭൂപ്രദേശങ്ങള്‍, വിഭവങ്ങള്‍ എന്നിവയ്ക്കുള്ള അവകാശങ്ങളെയും അംഗീകരിക്കുന്നു. പല തദ്ദേശവാസികള്‍ക്കും അവരുടെ ഭൂമികളുമായുള്ള ബന്ധം, ഭൂപ്രദേശങ്ങള്‍, വിഭവങ്ങള്‍ തുടങ്ങിയവ വളരെ നിര്‍ണായകമായ സവിശേഷതയതാണ്.

തദ്ദേശീയ ജനതയും അവരുടെ ഭൂമിയും തമ്മിലുള്ള ബന്ധമാണ് അവരുടെ സംസ്‌കാരം,ആത്മീയജീവിതം, അവരുടെ സമഗ്രത, അവരുടെ സാമ്പത്തിക നിലനില്‍പ്പ് എന്നിവയുടെ നിലനില്‍പ്പിന്റെ അടിസ്ഥാനം അതുകൊണ്ട് അവ അംഗീകരിക്കപ്പെടേണ്ടതാണ് എന്ന് ഇന്റര്‍ -അമേരിക്കന്‍ മനുഷ്യാവകാശ കോടതി വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ 26 (3) ഈ ഭൂമി, ഭൂപ്രദേശങ്ങള്‍, വിഭവങ്ങള്‍ എന്നിവയ്ക്ക് നിയമപരമായ അംഗീകാരം നല്‍കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന് അതാതു രാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നു. ആര്‍ട്ടിക്കിള്‍ 27 തദ്ദേശവാസികളായ ജനങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും അവരുടെ ഭൂമി, ഭൂപ്രദേശങ്ങള്‍, വിഭവങ്ങള്‍ എന്നിവ സംരക്ഷിക്കുവാനുമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു.

3. സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ (Economic, social and cultural rights)

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ 169 ാം കണ്‍വെന്‍ഷനിലും തദ്ദേശീയ ജനതകളുടെ അവകാശ പ്രഖ്യാപനത്തിലും അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഭവനനിര്‍മാണം, ശുചീകരണ സംവിധാനം, സാമൂഹിക സുരക്ഷിതത്വം, അനുയോജ്യമായ ജീവിതനിലവാരം തുടങ്ങിയ അവകാശങ്ങളെ സ്ഥിരീകരിക്കുന്നു.

പ്രഖ്യാപനത്തിലെ മൂന്നാമത്തെ ആര്‍ട്ടിക്കിള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. തദ്ദേശീയ ജനത യാതൊരുവിധ തടസങ്ങളും കൂടാതെ തങ്ങളുടെ സാമ്പത്തികവും, സാമൂഹികവും, സാംസ്‌കാരികവുമായ വികാസനോപാധികള്‍ നിര്‍ണയിക്കാനുള്ള അവകാശം ഇതിലൂടെ ഉറപ്പുവരുത്തുന്നു.

ഇതു കൂടാതെ സാംസ്‌കാരിക സമത്വത്തിനുള്ള അവകാശം, വിവേചനത്തിനെതിരെ പരിരക്ഷിക്കപ്പെടുക, സാംസ്‌കാരിക വളര്‍ച്ച പിന്തുണയ്ക്കപ്പെടുക തുടങ്ങി നിരവധി വ്യവസ്ഥകളും ഈ പ്രഖ്യാപനത്തില്‍ അടങ്ങിയിരിക്കുന്നു.

4. കൂട്ടായ അവകാശങ്ങള്‍ (Collective rights)

തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍, അവയുടെ നിര്‍വചനത്തില്‍ സൂചിപ്പിച്ചിരിക്കുന്നതു പോലെ തന്നെ കൂട്ടായ അവകാശങ്ങളാണ്. തദ്ദേശീയ ജനതയുടെ അവകാശ പ്രഖ്യാപനത്തിനു മുന്‍പ് കൂട്ടമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംവിധാനങ്ങളുടെ ആശയം അംഗീകരിക്കാനും അവ നടപ്പിലാക്കാനും കാലതാമസം നേരിട്ടിരുന്നു. പക്ഷെ പ്രഖ്യാപനത്തിനു ശേഷം ഈ വിഷയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമായി തുടങ്ങി. സാംസ്‌കാരിക അവകാശങ്ങള്‍ക്കും അവ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മറ്റും വ്യക്തിഗത അവകാശങ്ങള്‍ പര്യാപ്തമായിരുന്നു എന്നതായിരുന്നു പൊതുവായ ധാരണ.പക്ഷെ അവകാശ പ്രഖ്യാപനത്തിലൂടെ തദ്ദേശീയ ജനതയ്ക്കു മനുഷ്യാവകാശങ്ങള്‍ ലഭിക്കാനും അത് ഉറപ്പുവരുത്തുവാനും കൂട്ടായ അവകാശങ്ങളുടെ സ്വീകാര്യത അനിവാര്യമാണെന്ന് അന്താരാഷ്ട്ര സമൂഹങ്ങള്‍ അംഗീകരിച്ചു.

5. സമത്വവും വിവേചനമില്ലായ്മയും (Equality and non-discrimination)

തദ്ദേശീയ ജനതകളുടെ അവകാശ പ്രഖ്യാപനത്തിന്റെയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ തദ്ദേശീയ ആദിവാസി വിഭാഗത്തിനെകുറിച്ചുള്ള 169 മത്തെ കണ്‍വെന്‍ഷന്റെയും മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ് സമത്വവും വിവേചനമില്ലായ്മയും .

ആര്‍ട്ടിക്കിള്‍ 1, 2 എന്നിവ തദ്ദേശീയ ജനതകളുടെ അവകാശങ്ങളെ എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും, വ്യക്തിഗതമായോ അല്ലെങ്കില്‍ കൂട്ടമായ അവകാശങ്ങള്‍ക്കോ തുല്യമായി പരിഗണിക്കുന്നു. ഇതുപ്രകാരം തദ്ദേശീയ ജനത മറ്റു വ്യക്തികള്‍ക്കും ജനതയ്ക്കും തുല്യരാണ്. അവരുടെ തനതായ ഉത്ഭവം അല്ലെങ്കില്‍ സ്വത്വം നിലനിര്‍ത്തിക്കൊണ്ടു ഏതെങ്കിലും തരത്തിലുള്ള വിവേചനത്തെ ചെറുക്കുവാനും അവകാശങ്ങള്‍ സ്വതന്ത്രമായി പ്രയോഗിക്കാനുമുള്ള അവകാശവും സ്വാതന്ത്രവും പ്രതിനിധാനം ചെയ്യുന്നു.

6. തദ്ദേശീയ വാസികളും രാജ്യങ്ങളും തമ്മിലുള്ള കരാറുകള്‍, ഉടമ്പടികള്‍, മറ്റു നിര്‍മിതികള്‍ എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ (Rights in relation to treaties, agreements and other constructive arrangements between indigenous peoples and States)

തദ്ദേശീയമായ ജനങ്ങളുടെ അവകാശമാണ് അവരുമായി ബന്ധപ്പെടുന്ന കരാറുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പാക്കുന്നതിനും കൂടിയാലോചിക്കുന്നതിനും അവരുടെ പ്രതിനിത്യം ഉറപ്പുവരുത്തുക എന്നത്. ഭരണകൂടങ്ങള്‍ തദ്ദേശീയ ജനതകളുടെ പിന്‍ഗാമികളുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉടമ്പടികളും കരാറുകളും ബഹുമാനിക്കുകയും ആദരിക്കുകയും വേണം. ഈ പരാമര്‍ശം അന്താരാഷ്ട്ര തലത്തില്‍ തദ്ദേശീയരുടെ അവകാശ സംരക്ഷണവുമായി ബന്ധപെട്ടു വര്‍ദ്ധിച്ചുവരുന്ന ആശങ്കയെ പ്രതിഫലിപ്പിക്കുന്നു.

തദ്ദേശീയ ജനതകളുടെ അവകാശസംരക്ഷണത്തിനായി ഐക്യരാഷ്ട്ര സഭയും അതിന്റെ അനുബന്ധ സംഘടനകളും വളരെയധികം പ്രയത്‌നിക്കുന്നുണ്ടെങ്കിലും, ഒരു പരിധി വരെ മാത്രമേ ഇവരുടെ വിഷയങ്ങളില്‍ ഇടപെടാന്‍ അന്താരാഷ്ട്ര സംഘടനകള്‍ക്ക് കഴിയുന്നുള്ളു. ഇതിന്റെ പ്രധാന കാരണം പല രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള ശരിയായ മാര്‍ഗങ്ങളുടെയും പദ്ധതികളുടെയും അഭാവമാണ്. അതുകൊണ്ടുതന്നെ പല രാജ്യങ്ങളും ഇത്തരത്തിലുള്ള അവകാശ പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കുകയും അവ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു.

ഈ കാലഘട്ടത്തില്‍ തദ്ദേശീയ ജനതകള്‍ നേരിടുന്ന ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം അവരുടെ ഭൂമി, ഭൂപ്രദേശം, വിഭവങ്ങള്‍ തുടങ്ങിയവയിലുള്ള ബാഹ്യശക്തികളുടെ കയ്യേറ്റമാണ്. തദ്ദേശീയ ജനങ്ങളുടെ അവകാശ സംരക്ഷണത്തിന് അവരുടെ സംസ്‌കാരം സംരക്ഷിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. തദ്ദേശീയ ജനതയുടെ സാമ്പത്തിക സാമൂഹിക പദവി ഉയര്‍ത്തേണ്ട ബാധ്യത സര്‍ക്കാരിനാണെങ്കിലും അവര്‍ക്ക് അതിനോട് യോജിപ്പുണ്ടെങ്കിലേ അത് ചെയ്യാവൂ. വികസനത്തിന്റെ കാര്യത്തില്‍ എന്തിനാണ് പ്രാധാന്യം നല്‍കേണ്ടത് എന്നു തീരുമാനിക്കാനുള്ള അവകാശം ഇവര്‍ക്കുണ്ട്.

ഏതെങ്കിലും അവസരത്തില്‍ ഇവരുടെ ഭൂമി ഉപയോഗിക്കേണ്ടി വന്നാല്‍ അതില്‍ നിന്നും ലഭിക്കുന്ന ആദായം ഇവരുടെ വികസനത്തിനു വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടത്. പക്ഷേ പലപ്പോഴും വികസനത്തിന്റെ പേരില്‍ തദ്ദേശീയ ജനതകളെ മാറ്റിപാര്‍പ്പിക്കുകയും അതുവഴി അവരുടെ ഭാഷ, സംസ്‌കാരം, ജീവിതരീതി, പാരമ്പര്യമായി കൈമാറി വന്ന അറിവുകള്‍ തുടങ്ങിയവ കാലക്രമേണ നശിച്ചു പോവുകയും ചെയ്യുന്നു. ഇത് തടയാനുള്ള ഏക മാര്‍ഗം ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്ത തദ്ദേശീയ ജനതകളുടെ അവകാശ പ്രഖ്യാപനം സഫലീകരിക്കാനായി ലോകരാജ്യങ്ങള്‍ ഒരുമിച്ചു ചേരുകയും അത് കാര്യക്ഷമമായി നടപ്പാക്കുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അതിലുപരി അത് നടപ്പാക്കുകയും ചെയ്യുക എന്നതാണ്.Read More >>