ചോദ്യം അവശേഷിക്കുകയാണ് ജെയ്ക്ക്; ജിഷ്ണുവിനെ എസ്എഫ്ഐ യുടെ രക്തസാക്ഷിയായി അംഗീകരിക്കുമോ?

ജിഷ്ണു സംഘടനാ പ്രവര്‍ത്തനം നടത്തിയതാണ് മാനേജ്‌മെന്റിന് വിദ്വേഷമുണ്ടാകാനുള്ള പ്രധാന കാരണമായി അന്വേഷണസംഘം തന്നെ വിശേഷിപ്പിച്ചത്. ജിഷ്ണു ജെയ്ക്കിന് അയച്ച സന്ദേശങ്ങളും നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ജെയ്ക്കിന്റെ സ്ഥിരീകരണത്തിനും വിശദാംശങ്ങള്‍ അറിയാനുമാണ് ജെയ്ക്കിനെ ബന്ധപ്പെടുന്നതും- എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസിന്റെ ആരോപണങ്ങള്‍ക്ക് നാരദ സീനിയര്‍ കറസ്പോണ്ടന്റ് പ്രതീഷ് രമ മറുപടി പറയുന്നു

ചോദ്യം അവശേഷിക്കുകയാണ് ജെയ്ക്ക്; ജിഷ്ണുവിനെ എസ്എഫ്ഐ  യുടെ രക്തസാക്ഷിയായി അംഗീകരിക്കുമോ?

ആലപ്പുഴ വെളളാപ്പളളി നടേശന്‍ സപ്തതി സ്മാരക എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി സമരം മുതല്‍ സ്വാശ്രയ സ്ഥാപനങ്ങളിലെ വാര്‍ത്തകള്‍ ആദ്യം മുതല്‍ നാരദക്കായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനുശേഷമാണ് ജിഷ്ണു പ്രണോയിയുടെ കൊലപാതകവും നെഹ്‌റു കോളെജിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളും നാരദ ഏറ്റെടുക്കുന്നത്. അന്നുമുതല്‍ കഴിഞ്ഞദിവസം ജിഷ്ണുവിന്റെ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവരുന്നത് വരെ സ്വാശ്രയ സമരങ്ങളുടെ ഭാഗമായി എസ്എഫ്‌ഐ അടക്കം നിരവധി വിദ്യാര്‍ത്ഥി സംഘടനകളിലെ നേതാക്കളെ ബന്ധപ്പെടുകയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ജിഷ്ണുവിന്റെ വിഷയം മുതല്‍ മറ്റക്കര ടോംസിലേത് അടക്കം നിരവധി വാര്‍ത്തകള്‍ മറ്റ് ഏതൊരു ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങളും ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ വസ്തുനിഷ്ഠമായി തന്നെയാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ സംശയമുള്ളവര്‍ക്ക് വാര്‍ത്തകളുടെ ലിങ്കുകള്‍ മറുപടി പറയും.


എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റ് ജെയ്ക്കുമായിട്ടുളള അഭിമുഖ സംഭാഷണവും അത്തരത്തില്‍ വസ്തുനിഷ്ഠവും ആധികാരികവും തന്നെയാണ്. ജിഷ്ണു പ്രണോയിയുടെ കൊലപാതകത്തെ തുടര്‍ന്ന് കേരളത്തില്‍ ഉയര്‍ന്നു വന്ന സമരങ്ങളില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ജിഷ്ണുവിനെ എസ്എഫ്‌ഐയുടെ രക്തസാക്ഷിയെന്ന നിലയില്‍ പലരും പലയിടത്തും അഡ്രസ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്തിനേറെ സ്വാശ്രയ കോളെജുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് എസ്എഫ്‌ഐ കൈമാറിയ റിപ്പോര്‍ട്ട് നിയമമാകുമ്പോള്‍ അതിന് ജിഷ്ണു പ്രണോയിയുടെ പേര് നല്‍കണമെന്നും എസ്എഫ്‌ഐ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ജിഷ്ണുവിന്റെ സംഭാഷണശകലങ്ങളും വാട്‌സാപ്പ് സന്ദേശങ്ങളും പുറത്തുവന്നതിനു ശേഷമാണ് ഞാന്‍ ജെയ്ക്കുമായി സംസാരിക്കുന്നത്.

ജിഷ്ണു സംഘടനാ പ്രവര്‍ത്തനം നടത്തിയതാണ് മാനേജ്‌മെന്റിന് വിദ്വേഷമുണ്ടാകാനുള്ള പ്രധാന കാരണമായി അന്വേഷണസംഘം തന്നെ വിശേഷിപ്പിച്ചത്. ജിഷ്ണു ജെയ്ക്കിന് അയച്ച സന്ദേശങ്ങളും നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ജെയ്ക്കിന്റെ സ്ഥിരീകരണത്തിനും വിശദാംശങ്ങള്‍ അറിയാനുമാണ് ജെയ്ക്കിനെ ബന്ധപ്പെടുന്നതും.

ആദ്യ സംഭാഷണത്തില്‍ ജെയ്ക്ക് ഇക്കാര്യങ്ങളൊക്കെ സ്ഥിരീകരിച്ചു. ഇക്കാര്യങ്ങള്‍ അന്നു ചെയ്ത വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജെയ്ക്കിന്റെ സംഭാഷണത്തില്‍ രക്തസാക്ഷിത്വത്തെക്കുറിച്ചു വ്യക്തതയില്ലാതിരുന്നതിനാലാണ് ഞാന്‍ വീണ്ടും വിളിക്കുന്നത്. ജിഷ്ണു എസ്എഫ്‌ഐയുടെ രക്തസാക്ഷിയാണോ എന്നായിരുന്നു എന്റെ ആദ്യ ചോദ്യം. ജെയ്ക്ക് അതിനു നല്‍കിയ മറുപടി അഭിമുഖത്തിലുണ്ട്. ജിഷ്ണുവും രജനി എസ് ആനന്ദും നമ്മുടെ (എസ്എഫ്‌ഐ) രക്തസാക്ഷികളല്ലെന്ന് കൃത്യമായി പറയുന്നുണ്ട്. അതിനു വ്യക്തതയുള്ള തെളിവും ഞങ്ങളുടെ കൈവശമുണ്ട്.

ഏതെങ്കിലും സംഭാഷണത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതല്ല ഇതൊന്നും. സംസാരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇതു തന്നെയായിരുന്നു പ്രധാന വിഷയം. എസ്എഫ്‌ഐയുടെ രക്തസാക്ഷിത്വ പട്ടികയില്‍ ഇന്നും ജിഷ്ണുവില്ല. ജെയ്ക്ക് പറയുന്നതു പോലെ ജില്ലാ സമ്മേളനവേദികളുടെ പേര് മാത്രമായിരുന്നു ജിഷ്ണു പ്രണോയ് എന്ന എസ്എഫ്‌ഐക്കാരന്‍. സംഘടനാ പ്രവര്‍ത്തനം നടത്തിയതുകൊണ്ടു മാത്രമാണ് സഖാവേ ജിഷ്ണു കൊല്ലപ്പെട്ടത്. അല്ലാതെ കോപ്പിയടി പിടിക്കപ്പെട്ടതിന്റെ പേരില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതല്ല ആ വിദ്യാര്‍ത്ഥി.

ജിഷ്ണുവിന്റെ കൊലപാതകത്തെ ഇന്‍സിസ്റ്റ്യൂഷണല്‍ മര്‍ഡറായി കാണുന്ന ജെയ്ക്കിനും സംഘടനയ്ക്കും രജിനി എസ് ആനന്ദിന്റെ ആത്മഹത്യയുമായി മാത്രമെ ഇതിനെ താരതമ്യപ്പെടുത്താന്‍ കഴിയുന്നുള്ളു. അല്ലാതെ സ്വന്തം സംഘടനയുടെ ഔദ്യോഗിക രക്തസാക്ഷിപട്ടികയില്‍ ഇടം നല്‍കി ആദരിക്കുകയോ, ആ കുടുംബത്തെ രക്തസാക്ഷിയുടെ കുടുംബമായി അംഗീകരിക്കുകയോ ചെയ്യില്ല.

ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ച വാര്‍ത്ത എന്താണെന്ന് കൃത്യമായി ജെയ്ക്കിനെ ബോധ്യപ്പെടുത്തുന്നുണ്ട്. നിങ്ങളുടെയും നിങ്ങള്‍ പ്രതിനിധീകരിക്കുന്ന സംഘടനയ്ക്കും അതുകൊണ്ടുണ്ടാകുന്ന ഡാമേജിനെക്കുറിച്ചും ഞാന്‍ ബോധ്യപ്പെടുത്തുന്നുണ്ട്. വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ താങ്കള്‍ പറഞ്ഞിട്ടുമുണ്ട്. സഖാവ് ജെയ്ക്കിന് ഇത് ഓര്‍മയില്ലെങ്കില്‍ നമ്മുടെ സംഭാഷണത്തിന്റെ ഓഡിയോ എന്റെ സ്ഥാപനത്തിലുണ്ട്.

അവസാനമായി ഒന്നുകൂടി പറയട്ടെ, ജെയ്ക്കിന്റെ സംഭാഷണങ്ങള്‍ യാതൊരു തരത്തിലും വളച്ചൊടിച്ചിട്ടില്ല, സംഭാഷണ ശകലങ്ങള്‍ അടര്‍ത്തി മാറ്റി വ്യാഖ്യാനിച്ചിട്ടുമില്ല. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മറുപടിയില്ല.

അഭിമുഖത്തില്‍ ഉന്നയിച്ച ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു ജയ്ക്ക്- എസ്എഫ്ഐയുടെ രക്തസാക്ഷി പട്ടികയില്‍ ജിഷ്ണു പ്രണോയിയെ ഉള്‍പ്പെടുത്തുമോ?


ജിഷ്ണു എസ്എഫ്‌ഐയുടെ ഔദ്യോഗിക രക്തസാക്ഷിയല്ല: ജെയ്ക്ക് സി തോമസ്-ഇവിടെ വായിക്കാം