ആചാരലംഘനം തടയാൻ പോലീസുണ്ടെന്ന് വത്സൻ തില്ലങ്കേരി പ്രഖ്യാപിക്കുന്നിടത്ത് ഭരണഘടന മൂല്യങ്ങൾ തകരുന്നു

അത് മറ്റാർക്കും മനസ്സിലാകുന്നില്ലെങ്കിൽ പോലും പിണറായിക്ക് മനസ്സിലാകുന്നുണ്ട്. അതുകൊണ്ടാണ് അയ്യങ്കാളിയിലും ഗുരുവിലും നിന്ന് പിണറായി വിജയന് തുടങ്ങേണ്ടിവരുന്നത്- പ്രശാന്ത് അപ്പുൽ എഴുതുന്നു

ആചാരലംഘനം തടയാൻ പോലീസുണ്ടെന്ന് വത്സൻ തില്ലങ്കേരി പ്രഖ്യാപിക്കുന്നിടത്ത് ഭരണഘടന മൂല്യങ്ങൾ തകരുന്നു

എതിർപ്പിലൂടെയും ഒരാൾക്ക് വളരാം എന്നത് ഹിന്ദുത്വത്തിൻ്റെ തത്വമാണ്. തന്നെ ഏതിർക്കുന്ന പ്രത്യയശാസ്ത്രത്തേയോ, മൂല്യങ്ങളെയോ അപ്പാടെ സ്വാംശീകരിച്ചോ, ആ മൂല്യത്തെ തന്നെ അങ്ങ് ബ്രാഹ്മണവൽക്കരിച്ചോ ആണ് ഹിന്ദുത്വം നിലനിന്നിട്ടുള്ളത്.

യാഗത്തിലും മറ്റും കൊടിയ ഹിംസ നിന്ന ബ്രാഹ്മണ്യമതത്തോട് ചോദ്യമായി ഉയർന്ന വന്ന അഹിംസയെ സ്വാംശീകരിച്ച് ആ ചോദ്യത്തെ തന്നെ ഇല്ലാതാക്കിയത് പോലെയോ, കാലകാലമായി ഉയർന്നു വന്ന ബ്രാഹ്മണേതര ദൈവസങ്കല്പങ്ങളേയും അബ്രാഹ്മണ പൂജാരികളേയും ബ്രാഹ്മണവത്കരിച്ചും മറ്റുമാണ് ഹിന്ദുത്വം മുന്നോട്ട് പോയിട്ടുള്ളത്.

ഇവിടെയാണ് പിണറായി വിജയനും മാർക്സിസ്റ്റ്, പാർട്ടിയും, മാർക്സിയൻ നരേറ്റീവുകളും 'ഇസ'ബുജികളും ഹിന്ദുത്വത്തെ മനസ്സിലാക്കാൻ പൂർണമായും പരാജയപ്പെടുന്നത്. ഹിന്ദുത്വവും അതിൻ്റെ ഓർഗനൈസഡ് ഫോമായ സംഘപരിവാറും മുന്നോട്ട് വെക്കുന്ന സാംസ്ക്കാരിക ദേശീയത എന്ന സങ്കല്പവും അതിൻ്റെ രാഷ്ട്രീയ പണിയാളുകളായി നിൽക്കുന്ന ബിജെപിയും എല്ലാം ശ്രമിക്കുന്നത് സാംസ്കാരികതയെ ദേശീയതയായി പരിവർത്തിപ്പിക്കുക എന്നതാണ്. അതിനവർക്ക് ആദ്യം ഭരണഘടന മുന്നോട്ട് വെക്കുന്ന മുല്യങ്ങളേയും ഭരണഘടനയെ തന്നെയും നശിപ്പിക്കേണ്ടതുണ്ട്. ആറാം തമ്പുരാക്കാന്മാർ പറയും പോലെ എന്തും പൊളിച്ചടുക്കാൻ എളുപ്പമാണ്. കാത്തു സംരക്ഷിക്കാനാണ് ബുദ്ധിമുട്ട്.

അതുകൊണ്ട് തന്നെ ഭരണഘടന മൂല്യങ്ങളെ അവർ സ്ഥിരമായി വെല്ലുവിളിച്ചോണ്ടിരിക്കും. അഥവാ അതിൽ അവരുടെ സന്ദേശം കൃത്യമായി അവരുടെ ടാർഗറ്റ് ഓഡിയൻസിലേക്കെത്തും. ആചാരം സംരക്ഷിക്കാൻ ബിജെപി ഒരു കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു. എന്നത് അവർക്കൊരു ചീത്തപേരല്ല, അവർക്ക് അത് അഭിമാനമാണ്. അത് സമൂഹത്തിനോട് പറയേണ്ടതുണ്ട്, പക്ഷെ അത് പറഞ്ഞവരെ തോൽപ്പിക്കാൻ സാധിക്കില്ല എന്നതാണ് പ്രശ്നം.

ഇന്നലെ മുതൽ സംഘികൾ തുടർച്ചായായി പോസ്റ്റ് ചെയ്യുന്നത് അവരുടെ നേതാക്കൾ 144 ലംഘിക്കുന്ന ചിത്രങ്ങളാണ്. ഇത് ബോധപൂർവമാണ്, നിയമമോ പോലീസോ ഞങ്ങളെ ഒന്നും ചെയ്യില്ല എന്നും വിശ്വാസകാര്യത്തിൽ തങ്ങളാണ് ശരി എന്നും അവർ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. മാത്രമല്ല തുലാമാസ പൂജ മൂതൽ ഇങ്ങോട്ട് പോലീസും സർക്കാരും കൊടുക്കുന്ന കൃത്യമായ സന്ദേശം അവർ ഒരു പ്രശ്നവും ഇല്ലാതെ മാക്സിമം സമന്വയത്തോടെ കാര്യം മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിക്കുന്നു എന്നതാണ്. ഒരുപക്ഷെ ഒരു വേള റിവ്യു ഹർജി വരെ ആരേയും കയറ്റാതിരിക്കാനുള്ള രഹസ്യ ധാരണ സർക്കാരിനുണ്ടോ എന്നു പോലും ചില സന്ദർഭങ്ങളിൽ സംശയം തോന്നാം.

എന്തുകൊണ്ടാണ് പിണറായി വിജയന് ഈ വിധി ആത്മാർത്ഥമായി നടപ്പിലാക്കാൻ സാധിക്കാത്തത്. ആദ്യം ഈ വിധിയോട് ഉദാസീനപരമായ നിലപാടാണ് പാർട്ടിക്കും വിജയനും ഉള്ളത്. സുപ്രീംകോടതി വിധി മറിച്ചായാൽ അതും നടപ്പിലാക്കും എന്നാണ് ഇന്നലെ പോലും പിണറായി പറയുന്നത്. അതായത് ഈ ഭരണഘടന ധാർമ്മികതയെ ഉയർത്തിപിടച്ചോണ്ട് ഉള്ള വിധിയെ പിൻതാങ്ങണം എന്നോ അത് വഴി മാത്രമേ ഹിന്ദുത്വത്തെ നേരിടാൻ പറ്റുകയുള്ളു എന്നോ പാർട്ടിയോ വിജയനോ കരുതുന്നില്ല. രണ്ടാമത് അടലപടലം ഉള്ള ഭയമാണ്. പാർട്ടിയുടെ ഉള്ളിൽ വേവുന്നതെന്ത് എന്ന് കൃത്യമായി അറിയാം.

ഏറെകുറെ സാമാനമായ ധാർമ്മിക ബോധമാണ് ശബരിമല കാര്യത്തിൽ സംഘികൾക്കും സഖാക്കന്മാർക്കും ഉള്ളത് എന്നതാണ് സത്യം. പാർട്ടി ലൈനിലായത് കൊണ്ടാണ് പല സഖാക്കന്മാരും വിരുദ്ധാഭിപ്രായം പറയാത്തത്. വിധി നടപ്പിലാക്കുന്നതോടെ അത്തരം ഒരുപാട് സഖാക്കന്മാർ പാർട്ടിയിൽ നിന്ന് മറുകണ്ടം ചാടാനോ, നിഷ്പക്ഷരാകാനോ ഉള്ള സാധ്യത പാർട്ടി വിലയിരുത്തുന്നുണ്ട്. സമാനമായി പാർട്ടിയിലെ എല്ലാ തലത്തിലും കെട്ടുപിണഞ്ഞു വ്യാപിച്ചിരിക്കുന്ന ഹിന്ദുത്വസവർണ മേധാവിത്വവും പ്രശ്നമാണ്. ജി രാമൻ നായർക്ക് ബിജെപിയിലേക്ക് പോകാൻ കഴിയുന്നത്ര എളുപ്പമാണ് പത്മകുമാറിന് സിപിഎം വിടാൻ.

സത്യത്തിൽ ഒറ്റക്കെട്ടായി ഈ ഹിന്ദുത്വത്തെ നേരിടുന്നു, എന്ന പ്രതീതിക്കപ്പുറം കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്ത വിധം ബ്രാഹ്മണിക് ബന്ധനത്തിലാണ് മാർക്സിസം.

എന്താണ് ഈ പ്രശ്നത്തിന് കാരണം? അതിനു കാരണം മാർക്സിയൻ നരേറ്റീവുകൾ തന്നെയാണ്. ഹിന്ദുത്വമുയർന്നുവരുന്ന 20ാം നുറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ പോലും അതിനെ പഠിക്കാനോ, വിശകലനം ചെയ്യാനോ മാർക്സിസ്റ്റുകൾക്ക് സാധിച്ചിട്ടില്ല, ലോകത്തുള്ള എല്ലാ പ്രശ്നങ്ങളേയും മാർക്സിസം ഉപയോഗിച്ച് നിർദ്ധാരണം ചെയ്യാൻ ശ്രമിച്ചതിൻ്റെ ഭാഗമായി സൈദ്ധാന്തികമായി സ്വയം ബ്രാഹ്മണവൽക്കരിക്കപ്പെടുകയായിരുന്നു മാർക്സിസം.

അവരുടെ താത്വികാചാര്യന്മാരായിരുന്ന ഡാങ്കേ മുതൽ ഇഎംഎസ് വരെ ഭരണഘടനയുടെ ധാർമ്മികതയെയോ അതിൻ്റെ മൂല്യങ്ങളെയോ അതിലേക്ക് നയിച്ച നവോത്ഥാന മൂല്യങ്ങളെയോ കൈകൊള്ളാനോ, അത് നരേറ്റീവായി കൊണ്ടു വരാനോ ശ്രമിക്കാതെ അതിനെയോക്കെ തള്ളി പുതിയ കുറെ നരേറ്റീവുകളെ കൊണ്ടു നിറക്കാനാണ് ശ്രമിച്ചത്. അതെല്ലാം ചീറ്റി പോകുന്നതാണ് ഇപ്പോ കാണുന്നത്. അത് മറ്റാർക്കും മനസ്സിലാകുന്നില്ലെങ്കിൽ പോലും പിണറായിക്ക് മനസ്സിലാകുന്നുണ്ട്. അതുകൊണ്ടാണ് നിയോലിബറൽ -ജാതി ഉത്പാദന സിദ്ധാന്തമോ, ഗ്രാംഷിയൻ കളച്ചറൽ ഹെജിമണിക്കൽ സിദ്ധാന്തമോ പറയാതെ അയ്യങ്കാളിയിലും ഗുരുവിലും നിന്ന് പിണറായി വിജയന് തുടങ്ങേണ്ടിവരുന്നത് ഭരണഘടന മൂല്യത്തെ ഉയർത്തിപിടിക്കുന്നു എന്ന് പറയേണ്ടിവരുന്നത്.

ഇതോക്കെ പറയാനുള്ള സമയമാണോ ഇതെന്ന ചോദ്യം പ്രസക്തമാണ്. അതെ, ഇതോക്കെ രേഖപ്പെടുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ മാർക്സിസ്റ്റുകൾ അല്ലെങ്കിൽ ഇനിയുള്ള ഇടതു പ്രസ്ഥാനം ഈ തെറ്റുകൾ ആവർത്തിക്കാതിരിക്കുകയുള്ളു. കോൺഗ്രസിലെ വിവരമുള്ള നേതാക്കളെ പിണറായി പ്രതീക്ഷയോടെ നോക്കുന്നത് പോലെ മാർക്സിസ്റ്റ് പാർട്ടിയേയും നമുക്ക് പ്രതീക്ഷയോടെ കാണാൻ ഈ രേഖപ്പെടുത്തൽ ആവശ്യമാണ്.

ബാബരി പള്ളി പൊളിച്ചതിൽ അദ്വാനിയോളം പങ്കുണ്ട് നരസിംഹ റാവുവിന്. ശബരിമലപ്രശ്നത്തിൽ എതാണ്ട് അതേ സ്ഥാനത്താണ് ഇപ്പോൾ പിണറായി. ഈ പ്രശ്നത്തിൽ ഒറ്റ തീർപ്പ് സർക്കാർ സ്ത്രീകളെ സ്പോൺസർ ചെയ്ത് ശബരിമലയിലേക്ക് കയറ്റുക എന്ന രീതിയിൽ ചെക്ക് മേറ്റ് ചെയ്യാനാണ് ബിജെപി ശ്രമം. അതുവരെ ഈ കളി തുടരും. വിധി സ്റ്റേ ആകുന്നില്ലെങ്കിൽ കൂടുതൽ ശക്തമായി അവരത് ചെയ്യും. ഒരു റിവ്യുവിന് അവർ പോകാത്തത് പോലും ഈ പ്രശ്നം ഡിഫ്യൂസ് ആകാതിരിക്കാനാണ്. എത്രപെട്ടന്നാണ് തന്ത്രികുടുംബവും രാജകുടുംബവും രാഹുൽ ഈശ്വരനും രംഗത്ത് അപ്രസക്തരായത് എന്ന് നോക്കൂ. ബിജെപി ഉണ്ടാക്കിയ അജണ്ടയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ റോളാണ്. മാർക്സിസ്റ്റ് പാർട്ടി അവരുടെ തിരക്കഥക്കനുസരിച്ച് ആടികൊണ്ടിരിക്കുന്നത്.

വത്സൻ തില്ലങ്കേരി പോലീസിൻ്റെ മൈക്കിലൂടെ ആചാരലംഘനം തടയാൻ പോലീസുണ്ടെന്ന് പ്രഖ്യാപിക്കുന്നിടത്ത് ഭരണഘടന മൂല്യങ്ങൾ തകർന്നു. ഇനി നോക്കേണ്ടത് പിണറായി എത്ര വരെ ഓടും എന്നത് മാത്രമാണ്

Read More >>