എല്ലാത്തരം സൂക്ഷ്മാധികാര സ്ഥാനങ്ങളിലേക്കും ദളിതുകൾ വരുന്നത് നല്ലതാണ്; പക്ഷേ അതുകൊണ്ട് ഹിന്ദുത്വ ശക്തികൾക്ക് നോവും എന്ന് കരുതരുത്

"മാധവ്ജിയെ പോലുള്ളവർ അബ്രാഹ്മണരെ കൂടി തന്ത്രവിദ്യ പഠിപ്പിക്കണം എന്നു പറഞ്ഞു മുന്നോട്ടു വന്ന കാലത്ത്, പിണറായി വിജയൻ അതിനെ കുറിച്ച് ചിന്തിച്ചിട്ട് കൂടി ഇല്ല എന്നത് കൊണ്ടായിരിക്കും കമ്മ്യുണിസ്റ്റുകൾക്ക് അതൊരു വിപ്ലവകരമായ നീക്കമായി തോന്നുന്നത്. എന്നാൽ അതിനും എത്രയോ മുമ്പ് ഹിന്ദുമതത്തിൽ നിന്ന് കഴിയുന്നതും അകലെ നിൽക്കണം എന്ന് പറഞ്ഞ ഒരാളുണ്ടായിരുന്നു- അംബേദ്ക്കർ. അംബേദ്ക്കർ ചിന്തകളുടെ പ്രവർത്തന ഫലമാണ് അബ്രാഹ്മണ ശാന്തി നിയമനം എന്ന് പറയുമ്പോൾ പോലും അംബേദ്ക്കർ ചിന്തകളുടെ ഉളടക്കം അതല്ല എന്ന് മനസ്സിലാക്കാൻ എളുപ്പമാണ്."- പ്രശാന്ത് അപ്പുൽ എഴുതുന്നു

എല്ലാത്തരം സൂക്ഷ്മാധികാര സ്ഥാനങ്ങളിലേക്കും ദളിതുകൾ വരുന്നത് നല്ലതാണ്; പക്ഷേ അതുകൊണ്ട് ഹിന്ദുത്വ ശക്തികൾക്ക് നോവും എന്ന് കരുതരുത്

ഒരു പത്തു കൊല്ലം കഴിഞ്ഞു വരുന്ന എല്ലാ കമ്മ്യൂണിസ്റ്റുകളും സ്ഥിരം പറയാൻ പോകുന്ന വാക്യമാണ്- "നിങ്ങൾ അബ്രാഹ്മണർക്ക് അമ്പലത്തിൽ പൂജ ചെയ്യാനുള്ള അവകാശം നേടിത്തന്നത് ഞങ്ങളാണ്". അതങ്ങനെ തന്നെ ആയിക്കോട്ടെ. പക്ഷെ ഇതൊക്കെ വിപ്ലവാത്മകമായ മാറ്റമാണ് എന്ന് വെച്ചു കാച്ചരുത്.

അബ്രാഹ്മണ ശാന്തികളുടെ ശാന്തിപ്പണിയെ ഞാൻ അനുകൂലിക്കുന്നു. സമൂഹത്തിലെ എല്ലാതരം സൂക്ഷ്മാധികാര സ്ഥാനങ്ങളിലേക്കും ദളിതുകളും മറ്റു പിന്നോക്കക്കാരും വരുന്നതു നല്ലതാണ്. പക്ഷെ അതുകൊണ്ട് സംഘപരിവാറിനോ ഹിന്ദുത്വ ശക്തികൾക്കോ നോവും എന്നു കരുതരുത്. പ്രത്യേകിച്ച് കേരളത്തിലെങ്കിലും. ഇന്ത്യയിൽ സംഘപരിവാരാദികൾ പ്രധാനമായും വരേണ്യ വർഗമായിരിക്കുമ്പോൾ കേരളത്തിൽ അത് ശൂദ്രാദികളുടെ വിഹാരരംഗമാണെന്ന് മറക്കരുത്.

ജാതിയെ നേരിട്ട് പ്രത്യക്ഷമായി അഡ്രസ് ചെയ്യാതെ ഓരോ വ്യക്തിയുടെയും വ്യക്തിപരമായ കാര്യമാക്കി മാറ്റുക എന്നതാണ് ഹിന്ദുത്വ തത്വം തന്നെ. അതുവഴി ജാതിയുടെ യഥാർത്ഥ പ്രശ്നമായ സാമൂഹ്യ അനീതി അഡ്രസ് ചെയ്യാതെ ഒരു പൊതു ഹൈന്ദവവൽക്കരണവും ഹിന്ദുത്വ രാഷ്ട്രീയവത്ക്കരണവും നടക്കും. ഹിന്ദുത്വ അജണ്ട എന്നും 'സ്വാംശീകരിച്ച് ഇല്ലാതാക്കി കളയുക' എന്ന രീതിയാണ് പിന്തുടരുന്നത്.

ഹിന്ദുത്വത്തിൻ്റെ ഈ അജണ്ടക്ക് ഏതു വിധമാണ് അബ്രാഹ്മണ ശാന്തി നിയമനം എതിരാകുന്നത്? അത് തെറ്റാണെന്നല്ല പറഞ്ഞു വരുന്നത്. മറിച്ച് കമ്മ്യൂണിസ്റ്റുകൾ കേരളത്തിൽ ഇപ്പോൾ വളരെ വിപ്ലവാത്മകം എന്നു പറയുന്ന നടപടിയെ ഹിന്ദുത്വവാദികൾ എന്നേ മനസാ സ്വീകരിച്ചതാണ്. കാരണം അബ്രാഹ്മണ ശാന്തിമാരൊന്നും ജാതിയെ ഇല്ലാതാക്കില്ല എന്ന് അവർക്കു കൃത്യമായി അറിയാം.

രണ്ടു ദിവസം മുമ്പ് നടന്ന ഒരു ചടങ്ങിൽ നാടോടി പാട്ടുകളിലെ കീഴാള വിജ്ഞാനീയത്തിൽ ഗവേഷണം നടത്തിയ ഡോ. എ കെ വാസു അദ്ദേഹത്തിൻ്റെ ഒരു വ്യക്തിഗത അനുഭവം പറയുകയുണ്ടായി. ദളിതായ അദ്ദേഹത്തിൻ്റെ അമ്മ കുറച്ചു നാൾ അമ്പലത്തിൽ സ്ഥിരമായി പോയപ്പോൾ, ഇനിയിപ്പോ നമുക്ക് ബീഫൊക്കെ വീട്ടിൽ ഉണ്ടാക്കണോ എന്ന് ചോദിച്ചത്രേ!!! ഈ രീതിയിൽ എസ്എൻഡിപി ശാഖയിലെ ശാന്തിമാരായിട്ടുള്ളവർ മുഴുവൻ സമയം വെജിറ്റേറിയനുകളും പൂണൂൽ ധരിക്കാനും തുടങ്ങിയെന്നാണ് എൻ്റെ നിരീക്ഷണം. ഉൾനാടുകളിൽ പലരും ഇപ്പോ ഷർട്ട് പോലും ധരിക്കാറില്ലത്രേ.

അമ്പലങ്ങളിൽ ഷർട്ടിടാതെ മാത്രം നാലമ്പലത്തിനകത്തേക്കു കയറ്റുന്നത് വിഗ്രഹത്തിൽ നിന്ന് വരുന്ന പോസ്റ്റീവ് റേ ഏറ്റു വാങ്ങാൻ അല്ല എന്ന് നമുക്കറിയാം. പൂണൂൽ കിടക്കുന്നത് വ്യക്തമായി കാണാൻ തന്നെയാണത്. അബ്രാഹ്മണ ശാന്തിമാരുണ്ടായിട്ടും ഇത്തരം പരോക്ഷ ജാതീയ ആശയ വിനിമയം ഇല്ലാതാകുന്നില്ല എങ്കിൽ, അബ്രാഹ്മണ ശാന്തിമാർ അവിടെ വരുന്ന ഭക്തരുടെ മേൽ സ്പർശിക്കുന്നില്ല എങ്കിൽ, അവർക്കു പ്രസാദവും നിവേദ്യവും എറിഞ്ഞാണു കൊടുക്കുന്നതെങ്കിൽ അബ്രാഹ്മണ ശാന്തി നിയമനം ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കും എന്ന് ഞാൻ കരുതുന്നില്ല.

മറിച്ച് അതാത് ഉപജാതികൾ സൃഷ്ടിച്ചു കൊണ്ട് ജാതികളിൽ ഹിന്ദുത്വത്തിനു പറ്റുന്ന ഒരു വരേണ്യ ബ്രാഹ്മണ വർഗത്തെ സൃഷ്ടിക്കും എന്നത് മാത്രമായിരിക്കും അതിൻ്റെ ഫലം. അന്ന് വിവാഹ പരസ്യങ്ങളിൽ വേട്ടുവ ബ്രാഹ്മണ യുവാവെന്നോ, പുലയ ശാന്തിയെന്നോ ഒരു വിഭാഗമായിരിക്കും ഉണ്ടാകുക.

ഇതിന് ചരിത്രപരമായ ഒരു നീരീക്ഷണം കൂടി പറയാം. ഗോവൻ അധിനിവേശ കാലത്ത് അവിടുന്ന പാലയനം ചെയ്ത കൊങ്കിണി സംസാരിക്കുന്ന ആളുകളിൽ മന്ത്രാധീശ്വത്വമുള്ള വിഭാഗമായിരുന്നു ഭട്ടുമാർ. അവരോടോപ്പം തന്നെ പലായനം ചെയ്ത വൈശ്യ വാണിയർക്കിടയിൽ ശാന്തിപ്പണി ചെയ്യുന്ന വിഭാഗമുണ്ട്. അവരെ വാണിയ ഭട്ടുമാർ എന്ന് സാധാരണ വിളിക്കാറുണ്ട്. അവരും ആദ്യത്തെ ഭട്ടുമാരും തമ്മിൽ യാതോരു പ്രത്യൂൽപ്പാദന ബന്ധങ്ങളും ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്; വിശ്വകർമ്മ ബ്രാഹ്മണർ, ദൈവജ്ഞ ബ്രാഹ്മണർ എന്നൊക്കെ വിഭാഗങ്ങളുമുണ്ട്. സ്വർണപ്പണിക്കാരിലെ ബ്രാഹ്മണരാണവർ. അവരും ഇവിടുത്തെ ബ്രാഹ്മണരും തമ്മിൽ പ്രത്യുത്പാദന ബന്ധങ്ങളുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. ജാതിയെ നിലനിർത്തുന്നതിൽ പ്രത്യുത്പാദന ബന്ധങ്ങളുടെ പങ്ക് വളരെ വലുതാണ്. അതിനെ തകർക്കാത്ത എന്തു മാറ്റവും വിപ്ലവകരമാണെന്ന് ഞാൻ കരുതുന്നില്ല. പെന്തകോസ്തുകൾക്കിടയിൽ പോലും 'നായർ' പശ്ചാത്തലം പ്രസക്തമാകുന്ന ടെക്നിക് അതാണ്.

സമൂഹം എകമാനകമായല്ല നീങ്ങുന്നത് അതോരു 'ഡ്രിഫ്റ്റ്' ആണ്. അതിലെ ഒരോ എലമെന്റുകളും വളരെയധികം മുന്നോട്ട് നീങ്ങി കഴിയുമ്പോഴും ചിലത് ആ നീക്കങ്ങളെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടേ ഉണ്ടാകൂ. മാധവ്ജിയെ പോലുള്ളവർ അബ്രാഹ്മണരെ കൂടി തന്ത്രവിദ്യ പഠിപ്പിക്കണം എന്നു പറഞ്ഞ് മുന്നോട്ട് വന്ന കാലത്ത്, പിണറായി വിജയൻ അതിനെ കുറിച്ച് ചിന്തിച്ചിട്ട് കൂടി ഇല്ല എന്നത് കൊണ്ടായിരിക്കും കമ്മ്യുണിസ്റ്റുകൾക്ക് അതൊരു പുതിയതും വിപ്ലവകരമായതുമായ നീക്കമായി തോന്നുന്നത്.

എന്നാൽ അതിനും എത്രയോ മുമ്പ് ഹിന്ദുമതത്തിൽ നിന്ന് കഴിയുന്നതും അകലെ നിൽക്കണം എന്ന് പറഞ്ഞ ഒരാളുണ്ടായിരുന്നു- അംബേദ്ക്കർ. അംബേദ്ക്കർ ചിന്തകളുടെ പ്രവർത്തന ഫലമാണ് അബ്രാഹ്മണ ശാന്തി നിയമനം എന്ന് പറയുമ്പോൾ പോലും അംബേദ്ക്കർ ചിന്തകളുടെ ഉളടക്കം അതല്ല എന്ന് മനസ്സിലാക്കാൻ എളുപ്പമാണ്. സത്യത്തിൽ മാധവ്ജി എന്ന ആർഎസ്എസ്സുകാരൻ്റെ ചിന്തയെ ആണ് പിണറായി വിജയൻ എന്ന മാർക്സിസ്റ്റ് കാരൻ നടപ്പിലാക്കുന്നത് എന്ന് തന്നെ പറയേണ്ടി വരും.

അബ്രാഹ്മണ ശാന്തി നിയമനത്തിൽ പോലും സൂക്ഷ്മമായി തലത്തിൽ ഒരു ജാതിയുണ്ട് എന്നാണ് എന്റെ മനസ്സിലാക്കാൽ. കാരണം വൈദിക വിജ്ഞാനത്തിൽ ഇത്രയേറെ അറിവു നേടിയിട്ടും ദൈവത്തിൻ്റെ ഇത്രയേറേ അടുത്തേത്തിയിട്ടും അയാൾ അപ്പോഴും 'അബ്രാഹ്മണനാണ്' എന്നതാണ് അതിൻ്റെ ജാതീയമായ പ്രശ്നം. കർമ്മം കൊണ്ട് പോലും പുള്ളി ബ്രാഹ്മണനായില്ല എന്നതാണ് അബ്രാഹ്മണ ശാന്തി നിയമനം വിളിച്ചു പറയുന്നത്. ശാന്തി എന്നതിനേക്കാൾ പ്രാമുഖ്യമുണ്ട് ഒരു ക്ഷേത്രത്തിലെ തന്ത്രിക്ക്, പ്രതിഷ്ഠയുടെ പിതൃ സ്ഥാനമാണ് തന്ത്രിക്ക്. ആ തന്ത്രി സ്ഥാനം പാരമ്പര്യാധിഷ്ഠിതമാണ്.

ഇവിടുത്തെ പ്രമുഖ അമ്പലങ്ങളിലെ തന്ത്രി സ്ഥാനം എത്രത്തോളം അബ്രാഹ്മണർക്ക് പ്രാപ്യമാണ് എന്നതു കൂടി ഈയവസരത്തിൽ ചോദിക്കേണ്ടതുണ്ട്. ദളിത് പുജാരിയുടെ മേൽ ആസിഡ് ഒഴിക്കുക, മീശ വെച്ച ദളിതനെ തല്ലി കൊല്ലുക പോലെ സിംപിളാണ് ഹിന്ദുത്വം. അതേസമയം ദളിതരായ അമൃതാന്ദമയിയേയും കോവിന്ദിനേയും ഹിന്ദുത്വ ഐക്കണുകളാക്കി ഉയർത്തി കാണിക്കുക പോലെ പവർഫുളുമാണത്. അല്പം കൂടി വിശാല അർത്ഥത്തിലേ രണ്ടിലേയും സാമൂഹിക അനീതി മനസ്സിലാകൂ.

എൻ്റെ നിഗമനങ്ങൾ തെറ്റായിരിക്കാം. തെറ്റാകണേ എന്നാണ് എൻ്റെയും ആഗ്രഹം. കാരണം ജാതി എന്ന നശിച്ച് ഏർപ്പാട് ഇല്ലാതാകണം എന്നു മാത്രമാണ് എൻ്റെ താല്പര്യം. പക്ഷേ അബ്രാഹ്മണ ശാന്തി നിയമനം എത്രത്തോളം അതിന് സഹായിക്കും എന്ന് കാര്യത്തിൽ സംശയമുണ്ട്. എന്നാൽ നേരത്തെ പറഞ്ഞ സൂക്ഷ്മാധികാരത്തിൻ്റെ കാര്യത്തിൽ അതിനോടു യോജിച്ച് കൊണ്ട് തന്നെ അമിതാഹ്ലാദിയാകാതെ കാത്തിരിക്കാനാണ് എനിക്കിഷ്ടം.

ചിത്രം പ്രതീകാത്മകം മാത്രം.
Read More >>