ആത്മീയ ടൂറിസം വളർത്തുന്ന രാഷ്ട്രീയം: മോഹന്‍ ഗുരുസ്വാമി

'ദിവസം തോറും കൂടുതല്‍ ആളുകള്‍ ആത്മീയതയുടെ അന്ധതയിലേക്കു നടന്നടുക്കുന്ന കാഴ്ചയാണു കാണുന്നത്. അത് സാമൂഹിക വിപത്തായി മാറുകയും ചെയ്യുന്നു. ജവഹര്‍ലാല്‍ നെഹ്രു ഒരിക്കലും ഒരു മത കേന്ദ്രങ്ങളും സന്ദര്‍ശിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴുള്ള എല്ലാ നേതാക്കന്മാരും ഇക്കാര്യത്തില്‍ മത്സരബുദ്ധിയോടെ ആത്മീയകേന്ദ്രങ്ങളിലും അവരുടെ ചടങ്ങുകളിലും പങ്കെടുക്കുന്നു. ആള്‍ദൈവങ്ങളുടെയടുത്തു പോകുവാന്‍ പോലും ഇവര്‍ മടിക്കുന്നില്ല. എന്ന് മാത്രമല്ല, തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഇവരുടെ പരസ്യപിന്തുണ തേടുകയും ചെയ്യുന്നു. സത്യസായിബാബയുടെ അനുഗാമികൾ പലരും ഉന്നതരായ വ്യക്തികളായിരുന്നു'.-മോഹന്‍ ഗുരുസ്വാമി എഴുതുന്നു

ആത്മീയ ടൂറിസം വളർത്തുന്ന രാഷ്ട്രീയം: മോഹന്‍ ഗുരുസ്വാമി

മോഹന്‍ ഗുരുസ്വാമി

കഴിഞ്ഞ ഒരു വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചത് 90 മില്യണിലധികം വിദേശികളാണ് എന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ പ്രാദേശിക ടൂറിസത്തിന്റെ കണക്കുകള്‍ അതിലും ഭീമമാണ്. 1,400 മില്ല്യണ്‍ ആളുകള്‍ പ്രാദേശിക ടൂറിസം ഉപയോഗപ്പെടുത്തി എന്നറിയുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു ഈ മേഖലയ്ക്കു നല്‍കാന്‍ കഴിയുന്ന പങ്കും ചര്‍ച്ച ചെയ്യപ്പെടെണ്ടതുണ്ട്. വിദേശ ടൂറിസത്തിലും വളരെ മുന്നിലേക്കു പ്രാദേശിക ടൂറിസം എത്തിക്കഴിഞ്ഞു. കൂടാതെ ടൂറിസം മുന്‍ നിര്‍ത്തി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഡല്‍ഹി-ആഗ്ര- ജയ്‌പൂർ സ്വര്‍ണ്ണ ത്രികോണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ക്ഷണിക്കുമ്പോള്‍ പ്രാദേശിക ടൂറിസം പക്ഷെ വളരെയധികം പുരോഗതി കൈവരിച്ചത് തമിഴ്‌നാട്ടിലാണ്. പ്രാദേശിക ടൂറിസ്റ്റുകളുടെ 21 ശതമാനവും തമിഴ്‌നാട്ടിലേക്കാണ് എത്തുന്നത്. മധുര, പളനി, ശബരിമല പോലെ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രങ്ങളുള്ള ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളാണ് പ്രാദേശിക ടൂറിസത്തിലെ മിന്നും കേന്ദ്രങ്ങള്‍. ആന്ധ്രയിലെ തിരുപ്പതിയാണ് പ്രാദേശിക ടൂറിസ്റ്റുകള്‍ ഏറ്റവുമധികം തെരഞ്ഞെടുക്കുന്ന ഇടം. ഇക്കാര്യങ്ങള്‍ ഒരു കാര്യം വ്യക്തമാക്കുന്നു - ആത്മീയ ടൂറിസം ഒരു വന്‍ വ്യവസായമായി വളര്‍ന്നു കഴിഞ്ഞു. ഇതു നല്‍കുന്ന സന്ദേശമെന്താണ്?

കഴിഞ്ഞ അഞ്ചു വര്‍ഷകാലത്തിനുള്ളില്‍ ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 25% ലും കൂടുതല്‍ ആളുകള്‍ ആത്മീയതയിലേക്കു തിരിഞ്ഞിട്ടുണ്ട് എന്നു പ്യു ഗ്ലോബല്‍ ആറ്റിട്യൂഡ് നടത്തിയ ഒരു സര്‍വ്വേയില്‍ പറയുന്നു. മതം ഒരു അനിവാര്യമായ ഘടകമാണ് എന്നു വിശ്വസിക്കുന്നവരുടെ എണ്ണം രണ്ടു വര്‍ഷത്തിനുള്ളില്‍ 11 ശതമാനത്തിൽ നിന്നും 80 ശതമാനമായി വര്‍ധിച്ചിട്ടുമുണ്ട്. തത്ഫലമായി തീര്‍ഥാടനയാത്രകള്‍ നടത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇതു ഫലത്തില്‍ ഇത്തരം കേന്ദ്രങ്ങളുടെ സാമ്പത്തിക പുരോഗതിക്കും വഴിതുറന്നു. സാമ്പത്തിക ഉന്നമനത്തിനൊപ്പം തഴച്ചുവളര്‍ന്ന മറ്റൊരു അപകടം കാണാതെ പോകാനും കഴിയില്ല.

ആത്മീയത ആദായദായകമായപ്പോള്‍ ഇത്തരം കേന്ദ്രങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. പൊതുസ്ഥലങ്ങള്‍ കയ്യേറിയും ആത്മീയകേന്ദ്രങ്ങള്‍ ഉയര്‍ന്നു. ഒരിക്കല്‍ കയ്യേറിയാല്‍ പിന്നീട് ഒഴിപ്പിക്കുവാന്‍ കഴിയാത്ത വിധം ഇവ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. വഴിയോരങ്ങള്‍ കയ്യടക്കിയ മതകേന്ദ്രങ്ങള്‍ ഇതിനുദാഹരണമാണ്. സര്‍ക്കാറുകള്‍ എക്കാലത്തും ആത്മീയ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത് എന്നു കാണാം.എന്റെ ദൈവം നിന്റെതിലും മികച്ചത് എന്ന നിലയിലുള്ള സ്പര്‍ധയുടെ വളര്‍ച്ചയ്ക്കും ഈ ആത്മീയ ടൂറിസം കാരണമായിട്ടുണ്ട്. ആള്‍ബലത്തിലും സംഘാടകമികവിലും ആത്മീയത പലയിടങ്ങളിലും മത്സരയിനമായി ഭവിച്ചു.

തിരുമലയിലെ വെങ്കടേശ്വര ക്ഷേത്രം, തെലങ്കാനയിലെ യാദഗിരിഗട്ട തുടങ്ങിയവ സര്‍ക്കാര്‍ പ്രോത്സാഹനത്തോടെ തന്നെ ആത്മീയ ടൂറിസ്റ്റ് കേന്ദ്രങ്ങളായി.കേരള സര്‍ക്കാര്‍ ഒരു ബോര്‍ഡ് തന്നെ രൂപീകരിച്ചു ക്ഷേത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ വിദേശത്തുള്ള ആത്മീയ കേന്ദ്രങ്ങള്‍ക്കുള്ള സബ്‌സിഡിയും സര്‍ക്കാര്‍ തന്നെ നല്‍കുന്നു. അനധികൃത കയ്യേറ്റം ഒഴിപ്പിക്കുവാന്‍ പോലും മതനേതാക്കന്മാരുടെ അനുവാദം തേടുന്നു.നിരീശ്വരവാദികളായ ഇടതുസര്‍ക്കാര്‍ ഭരിക്കുമ്പോഴും കേരളത്തില്‍ ഇക്കാര്യങ്ങള്‍ക്ക് ഒരു മാറ്റം ഉണ്ടാകുന്നില്ല.

ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ആളുകള്‍ ആത്മീയതയുടെ അന്ധതയിലേക്കു നടന്നടുക്കുന്ന കാഴ്ചയാണു കാണുന്നത്. അത് സാമൂഹിക വിപത്തായി മാറുകയും ചെയ്യുന്നു. ജവഹര്‍ലാല്‍ നെഹ്രു ഒരിക്കലും ഒരു മത കേന്ദ്രങ്ങളും സന്ദര്‍ശിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴുള്ള എല്ലാ നേതാക്കന്മാരും ഇക്കാര്യത്തില്‍ മത്സരബുദ്ധിയോടെ ആത്മീയകേന്ദ്രങ്ങളിലും അവരുടെ ചടങ്ങുകളിലും പങ്കെടുക്കുന്നു. ആള്‍ദൈവങ്ങളുടെയടുത്തു പോകുവാന്‍ പോലും ഇവര്‍ മടിക്കുന്നില്ല. എന്ന് മാത്രമല്ല, തെരഞ്ഞെടുപ്പ് വേളയിൽ ഇവരുടെ പരസ്യപിന്തുണ തേടുകയും ചെയ്യുന്നു. സത്യസായിബാബയുടെ അനുഗാമികൾ പലരും ഉന്നതരായ വ്യക്തികളായിരുന്നു.

ആത്മീയ ടൂറിസത്തെ ഞാന്‍ ഒരു വിധത്തിലും അനുകൂലിക്കുന്നില്ല. അത് അപകടമാണ് എന്ന് തന്നെയാണ് എന്റെ പക്ഷം. ഈ കാപട്യത്തിൽ യഥാര്‍ത്ഥ ആത്മീയത നഷ്ടമാകുകയോ ഇല്ലാതാകുകയോ ചെയ്യുന്നു.

ലോകമാകമാനമുള്ള ആരാധനാലയങ്ങൾ ഒരു വലിയ ചിത്രമാണ്, ഇന്ത്യയിലും വ്യത്യസ്തമല്ല. രാഷ്ട്രീയക്കാർക്കും ആരാധിക്കാനുള്ള അവകാശമുണ്ട്, പക്ഷേ നികുതിദായകരുടെ പണം കൊണ്ടല്ലെന്നു മാത്രം. അല്ലെങ്കിൽ അവർ അതിനെ അവരുടെ ബിസിനസ്സ് പരസ്യപ്പെടുത്താനുള്ളതായി ഉപയോഗിക്കുകയാണ്.

കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്