ഈ ക്യു കണ്ടിട്ടും കരളലിയാത്തവരേ, മദ്യപന്മാരെ ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ്

ഇന്നലെ കൊല്ലത്ത് കാണപ്പെട്ട ഈ ക്യൂ ഒന്നു കണ്ടു നോക്കൂ- മദ്യപന്മാര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന ഈ ക്യൂ കാണാതെ പോകരുത്. ഈ ക്യൂ കണ്ടതും നാരദ സീനിയര്‍ സബ് എഡിറ്റര്‍ ജിനേഷ് ദേവസ്യക്ക് ഇങ്ങനെ ചിലതങ്ങ് തോന്നി

ഈ ക്യു കണ്ടിട്ടും കരളലിയാത്തവരേ, മദ്യപന്മാരെ ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ്

നാട്ടിലെ എല്ലാവര്‍ക്കും കുതിര കയറാനുള്ള സ്ഥലമാണ് മദ്യപിക്കുന്നവരുടെ പുറം. മദ്യപിക്കുന്നു എന്നത് മാത്രം കാരണമാക്കി പലരും ഇവരുടെ നെഞ്ച് പൊങ്കാലക്കളമാക്കാറുണ്ട്. എന്നാല്‍ ഇത്രയ്ക്ക് അകറ്റി നിര്‍ത്തേണ്ടവരാണോ മദ്യപാനികള്‍? ഒരേ പാത്രത്തില്‍ നിന്ന് അച്ചാര്‍ തൊട്ടുനക്കി, ഒരേ ഗ്ലാസ് ഉപയോഗിച്ച് കുടിച്ച് ഒരേ പായില്‍ ഉറങ്ങുന്നവരാണ് മദ്യപാനികള്‍. മദ്യപിക്കുന്നവരില്‍ പൊതുവേ മതേതര സ്വഭാവം കാണാറുമുണ്ട്. ഹമീദും ജോണിയും അരവിന്ദനുമൊക്കെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പാട്ടും പാടി ഒരേ പാത്രത്തില്‍ നിന്ന് മുട്ട പുഴുങ്ങിയതും മിക്‌സ്ചറും വാരിത്തിന്ന് മദ്യം കുടിക്കുന്നത് കണ്ടിട്ടില്ലേ.

അവരുടെ സാഹോദര്യവും സാര്‍വലൗകികതയും മതേതരത്വവുമൊക്കെ പലപ്പോഴും മദ്യം നല്‍കുന്ന സംഭാവനയാണ്. അളിയാ ഒരെണ്ണം ഒഴിച്ചേ എന്നാണ് അവര്‍ സഹമദ്യപാനിയോട് പറയുന്നത്. അങ്ങനെ മദ്യത്തിന്റെ അദൃശ്യമായ ശക്തി അവരെ അളിയന്‍മാരും സഹോദരന്‍മാരുമൊക്കെയാക്കുന്നു. വൈകാരികമായി വളരെ സെന്‍സിറ്റീവായ മദ്യപാനികള്‍ അന്യരുടെ ദുഖത്തില്‍ പോലും പങ്കുചേര്‍ന്ന് കരയാറുണ്ട്. സാധാരണയായി മദ്യപാനികള്‍ വളരെ മനുഷ്യത്വമുള്ളവരായി കാണപ്പെടുന്നു. കൂട്ടത്തിലൊരുവന്‍ അടിച്ച് ഓഫായിപ്പോയാല്‍ അവനെ വഴിയിലുപേക്ഷിക്കാറില്ല ഞങ്ങള്‍. അവന്റെ വീട്ടുകാരുടെ തെറി കേട്ടാലും സുരക്ഷിതമായി അവനെ വീട്ടിലെത്തിക്കാറാണ് പതിവ്. ഈ സാഹോദര്യം ബീവറേജ് ഔട്ട്‌ലെറ്റുകളിലെ ക്യൂവില്‍ വരെ നിങ്ങള്‍ക്ക് കാണാം. അവിടെ ക്യൂവില്‍ ഒരു പരിചയവുമില്ലാത്തവര്‍ക്ക് കൂടി മദ്യം വാങ്ങിക്കൊടുക്കുന്നവരെ നിങ്ങള്‍ക്ക് കാണാനാകും.

നികുതി കൊടുക്കുന്ന കാര്യത്തിലും ഞങ്ങള്‍ മദ്യപാനികള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. പല സോ കോള്‍ഡ് മാന്യ ദേഹങ്ങളും നികുതി വെട്ടിയ്ക്കുന്നിടത്ത് ഞങ്ങള്‍ വാങ്ങുന്ന മദ്യത്തിന്റെ വിലയുടെ പകുതിയില്‍ക്കൂടുതലും സര്‍ക്കാരിലേക്കാണ് പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? ഞങ്ങളതിന് വല്ല പരാതിയും പറയാറുണ്ടോ. ഇല്ലല്ലോ. കാരണം സര്‍ക്കാരിന് നികുതി വരുമാനം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഞങ്ങള്‍ക്കറിയാം. ഇടക്കിടെ മദ്യത്തിന്റെ വില കൂട്ടിയാലും ഞങ്ങള്‍ പരാതി പറയാതെ അതെല്ലാം സഹിക്കും. എന്തിനുവേണ്ടി? രാഷ്ട്രനിര്‍മിതിക്ക് ഞങ്ങളാല്‍ കഴിയുന്ന എളിയ പങ്ക് ചെയ്യുന്നുവെന്ന് മാത്രം.

എന്നിട്ട് സര്‍ക്കാര്‍ തിരിച്ച് ഞങ്ങള്‍ക്ക് തരുന്ന പണിയോ...മര്യാദയ്ക്ക് കട്ടയിട്ട് വൈകിട്ട് രണ്ടെണ്ണം അടിച്ചോണ്ടിരുന്ന ഞങ്ങളുടെ വെള്ളം കുടി മുട്ടിക്കാനായി ആദ്യം ബാറുകള്‍ പൂട്ടിച്ചു. (ഉമ്മന്‍ ചാണ്ടി സാറിനും സുധീരന്‍ സാറിനും നല്ലതു മാത്രം വരണേ... എന്നാലും ആ പാപികള്‍....) അതുകൊണ്ടന്താ ഇവിടെ കുടി കുറഞ്ഞോ. അതോടെ ബിവറേജ് ഷോപ്പുകളുടെ മുമ്പില്‍ ക്യൂവൊഴിയാതായി. നിന്ന് നിന്ന് ഞങ്ങളുടെ കാലുകളില്‍ വേരുപിടിച്ചു. കാല് കൊതുകു കടി കൊണ്ട് തിണിര്‍ത്തു.

രണ്ടെണ്ണം അടിച്ചോണ്ടിരുന്ന ഞങ്ങളില്‍ പലരും പിന്നീട് ബിയര്‍ പാര്‍ലറുകളില്‍ അഭയം തേടി. ബിയറെങ്കില്‍ ബിയറ് എന്നായിരുന്നു ലൈന്‍. ഗ്യാസ് കയറി പണ്ടാരമടങ്ങിയെങ്കിലും ഏമ്പക്കം വിട്ടും ഇടക്കിടെ മൂത്രമൊഴിച്ചും ഞങ്ങള്‍ ബിയറുകള്‍ കുടിച്ചുകൊണ്ടേയിരുന്നു. കാരണം ഇരുന്ന് കഴിക്കാനുള്ള ഒരു ആംബിയന്‍സ് ആയിരുന്നു ഞങ്ങള്‍ക്കാവശ്യം. ഇന്നലെ വന്ന സുപ്രീം കോടതി വിധിയോടെ അതും ഗുദാ ഹുവാ ആയി. ദേശീയ പാതകളിലുള്ള ബിയര്‍ പാര്‍ലറുകള്‍ പൂട്ടിയതോടെ അവിടെ പോയിരുന്നവരും ഇനി അവശേഷിക്കുന്ന ബീവറേജ് ഷോപ്പുകളുടെ അവസാനിക്കാത്ത ക്യൂവില്‍ പോയി ചേരണം. ഇതിന് മാത്രം ശിക്ഷിക്കാന്‍ ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത് സാര്‍.....

ഇന്നലെ കൊല്ലത്ത് കാണപ്പെട്ട ഈ ക്യൂ ആരുടേയും കരളലിയിപ്പിക്കും