ശത്രുവിനോടുള്ള നിലപാടുകൾക്കനുസരിച്ച് ഒാരോരുത്തരും മുൻ​ഗണനാക്രമങ്ങൾ രൂപീകരിക്കുമ്പോൾ

ഫാഷിസം പ്രത്യക്ഷമായും പരോക്ഷമായും ലക്ഷ്യമിടുന്ന സമൂഹങ്ങളെന്ന മുസ്ലീങ്ങളുടെയും ദലിത് പിന്നോക്ക സമൂഹങ്ങളുടെയും മുൻ‌ഗണന എന്തിനാകണം എന്നത് പ്രസക്തമാണ്. ഒരേ സമയം രണ്ട് ശത്രുവിനെയാണ് ഇവർ നേരിടുന്നത്. ഒന്ന് ബാഹ്യമായ ബ്രാഹ്മണിക് ഭീഷണി. രണ്ട്, ഈ സമൂഹങ്ങളുടെ ഏറ്റവും ദുസ്സഹവും നരകതുല്യവുമായ ജീവിതസാഹചര്യം- പി കെ നൗഫൽ എഴുതുന്നു

ശത്രുവിനോടുള്ള നിലപാടുകൾക്കനുസരിച്ച് ഒാരോരുത്തരും മുൻ​ഗണനാക്രമങ്ങൾ രൂപീകരിക്കുമ്പോൾ

പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ മുൻ‌ഗണനാക്രമങ്ങളാണ് വ്യക്തിപരവും സാമൂഹികവുമായ പ്രവർത്തനങ്ങളൂടെ ഗതി നിർണ്ണയിക്കുന്നത്. തങ്ങൾ ജീവിക്കുന്ന ചുറ്റുപാടിലെ നിലനിൽ‌പ്പിനും അതിജീവനത്തിനും അജയ്യതക്കും മുൻ‌ഗണനാക്രമം അനിവാര്യമാണ്. മക്കയിൽ അറബ് സമൂഹത്തിനിടയിൽ ദൈവീക ദൗത്യവുമായി ഇറങ്ങിയ പ്രവാചകൻ മുഹമ്മദ് പ്രാഥമികമായി മുൻ‌ഗണന നൽകിയത് ഇതിനകം പ്രാകൃത സംസ്കാരത്തിന്നടിമകളായി മാറിയിരുന്ന തദ്ദേശീയ ജനതക്ക് മാനവ സംസ്കാരം പരിചയപ്പെടുത്താനാണ്. പിന്നീട് മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകൻ ആദ്യം ചെയ്തത് പ്രവാചക സാന്നിധ്യം കൊണ്ട് ശത്രുപക്ഷത്തിന്റെ ലക്ഷ്യമായി മാറിയേക്കാവുന്ന മദീനയുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നതായിരുന്നു. അതിന്റെ തുടർച്ചയാണ് മദീനയിൽ പരസ്പരം കലഹിച്ചിരുന്ന വിവിധ ഗോത്രങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കിയതും മദീനയിലെ ജൂത സമൂഹവുമായി സുരക്ഷാ ഉടമ്പടി ഉണ്ടാക്കുന്നതും. സമാനമായി നൂറ്റാണ്ടുകളായി ഈജിപ്തിലെ ഫറോവൻ സവർണ്ണരുടെ അടിമകളായി ജീവിക്കുന്ന ഇസ്രായേലീ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ മൂസ ആദ്യം ചെയ്തത് ഫറോവ ചക്രവർത്തിയുടെ മുൻപാകെ ചെന്ന് ഇസ്രായേലീ സമൂഹത്തിന്റെ മോചനം ആവശ്യപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് തന്റെ ജനതയ്ക്ക് മൂസ സന്മാർഗ്ഗം പഠിപ്പിച്ചുകൊടുക്കുവാൻ ശ്രമിക്കുന്നത്. മുൻ‌ഗണനാക്രമം രൂപപ്പെടുന്നതിന്റെ ഉദാഹരണമാണിത്.

ചരിത്രത്തിലെ വിവിധ കാലങ്ങളിൽ ഏറ്റ തിരിച്ചടികൾക്കും പലായനങ്ങൾക്കും ശേഷം സംഘടിതരായ യഹൂദരെ സമ്പന്ധിച്ചിടത്തോളം ലോകത്തെവിടെയെങ്കിലും സ്വന്തമായൊരു ഭൂമി എന്ന സമയബന്ധിതമായ മുൻ‌ഗണനയിൽ നിന്നാണ് 1948ൽ ഇസ്രായേൽ എന്ന രാജ്യം അവർ പാതിവേവിച്ചെടുക്കുന്നത്. 1948ൽ ഇസ്രായേൽ എന്ന രാജ്യം രൂപപ്പെടുന്നതിനു പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ കൃത്യം അൻപത് വർഷം കഴിഞ്ഞാൽ ഇസ്രായേൽ എന്ന രാജ്യം രൂപപ്പെടുത്തും എന്ന് യഹൂദർ പ്രഖ്യാപിചു. അതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളും തന്ത്രങ്ങളും അവർ പയറ്റി. സയണിസം എന്ന ഘടനക്ക് അവർ രൂപം നൽകി. അന്നത്തെ പ്രബല രാജ്യങ്ങളുടെ മർമ്മപ്രധാനകേന്ദ്രങ്ങളിൽ അവർ കയറിപ്പറ്റി, സമ്പത്തും മാധ്യമങ്ങളെയും സൈന്യത്തെയും കൈപ്പിടിയിലാക്കി നിയന്ത്രിച്ചു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെ തങ്ങളുടെ ലക്ഷ്യത്തിനു വേണ്ടി അവർ സമർത്ഥമായി ഉപയോഗിച്ചു. കൃത്യം അൻപത് വർഷം പൂർത്തിയാകുന്ന സമയത്ത് തന്നെ ബലാൽക്കാരമായി അറബ്-ഇസ്ലാമിക സമൂഹത്തിനു മേലെ അവർ സ്വന്തം ലക്ഷ്യം നിറവേറ്റി, ഇസ്രായേൽ എന്ന രാജ്യത്തെ തിരികിക്കയറ്റി.

ഇന്ത്യയിൽ രാഷ്ട്രീയ സ്വയം സേവക് സംഘം എന്ന ആർ‌എസ്‌എസിന് തൊള്ളായിരത്തി ഇരുപതുകളിൽ ബ്രാഹ്മണർ രൂപം കൊടുക്കുമ്പോൾ രാജ്യം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലായിരുന്നു. ആബാലവൃദ്ധം ജനങ്ങൾ ജാതിമതവംശഭാഷാ വ്യത്യാസമെന്യേ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായപ്പോൾ ബ്രാഹ്മണിസത്തിന്റെ മുൻ‌ഗണനാക്രമം വേറൊന്നായിരുന്നു. ഭാവിയിൽ രൂപപ്പെടുന്ന രാജ്യത്തിന്റെ കടിഞ്ഞാൺ കൈക്കലാക്കുക ഇന്ത്യയെ ബ്രാഹ്മണവൽക്കരിക്കുക. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുവാനോ ബ്രിട്ടീഷുകാരാൽ പീഢിപ്പിക്കപ്പെടാനോ അവർ ആഗ്രഹിച്ചില്ല. ബ്രാഹ്മണിക് സംഘപരിവാരത്തെ രാജ്യത്തൊട്ടാകെ പ്രചരിപ്പിക്കുവാനാണ് ബ്രാഹ്മണിസം മുൻ‌ഗണന നൽകിയത്. സ്വാതന്ത്ര്യത്തിനു മുൻപും സ്വാതന്ത്ര്യത്തിനു ശേഷവുമായി ദശാബ്ദങ്ങളോളം പണിയെടുത്തു. ശത്രുവെന്നും മിത്രമെന്നും അഥവാ രാജ്യദ്രോഹികളെന്നും രാജ്യസ്നേഹികളെന്നുമുള്ള വിവിധ തട്ടുകളുണ്ടാക്കി രാജ്യത്തെ ജനതയെ പരസ്പരം ഭിന്നിപ്പിച്ചു, കലഹിപ്പിച്ചു, കലാപങ്ങളും കൂട്ടക്കൊലകളും മുറക്ക് നടന്നു. മറുഭാഗത്ത് പ്രത്യയശാസ്ത്ര ശൂന്യമായ രാജ്യത്തിന്റെ സർക്കാർ മെഷിനറികളെയും ജുഡീഷ്യറിയെയും കൃത്യമായി ബ്രാഹ്മണവൽക്കരിച്ചു. സ്വന്തമായി വിദ്യാഭ്യാസഘടനക്ക് രൂപം നൽകി. ചരിത്രം മാറ്റിയെഴുതി. ബ്രാഹ്മണിസത്തിന്റെ വട്ടത്തിൽ ഉൾക്കൊള്ളാത്ത സ്വാതന്ത്ര്യ

സമരപോരാളികളെ വർഗ്ഗീയവാദികളും ഭീകരവാദികളുമാക്കി ചിത്രീകരിച്ചു. മാധ്യമങ്ങളെ കെെയ്യിലെടുത്തു, സമ്പന്നരെയും ഇടത്തരക്കാരെയും കൂടെ നിർത്തി, ദരിദ്രരെയും സാധാരണക്കാരെയും രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റി. എല്ലാം കൃത്യമായിരുന്നു. ഒൻപത് പതിറ്റാണ്ട് പിന്നിടുമ്പോൾ സായുധസമരമോ, എന്തിനേറെ ഒരു പ്രഖ്യാപനം പോലും വേണ്ടാത്ത നിലയ്ക്ക് രാജ്യത്തിന്റെ പൂർണ്ണമായ കടിഞ്ഞാൺ കൃത്യമായ പ്രവർത്തനം കൊണ്ട് ആർ‌എസ്‌എസ് കെെയ്യിലാക്കി. ജനാധിപത്യ മതേതര രാജ്യമെന്ന പേര് നിലനിർത്തിക്കൊണ്ട് തന്നെ രാജ്യത്തെ ബ്രാഹ്മണവൽക്കരിക്കാം എന്ന് തെളിയിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കലല്ല, പകരം ബ്രാഹ്മണിസത്തിനു വേണ്ടി ഹൈന്ദവ ജനതയെ സംഘടിപ്പിക്കുകയാണു വേണ്ടതെന്ന മുൻ‌ഗണനാക്രമത്തിന്റെ ഗുണഫലം. ഇനിയുള്ളത് ആർ‌എസ്‌എസിന്റെ വിളവെടുപ്പ്കാലമാണ് .

അതെസമയം സയണിസത്തിന്റെയും ബ്രാഹ്മണിസത്തിന്റെയും ഇരകളക്കപ്പെട്ട സമൂഹം എങ്ങിനെ ജീവിക്കുന്നു, അവരുടെ മുൻ‌ഗണനാക്രമം എന്തൊക്കെയാണ് എന്ന് പരിശോധിച്ച് നോക്കൂ. യഥാർത്ഥ ശത്രുവിനെ എല്ലാവരും തിരിച്ചറിയുന്നു എന്നതാണ് ഇതിലെ പരമപ്രധാനമായത്. പക്ഷെ ശത്രുവിനോടുള്ള നിലപാടുകൾ പലരിലും വ്യത്യാസമുണ്ട്. അതിനനുസരിച്ചാണ് ഓരോരുത്തരുടെയും മുൻ‌ഗണനാക്രമങ്ങൾ രൂപപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇന്ത്യൻ സാഹചര്യത്തിലേക്ക് വന്നാൽ ആർ‌എസ്‌എസ് ബ്രാഹ്മണിക് പ്രസ്ഥാനമാണ്. അതിന്റെ അജണ്ടയും ലക്ഷ്യവും അടിസ്ഥാനപരമായി ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന അവർണ്ണർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെയാണു എന്നതും എല്ലാവർക്കും അറിയാം. പക്ഷെ ഇതിനോടെങ്ങിനെ പ്രതികരിക്കുന്നു എന്നിടത്താണ് മുകളിൽ സൂചിപ്പിച്ച മുൻ‌ഗണനാക്രമങ്ങൾ രൂപപ്പെടുന്നത്.

ഉദാഹരണമായി ഇന്ത്യയിലെ ഏറ്റവും വലിയ ജനവിഭാഗമായ പിന്നോക്ക സമൂഹത്തെ എടുക്കുക. ആർ‌‌എസ്‌എസ് മുന്നോട്ട് വെക്കുന്ന ബ്രാഹ്മണ അജണ്ടകൾ ഒരിക്കലും തങ്ങളുൾപ്പെടുന്ന അവർണ്ണ ജനതക്കനുയോജ്യമല്ല, മറിച്ച് തങ്ങളെ നൂറ്റാണ്ടുകളോളം അടിമകളാക്കിവെച്ച സവർണ്ണരുടെ പുതിയ ലേബലൊട്ടിച്ച അജണ്ടയാണ് സംഘപരിവാരം എന്ന തിരിച്ചറിവൊക്കെ പിന്നോക്ക സമൂഹത്തിനും അതിൽ നിന്നുയർന്നുവരുന്ന നേതാക്കൾക്കും പ്രസ്ഥാനങ്ങൾക്കുമുണ്ട്. പക്ഷെ അതിനോടുള്ള പ്രതികരണത്തിലാണ് വിഷയം. പ്രബലരും അധികാരസ്ഥരുമായ ഈ ശത്രുവിനെതിരെ പൊരുതാനുള്ള കായികവും ധനപരവും പ്രത്യയശാസ്ത്രപരവുമായ ശേഷി തങ്ങൾക്കില്ലെന്ന് ആദ്യമേ സ്വയം തിരുമാനിക്കുന്നു. നൂറ്റാണ്ടുകൾ നീണ്ട അടിമസമാനമായ ജീവിതം ചിന്താഗതികളെ സ്വാധീനിച്ചതിന്റെ പരിണിതി. പിന്നെയെന്താണൊരു വഴി? ആ ശത്രുവിനൊപ്പം കൂടുക. അവർ രാജ്യദ്രോഹികളെന്ന് പ്രഖ്യാപിച്ചവരെ ശത്രുവായി പ്രഖ്യാപിക്കുക, ദുർബലരായ അവരെ സവർണ്ണരുടെ സഹായത്താൽ കടന്നാക്രമിക്കുക. പകരം ബ്രാഹ്മണരുടെ ആരാധനാമൂർത്തികളെ ആരാധിക്കാം, ഹിന്ദു എന്ന പൊതുവിളിപ്പേരിൽ അറിയപ്പെടാം. അതിൽ തൃപ്തിയടയാം. മുൻ‌ഗണനാക്രമങ്ങൾ മാറുന്നത് ഇങ്ങിനെയാണ്. രാജ്യത്ത് ഇഥംപ്രഥമമായി നടന്ന എല്ലാ മുസ്ലിം വിരുദ്ധ കലാപങ്ങളിലും കൂട്ടക്കൊലകളിലും അരങ്ങിൽ അത്യാവേശത്തോടെ മുന്നിൽ നിന്നത് രാജ്യത്തെ പിന്നോക്ക ജനതയിൽ പെട്ടവരായിരുന്നു എന്നത് കൂട്ടിവായിക്കുക. രാം വിലാസ് പാസ്വാൻ അടക്കമുള്ള പിന്നോക്ക സമൂഹത്തിൽ നിന്നുയർന്നുവന്ന നേതാക്കൾ ഒരുകാ‍ലത്ത് ശക്തമായ ബ്രാഹ്മണവിരുദ്ധ മനോഭാവം പേറിയവരായിരുന്നു. ബ്രാഹ്മണിസത്തിനെതിരെയുള്ള പോരാട്ടത്തിനായിരുന്നു അവർ മുൻ‌ഗണന നൽകിയത്. പക്ഷെ ബ്രാഹ്മണിസം നടത്തിയ അധിനിവേശത്തിൽ പിടിച്ചുനിൽക്കാനാകാതെ പാസ്വാനു പിടിച്ചു നിൽക്കാനായില്ല. ശേഷം നടന്നതൊക്കെ ചരിത്രം. ഇന്ന് ബ്രാഹ്മണിക് രാഷ്ട്രീയത്തിന്റെ വായ്ക്കുള്ളിൽ സ്വന്തം തലവെച്ചു വിശ്രമിക്കുകയാണ് മറ്റനേകം പിന്നോക്കരെ പോലെ തന്നെ പാസ്വാൻ അടക്കമുള്ള നേതാക്കൾ.

മറുവശത്ത് വന്നാൽ ബ്രാഹ്മണിസം പ്രഥമശത്രുവായി പ്രഖ്യാപിച്ച മുസ്ലിം സമൂഹത്തിന്റെ അവസ്ഥ എന്താണ്? മുസ്ലിം സമൂഹത്തിന്റെയും സംഘടനകളുടെയും മുൻ‌ഗണനാക്രമങ്ങൾ ഏതൊക്കെയാണു? മുസ്ലിം നാമമുള്ളവൻ പോലും ബ്രാഹ്മണിസത്തിന്റെ കണ്ണിൽ ശത്രുവാണെന്ന സത്യം മറ്റാരേക്കാൾ കൂടുതർ അറിയുന്നത് മുസ്ലീങ്ങള്‍ക്ക്‌ തന്നെയാണ്. യൂറോപ്പിലെ സ്പെയിനിലും ബോസ്നിയയിലും നടന്ന മുസ്ലിം വംശഹത്യക്ക് സമാനമായ വംശഹത്യ ലക്ഷ്യമിട്ടുകൊണ്ടാണ് ബ്രാഹ്മണിസം സായുധ-സാംസ്കാരിക പ്രവർത്തനം നടത്തുന്നതെന്ന ഉത്തമ ബോധ്യമുണ്ട്. രാജ്യത്ത് സ്വാതന്ത്ര്യാ നന്ത രം നടന്ന കലാപങ്ങളും കൂട്ടക്കൊലകളും ഗുജറാത്ത് മോഡൽ വംശഹത്യകളുമൊക്കെ ഈ മാർഗത്തിലേക്കുള്ള ചുവടുവെപ്പും പരിശീലനക്കളരിയുമാണെന്ന യാഥാർത്ഥ്യബോധ്യവുമുണ്ട്. എന്നാൽ ഇതിനോടുള്ള പ്രതികരണം ഏത് നിലക്കാണ്? എത്തരം പ്രതികരണങ്ങൾക്കാണവർ മുൻ‌ഗണന നൽകുന്നത്? രസകരവും നിരാശാജനകവുമാണ് ഉത്തരം. വ്യക്തിപരമായും ഒരു സമൂഹമെന്ന നിലക്കുംമുസ്ലീങ്ങളിലേക്ക് നോക്കിയാൽ കാണുക തങ്ങളെ വിഴുങ്ങാൻ വായും‌പിളർന്ന് നിൽക്കുന്ന ബ്രാഹ്മണിസത്തെ കണ്ടഭാവം പോലും നടിക്കാതെ ലൌകീക ജീവിതത്തിൽ അഭിരമിക്കുന്ന ജനതയെയാണ്.. വിശേഷിച്ചും ഗൾഫ് പണത്തിന്റെ അതിപ്രസരത്തിന്നടിമപ്പെട്ട കേരള മുസ്ലിംകൾ ആഡംഭരജീ‍വിതത്തിന്റെയും ധൂർത്തിന്റെയും മൂർദ്ധന്യത്തിലാണ്. ഗൾഫ് പണത്തിന്റെ ലഭ്യതയിൽ വലിയതോതിൽ ഇടിവുണ്ടാകുമ്പോഴും ആഢംബരത്തിലും ധൂർത്തിലും ഒട്ടും കുറവില്ലെന്ന് മാത്രമല്ല, പൊങ്ങച്ചത്തിനു വേണ്ടി പുതിയ മാമൂലുകൾ സൃഷ്ടി ച്ചുകൊണ്ടിരിക്കുകയാണ്. മുൻ‌ഗണനാക്രമം വഴിമാറിപ്പോയത് അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ച് ആഡംഭരജീവിതത്തിലും ആഢംബരസ്വപ്നത്തിലും മുഴുകിയിരിക്കുകയാണവർ.

ഇതിനു സമാന്തരമായി മുസ്ലിം സംഘടനകളുടെ നിലപാടുകളും മുൻ‌ഗണനകളും പരിശോധിക്കപ്പെട്ടാൽ ഒട്ടും ആശാസ്യമല്ലെന്ന് മാത്രമല്ല അതിഭീകരവുമാണ്. ഒരു ജനതയെന്ന നിലക്ക് മുസ്ലിംസമൂഹം ബ്രാഹ്മണിസത്തെ പ്രതിരോധിക്കാൻ തയ്യാറായിട്ടില്ലെങ്കിലും ബ്രാഹ്മണിസവുമായി സഹവാസത്തിനും സഹകരണത്തിനും തയ്യാറാകാതെ കൃത്യമായ അകലം പാലിക്കാൻ തുടക്കം മുതൽ മുസ്ലിം സമൂഹം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഈ അകലം പോലും ഇല്ലാതാക്കി മുസ്ലിം സമൂഹത്തെ ബ്രാഹ്മണിസത്തിനു മുന്നിൽ വെച്ചുകൊടുക്കാനുള്ള ശ്രമങ്ങളാണ് മുഖ്യധാരാ മുസ്ലിം കൂട്ടായ്മകളുടെയും നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്. മുസ്ലിം സമൂഹത്തിലേക്ക് സംഘപരിവാരനേതാക്കളെ ബോധപൂർവം അടിച്ചേൽ‌പ്പിക്കുന്നു. സംഘപരിവാരനേതാക്കളില്ലാത്ത മുസ്ലിംചടങ്ങുകൾ അസംഭവ്യമായിരിക്കുന്നു. ബ്രാഹ്മണിസം സ്പോൺസർ ചെയ്യുന്ന ആഘോഷങ്ങളുടെ പ്രചാരകരായി മുസ്ലിം സംഘടനകൾ മാറിയിരിക്കുന്നു. തങ്ങളുൾക്കൊള്ളുന്ന മുസ്ലിം സമൂഹത്തെ പ്രഥമശത്രുവായി പ്രഖ്യാപിച്ച് സംഘാടനവും സംഹാരവും നടത്തിക്കൊണ്ടിരിക്കുന്ന ബ്രാഹ്മണിക് ഫാസിസത്തെ എതിരാളികളായി കാണാൻ അവർ തയ്യാറല്ല. പകരം ശത്രുസ്ഥാനത്ത് അവർ പ്രതിഷ്ടിച്ചിരിക്കുന്നത് സഹോദര മുസ്ലിം സംഘടനകളെതന്നെയാണ്. അവർക്കെതിരെയുള്ള ആക്രോശവും വിദ്വേഷപ്രചാരണവുമാണ് പ്രസ്ഥാന പ്രവർത്തനമെന്ന പേരിൽ നടക്കുന്നത്. പ്രസ്ഥാന പ്രസിദ്ധീകരണങ്ങളുടെ സിംഹഭാഗവും ഇതര മുസ്ലിം സംഘടനകളെ ലക്ഷ്യം വെച്ചുള്ളവ തന്നെ. ഒരു വശത്ത് ഭയവും ആത്മവിശ്വാസക്കുറവുമാണ് ബ്രാഹ്മണിസത്തെ ശത്രുവായി കാണാൻ പ്രധാന തടസമെങ്കിൽ, മറുവശത്ത് അധികാരത്തിന്റെ സുഖം ഫാസിസ്റ്റുകളാണെങ്കിൽ അവരിൽ നിന്നും പരമാവധി നേടിയെടുക്കുക, വ്യക്തിപരമായി ജീവിതം ആസ്വാദിക്കുക എന്ന ലക്ഷ്യമാണെന്ന് മാത്രം.

ഇവിടെയൊക്കെ വഴിമാറിപ്പോയത് ബ്രാഹ്മണിസത്തിന്റെ ഇരകളായ സമൂഹത്തിന്റെ മുൻ‌ഗണനാക്രമമാണ്. ബ്രാഹ്മണിക് ഫാസിസം ഒരു യാഥാർത്ഥ്യമാണ്. അവർ സർവ്വായുധസജ്ജരാണ്. രാജ്യത്തിന്റെ പൊതുബോധത്തെ നിർമ്മിക്കുന്നവരാണ്.ജുഡീഷ്യറി ഉൾപ്പെടുന്ന സകല സ്തംഭങ്ങളെയും നിയന്ത്രിക്കുന്നവരാണ്. സർവോപരി അവർ അധികാരസ്ഥരുമാണ്. ഇവിടെ ഫാസിസം പ്രത്യക്ഷമായും പരോക്ഷമായും ലക്ഷ്യമിടുന്ന സമൂഹങ്ങളെന്ന മുസ്ലീങ്ങളുടെയും ദലിത് പിന്നോക്ക സമൂഹങ്ങളുടെയും മുൻ‌ഗണന എന്തിനാകണം എന്നത് പ്രസക്തമാണ്. ഒരേ സമയം രണ്ട് ശത്രുവിനെയാണ് ഇവർ നേരിടുന്നത്. ഒന്ന് ബാഹ്യമായ ബ്രാഹ്മണിക് ഭീഷണി. രണ്ട്, ഈ സമൂഹങ്ങളുടെ ഏറ്റവും ദുസ്സഹവും നരകതുല്യവുമായ ജീവിതസാഹചര്യം. രാജ്യത്ത് ഏറ്റവുമധികം ദരിദ്രരെയും വിദ്യാഭ്യാസമില്ലാത്തവരെയും സംഭാവന ചെയ്യുന്നത് ഈ രണ്ട് സമൂഹമാണ്. ബ്രാഹ്മണിക് ഭീഷണിയോളം പ്രധാനപ്പെട്ടത്. ഈ രണ്ട് പ്രതിസന്ധികളും മറികടക്കുന്നതിനാവശ്യമായ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധത്തിനും സ്വയം ശാക്തീകരണത്തിനുമാണ് ഇരു സമൂഹങ്ങളും ഒരേസമയം മുൻ‌ഗണന നൽകേണ്ടത്. സവർണ്ണരാൽ അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനും വ്യക്തിത്വം സംരക്ഷിച്ച് മുന്നോട്ട് സഞ്ചരിക്കുവാനും ആത്മവിശ്വാസം പകർന്ന് നൽകുക എന്നതാണ് പരമപ്രധാനം. ഉയിർത്തെഴുന്നേൽ‌പ്പിനും സ്വയം ശാക്തീകരണത്തിനും അത് ആവശ്യമത്രെ. അത് തന്നെയാണ് ബ്രാഹ്മണിക് ഇന്ത്യയിൽ ഇരകളുടെ മുൻ‌ഗണനയാകേണ്ടതും.

Read More >>