ഐഎസ് ഖിലാഫത്തിന്റെ പതനം

ദായിഷിന്റെ അനിവാര്യമായ പതനത്തിനു പല കാരണങ്ങളും ഉണ്ട്. ആദ്യഘട്ടത്തില്‍ അസംഘടിതരായ സിറിയന്‍-ഇറാഖി സൈന്യത്തെ നിശ്പ്രയാസം കീഴ്‌പ്പെടുത്തിക്കൊണ്ടാണു ദായിഷ് മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നത്. പക്ഷെ ദായിഷിനെതിരെ ഇറാഖില്‍ അമേരിക്കയും ഇറാനും ഷിയാക്കളും അടങ്ങുന്ന സഖ്യവും സിറിയയില്‍ റഷ്യയും ഇറാനും ഹിസ്ബുള്ളയുമടങ്ങുന്ന സൈന്യവും ഒരുമിച്ചു നീങ്ങുകയും ഇവര്‍ക്കു പുറമെ കുര്‍ദുകള്‍, യസീദികള്‍, പ്രാദേശിക ഗോത്രസഖ്യങ്ങള്‍ ഇവയ്‌ക്കൊക്കെ ആളും അര്‍ത്ഥവും നല്‍കി റഷ്യയും ഇറാനും അമേരിക്കയും തുര്‍ക്കിയും യുദ്ധമുഖത്ത് സഹായിക്കുക കൂടി ചെയ്തപ്പോള്‍ ദായിഷിനു സ്വാഭാവികമായും തിരിച്ചടി ലഭിക്കാന്‍ തുടങ്ങി.

ഐഎസ് ഖിലാഫത്തിന്റെ പതനം

അഞ്ച് വര്‍ഷത്തെ ആധിപത്യത്തിനും പോരാട്ടങ്ങള്‍ക്കും അന്ത്യം കുറിച്ചുകൊണ്ട് ഐഎസ് യുഗം അവസാനിക്കുകയാണ്. ഇറാഖിലും സിറിയയിലും പ്രളയം കണക്കെ പരന്നൊഴുകി ഇറാഖി സൈന്യത്തെയും സിറിയന്‍ സൈന്യത്തെയും നിശ്പ്രഭമാക്കി ആധിപത്യം സ്ഥാപിക്കുകയും ഒടുവില്‍ ഏവരെയും അത്ഭുതപ്പെടുത്തി ഇറാഖും സിറിയയും കേന്ദ്രീകരിച്ച്് ഖിലാഫത്ത് ഭരണം പ്രഖ്യാപിക്കുകയും ചെയ്ത ദായിഷ് അനിവാര്യമായ തിരിച്ചുപോക്കിന്റെ അവസാനഘട്ടത്തിലാണ്. ഒരു ഘട്ടത്തില്‍ ഇറാഖിന്റെയും സിറിയയുടെയും ഭൂരിഭാഗങ്ങളും കയ്യടക്കിവെച്ചിരുന്ന ദായിഷിനു ഇറാഖിലെ മൊസൂള്‍ അടക്കമുള്ള നെടുംകോട്ടകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

സിറിയയിലും സമാനമാണു സ്ഥിതി. ഐഎസ് ശക്തികേന്ദ്രമായിരുന്ന റഖ നഗരത്തിന്റെ പാതിയും റഷ്യന്‍ സഹായത്തോടെ എസ്ഡിഎഫ് (സിറിയല്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്) പിടിച്ചെടുത്തുകഴിഞ്ഞു. മാത്രമല്ല അവശേഷിക്കുന്ന ഭാഗങ്ങളില്‍ എസ്ഡിഎഫും ഷിയാ സൈന്യവും ഹിസ്ബുള്ളയുമടങ്ങുന്ന ഐഎസ് വിരുദ്ധ സഖ്യം ഓരോ ദിവസവും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനകം നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും ദായിഷ് തുടച്ചുനീക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ദായിഷ് സ്വാധീന മേഖലയായിരുന്ന ആലിപ്പോ ഗ്രാമപ്രദേശങ്ങള്‍ പൂര്‍ണമായും ദായിഷ് മുക്തമേഖലായി മാറിക്കഴിഞ്ഞു. ഹോംസ് ഗ്രാമപ്രദേശങ്ങള്‍, ചരിത്രനഗരിയായ പാല്‍മിര എന്നിവയൊക്കെ ഐഎസ് വിരുദ്ധ സഖ്യം കീഴടക്കിക്കഴിഞ്ഞു. സിറിയയില്‍ 'ദേര്‍സൂര്‍' സിറ്റിയുട പകുതി ഭാഗം മാത്രമാണു ഐഎസ് നിയന്ത്രണത്തിലുള്ളത്. എന്നാല്‍ ദേര്‍സൂറിനു തൊട്ടടുത്തുള്ള 'സുഖ്ന' പട്ടണം സിറിയന്‍ സൈന്യം പിടിച്ചെടുത്തതോടെ ദേര്‍സൂറും ഏത് നിമിഷവും ഐഎസിനു നഷ്ടമാകുമെന്ന് ഉറപ്പാണ്.

ദായിഷിനു നഷ്ടപ്പെട്ട പ്രദേശങ്ങളില്‍ ഇറാഖ്-സിറിയന്‍ സൈന്യങ്ങള്‍ക്കു പുറമെ ഷിയാ മിലിഷ്യയും, എസ്ഡിഎഫും ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു സ്വാഭാവികമായും ഗറില്ലാ മോഡല്‍ യുദ്ധത്തിലേക്കാണു മേഖല എടുത്തറിയപ്പെടുന്നത്. ഇതിനിടെ ഐഎസ് ഖലീഫ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിരവധി തവണ വരികയുണ്ടായി. ഇതുസമ്പന്ധമായ ഒരു വാര്‍ത്തയ്ക്കും കൃത്യമായ സ്ഥിരീകരണമോ വിശ്വസ്യതയോ ഇല്ല എന്നതാണു വാസ്തവം.

ദായിഷിന്റെ അനിവാര്യമായ പതനത്തിനു പല കാരണങ്ങളും ഉണ്ട്. ആദ്യഘട്ടത്തില്‍ അസംഘടിതരായ സിറിയന്‍-ഇറാഖി സൈന്യത്തെ നിശ്പ്രയാസം കീഴ്‌പ്പെടുത്തിക്കൊണ്ടാണു ദായിഷ് മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നത്. പക്ഷെ ദായിഷിനെതിരെ ഇറാഖില്‍ അമേരിക്കയും ഇറാനും ഷിയാക്കളും അടങ്ങുന്ന സഖ്യവും സിറിയയില്‍ റഷ്യയും ഇറാനും ഹിസ്ബുള്ളയുമടങ്ങുന്ന സൈന്യവും ഒരുമിച്ചു നീങ്ങുകയും ഇവര്‍ക്കു പുറമെ കുര്‍ദുകള്‍, യസീദികള്‍, പ്രാദേശിക ഗോത്രസഖ്യങ്ങള്‍ ഇവയ്‌ക്കൊക്കെ ആളും അര്‍ത്ഥവും നല്‍കി റഷ്യയും ഇറാനും അമേരിക്കയും തുര്‍ക്കിയും യുദ്ധമുഖത്ത് സഹായിക്കുക കൂടി ചെയ്തപ്പോള്‍ ആദ്യഘട്ടത്തില്‍ അയത്‌ന ലളിതമായി മുന്നോട്ടു പോയ ദായിഷിനു സ്വാഭാവികമായും തിരിച്ചടി ലഭിക്കാന്‍ തുടങ്ങി.

മാത്രമല്ല ലോക മുസ്ലിം സമൂഹത്തിന്റെ ദായിഷ് വിരുദ്ധ നിലപാടുകള്‍, ഇസ്ലാമിനന്യമായ ഐഎസിന്റെ പിടിവാശികള്‍, ദായിഷ് കീഴടക്കിയ പ്രദേശങ്ങളില്‍ പട്ടാളഭരണസമാനമായ അടിച്ചേല്‍പ്പിക്കലുകളുമൊക്കെ മിത്രങ്ങളെയല്ല ശത്രുക്കളെയാണു ദായിഷ് സ്വയം ഉണ്ടാക്കിയത്. കീഴടക്കപ്പെട്ട മേഖലകളില്‍ ദായിഷ് അനുകൂലികള്‍ക്കും സാധാരണക്കാര്‍ക്കും വേറെവേറെ നിയമങ്ങളും ആനുകൂല്യങ്ങളുമാണുണ്ടായിരുന്നത്. ഐഎസ് സ്വാധീനപ്രദേശങ്ങളില്‍ നിന്ന് സാധാരണക്കാര്‍ക്ക് പുറത്തുകടക്കാനും അനുവാദമുണ്ടായിരുന്നില്ല. സ്വാഭാവികമായും സാധാരണക്കാരായ ആയിരങ്ങള്‍ ഇടതടവില്ലാത്ത അമേരിക്കന്‍ റഷ്യന്‍ ഇറാന്‍ ബോംബിങ്ങില്‍ കൊല്ലപ്പെടുകയുണ്ടായി.

മറ്റൊന്ന് ഐഎസിന്റെ പതനത്തിനു ആഴം വര്‍ധിപ്പിച്ച പ്രധാന സംഭവം യുദ്ധമേഖലയില്‍ നിശ്ശബ്ദ സമൂഹമായിരുന്ന യസീദികള്‍ക്കു നേരെ നടത്തിയ ഏകപക്ഷീയമായ അതിക്രമമായിരുന്നു. ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത വിമര്‍ശനത്തിനും യസീദികളെ ഐഎസ് വിരുദ്ധ യുദ്ധമുഖത്തെത്തിക്കുന്നതിലുമാണു കലാശിച്ചത്. ഐഎസ് യുദ്ധമുഖത്ത് നടത്തിയ ഏറ്റവും വലിയ വിഡ്ഡിത്തവും യസീദികള്‍ക്കു നേരെ നടത്തിയ അക്രമം ആണെന്നു വിലയിരുത്തുന്നതില്‍ തെറ്റില്ല. മാത്രമല്ല, വിവിധ രാജ്യങ്ങളിലെ പൗരന്മാരെ പരസ്യമായി കൊലപ്പെടുത്തുകയും അത് വീഡിയോയിലൂടെയും ഫോട്ടോകളായും സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പരസ്യപ്പെടുത്തുകയും ചെയ്തുകൊണ്ട് ഏതാണ്ടെല്ലാ രാജ്യങ്ങളെയും യുദ്ധത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു. ഞങ്ങള്‍ക്കൊപ്പം അതല്ലെങ്കില്‍ ശത്രുക്കള്‍ക്കൊപ്പം ഇതായിരുന്നു ദായിഷ് നിലപാട്. ഭീകരതക്കെതിരെ എന്ന് പേരിട്ടുകൊണ്ട് അമേരിക്ക പ്രഖ്യാപിച്ചതും ഇതേ നിലപാട് തന്നെയായിരുന്നുവല്ലോ... ബഅസ് പാര്‍ട്ടിക്കാരും സദ്ദാം ഹുസൈന്റെ പഴയ മിലിട്ടറി ഉദ്യോഗസ്ഥരും ആധിപത്യം സ്ഥാപിച്ച ദായിഷിനു അങ്ങനെയാവാതെ തരമില്ലായിരുന്നു. ഐഎസിന്റെ നേതൃനിരയിലെ ഇസ്ലാമിക പണ്ഡിതരുടെ അഭാവം വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയതുമാണ്.

ഏതായാലും ദായിഷ് പ്രഖ്യാപിച്ച ഖിലാഫത്ത് തുടങ്ങിയിടത്തു തന്നെ അവസാനിച്ചിരിക്കുന്നു. ബാഗ്ദാദി ഖിലാഫത്ത് പ്രഖ്യാപിച്ച പള്ളി തകര്‍ക്കപ്പെട്ടുകഴിഞ്ഞു. അതിനേക്കാളേറെ പ്രധാനപ്പെട്ടത് 'ദാബിഖിന്റെ' നഷ്ടമാണ്. 'ദാബിഖ്' കയ്യടക്കിയ സമയം മുതല്‍ പ്രവാചക ഹദീസുകള്‍ ചേര്‍ത്തുവെച്ചുകൊണ്ട് 'ദാബിഖിനെ' ചരിത്രപ്രധാനമായ ഭാവി പോരാട്ടങ്ങളുടെ കേന്ദ്രം എന്ന നിലക്കാണു പ്രചരിപ്പിച്ചിരുന്നത്. 'ദാബിഖ്' കേന്ദ്രീകരിച്ച് ഉന്നതപരിശീലനം ലഭിച്ച പോരാളി സംഘങ്ങളെ പ്രവാചകന്റെ പ്രവചനങ്ങള്‍ക്കനുസൃതമായ പോരാട്ടത്തിനു ഒരുക്കി നിര്‍ത്തിയിട്ടുണ്ടെന്നുമുള്ള പ്രചാരണവും ശക്തമായിരുന്നു. എന്തിനേറെ 'ദാബിഖ്' പിടിച്ചടക്കിയതിനു ശേഷം ഐഎസിന്റെ മാഗസിന്റെ പേരും 'ദാബിഖ്' എന്നായിരുന്നു.' ദാബിഖ്' നഷ്ടപ്പെട്ടതോടെ മാഗസിന്റെ പേര് 'റുമിയ' എന്നു പുനര്‍നാമകരണം ചെയ്തിരിക്കുകയാണിപ്പോള്‍. അതേസമയം ഐഎസ് പ്രഖ്യാപിച്ച ഖിലാഫത്ത് ഭരണത്തിന്റെ ഭാഗമാകാന്‍ വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ തിരിച്ചുപോകുകയോ കീഴടങ്ങുകയോ കൊല്ലപ്പെടുകയോ പലായനം ചെയ്യപ്പെടുകയോ ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഐഎസ് ഖിലാഫത്തിന്റെ ഭാഗമാകാനെത്തിയ സ്ത്രീകള്‍ നാഥനില്ലാതെ തെരുവിലൂടെ അലയുന്നു. പലരും ഐഎസ് വിരുദ്ധ സഖ്യസൈന്യത്തിന്റെ പിടിയിലകപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇറാഖ് ഏതാണ്ട് പൂര്‍ണമായും തന്നെ അമേരിക്കന്‍ ഇറാന്‍ സഖ്യത്തിന്റെ സഹായത്തൊടെ ഇറാഖ് സൈന്യത്തിന്റെ കയ്യിലാഴിക്കഴിഞ്ഞിരിക്കുന്നു എന്നു പറയാം.

അതേസമയം, സിറിയയില്‍ സാഹചര്യം വ്യത്യസ്തമാണ്. ദായിഷിന്റെ പതനം സിറിയയിലെ പോരാട്ടത്തെ ഒരു നിലക്കും ബാധിച്ചിട്ടില്ല. റഖ അടക്കമുള്ള ദായിഷിന്റെ പ്രദേശങ്ങള്‍ റഷ്യന്‍ സഹായത്തോടെ സിറിയന്‍ സൈന്യം കീഴടക്കിയെങ്കിലും ഹയ്അത്ത് തെഹാരീര്‍ ഷാം (എച്ച്്ടിഎസ്) അഹ്റാര്‍ അല്‍ ശാം അടക്കമുള്ള ഇതര പോരാട്ട ഗ്രൂപ്പുകള്‍ സിറിയയില്‍ സജീവമായി യുദ്ധമുഖത്തുണ്ട്. പഴയ ജബ്ഹത്തുല്‍ നുസ്രയുടെ പിന്‍ഗാമികളായ എച്ച്ടിഎസ് ആണ് ഇവരില്‍ പ്രബല ഗ്രൂപ്പ്. അല്‍ഖൈ്വദയുമായുള്ള ബന്ധം വിച്ഛേദിക്കാനും സിറിയന്‍ പോരാട്ടത്തില്‍ പൂര്‍ണമായും ശ്രദ്ധകേന്ദ്രീകരിക്കാനുമുള്ള എച്ച്ടിഎസിന്റെ മുന്‍ഗാമികളായ ജബ്ഹത്തുല്‍ നുസ്രയുടെ തിരുമാനം പോരാട്ടമേഖലയില്‍ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. നുസ്രയില്‍ നിന്ന് ഫത്തഹ് ശാമിലേക്കും അതിന്റെ തുടര്‍ച്ചയായി എച്ച്ടിഎസിലേക്കുമുള്ള മാറ്റം ആ തിരുമാനത്തിന്റെ തുടര്‍ച്ചയായിരുന്നു. പൂര്‍ണമായും സിറിയന്‍ സ്വാതന്ത്ര്യസമരം മാത്രം ലക്ഷ്യമിട്ട് രംഗത്തിറങ്ങിയതോടെ തദ്ദേശീയ പിന്തുണ വലിയ തോതില്‍ ആര്‍ജിക്കാന്‍ തെഹരീര്‍ ശാമിനായി. മാത്രമല്ല പോരാട്ടമേഖലയില്‍ നിലയുറപ്പിച്ചിരുന്ന ചെറുതും വലുതുമായ ഗ്രൂപ്പുകള്‍ തെഹരീര്‍ ശാമിനു കീഴില്‍ ലയിപ്പിക്കുവാനും അവര്‍ക്ക് സാധിച്ചു. ജെഎഫ്എസ്, നൂറുദ്ദീന്‍ സിങ്കി, ജയ്‌ഷെ സുന്ന, ലിവാ അല്‍ ഹഖ്, അന്‍സാറുദ്ദീന്‍, അഹ്റാര്‍ അല്‍ ശാമിന്റെയും ഫ്രീ സിറിയന്‍ ആര്‍മിയുടെയും വലിയൊരു ഭാഗം അടക്കം ചെറുതും വലുതുമായ 40ഓളം പോരാളിഗ്രൂപ്പുകളാണു 'തെഹരീര്‍ ശാമിനു കീഴില്‍ ഒന്നായിരിക്കുന്നത്. ഇപ്പോള്‍ സിറിയയിലെ ഏറ്റവും വലൊയ പോരാട്ട ഗ്രൂപ്പാണു 'എച്ച്ടിഎസ്' .

എച്ച്ടിഎസിന്റെ പ്രധാന സ്വാധീനപ്രദേശങ്ങളാണ് 'ഇദ്ലിബ്, ലടാക്കിയുടെയും ഹമയുടെയും ആലിപ്പോയുടെയും ഗ്രാമപ്രദേശങ്ങള്‍, നോര്‍ത്ത് ഹോംസ് ഗ്രാമം, കിഴക്കും പടിഞ്ഞാറും ഗാലമൌന്‍, ദരാ, ഈസ്റ്റ് ഗൂത്താ എന്നിവ. ഇതില്‍ ഏറ്റവും തന്ത്രപ്രധാനമായ പ്രദേശമാണു 'ഇദ്ലിബ്'. ചെറുപട്ടണങ്ങളും ഗ്രാമങ്ങളും കാര്‍ഷിക മേഖലകളും നഗരപ്രദേശമടക്കം ഉള്‍ക്കൊള്ളുന്ന വലിയ മേഖലയാണിത്. ആലെപ്പോ കീഴടക്കപ്പെട്ടപ്പോള്‍ ജനങ്ങള്‍ പലായനം ചെയ്തതും പ്രധാനമായും 'ഇദ്ലിബ്' ലേക്കായിരുന്നു. മാത്രമല്ല ഷിയാക്കള്‍ തിങ്ങിത്താമസിക്കുന്ന 'ഫുആ' 'കഫ്രിയ' എന്നിവയ്ക്കു ചുറ്റും എച്ച്ടിഎസ് സ്വാധീന പ്രദേശങ്ങളാണ്. വാസ്തവത്തില്‍ ഫുആയില്‍ നിന്നും കഫ്രിയയില്‍ നിന്നും മൂവായിരത്തോളം ഷിയാക്കളെ വിമതരുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതമായി ബഷാര്‍-ഇറാന്‍ സ്വാധീനപ്രദേശത്തേക്ക് കൈമാറ്റം ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണു ആലെപ്പോയില്‍ നിന്നുള്ളവര്‍ക്ക് ഇദ്ലിബിലേക്ക് സുരക്ഷിതമായി പലായനം ചെയ്യാന്‍ വഴിയൊരുങ്ങിയത് അമേരിക്കയുടെയും തുര്‍ക്കിയുടെയും മധ്യസ്ഥതയിലാണ് ആലെപ്പോയിലെ ജനതയ്ക്ക് സുരക്ഷിതപാതയൊരുക്കിയതെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണിത്.

ഇതിനിടെ ഇദ്ലിബ് ഉള്‍പ്പെടെയുള്ള സ്വാധീന പ്രദേശങ്ങളില്‍ ഭരണക്രമം നിയന്ത്രിക്കാനും എച്ച്ടിഎസ് തുടക്കം കുറിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, പൊലീസ് സംവിധാനം, ട്രാന്‍സ്‌പോര്‍ട്ട്, ആരോഗ്യം, കോടതി, വൈദ്യുതി, പൊതുജനസമ്പര്‍ക്കം, നിര്‍മാണമേഖല എന്നിങ്ങനെ എല്ലാ മേഖലകളിലും എച്ച്ടിഎസ് മെഷിനറി രംഗത്തുണ്ട്. എന്നാല്‍ ദായിഷില്‍ നിന്നു വ്യത്യസ്ഥമായി സ്വന്തം ഭരണമേഖലകള്‍ക്ക് 'ഖിലാഫത്തെന്നോ' മറ്റൊ പേരു നല്‍കാതിരിക്കാനും എച്ച്ടിഎസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പൂര്‍ണമായും തദ്ദേശീയ പിന്തുണ ഉറപ്പുവരുത്തിക്കൊണ്ടാണു മന്ത്രാലയങ്ങള്‍ മുന്നോട്ടുപോകുന്നത്. അതുകൊണ്ടു തന്നെ ദായിഷിനോടുള്ള ജനങ്ങള്‍ക്കുണ്ടായിരുന്ന അമര്‍ശവും അവിശ്വാസവും ഭയവും അന്യതാബോധവും എച്ച്്ടിഎസിനോടില്ല. മാത്രമല്ല നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും വിവിധ ഗ്രൂപ്പുകളെ ഏകോപിച്ചുകൊണ്ട് ഇദ്ലിബില്‍ നടത്തുന്നുണ്ട്. ഇദ്ലിബ് ഇതിനകം തന്നെ അഭയാര്‍ത്ഥികളുടെ നഗരമായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രധനമായും മദായ സബദാനി, അല്‍ വെര്‍(ഹോംസ്), വാദി ബറാദ, ആര്‍സല്‍ മേഖല(ലബനന്‍ ബോര്‍ഡര്‍) ആലിപ്പോ, ദരായ എന്നീ മേഖലകളില്‍ നിന്നടക്കം ആയിരക്കണക്കിനു അഭയാര്‍ത്ഥികളാണു ഇദ്ലിബില്‍ അഭയര്‍ത്ഥികളായി എത്തിയിരിക്കുന്നത്.

അതേസമയം, എച്ച്ടിഎസിനെതിരെയുള്ള നീക്കവും കൂട്ടുതല്‍ ശക്തമാകുകയാണ്. ഒരേസമയം അമേരിക്ക, റഷ്യ, ഇറാന്‍, ഹിസ്ബുള്ള, ഇറാന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഷിയാ മിലിഷ്യകള്‍ എന്നിവരൊക്കെ എച്ച്ടിഎസിനെതിരെ സജീവമായി യുദ്ധമുഖത്തുണ്ട്. പ്രത്യേക എടുത്തുപറയേണ്ടത് സിറിയന്‍ മിലിട്ടറി എന്നു പറയുന്നത് പൂര്‍ണമായും ഷിയാ മിലിഷ്യയാണ്. ബഷാറിന്റെ സൈന്യം പൂര്‍ണമായും തകര്‍ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഹിസ്ബുള്ള, ഇറാന്‍ ഉദ്യോഗസ്ഥര്‍, ഷിയാ മിലിഷ്യ, റഷ്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് എന്നിവരാണു സിറിയന്‍ സൈന്യത്തിനു വേണ്ടി യുദ്ധരംഗത്തുള്ളത്. ഐഎസ് ഭീഷണി ഏതാണു അവസാനിച്ചതോടെ അമേരിക്കന്‍ ശ്രദ്ധ എച്ച്ടിഎസിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇതിനകം തന്നെ അമേരിക്ക എച്ച്ടിഎസിനെതിരെയുള്ള ബോംബിങ് ശക്തമാക്കിക്കഴിഞ്ഞു. എച്ച്ടിഎസ് നേതാക്കളെ പ്രത്യേകം ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ക്കാണു അമേരിക്ക് മുന്‍തൂക്കം നല്‍കുന്നത്.

മാത്രമല്ല ഇദ്ലിബില്‍ മറ്റൊരു പോരാട്ട ഗ്രൂപ്പായ 'അഹ്റാല്‍ അല്‍ ശാമും' എച്ച്ടിഎസിനെതിരെ രംഗത്തുണ്ട്. പ്രധാനമായും തുര്‍ക്കിയുടെ പിന്തുണയുള്ള പോരാട്ട ഗ്രൂപ്പണു 'അഹ്റാര്‍ അല്‍ ശാം'. തുര്‍ക്കിയുടെ മേഖലയിലെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രൊക്‌സി യുദ്ധമാണു 'അഹ്റാര്‍' നടത്തുന്നത്. രക്തരൂക്ഷിതമായ പോരാട്ടം ഇവര്‍ക്കിടയില്‍ പലപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇതിനകം പ്രബലശക്തിയായി മാറിക്കഴിഞ്ഞ എച്ച്്ടിഎസിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ 'അഹ്റാര്‍ അല്‍ ശാമിന്‍' കഴിഞ്ഞില്ല. ഇദ്ലിബിലെ എച്ച്ടിഎസിന്റെ സ്വാധീനവും ശക്തിയും കുറക്കുക എന്ന ലക്ഷ്യത്തോടെ അഹ്റാര്‍ നടത്തിയ സൈനിക മുന്നേറ്റം പരാജയപ്പെടുകയാണുണ്ടായത്. ഇതോടെ 'അഹ്റാര്‍ അല്‍ ശാം' ശക്തി ക്ഷയിച്ച് ഭാഗികമായി ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. വലിയൊരു വിഭാഗം നേതാക്കളും അണികളും ഇതിനകം എച്ച്ടിഎസിന്റെ ഭാഗമായിക്കഴിഞ്ഞു. അഹ്റാര്‍ ശക്തികേന്ദ്രമായിരുന്ന 'ബാബ് അല്‍ ഹവ' ബോര്‍ഡര്‍ ഇതിനകം എച്ച്ടിഎസ് അധീനതയിലായിക്കഴിഞ്ഞിട്ടുണ്ട്.

സമാനമായി അവശിഷ്ട ദായിഷും ഇദ്ലിബില്‍ എച്ച്ടിഎസുമായി ഏറ്റുമുട്ടുന്നുണ്ട്. എച്ടിഎസ് സ്വാധീനമേഖലകളില്‍ നിന്ന് നിരവധി ദായിഷ് ചാവേറുകളെ എച്ടിഎസ് അതികൃതര്‍ അടുത്തിടെ പിടികൂടിയിരുന്നു. രസകരമായ സംഭവം എന്തെന്നാല്‍ അമേരിക്കന്‍ റഷ്യന്‍ ഇറാന്‍ അക്രമണത്തില്‍ മൊസൂള്‍ റഖ അടക്കമുള്ള ഐഎസിന്റെ കോട്ടകളും സ്വാധീനപ്രദേശങ്ങളും ഓരോന്നായി നഷ്ടപ്പെടുമ്പോഴാണു എച്ച്ടിഎസ് സ്വാധീന മേഖലകളില്‍ ഐഎസ് ചാവേറുകള്‍ പൊട്ടിത്തെറിച്ച് ആള്‍നാശം വരുത്തിക്കൊണ്ടിരുന്നത്.

എന്തായാലും ഇറാഖിലെയും സിറിയയിലെയും പോരാട്ടം വഴിത്തിരിവിലെത്തിയിരിക്കുകയാണ്. അമേരിക്കന്‍ ഇറാന്‍ സഹായത്തോടെ ഇറാഖില്‍ സൈന്യം ഐഎസ് ഭീഷണിയെ അതിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ഐഎസ് ജനവാസമില്ലാത്ത മേഖലകളിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. പുതിയ ശാക്തിക ചേരികള്‍ ഉയര്‍ന്നുവരുന്നത് വരെ അമേരിക്കന്‍-ഇറാന്‍ സ്വാധീനമുള്ള ഭരണം ഇറാഖില്‍ നിലനില്‍ക്കാനാണു സാധ്യത. അതേസമയം സിറിയയില്‍ ഐഎസിന്റെ പതനത്തിനു ശേഷവും പോരാട്ടം ശക്തിപ്രാപിക്കുകയാണ്. ഐഎസിന്റെ പതനത്തോടെ അമേരിക്കയുടെയും റഷ്യയുടെയും ഇറാന്റെയും ഷിയാ പോരാളികളുടെയും തുര്‍ക്കിയുടെയും പ്രധാന ലക്ഷ്യമായി ഹയ്അത്ത് തെഹരീര്‍ ശാമും (എച്ച്ടിഎസ്) ഇദ്ലിബ് പ്രവിശ്യയും മാറുമ്പോള്‍ സിറിയയില്‍ മറ്റൊരു പോരാട്ടമുഖമാണു തുറക്കാന്‍ പോകുന്നത്.Read More >>