വിനയപൂര്‍വ്വം പിണറായി അറിയേണ്ട ഓശാനക്കഴുതയുടെ കഥ!

ജിഷ്ണുവിന്റെ നീതിക്കുവേണ്ടി ഉയരുന്ന പൊതുജനവൈകാരികത തിരിച്ചറിയുന്നതായിരുന്നോ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. വിഷുക്കണിക്കൊപ്പം പിണറായിയുടെ ജിഷ്ണുമാരുടെ വൈകാരികതയോട് വിനയപൂര്‍വ്വം പ്രതികരിക്കണം- നാരദ റെസിഡന്റ് എഡിറ്റര്‍ സെബിന്‍ എ. ജേക്കബ് എഴുതുന്നു

വിനയപൂര്‍വ്വം പിണറായി അറിയേണ്ട ഓശാനക്കഴുതയുടെ കഥ!

എസ്എഫ്ഐ എന്ന ഒറ്റ വിദ്യാർത്ഥി സംഘടനയുടെ ഇടപെടലാണ്, ജിഷ്ണു പ്രണോയ് വിഷയത്തെ മുഖ്യധാരാ മാദ്ധ്യമങ്ങളുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നത്. ഇന്നിപ്പോൾ അതെത്രമാത്രം പ്രശ്നമായി എന്നു നോക്കുക. വെള്ളം കോരിയാൽ മാത്രം പോര. പടിക്കൽ കലമുടയ്ക്കാതിരിക്കയും വേണം. മനുഷ്യന്മാരെ പോലെ പെരുമാറിയാൽ മുഖ്യമന്ത്രിയുടെ മുഖത്തെ ഗൗരവം ചോർന്നുപോവുകയൊന്നുമില്ല. ഭരണാധികാരിക്കു വേണ്ട ഒന്നാമത്തെ ഗുണം വിനയമാണ്. വിരുന്നുവീട്ടിൽ പോകുന്നതിനേക്കാൾ വിലാപഭവനത്തിൽ പോകുന്നതത്രേ നല്ലത് എന്ന ബൈബിൾ വചനം വെറുതെ ഓർമ്മയിൽ വരുന്നു.

ആകെ അഞ്ചുപ്രതികളിൽ നാലുപേർക്കെതിരെയാണു വാറണ്ട് ഉണ്ടായിരുന്നത്. മുൻകൂർ ജാമ്യം നേടിയ രണ്ടുപേർ നേരത്തെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി. ഇന്നിപ്പോൾ ഒരു പ്രതി അറസ്റ്റിലായി. അടുത്ത പ്രതിയെ പിടിക്കാൻ പൊലീസ് നാടുവളഞ്ഞിരിക്കുന്നു.

ഇവരൊന്നും ഇതുവരേയും അറസ്റ്റിലായിരുന്നില്ല. അത് ആദ്യമായി സംഭവിക്കുന്നതൊന്നുമല്ല. പല കേസുകളിലും ഇങ്ങനെ തന്നെയാണുണ്ടാവാറ്. തന്നെയുമല്ല, ഇതിപ്പോഴും ഒരു കൊലപാതകമാണെന്നു തെളിഞ്ഞിട്ടില്ല. ആത്മഹത്യാപ്രേരണയ്ക്കപ്പുറം ഒരു കുറ്റം ഇപ്പോഴും നിയമദൃഷ്ടിയിൽ നിലനിൽക്കുന്നില്ല. അതായത്, നിൽക്കുന്നനില്പിൽ കൃഷ്ണദാസിനെ പിടിച്ചു തൂക്കിക്കൊല്ലാനൊന്നും പറ്റില്ല. അപ്പോൾ പിന്നെ പ്രതികളുടെ അറസ്റ്റ് വൈകിയതിൽ അസ്വാഭാവികയെന്താണ് എന്നു ചോദിക്കാം.

ബന്ധുവായ ശ്രീജിത്ത് ഇതിൽ പാർട്ടിയുമായി ഒരു നെഗോസിയേഷൻ നടത്തുന്നുണ്ടാവാം (ദേശാഭിമാനിയിലെ ജോലിയുമായി ബന്ധപ്പെട്ട ആ പ്രശ്നം അറിയാവുന്നവർ ധാരാളമുണ്ടല്ലോ). ഈ സമരത്തിൽ ഇടപെടുന്ന ഷാജഹാനും എസ്.യു.സി.ഐക്കും മറ്റനേകർക്കും പല ഒളിയജണ്ടകളുമുണ്ടാവാം. അതൊക്കെ അറിഞ്ഞുകൊണ്ടും ഇടതുപക്ഷക്കാരടക്കം ഈ സംഭവഗതികളിൽ സർക്കാരിനെ വിമർശിച്ചെങ്കിൽ അതിനുള്ള പ്രധാന കാരണം, മേൽപ്പറഞ്ഞ വിനയത്തിന്റെ അഭാവമാണ്. ജനത്തിന്റെ ഉടമകളാണെന്ന ഭാവം ആരുകാണിച്ചാലും അവർ എന്തെല്ലാം നല്ലകാര്യങ്ങൾ ചെയ്തെന്നുവരികിലും ജനം കൂടെനിൽക്കില്ല.

വിഷയത്തിൽ ഇടപെട്ടതും സമരം നടത്തിയതും എസ്എഫ്ഐ. മറ്റു കോളേജുകളിലെ സമാനമായ വിഷയങ്ങളിൽ ഇപ്പോഴും സമരരംഗത്തുള്ളതും എസ്എഫ്ഐ. അവിടെയൊന്നും ഈ ഉത്സാഹക്കമ്മിറ്റിക്കാരുടെ പൊടിപോലുമില്ല, കണ്ടുപിടിക്കുവാൻ. എന്നിട്ടും സർക്കാരിനു കാലിടറിയെങ്കിൽ അതു കേവലം പിആർ ഡിസാസ്റ്റർ അല്ലെന്നു മനസ്സിലാക്കുക.

ജിഷ്ണുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ വിഷുക്കണി ഒന്നുമാത്രം മതി, ആ വിദ്യാർത്ഥിയുടെ സഖാവിലുള്ള വിശ്വാസം അളക്കാൻ. അത് അതിവൈകാരികമായ ഒരു വിശ്വാസമാണ്. ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദത്തിന്റെ യുക്തികൾക്കൊന്നും ഉൾക്കൊള്ളാനാവാത്ത വിശ്വാസം. ആ വൈകാരികതയോടു വേണമായിരുന്നു പ്രതികരിക്കാൻ.

ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തെ എസ്എഫ്ഐയുടെ സ്വാശ്രയകോളജ് സമരങ്ങളോട് മാദ്ധ്യമങ്ങളും പൊതുസമൂഹവും പുലർത്തിയ പൊതുബോധത്തിനു വിരുദ്ധമായി സ്വാശ്രയജയിലുകൾക്കെതിരായ ഒരു വികാരം ശക്തിപ്പെട്ട ഒരു സമയമായിരുന്നു ഇത് എന്നു ശ്രദ്ധിക്കുക. ഇരുമ്പു പഴുത്തിരിക്കുമ്പോഴാണ്, കൂടത്തിനടിക്കേണ്ടത്. ഇപ്പോഴല്ലെങ്കിൽ പിന്നെയെപ്പോൾ? ഈ സർക്കാരിന്റെ രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള മൂർത്തമായ കാലാവസ്ഥയായിരുന്നു ചുറ്റും.

ഓശാനക്കഴുതയുടെ കഥ ഓർമ്മകളിലുണ്ടാവട്ടെ. ക്രിസ്തു അതിന്റെ പുറത്തേറിയപ്പോഴാണ്, ആളുകൾ ഒലിവിൻതലപ്പുകളുമായി എതിരേറ്റത്. അതു തന്റെ കഴിവാണെന്നു കഴുത കരുതിയിട്ടില്ല. നേരത്തെ പാർട്ടിയുടെയും ഇപ്പോൾ ഭരണത്തിന്റെയും അധികാരം ഉള്ളതുകൊണ്ടാണ് അങ്ങയെ ജനം ബഹുമാനിക്കുന്നത്. ആ അധികാരം പോയാലും അതേ ബഹുമാനം നിലനിൽക്കണമെങ്കിൽ കഴുതയായാൽ പോര, ക്രിസ്തുവാകണം.

ഇനിയെങ്കിലും പ്രിയപ്പെട്ടവരുടെ ചില പിടിവാശികൾക്കു മുന്നിൽ ആ ശിരസ്സൊന്നു താഴ്ന്നിരിക്കട്ടെ സഖാവെ. അതുകൊണ്ട് ഒരു കുറവും വരാനില്ല. ഇന്നാട്ടിലെ ജനങ്ങൾക്ക് സഹായകമായ പല പദ്ധതികളും താങ്കളുടെ സർക്കാർ നിവർത്തിക്കുന്നുണ്ട്. അതൊക്കെ ജനത്തിന് അനുഭവവേദ്യമാകണമെങ്കിൽ ഈ കടുംപിടുത്തങ്ങളുപേക്ഷിച്ച് മനുഷ്യരെ പോലെ പെരുമാറണം. അപ്പോൾ സത്യം അറിയിക്കാൻ പിആർഡി പരസ്യങ്ങളെ ആശ്രയിക്കേണ്ടിവരില്ല...