കുരിശിളക്കിയ സുന്ദരവിഡ്ഢികളേ... നിങ്ങൾക്കു പിണറായിയുടെ നല്ല നമസ്കാരം...

പാവം കുരിശ് എന്തു പിഴച്ചുവെന്ന് വർദ്ധിതസങ്കടത്തോടെ അദ്ദേഹം കോട്ടയത്തെ പൊതുയോഗത്തിൽ ചോദിച്ചു. പ്രശസ്തമായ 'നികൃഷ്ടജീവി' പ്രയോഗം ഓർമ്മയുള്ളവർ മൂക്കു പിഴിഞ്ഞു. മുതലക്കണ്ണീരിന് തടയണ കെട്ടാൻ ശ്രീറാം വെങ്കിട്ടരാമന്റെ കുരുതി നടക്കണം. അതുറപ്പിച്ചാണ് പിണറായിയുടെ ചുവടു വെയ്പുകൾ

കുരിശിളക്കിയ സുന്ദരവിഡ്ഢികളേ... നിങ്ങൾക്കു പിണറായിയുടെ നല്ല നമസ്കാരം...

വൈരുദ്ധ്യവാദം വിട്ടൊരു കളിയില്ല സിപിഎമ്മിന്. നാറുന്നുവെന്നു സകലരും മൂക്കുപൊത്തിയാൽ 'ഹെന്തൊരു മണ'മെന്നു തീവ്രസഖാക്കൾ തിയറിയിറക്കും. ഇഎംഎസ് പരിശീലിപ്പിച്ച തർക്കശാസ്ത്രമാണത്. ജാതിവ്യവസ്ഥ ഹീനമായിരുന്നുവെന്ന് തലയ്ക്കു വെളിവുള്ളവരൊക്കെ അഭിപ്രായം പറഞ്ഞപ്പോൾ, കലയിലും സാഹിത്യത്തിലും ഉച്ചനീചത്വം നൽകിയ മഹത്തായ സംഭാവനകളെക്കുറിച്ച് ഊറ്റം കൊള്ളാൻ തിരുമേനി ഒട്ടും അമാന്തിച്ചിരുന്നില്ല.

അതേ വൈരുദ്ധ്യവാദസമീപനമാണ് ചിന്നക്കനാലിലെ സൂര്യനെല്ലിയിൽ മുപ്പതേക്കർ കൈയേറി പാപ്പാത്തിച്ചോലയിൽ സ്ഥാപിച്ച ഇരുമ്പു കുരിശിനോടും പിണറായി വിജയന്റേത്. എൽഡിഎഫ് സർക്കാർ കുരിശിനെതിരെ യുദ്ധം ചെയ്യുന്നവരാണെന്ന പ്രതീതി ഉണ്ടാക്കാനാണത്രേ റവന്യൂ ഉദ്യോഗസ്ഥർ ശ്രമിച്ചത്. പാവം കുരിശ് എന്തു പിഴച്ചുവെന്ന് വർദ്ധിതസങ്കടത്തോടെ അദ്ദേഹം കോട്ടയത്തെ പൊതുയോഗത്തിൽ ചോദിച്ചു. പ്രശസ്തമായ 'നികൃഷ്ടജീവി' പ്രയോഗം ഓർമ്മയുള്ളവർ മൂക്കു പിഴിഞ്ഞു. മുതലക്കണ്ണീരിന് തടയണ കെട്ടാൻ ശ്രീറാം വെങ്കിട്ടരാമന്റെ കുരുതി നടക്കണം. അതുറപ്പിച്ചാണ് പിണറായിയുടെ ചുവടു വെയ്പുകൾ.

കുരിശു പൊളിച്ചതു മറയാക്കി, സഭകളോട് ശൃംഗരിക്കാനിറങ്ങിയ പിണറായി തൊടുത്ത മലരമ്പ് അധികമാരും ശ്രദ്ധിച്ചിട്ടില്ല. കോട്ടയം പ്രസംഗം ദീർഘമായ റിപ്പോർട്ടു ചെയ്ത ദേശാഭിമാനിയിൽ അക്കാര്യം വായിക്കാൻ നാലു പാരഗ്രാഫു താണ്ടണം.

ഇടുക്കിയിൽ പട്ടയത്തിലും മറ്റു രേഖകളിലും പല സാങ്കേതിക പിഴവുകളുമുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സർക്കാർ മുമ്പ് നൽകിയ പട്ടയങ്ങളിൽ തെറ്റായ സർവെ നമ്പരും മറ്റും രേഖപ്പെടുത്തിയിട്ടുണ്ടത്രേ. ഇതിന് ഉത്തരവാദി ഭൂവുടമയല്ല, സർക്കാരാണെന്നാണ് പിണറായി അർത്ഥശങ്കയ്ക്കിടയില്ലാതെ പരസ്യമായി പറഞ്ഞത്. ഒന്നാം പ്രതി സർക്കാരെന്ന് ആരോപിക്കുന്നത് മുഖ്യമന്ത്രി. അതാണ് വൈരുദ്ധ്യവാദത്തിന്റെ മായ.

നമുക്കറിയാവുന്ന പിണറായി വിജയൻ റവന്യൂ വിദഗ്ധനല്ല. സർവെ നമ്പരുകളിലെ തെറ്റും ശരിയും ബോധ്യപ്പെടണമെങ്കിൽ രേഖകളും മുന്നാധാരങ്ങളുമൊക്കെ കൂലങ്കഷമായി പരിശോധിക്കണം. അതിനുള്ള വൈദഗ്ധ്യം വ്യക്തിപരമായി പിണറായിയ്ക്കുണ്ടെന്നതിന് കേരളത്തിനു മുന്നിൽ തെളിവുകളില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇതേവരെ റവന്യൂ ഉപദേശകരെ നിയമിച്ചിട്ടുമില്ല. പിന്നെങ്ങനെ അദ്ദേഹം മൂന്നാർ കൈയേറ്റപ്രശ്നം ആറ്റിക്കുറുക്കി അഞ്ചോ ആറോ വാചകത്തിൽ അവതരിപ്പിച്ചു? അതാണ് ഗുട്ടൻസ്. വൻകിട കൈയേറ്റങ്ങളെ സകലരും തീരഞ്ചും എതിർക്കും, ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ. എന്നാൽ ആ കൈയേറ്റം എവിടെയെങ്കിലും കാണിച്ചു തരാമോ..അതു സാധ്യമേയല്ല..

പട്ടയങ്ങളിലെ സർവെ നമ്പരുകളിൽ തെറ്റുവരുത്തിയത് സർക്കാരാണെന്നും ഭൂവുടമയല്ലെന്നുമുള്ള വൈരുദ്ധ്യവാദത്തിലാണ് മൂന്നാർ ഒഴിപ്പിക്കലിന്റെ ഭാവി കുടികൊള്ളുന്നത്. പിണറായിയുടെ അഭിപ്രായത്തിൽ കുറ്റവാളി സർക്കാരാണ്. കാരണം, കൊടുത്ത പട്ടയത്തിലെ സർവെ നമ്പരിൽ തെറ്റുവരുത്തി. എന്നിട്ട് അതേ തെറ്റ് കൈയേറ്റത്തിന്റെ തെളിവായി ആരോപിച്ച് ഒഴിപ്പിക്കാൻ ശ്രമിക്കുന്നു. എന്തൊരക്രമം.

ചുരുക്കിപ്പറഞ്ഞാൽ മൂന്നാറിൽ ആരും ഒരു തുണ്ടു ഭൂമി പോലും കൈയേറിയിട്ടില്ല. മൂന്നാറിലെ കൈയേറ്റം എന്നത് പട്ടയങ്ങളിലെ സർവേ നമ്പരിൽ സർക്കാർ വരുത്തിയ കൈത്തെറ്റു മൂലം ഉണ്ടായ ഒരു തോന്നൽ മാത്രമാണ്. കൈയേറ്റം ഒരു മായയാകുന്നു. മിക്കവാറും ഈ ലോപ്പോയിന്റിലൂന്നിയാവും കേരള ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവുകളുടെ ഉരുൾപൊട്ടലുണ്ടാകുന്നത്.

ഭൂമി കൈയേറാൻ കുരിശു നാട്ടുന്നു; ഒഴിപ്പിക്കൽ നാടകം അട്ടിമറിക്കാൻ കുരിശിളക്കുന്നു. ജനം അന്തം വിട്ടു നോക്കി നിൽക്കുന്നു. മൂന്നാറിലെ പഴയ ഒഴിപ്പിക്കൽ കാലത്താണ് പാർടി സെക്രട്ടറിയായിരുന്ന പിണറായിയുടെ പ്രശസ്തമായ ആ പ്രയോഗമുണ്ടായത്, "സുന്ദരവിഡ്ഢികൾക്കു നല്ല നമസ്കാരം"...

മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം തന്റെ ജനതയെ സുന്ദരവിഡ്ഢികളാക്കി, അവർക്കു നല്ല നമസ്കാരം പറയുന്നു...