എന്തുണ്ട് വിശേഷം പീലാത്തോസേ... പൊതുബോധം ഇപ്പോഴത്തെ പോലെ എന്നെന്നേയ്ക്കും :)

പീലാത്തോസും യേശുവിന്‍റെ വിചാരണയും പലനിലയ്ക്ക് വായിക്കാം. പൊതുബോധം എന്നതിനെ വിചാരണ ചെയ്യുകയാണ് കിരണ്‍ തോമസിവിടെ

എന്തുണ്ട് വിശേഷം പീലാത്തോസേ... പൊതുബോധം ഇപ്പോഴത്തെ പോലെ എന്നെന്നേയ്ക്കും :)

ഓരോകൊല്ലവും ദുഃഖവെള്ളിയാഴ്ചയുടെ ചടങ്ങുകളില്‍ പങ്കെടുത്തു മടങ്ങുമ്പോഴും പീലാത്തോസിന്റെ അവസ്ഥ മനസില്‍ ഒരു സങ്കടമായി അവശേഷിക്കും. കര്‍ത്താവിനെ കുരിശുമരണത്തില്‍ നിന്നു രക്ഷിക്കാന്‍ തന്നെക്കൊണ്ട് ആകുന്നതു പോലെയെല്ലാം ചെയ്തിട്ടും ഒരു വില്ലന്‍ പ്രതിച്ഛായയാണു പീലാത്തോസിനുള്ളത് . യഹൂദരുടെ കടുത്ത സമ്മര്‍ദ്ദവും കര്‍ത്താവിന്റെ സഹകരണമില്ലായ്മയ്ക്കും ഇടയില്‍ സഹികെട്ടു പൊതുബോധത്തിനു വഴങ്ങേണ്ടി വരുന്ന ഒരു ഭരണാധികാരിയായി നമുക്കു പീലാത്തോസിനെ ബൈബിളില്‍ നിന്നു വായിച്ചെടുക്കാം.

യേശുവിനെ തന്റെ അടുത്തു കൊണ്ടുവരുമ്പോള്‍ തന്നെ നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചോളാന്‍ പീലാത്തോസ് പറയുന്നുണ്ട് എന്നാല്‍ വധശിക്ഷയ്ക്കുള്ള അവകാശം അവര്‍ക്കില്ലെന്നും അതിനാലാണു പീലാത്തോസിന്റെ അടുക്കലേക്കു കൊണ്ടുവന്നതെന്നും യഹൂദര്‍ പറയുന്നതോടെയാണു പീലാത്തോസിന് ഇതില്‍ ഇടപെടേണ്ടി വരുന്നത്. പീലാത്തോസ് യേശുവിനോടു നീ യഹൂദരുടെ രാജാവാണോ എന്നു ചോദിക്കുമ്പോള്‍ കര്‍ത്താവ് കട്ട ഫിലോസഫിയാണു തിരിച്ചടിക്കുന്നത്:

"എന്റെ രാജ്യം ഐഹീകമല്ല ആയിരുന്നെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു... സത്യത്തിനു സാക്ഷ്യം നല്‍കാന്‍ സത്യത്തില്‍ നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു."

കര്‍ത്താവിന്റെ മറുപടി കേട്ടു കിളി പോയ പീലാത്തോസ് യേശുവിനോട് എന്താണു സത്യമെന്നൊക്കെ തിരിച്ചു ചോദിച്ചെങ്കിലും ഈ മനുഷ്യനില്‍ കുറ്റമൊന്നും കാണുന്നില്ലെന്നു പറയുകയും പെസഹാക്കാലത്തു മോചിപ്പിക്കാറുള്ള ഒരു തടവുകാരനായി യേശുവിനെ മോചിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതു കാണാം.

അതിനിടയില്‍ യേശു ഗലീലയക്കാരനെന്നു മനസിലാക്കിയ പീലാത്തോസ് യേശുവിനെ ഹെറോദോസിന്റെ അടുക്കലേക്ക് അയച്ചു രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഹെറോദോസ് വീണ്ടും പീലാത്തോസിന്റെ അടുക്കലേക്ക് യേശുവിനെ തിരിച്ചയക്കുകയാണു ചെയ്തത്. അതോടെ പീലാത്തോസ് വീണ്ടും യേശുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു.

യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു മുള്‍കിരീടമണിയിച്ചു പടയാളികളെക്കൊണ്ടു പരിഹസിപ്പിച്ചു വീണ്ടും യഹൂദരുടെ മുന്നില്‍ എത്തിച്ചു വീണ്ടും നെഗോസിയേഷന്‍ തുടങ്ങി. പക്ഷെ യഹൂദ നിയമമനുസരിച്ച് യേശു മരിക്കണം എന്ന കാര്യത്തില്‍ അവര്‍ മസിലുപിടുത്തം തുടങ്ങി. 'ഇവന്‍ ഇവനെത്തന്നെ ദൈവപുത്രനാക്കുന്നു,' എന്നതായിരുന്നു അവരുടെ പ്രധാന ആക്ഷേപം തന്നെ.

എന്നാല്‍ പീലത്തോസിന്റെ ചോദ്യങ്ങള്‍ക്ക് യേശു മറുപടി പറയുന്നില്ലായിരുന്നു. അവസാനം പീലാത്തോസ് ഇങ്ങനെ ചോദിച്ചു:

"നീ എന്നോടു സംസാരിക്കില്ലെ? നിന്നെ സ്വന്തന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്നു നിനക്ക് അറിഞ്ഞു കൂടെ?"

അപ്പോള്‍ കര്‍ത്താവ് വീണ്ടും ഫിലോസഫിക്കലായി മറുപടി കൊടുത്തു:

"ഉന്നതത്തില്‍ നിന്നു നല്‍കപ്പെട്ടില്ലായിരുന്നു എങ്കില്‍ എന്റെ മേല്‍ നിനക്കൊരധികാരവും ഉണ്ടാകുമായിരുന്നില്ല."

വീണ്ടും സമ്മര്‍ദ്ദത്തിലായ പീലാത്തോസ് യേശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യഹൂദര്‍ തുരുപ്പു ഗുലാന്‍ ഇറക്കിത്തുടങ്ങിയിരുന്നു. അവര്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു:

"ഇവനെ മോചിപ്പിച്ചാല്‍ നീ സീസറിന്റെ സ്നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്നവന്‍ സീസറിന്റെ വിരോധിയാണ്."

യേശുവിനെ വിട്ടാല്‍ തന്റെ നിലനില്‍പ്പു തന്നെ അവതാളത്തിലാകുമെന്നു മനസിലാക്കിയ പീലാത്തോസ് പൊതുബോധത്തിനു വഴങ്ങുകയായിരുന്നു എന്നു ബൈബിള്‍ വചനങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഈ ഗതികെട്ട അവസരത്തിലാണ്, അദ്ദേഹം 'ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ലെ'ന്നു പറഞ്ഞു കൈകഴുകുന്നതും 'അതിന്റെ പാപഭാരം തങ്ങളുടെമേലും തങ്ങളുടെ തലമുറകളുടെമേലും വന്നു ഭവിക്കട്ടെ'യെന്ന് യഹൂദര്‍ പറയുന്നതും.

കര്‍ത്താവിനെ സംബന്ധിച്ചു തിരുവെഴുത്തു നിറവേറണം. അത് പീലാത്തോസ് അല്ലെങ്കില്‍ സീസര്‍ - ആരായാലും വിധി നടപ്പിലാക്കപ്പെടുമെന്നറിയാം. പക്ഷെ പീലാത്തോസിനറിയില്ലല്ലൊ അതൊന്നും.