മംഗളം ചാനല്‍ അങ്ങനെ 'ആക്കിലിപ്പറമ്പന്‍' ന്യൂസായി; കയ്യടിക്കുന്നവര്‍ എപ്പോഴും കാണില്ല

മോഹന്‍ലാലിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ ആക്കിലപ്പറമ്പാന്റെ ന്യായീകരണം 'തനിക്ക് ബോധ്യമുള്ളത്' എന്നതായിരുന്നു. മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങളെ എത്തിച്ച ഓഡിയോ ക്ലിപ്പിനെക്കുറിച്ച് ചാനലിന് നല്‍കാനുള്ള ഉറപ്പും അവര്‍ക്ക് സ്വയം ബോധ്യപ്പെട്ടത് എന്നാണ്- മംഗളം ബ്രേക്കിങ്ങിനെ ആക്കിലിപ്പറമ്പനോട് താരതമ്യം ചെയ്യുകയാണ് സീനിയർ കറസ്പോണ്ടൻറ് ജിബിൻ പിസി.

മംഗളം ചാനല്‍ അങ്ങനെ ആക്കിലിപ്പറമ്പന്‍ ന്യൂസായി; കയ്യടിക്കുന്നവര്‍ എപ്പോഴും കാണില്ല

മാധ്യമപ്രവര്‍ത്തനത്തിന്റെ എത്തിക്കല്‍ അളവുകോലുകള്‍ക്കൊണ്ടു പോലും വിശകലനം ചെയ്തുകൂടാത്ത ഒരു ശബ്ദശകലമാണ് മംഗളം കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ആദ്യം തിരിച്ചറിയേണ്ടത് ഇത് മാധ്യമപ്രവര്‍ത്തനമേയല്ല എന്നുള്ളതാണ്. ആ രീതിയില്‍ തന്നെയാണ് ഇതിനെ വിശകലനം ചെയ്യേണ്ടതും.

'ആക്കിലപ്പറമ്പന്‍' എന്നയാള്‍ക്ക് മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് വഴി തുറന്നത് അയാളുടെ ഫെയ്‌സ്ബുക്ക് വീഡിയോകള്‍ ആണ്. എസ്എഫ്ഐയെയും ആര്‍എസ്എസ്സിനെയും ഒന്നിന് പിറകെ ഒന്നായി ഭീഷണിപ്പെടുത്തുകയും ഒടുവില്‍ ഒടുവില്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരിനും എതിരെ കടുത്ത ആക്ഷേപങ്ങളും അശ്ലീലവും ചൊരിയുകയും ചെയ്തപ്പോഴാണ് പോലീസും കേസും മനോരോഗാശുപത്രിയും ഒക്കെ വന്നത്.

ആദ്യം എസ്എഫ്ഐയെ ഭീഷണിപ്പെടുത്തി- പിന്നീട് വീട്ടിലെത്തിയ സംഘപരിവാര്‍ ഗുണ്ടകളെ മണ്‍വെട്ടിക്കടിച്ച് ഓടിച്ചു. അപ്പോഴെല്ലാം അയാളെ പിന്തുണയ്ക്കാനും വാര്‍ത്തനല്‍കാനും 'ലൈക്ക്' അടിക്കാനും ആളുകള്‍ ഉണ്ടായിരുന്നു. ആ യുവാവിന്റെ രോഗാവസ്ഥ മാത്രമാവില്ല, പിന്നീട് മോഹന്‍ലാലിനെതിരെ കടുത്ത ഒരു അശ്ലീല ആരോപണം ഉന്നയിക്കാന്‍ കാരണമായിട്ടുണ്ടാവുക, ആദ്യ വീഡിയോകള്‍ക്ക് ലഭിച്ച പ്രചോദനവും കൂടിയാണ്.

ആക്കിലപ്പറമ്പനെക്കുറിച്ച് പറയേണ്ടി വരുന്നത് മംഗളം ചാനലിന്റെ ആദ്യദിനത്തിലെ 'ബ്രെയ്ക്കിങ് മാമാങ്കം' കാണേണ്ടി വരുന്നതുകൊണ്ടാണ്. മോഹന്‍ലാലിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ ആക്കിലപ്പറമ്പാന്റെ ന്യായീകരണം 'തനിക്ക് ബോധ്യമുള്ളത്' എന്നതായിരുന്നു. മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങളെ എത്തിച്ച ഓഡിയോ ക്ലിപ്പിനെക്കുറിച്ച് ചാനലിന് നല്‍കാനുള്ള ഉറപ്പും അവര്‍ക്ക് സ്വയം ബോധ്യപ്പെട്ടത് എന്നാണ്.

സ്വന്തമായി ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ടും ഇന്റര്‍നെറ്റ് കണക്ഷനുമുള്ള പാവം ആക്കിലപ്പറമ്പന് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് വാക്കാല്‍ പറയാനേ കഴിയുമായിരുന്നുള്ളൂ. പാരമ്പര്യവും പണവും സംവിധാനങ്ങളും ഉള്ള മംഗളം ചാനലിന് മന്ത്രിയുടേതായി ഒരു ഓഡിയോ ക്ലിപ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്നതിനപ്പുറത്ത് എന്ത് വ്യത്യാസമാണ് ഇവ രണ്ടും തമ്മിലുള്ളത്?

സാധാരണക്കാരനായ ഒരു വ്യക്തിയായതുകൊണ്ട് പൊലീസ് ആക്കിലപ്പറമ്പനെ പിടികൂടി ഒരു മനോരോഗാശുപത്രിയിലേക്ക് അയച്ചു. അതെ അസുഖമുള്ള ഒരു മാധ്യമസ്ഥാപനമാണെന്നിരിക്കട്ടെ അയാള്‍ക്ക് എല്ലാ സംരക്ഷണവും ലഭിക്കും. ഭ്രാന്ത് നിര്‍ബാധം തുടരുകയും ചെയ്യും.

ലൈംഗികതയെക്കുറിച്ച് ഏറ്റവും വിചിത്രമായ ബോധം സൂക്ഷിക്കുകയും ഇക്കിളികള്‍ക്ക് പിറകെ പോകുകയും ചെയ്യുന്ന മലയാളികള്‍ക്ക് മുന്നില്‍ ഒരു ചാനലിന് സാധിക്കുന്ന ഏറ്റവും 'മിന്നുന്ന തുടക്കം' തന്നെയാണ് ഇത്. ആക്കിലപ്പറമ്പന്‍മാരുടെ ഒരു കൂട്ടം മാധ്യമസാതന്ത്ര്യം നല്‍കുന്ന സുരക്ഷിതത്വവും പണം നല്‍കുന്ന ഒളിഞ്ഞു നോട്ട കഴിവുകളും ഒത്തുചേരുന്ന ഒരിടത്ത് ജോലി തുടരുകയും ചെയ്താല്‍ ഇത്തരം ചാനലുകള്‍ 'മിന്നുന്ന ഓട്ടം' തുടരുക തന്നെ ചെയ്യും.