സംഘബന്ധുക്കളേ, നിങ്ങൾ 'വില്ലേജ് റോക്ക് സ്റ്റാർസ്' കാണുക; നിങ്ങളുടെ കുഞ്ഞുങ്ങളെയും കാണിക്കുക

സംഘബന്ധുക്കളേ, നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെയും ഈ ചിത്രം കാണിക്കുക. അവർ ശാഖകളിൽ പോകാതെ പ്രഹാർ അടവുകൾ പയറ്റാതെ വളരട്ടെ. അവർ ധുനുവിനെയും കൂട്ടുകാരെയും പോലെ സംഗീതം സ്വപ്നം കാണട്ടെ. അവർ ചോര കൊണ്ട് കളിക്കാതിരിക്കട്ടെ. നിങ്ങൾ തന്നെ തുറന്നു വിട്ട ഹിന്ദുത്വ വെള്ളപ്പാച്ചിലിനോട് പൊരുതി ജയിക്കട്ടെ - നാരദാ ന്യൂസ് അസോസിയേറ്റ് എഡിറ്റർ പി സി ജിബിൻ എഴുതുന്നു

സംഘബന്ധുക്കളേ, നിങ്ങൾ വില്ലേജ് റോക്ക് സ്റ്റാർസ് കാണുക; നിങ്ങളുടെ കുഞ്ഞുങ്ങളെയും കാണിക്കുക

സംഘബന്ധുക്കളേ, നിങ്ങൾ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ഇന്ന് മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ 'വില്ലേജ് റോക്ക് സ്റ്റാർസ്' എന്ന ആസാമീസ് സിനിമ. ധുനു എന്ന പത്ത് വയസ്സുകാരി പെൺകുട്ടിയുടെ ജീവിതവും സ്വപ്നങ്ങളുമാണ് ആ സിനിമ പറയുന്നത്. ഒരു സാധാരണ പെൺകുട്ടിയുടെ സാധാരണ ജീവിതത്തിലെ തികച്ചും സാധാരണമായ കാഴ്ചകൾ നിങ്ങൾക്ക് കാണാൻ കഴിയും. അതുപോലെ ഒരു എട്ടു വയസ്സുകാരി പെൺകുട്ടിയുടെ സ്വപ്നങ്ങളും നന്മയും ജീവിതവുമാണ് കത്വയിലെ നിങ്ങളുടെ 'വിരാട് ഹിന്ദു' സഹോദരന്മാർ പിച്ചി ചീന്തിയത്.

ജമ്മു കാശ്മീരിലെ കത്വയെപ്പോലെ അസമിലെ ചഹായ്ഗോണ്‍ ഗ്രാമം നിങ്ങൾക്ക് സിനിമയിൽ കാണാം. രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ ഒരു സ്വാധീനവുമില്ലാതെ വളരുന്ന കുഞ്ഞുങ്ങൾ. ദാരിദ്ര്യത്തിൽ ജീവിക്കുന്ന ധുനുവിന് അമ്മ മാത്രമേയുള്ളൂ. അച്ഛൻ ഒരു വെള്ളപ്പൊക്കത്തിലാണ് മരിച്ചു പോകുന്നത്. അതുകൊണ്ടുതന്നെയാണ് അമ്മ അവളെ നീന്തൽ പഠിപ്പിക്കുന്നത്. ധുനുവിന്റെ സ്വപ്നം സംഗീതത്തോടാണ്. അവളും കൂട്ടുകാരും ചേർന്ന് ഒരു മ്യൂസിക് ബാൻഡ് ഉണ്ടാക്കാനാണ് കൊതിക്കുന്നത്. ബാൻഡ് ഉണ്ടാക്കാനായി കുട്ടിക്കൂട്ടം ഒരു തീരുമാനം എടുക്കുന്നു. ഇതിനായി ഓരോരുത്തരും ഓരോ സംഗീതോപകരണങ്ങൾ സംഘടിപ്പിക്കണം. ധുനുവിന് ഒരു ഗിറ്റാറായിരുന്നു വേണ്ടത്. അത് ഒരു സ്വപ്നമായി അവളിൽ വളരുന്നു. തെർമോക്കോൾ ഉപയോഗിച്ച് അവൾ ഒരു ഗിറ്റാർ മാതൃക ഉണ്ടാക്കുന്നു. ഒടുവിൽ അവളുടെ അച്ഛൻ നഷ്ടപ്പെട്ടതിനു സമാനമായി ഒരു വെള്ളപ്പൊക്കം എത്തുന്നു. അതിൽ എല്ലാം നഷ്ടമാകുന്നു - അവൾ ഗിറ്റാറിനായി കൂട്ടിവച്ചതടക്കം എല്ലാ സ്വപ്നങ്ങളും.

ധുനുവിനോളം സ്വപ്‌നങ്ങൾ ഉള്ള പെൺകുട്ടിയായിരുന്നില്ല കത്വയിലെ ആ എട്ടു വയസ്സുകാരി. അമ്പലത്തിനുള്ളിൽ വച്ച് ഹിന്ദുത്വ ഭീകരർ പിച്ചിയെറിഞ്ഞപ്പോൾ ഇല്ലാതായത് ഒരു ജീവനും ജീവിതവും അവളുടെ മാതാ പിതാക്കൾ കണ്ട സ്വപ്നങ്ങളെയുമായിരുന്നു. വീട്ടിലെ കുതിരകളെയും അടുത്തിടെ ജനിച്ച രണ്ടു ആട്ടിന്കുട്ടികളെയും അവൾക്ക് അത്രമേൽ പ്രിയമായിരുന്നു. കൂടെ വീട്ടിലെ ആ വളർത്തു നായയെയും. കത്വയെന്ന ഗ്രാമത്തിനു പുറത്തേക്ക് പോകാൻ അവൾ എന്നും കൊതിച്ചിരുന്നു. അവളുടെ പിതാവ് പുറത്ത് പോകുമ്പോഴെല്ലാം അവൾ കൂടെ പോകാൻ വാശി പിടിക്കുമായിരുന്നു. അതിക്രൂരമായി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപാണ് ബന്ധുവിന്റെ കല്ല്യാണത്തിന് ധരിക്കാൻ കുപ്പായം തുന്നാൻ അവൾ മാതാവിനൊപ്പം സാമ്പ ടൗണിൽ പോയത്. കത്വയ്ക്ക് പുറത്തേക്കുള്ള അവളുടെ അവസാന യാത്രയാകുമതെന്ന് ആരും പ്രതീക്ഷിച്ചില്ല. ഗ്രാമത്തിനപ്പുറത്തേക്ക് പോകുക എന്നതായിരുന്നു അവളുടെ സ്വപ്നം. എല്ലാം അവസാനിച്ചു.

അവളെ പഠിപ്പിച്ച് ഡോക്ടർ ആക്കണമെന്നൊക്കെയുള്ള വലിയ സ്വപ്നവും അവളുടെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നില്ല. സ്വന്തം കാലിൽ നിൽക്കാനുള്ള അറിവ് അവരുടെ മകൾ നേടണമെന്ന് അവർ കരുതി. ഈ വേനൽക്കാലത്ത് അവളെ സ്‌കൂളിൽ ചേർക്കണമെന്ന് അവർ തീരുമാനിച്ചിരുന്നു. സുന്ദരിയായ അവൾ പ്രായപൂർത്തിയാകുമ്പോൾ സുന്ദരനും പ്രാപ്തനായ ഒരു ചെറുപ്പക്കാരനെ കണ്ടെത്തി വിവാഹം നടത്തിക്കൊടുക്കണമെന്നു അവർ സ്വപ്നം കണ്ടു. എല്ലാ സ്വപ്നങ്ങളുമാണ് അവൾക്കൊപ്പം ഇല്ലാതാക്കപ്പെട്ടത്. സ്വപ്നങ്ങളും യാഥാർഥ്യങ്ങളും ചേർന്നതാണ് ബാല്യം. 'വില്ലേജ് റോക്ക് സ്റ്റാറിലെ' ധുനുവിന് വെള്ളപ്പൊക്കത്തെ തോൽപ്പിച്ച് എന്നെങ്കിലും ഒരു ഗിറ്റാർ വാങ്ങാൻ കഴിയുമായിരിക്കും. അവളുടെ കൂട്ടുകാർക്ക് ബാൻഡ് ഉണ്ടാക്കാൻ കഴിയുമായിരിക്കും. ആ ഗ്രാമീണർ വീണ്ടും പാടങ്ങളിൽ വിത്തിടുകയും ധുനുവിന്റെ മ്യൂസിക് ബാൻഡ് സംഗീതം പൊഴിക്കുകയും ചെയ്യുമായിരിക്കും. കാരണം വെള്ളപ്പൊക്കം 'ഹിന്ദുത്വയെന്ന' ഏറ്റവും രാക്ഷസീയ ഭാവം പൂണ്ട ക്രൂരതയോളം വരില്ലല്ലോ. കത്വയിലെ ആ കുഞ്ഞ് ഇനി ഒരിക്കലും ഉണരില്ല, ചിരിക്കില്ല. ഹിന്ദുത്വ ഭീകരരെ ഭയന്ന് വീടുവിട്ടോടുമ്പോൾ പിതാവിനോട് കൂടെവരണമെന്ന് വാശി പിടിച്ച് കരഞ്ഞില്ല.

സംഘബന്ധുക്കളേ, നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെയും ഈ ചിത്രം കാണിക്കുക. അവർ ശാഖകളിൽ പോകാതെ പ്രഹർ അടവുകൾ പയറ്റാതെ വളരട്ടെ. അവർ ധുനുവിനെയും കൂട്ടുകാരെയും പോലെ സംഗീതം സ്വപ്നം കാണട്ടെ. അവർ ചോര കൊണ്ട് കളിക്കാതിരിക്കട്ടെ. നിങ്ങൾ തന്നെ തുറന്നു വിട്ട ഹിന്ദുത്വ വെള്ളപ്പാച്ചിലിനോട് പൊരുതി ജയിക്കട്ടെ...

Read More >>