മട്ടന്നൂർ തെരഞ്ഞെടുപ്പ് ഫലം ഒരു പാഠമാണ്; സംഘപരിവാറിനേക്കാളേറെ കോൺഗസ്സിന്

സിപിഐഎമ്മിനെ മാത്രം പൊതുശത്രുവായി കാണുകയും ആർഎസ്എസിനെ പ്രീണിപ്പിച്ചു കൊണ്ട് മുന്നോട്ടുപോകുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കളുടെ നയം തിരുത്തേണ്ട സമയമായി. ലീഗിന് സ്വാധീനമുള്ള ന്യൂനപക്ഷ മേഖലകളിൽ വിജയം കൊയ്യാൻ സിപിഐഎമ്മിന് സാധിച്ചത് അവരെല്ലാം ഈ സംഘപരിവാർ കാലത്ത് പാർട്ടിയെ ആണ് ബദൽ ആയി കാണുന്നത് എന്നത് കൊണ്ടാണ്. സംഘപരിവാർ പഠിക്കേണ്ടത് കേരളം അവർക്കുപറ്റിയ മണ്ണല്ല എന്നുള്ളതാണ്. മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് നാരദാ ന്യൂസ് സീനിയർ കറസ്‌പോണ്ടന്റ് ജിബിൻ പി സി എഴുതുന്നു

മട്ടന്നൂർ തെരഞ്ഞെടുപ്പ് ഫലം ഒരു പാഠമാണ്; സംഘപരിവാറിനേക്കാളേറെ കോൺഗസ്സിന്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളുടെ കൂട്ടത്തിൽ നിന്നും വേറിട്ട് നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇന്ന് ഫലം വന്ന മട്ടന്നൂർ മുനിസിപ്പാലിറ്റിയുടേത്. ഒരു പക്ഷെ അഞ്ച് വർഷത്തിലൊരിക്കലായി ഒരു വർഷത്തെ ഇടവേളയിൽ വന്നെത്തുന്ന തദ്ദേശ സ്വയംഭരണ - നിയമസഭാ - ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ട്രെയിലർ. 1990ല്‍ ആണ് മട്ടന്നൂര്‍ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ടത്. പിന്നീട് 1994ൽ എ കെ ആന്റണിയുടെ ഭരണകാലത്ത് വീണ്ടും മട്ടന്നൂരിനെ പഞ്ചായത്തായി തരം താഴ്ത്തി. എന്നാൽ കോടതി അംഗീകരിച്ചില്ല. അങ്ങനെ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വേറിട്ട തെരഞ്ഞെടുപ്പ് കാലം മട്ടന്നൂരിന് സ്വന്തമായി. പഴശ്ശിരാജാവിന്റെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെയും തില്ലങ്കേരിയിലെ കർഷകരുടെ ജന്മിത്വവിരുദ്ധ പോരാട്ടത്തിന്റെയും ചരിത്ര പശ്ചാത്തലമുള്ള മട്ടന്നൂർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പിന്നീട് സിപിഐഎമ്മിനും സ്വാധീനമുള്ള നാടാണ്. സംസ്ഥാനത്തെ ഇടതുഭരണത്തെ താഴെയിറക്കാനും കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിലേക്ക് പിൻവാതിൽ വഴി കടക്കാനും സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് മട്ടന്നൂർ കടുംചുവപ്പിലേക്ക് ഫലമെഴുതിയിരിക്കുന്നത്.

ഇടതുപക്ഷത്തിന് പരമ്പരാഗതമായി സ്വാധീനമുള്ള പ്രദേശമായതിനാൽ വിജയത്തിൽ അസ്വാഭാവികമായതൊന്നും ഇല്ല എന്ന് പറയുന്നതിനെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, ഈ തെരഞ്ഞെടുപ്പ് ഫലം സംഘപരിവാറിനും ഒപ്പം കോൺഗ്രസിനും ഒരു പാഠമാണ്. ഇടതുപക്ഷത്തിന് കഴിഞ്ഞ തവണ നേടിയതിനെക്കാൻ മെച്ചപ്പെട്ട വിജയം കാഴ്ചവെക്കാൻ കഴിഞ്ഞു. തീവ്രഹിന്ദുത്വ നിലപാടുകൾക്കൊപ്പം ജാതി സംഘടനകളെയും സംഘടിപ്പിച്ചുകൊണ്ടു കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ വേരുകളാഴ്ത്താം എന്ന സംഘപരിവാർ മോഹത്തിലാണ് മട്ടന്നൂർ കത്തിവെക്കുന്നത്. ഇടതുപക്ഷത്തുനിന്നും കൂട്ടത്തോടെ ബിജെപിയിലേക്ക് ആളുകൾ ചേർന്നുവെന്ന് പ്രചരിപ്പിച്ച പ്രദേശങ്ങളിൽ പോലും വിരലിലെണ്ണാവുന്നതിനപ്പുറത്ത് ബിജെപിക്ക് വോട്ട് നേടാനായില്ല. മിസ് കാൾ അടിച്ച് ആയിരങ്ങൾ പാർട്ടിയിലേക്ക് ചേർന്നുവെന്ന് പ്രചരിപ്പിക്കുന്ന കാലത്ത് രണ്ടക്കം താണ്ടാൻ കഴിയാതിരിക്കുമ്പോൾ തുറന്നുകാട്ടപ്പെടുന്നത് സംഘപരിവാർ 'ഫോട്ടോഷോപ് രാഷ്ട്രീയം' കൂടിയാണ്.

ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രം എന്നതിനപ്പുറം കർണാടകത്തിൽ നിന്നും കിലോമീറ്ററുകൾ മാത്രം ദൂരത്തിലാണ് മട്ടന്നൂർ. പലരുടെയും ഉപജീവനം കർണാടകത്തെ ആശ്രയിച്ചാണ്. മൈസൂരിലും ബംഗളൂരുവിലും ജോലിചെയ്യുന്നവർ അനേകം. കർണാടകത്തിൽ ഉൾപ്പെടെ സംഘപരിവാർ പയറ്റുന്ന രാഷ്ട്രീയത്തോടുള്ള എതിർപ്പ് കൂടിയാണ് മട്ടന്നൂർ നൽകുന്നത് എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണ്ട. സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജൻ മട്ടന്നൂർ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രത്തിനു നൽകുന്ന സന്ദേശമാണ് എന്ന തരത്തിൽ പ്രതികരിച്ചത് ഇതുകൂടിക്കൊണ്ടാവണം.

രണ്ടക്കത്തിലൊതുങ്ങുമ്പോഴും കെട്ടിവച്ച കാശ് നഷ്ട്ടപ്പെടുമ്പോഴും പത്തൊൻപത് വാർഡുകളിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്ത് വരുന്നത്. അതായത് കോൺഗ്രസ് അതീവ ദുർബലമാകുന്നു. മുസ്‌ലിം ലീഗ് എന്ന ഘടകകക്ഷി കൂടി ഇല്ലെങ്കിൽ ഒന്നോ രണ്ടോ യുഡിഎഫ് അംഗങ്ങളെ ജയിച്ചു കയറൂ എന്ന യാഥാർഥ്യത്തോട് ഈ തെരഞ്ഞെടുപ്പ് ഫലം ചേർത്തുവെക്കേണ്ടതുണ്ട്. കേരളത്തിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കണമെങ്കിൽ ഒരറ്റത്ത് ഇടതുപക്ഷവും മറ്റൊരു അറ്റത്ത് കോൺഗ്രെസ്സും ശക്തമാവേണ്ടതുണ്ട്. സിപിഐഎമ്മിന് മുന്നിൽ ദുർബലമെങ്കിൽ പോലും ബിജെപിക്ക് കോൺഗ്രസിനെ അപേക്ഷിച്ച് ശക്തമായി വളരുന്നു എന്ന യാഥാർഥ്യം കോൺഗ്രസ് നേതാക്കൾ തിരിച്ചറിഞ്ഞേ പറ്റൂ. സിപിഐഎം എന്ന കേഡർ പാർട്ടിക്കൊപ്പം ആർഎസ്എസ് എന്ന കേഡർ സംവിധാനത്തിലുള്ള പ്രസ്ഥാനവും ശക്തമാവുമ്പോൾ തൊഴുത്തിൽ കുത്തും ഗ്രൂപ്പിസവും തെരഞ്ഞെടുപ്പ് എന്ന ഒരേ ഒരു പാർട്ടി പരിപാടിയും ആയി കോൺഗ്രസ് എവിടെയാണ് എന്ന് മനസ്സിലാക്കാൻ മട്ടന്നൂർ ഫലം കോൺഗ്രസ് നേതാക്കൾ പഠിച്ചേ പറ്റൂ.

സിപിഐഎമ്മിനെ മാത്രം പൊതുശത്രുവായി കാണുകയും ആർഎസ്എസിനെ പ്രീണിപ്പിച്ചു കൊണ്ട് മുന്നോട്ടുപോകുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കളുടെ നയം തിരുത്തിക്കാൻ ഇനിയെങ്കിലും മിച്ചം വരുന്ന അണികൾക്കെങ്കിലും സാധിച്ചില്ലെങ്കിൽ പാർട്ടി മൊത്തം ആർഎസ്എസിൽ ലയിക്കാൻ നാളുകൾ ഏറെ വേണ്ട. തങ്ങൾക്ക് ശക്തികുറഞ്ഞ ന്യൂനപക്ഷ മേഖലകളിൽ പോലും വിജയം കൊയ്യാൻ സിപിഐഎമ്മിന് സാധിച്ചത് അവരെല്ലാം ഈ സംഘപരിവാർ കാലത്ത് പാർട്ടിയെ ആണ് ബദൽ ആയി കാണുന്നത് എന്നത് കൊണ്ടാണ്. കണ്ണൂരിലെയും അതിനു മുകളിലെയും സിപിഐഎം നേതൃത്വവും അണികളും അത് തിരിച്ചറിഞ്ഞതാണ്. അതിൽ മാറ്റമൊന്നുമില്ലാതെ മുന്നോട്ടുനീങ്ങാൽ ഇടതുപക്ഷത്തെയും മട്ടന്നൂർ പ്രചോദിപ്പിക്കട്ടെ.


Read More >>