അസ്ഥാനത്തു കുരിശുവച്ചാൽ അനാദരവു ഫലം; പാപ്പാത്തിചോലയിലെ കുരിശ് സഭയുടേതല്ല: ഫാ. പോൾ തേലക്കാട്ട്

മൂന്നാറില്‍ കയ്യേറ്റത്തിനായി ഉപയോഗിച്ച കുരിശ് പൊളിച്ചതിനെ കുറിച്ചു സീറോമലബാര്‍ സഭയുടെ മുന്‍ വക്താവും സഭാപ്രസിദ്ധീകരണമായ സത്യദീപത്തിന്റെ എഡിറ്ററുമായ ഫാ. പോള്‍ തേലക്കാട്ട് നിലപാട് വ്യക്തമാക്കുന്നു

അസ്ഥാനത്തു കുരിശുവച്ചാൽ അനാദരവു ഫലം; പാപ്പാത്തിചോലയിലെ കുരിശ് സഭയുടേതല്ല: ഫാ. പോൾ തേലക്കാട്ട്

കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചത് എന്തിനുവേണ്ടിയായിരുന്നു എന്നുള്ള ചോദ്യം വളരെ പ്രസക്തമാണ്. അത് കുരിശിനെ ആരാധിക്കാനും ബഹുമാനിക്കാനും വേണ്ടിയായിരുന്നോ അതോ ആ സ്ഥലത്തിന്റെ ഉടമകള്‍ ഞങ്ങളാണ്, കുരിശ് കൊണ്ട് ആ സ്ഥലത്തെ എന്റെ അധീനതയിലാക്കാമെന്നുള്ള ചിന്ത കൂടിയായിരുന്നോ എന്നതാണ് ഗൗരവതരമായ ചോദ്യം.

കുരിശടി ഉണ്ടാക്കുമ്പോള്‍ അത് എങ്ങനെ ഉണ്ടാക്കണം എവിടെ ഉണ്ടാക്കണം എന്നത് ബന്ധപ്പെട്ട അധികാരികളുമായി ചോദിച്ച് അനുവാദം വാങ്ങേണ്ടതുണ്ട്. അതൊന്നും ചെയ്യാതെ ആര്‍ക്കും ഇഷ്ടം പോലെ കുരിശ് നാട്ടുക എന്നത് അത്ര അഭിലഷണീയമായ ഒരു നടപടിയാണെന്ന് ഞാന്‍ കരുതുന്നില്ല. രൂപതയാണെങ്കില്‍ ബിഷപ്പിനോട് അനുവാദം ചോദിച്ച്, കാര്യങ്ങള്‍ പഠിച്ചിട്ടാണ് അത് അനുവദിക്കേണ്ടത്. പഠിക്കുമ്പോള്‍ സ്ഥലത്തിന്റെ പ്രത്യേകതകള്‍ കൂടി പരിഗണിക്കണം.

കുരിശ് ഒരു മതചിഹ്നമാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം യേശുവിന്റെ ത്യാഗത്തിന്റേയും മരണത്തിന്റേയും മനുഷ്യവംശത്തോടുള്ള സ്‌നേഹത്തിന്റേയും ഒരു ബിംബമാണത്. ബിംബമെന്ന വിധത്തില്‍ അതിനെ ആദരിക്കേണ്ടതാണ്. ആ ആദരവ് പാലിച്ചില്ലെന്നുള്ള തരത്തിലുള്ള ചിത്രങ്ങളാണ് ഇന്നലെ മുഴുവന്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്.

അത് അങ്ങനെ കാണിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു വികാരമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചതും. അത് ശരിയായ വികാരമാണ്.അതോടൊപ്പം പറയാനുള്ള മറ്റൊരു കാര്യം. കുരിശ് ആദരിക്കപ്പെടണമെന്ന് വിശ്വാസിയായ ഞാന്‍ ആഗ്രഹിക്കുന്നതുപോലെ കുരിശ് ആദരണീയമായി പരിഗണിക്കപ്പെടാന്‍ പറ്റിയ സ്ഥലങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഈ ആദരവ് കിട്ടില്ല എന്നുറപ്പുള്ളിടത്ത് ഞാന്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചാല്‍ ആ അനാദരവ് ഞാന്‍ തന്നെ സൃഷ്ടിക്കുന്ന അനാദരവ് ആണ്. ഞാന്‍ അതിനെ ആദരിക്കുമ്പോള്‍ ആദരണീയമായ ഒരു സ്ഥലത്ത് അതിനെ പ്രതിഷ്ഠിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.

അങ്ങനെ ചെയ്യാതിരിക്കുന്നത് ഞാന്‍ എന്റെ വിശ്വാസത്തോട് കാണിക്കുന്ന കൊള്ളരുതായ്മയാണ്... നെറികേടാണ്... ഇത് നമ്മുടെ കുരിശിനെ സംബന്ധിച്ച് മാത്രമല്ല, ഇന്ത്യ മുഴുവന്‍ പൊതുസ്ഥലങ്ങളില്‍ മോസ്‌ക്കുകളും അമ്പലങ്ങളും ക്ഷേത്രങ്ങളും വിഗ്രഹങ്ങളും പ്രതിഷ്ഠിച്ച് കയ്യേറുന്ന പ്രശ്‌നം നമുക്ക് വ്യാപകമായുണ്ട്. 2009-ല്‍ സുപ്രീം കോടതിയുടെ വിധി പോലുമുണ്ട്.

കയ്യേറ്റത്തിനുള്ള മറയല്ല കുരിശ്

അതുകൊണ്ട് ഇത് ഒരു മതത്തിന്റെ പ്രശ്‌നം മാത്രമല്ല. മതാത്മകതയെ, ഭാരതത്തിലെ മതജീവിതത്തെ ബാധിച്ചിരിക്കുന്ന പ്രതിസന്ധിയാണ്. എന്റെ മതത്തെ ആധിപത്യത്തിന്റെ അടയാളമാക്കാതിരിക്കാന്‍ ഞാന്‍ വളരെയേറെ ശ്രദ്ധിക്കണം. ആരോടും യുദ്ധം ചെയ്യാനുള്ള ആയുധമല്ല എനിക്ക് കുരിശ്. അത് ആദരിക്കേണ്ട ഞാന്‍ തന്നെ ആദരിക്കാതെ പോയാല്‍ ഇങ്ങനെയുള്ള പ്രതിസന്ധികള്‍ ഉണ്ടാകും. അത് മറ്റ് വിശ്വാസികളെയും ആദരവോടെയും സ്‌നേഹത്തോടെയും പരിഗണിച്ചുകൊണ്ട് എന്റെ വിശ്വാസത്തിന്റെ ബിംബങ്ങളെ കാത്തു സൂക്ഷിക്കാനും ആദരിക്കാനും ആദരവായ സ്ഥലത്ത് അതിനെ പ്രതിഷ്ഠിക്കാനും ഞാന്‍ ശ്രദ്ധിക്കണമെന്നാണ് അഭിപ്രായം.

അസ്ഥാനത്ത് വെച്ചാല്‍ അനാദരവുണ്ടാകും

വ്രണപ്പെട്ടു എന്നു മുഖ്യമന്ത്രി പറഞ്ഞതിനോട് എനിക്ക് അനുകൂലമായ നിലപാടാണ്. പക്ഷെ അതിന് ഒരു മറുവശമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലെങ്കിലും വിശ്വാസികളെങ്കിലും പറയണം. അവര്‍ അത് അംഗീകരിക്കണം. അത് അനാദരിക്കുന്ന ഇടത്തു കൊണ്ടുപോയി വച്ച് അത് ആയുധമാക്കുന്ന നിലപാടു ഗൗരവമായി എടുക്കേണ്ടതാണ്. അത് മതത്തിന്റെ മലിനീകരണമാണ്. ഈ മലിനീകരണമാണു ഭാരതത്തില്‍ ഉടനീളം മതങ്ങള്‍ക്കുണ്ടാകുന്നത്. അതിനെക്കുറിച്ച് നമുക്ക് ഗൗരവമായ ആശങ്കകളും ആത്മശോധനയും ഉണ്ടാകേണ്ടതാണ്.

സര്‍ക്കാരിന്റെ അധികാരികള്‍ എല്ലാ മതബിംബങ്ങളോടും, ഒരു മതത്തിന്റെ മാത്രമല്ല, എല്ലാ മതബിംബങ്ങളോടും ഒരു പരിഗണനയും ആദരവും പ്രകടിപ്പിക്കേണ്ടതുണ്ട്. ആ ആദരവിന്റെ ഭാഗമായിട്ട് മതചിഹ്നങ്ങള്‍ മാറ്റം ചെയ്യാന്‍ പോകുമ്പോള്‍ ബന്ധപ്പെട്ട ആളുകളുമായി ചര്‍ച്ച ചെയ്യുകയും അവരുമായി സഹകരിച്ച് അത് മാറ്റുകയും വിസമ്മതിച്ചാല്‍ മാത്രമല്ലാതെ അവിടെ ഒരു ബലപ്രയോഗത്തിന് പോകാതിരിക്കുകയും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

കുരിശ് നാട്ടിയവരുമായി സഭയ്ക്ക് ബന്ധമില്ല

ഈ കുരിശ് സ്പിരിറ്റ് ഇന്‍ ജീസസ് എന്നു പറയുന്ന ഒരു ഗ്രൂപ്പിന്റേതാണെന്നാണ് മനസ്സിലാക്കുന്നത്. കത്തോലിക്കാ സഭയുമായിട്ട് പല തരത്തിലും ചര്‍ച്ചകള്‍ നടത്തിയിട്ടും യോജിക്കാത്ത ഒരു വിഭാഗമാണ്. വിയോജിപ്പുണ്ടെന്ന് അവരെ അറിയിച്ചിട്ടുള്ളതുമാണ്. അതുകൊണ്ട് കത്തോലിക്കാ സഭയുടേതാണ് എന്നു പറയാനാകില്ല. എന്നാല്‍ ക്രൈസ്തവ ബിംബത്തെ ക്രിസ്ത്യാനികള്‍ എന്ന വിധത്തില്‍ അത് കത്തോലിക്ക സഭയുടെ ആളല്ലെങ്കിലും എല്ലാവരും ആദരിക്കണമെന്നു പറയാന്‍ ആഗ്രഹിക്കുന്നു. ആദരവോടെ പരിഗണിക്കുകയും ആദരവുള്ള സ്ഥലത്ത് അത് പ്രതിഷ്ഠിക്കുകയും ചെയ്യുക.

ഒരു മതക്കാരും പൊതുസ്ഥലത്ത് അവരുടെ ബിംബങ്ങള്‍ വച്ച് കയ്യേറാന്‍ പാടുള്ളതല്ല എന്നുള്ളത് നമ്മുടെ സെക്യുലറിസത്തെ, എല്ലാ മതങ്ങളെയും ആദരിക്കുന്ന, സര്‍വ്വമത ആദരവിന്റെ സംസ്‌കാരത്തില്‍ വച്ചുപുലര്‍ത്തേണ്ട സ്വാഭാവികമായ നടപടിയാണ്. അത് കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രസ്തുത കുരിശ് വിശ്വാസത്തെയല്ല മതമലിനീകരണത്തെയാണ് പ്രതിനിധീകരിക്കുന്നത്. ആ കുരിശിന് കത്തോലിക്ക സഭയുമായി ഒരു ബന്ധവുമില്ല.

Read More >>