പാര്‍ട്ടിയെ നാറ്റിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍: കണ്ണൂരില്‍ ജയരാജന്റെ നിയന്ത്രണം; ഐസക്ക് സ്‌കൂളിലെ കുട്ടികള്‍ രംഗത്ത്

തോമസ് ഐസക്ക് യുഡിഎഫ് കാലത്ത് സോഷ്യല്‍ മീഡിയയിലൂടെയാണ് പാര്‍ട്ടി പ്രവര്‍ത്തനം ശക്തമായി നടത്തിയത്. അക്കാലത്ത് കുറേ ആരാധകരുമുണ്ടായി. അക്കൂട്ടര്‍ വൈപ്പിന്‍, ജാനു വിഷയത്തില്‍ പാര്‍ട്ടിക്ക് സമൂഹമധ്യത്തില്‍ അവമതിപ്പുണ്ടാക്കി. എന്നാല്‍ കണ്ണൂരിലെ പ്രകോപനങ്ങളെ ആകാശ് തില്ലങ്കേരി സംഭവത്തോടെ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കി

പാര്‍ട്ടിയെ നാറ്റിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍: കണ്ണൂരില്‍ ജയരാജന്റെ നിയന്ത്രണം; ഐസക്ക് സ്‌കൂളിലെ കുട്ടികള്‍ രംഗത്ത്

പാര്‍ട്ടിക്കു മുകളിലൂടെ പറക്കാന്‍ ഒരു സൈബര്‍ പ്രൊഫൈലിനേയും അനുവദിക്കില്ലെന്ന കണ്ണൂര്‍ പാര്‍ട്ടിയുടെ തീരുമാനത്തിന് തിരിച്ചടി. ഐഒസി, സി.കെ ജാനു വിഷയങ്ങളില്‍ പ്രചാരകവേല ചെയ്ത പ്രൊഫൈലുകള്‍ മന്ത്രി തോമസ് ഐസക് സ്‌കൂളിന്റെ ഫാന്‍സ്. ഇതാവട്ടെ ഇടത് അനുഭാവികളിലും ഒപ്പീനിയന്‍ ലീഡേഴ്‌സിലും വലിയ അവമതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഫലത്തില്‍ മോദിയ്ക്കു തുല്യമായി പിണറായിയെ പ്രതിഷ്ഠിക്കുന്ന മധ്യവര്‍ഗ്ഗ മലയാളികളുടെ മൂലധന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതായി ഈ സൈബര്‍ അക്രമണങ്ങള്‍.

സമൂഹമാധ്യമ കമ്മറ്റികള്‍ സംഘടിപ്പിക്കാന്‍ മുന്‍കയ്യെടുത്ത പാര്‍ട്ടിയാണ് സിപിഐഎം. സംസ്ഥാന അടിസ്ഥാനത്തില്‍ തന്നെ വിദഗ്ദരെ ഉള്‍പ്പെടുത്തി ക്യാംപുകള്‍ നടത്തുകയും ബ്രാഞ്ച് തലത്തില്‍ വരെ ഓരോ ഘടകത്തിന്റെയും കീഴില്‍ കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ പൂര്‍ണ്ണമായ നിയന്ത്രണത്തിലുള്ള സംവിധാനമായിരുന്നു ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ കൂട്ടായ്മയുടെ പ്രചാരണം പാര്‍ട്ടിക്ക് ഉപയോഗിക്കാനും സാധിച്ചു. സാമൂഹിക മാധ്യമങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നു എന്നതിന്റെ വലിയ തെളിവായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍. ബുധനാഴ്ചകളിലെ മാധ്യമസമ്മേളനം ഒഴിവാക്കിയ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ജനങ്ങളോട് സംവദിക്കുന്നത്.

തിരഞ്ഞെടുപ്പിനു ശേഷം സോഷ്യല്‍ മീഡിയകളെ എങ്ങനെ തുടര്‍ന്ന് ഉപയോഗിക്കണം എന്നതിനെ സംബന്ധിച്ച് നയമോ പരിപാടിയോ ഇല്ലാതായതോടെ ഓരോരുത്തരും അവരവരുടെ വഴിക്ക് സ്വമേധയാ കാര്യങ്ങള്‍ ചെയ്തു തുടങ്ങി. ഫേസ്ബുക്ക് ഗ്രൂപ്പുകളിലും അപകടകരമായി വാട്ട്‌സപ്പ് ഗ്രൂപ്പുകള്‍ മാറി. പല പേരുകളില്‍ ചില പ്രാദേശിക നേതാക്കളുടെ ശക്തി പ്രകടന കേന്ദ്രങ്ങളായി ഇവ മാറി. ഹേറ്റ് ക്യാംപയിനുകളുടെ വേദിയും ഇതുതന്നെയായിരുന്നു.

കണ്ണൂരില്‍ സിപിഐഎം വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്ന സമയത്ത് ഈ സൈബര്‍ പ്രൊഫൈലുകള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ പല പ്രൊഫൈലുകളും കൊലപാതകത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് 'ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും' എന്ന് പ്രഖ്യാപിച്ചു. ഇവരുടെ കൊലവിളികളിലൂടെ പല കൊലപാതകങ്ങളുടേയും ഉത്തരവാദിത്തം പാര്‍ട്ടിയുടെ തലയിലായി. പ്രവാസികളും മറ്റുമാണ് ഈ 'സഹായം' ചെയ്തു കൊടുത്തത്. കണ്ണൂരില്‍ സമാധാനത്തിന് സിപിഐഎം നടത്തുന്ന ശ്രമങ്ങളെ പോലും അവഗണിച്ച് പ്രദേശിക വാട്ട്‌സപ്പ് ഗ്രൂപ്പുകളില്‍ വിദ്വേഷകരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്നു.

ദേശാഭിമാനി എഡിറ്റര്‍ പി.എം മനോജിന്റെ ശൈലിയും മന്ത്രി തോമസ് ഐസക്കിന്റെ ശൈലിയുമാണ് സൈബര്‍ മീഡിയയില്‍ സിപിഐഎം അനുകൂലികള്‍ ഉപയോഗിക്കുന്നത്. മനോജിന്റെ ശൈലി പ്രകോപനപരമായ പ്രതികരണങ്ങളുടേതാണ്. അപ്പോഴും പുലര്‍ത്തുന്ന മിതത്വം അനുയായികളിൽ ഇല്ലാതെ പോയതിന്റെ ഫലമാണ് ആകാശ് തില്ലങ്കേരി സംഭവം. കൂത്ത്പറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിശ്രുത വധുവുമായി സെല്‍ഫിയെടുത്തതിനെ സിഐടിയുക്കാരായ ഡ്രൈവേഴ്‌സ് ചോദ്യം ചെയ്തു. പൊലീസ് ആകാശിനെ പിടിച്ചു കൊണ്ടു പോയി. രക്തസാക്ഷി മണ്ഡപത്തിലെ സദാചാര ഗുണ്ടാസിമെന്ന നിലയ്ക്ക് ആകാശ് അത് പ്രചരിപ്പിച്ചു. കേരളത്തിലെ പ്രകോപനാത്മക സാമൂഹ്യമാധ്യമ ഇടപെടലിലെ 'പോരാളി ഷാജിയാണ്' ആകാശ്. പിന്തുണയ്ക്കാന്‍ സൈബര്‍ ചാവേറുകള്‍ ഇറങ്ങിയതോടെ പ്രശ്‌നം രൂക്ഷമായി. അടിസ്ഥാന സഖാക്കളും സൈബര്‍ സഖാക്കളും തമ്മിലുള്ള ബലാബലമായി. കണ്ണൂരിലെ സിപിഐഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആകാശ് തില്ലങ്കേരിയെ പരസ്യമായി തള്ളി പറഞ്ഞ് പോസ്റ്റിട്ടു.അതോടെ ആകാശും മാപ്പ് പറഞ്ഞ് പോസ്റ്റിട്ടു.

പിന്നീട് കണ്ണൂരില്‍ പ്രകോപനാത്മക- ഭീഷണി- കൊലവിളി പോസ്റ്റുകള്‍ ഇടുന്നതിന് കര്‍ശനമായ വിലക്ക് വന്നു. പി.എം മനോജും പ്രതികരണങ്ങള്‍ ചുരുക്കി. വെട്ടൊന്ന് മുറി രണ്ട് സ്വഭാവം വടക്കന്‍ വാരിയേഴേസ് ഉപേക്ഷിച്ച തക്കം നോക്കിയാണ് തെക്കന്‍ വാരിയേഴ്‌സ് കളത്തിലിറങ്ങിയത്. ഇവരാകട്ടെ ഐസക് സ്‌കൂളിലെ കുട്ടികളാണ്. ശാസ്ത്രീയമായേ സംസാരിക്കു. ഐഒസി വിഷയത്തില്‍ സമരം ചെയ്യുന്ന ജനതയ്ക്ക് ഭീതിയും ആകുലതയുമാണ്. എന്നാല്‍ 'ശാസ്ത്ര സാഹിത്യത്തിലൂടെ' പ്ലാന്റ് അപകട രഹിതമാണെന്ന പ്രചാരണം ഇവര്‍ നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം പോലും ഒരുതവണ വായിച്ച് നോക്കാൻ തയ്യാറായില്ല. വീട്ടില്‍ പാചകവാതകം വെച്ച് പാചകം ചെയ്യുന്നവരാണ് പ്ലാന്റിനെ എതിര്‍ക്കുന്നതെന്ന യുക്തി നിരത്തി പോരടിച്ചു.

എസ്.ശര്‍മ്മയടക്കമുള്ള എറണാകുളത്തെ മുതിർന്ന നേതാക്കൾക്കും സിപിഐഎം എറണാകുളം ജില്ലാക്കമ്മറ്റിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന അഭിപ്രായമായിരുന്നു. സിപിഐഎം ഭരിക്കുന്ന പഞ്ചായത്തും പാര്‍ട്ടിയുടെ പഞ്ചായത്ത് അംഗവും സമരത്തിലാണ്. പൊലീസ് അക്രമിച്ചതിലേറെപ്പേരും പാര്‍ട്ടിക്കാര്‍. എസ്എന്‍ഡിപി, ലാറ്റിന്‍ കാത്തലിക്, ധീവര, പുലയ തുടങ്ങി സാമുദായിക സംഘടനകളും സമരത്തിലുണ്ട്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സമരത്തിലാണ്. എന്നാല്‍ തീവ്രവാദികളാണെന്നും ശാസ്ത്രം അറിയാത്തവരെന്നും പരിഹസിക്കുകയായിരുന്നു തെക്കന്‍ വാരിയേഴ്‌സ്. കുട്ടികളെ കവചമാക്കിയെന്ന ആരോപണവും ഇവരുയര്‍ത്തി. ബാലസംഘമടക്കം ഇതോടെ ചോദ്യം ചെയ്യപ്പെട്ടു- ഫലത്തില്‍ യുക്തിസഹമായി ഒന്നേ, രണ്ടേ, മൂന്നേ നമ്പരിട്ട് പറഞ്ഞ മറുപടികളെല്ലാം പൊലീസ് അതിക്രമത്തെ ന്യായീകരിക്കുന്നതു മാത്രമായി.ഐഒസി സമരത്തിലെ ഇടപെടലിലൂടെ വെട്ടില്‍ വീണ് ഈ സൈബര്‍ കൂട്ടം സി.കെ ജാനുവിന്റെ കാറിനെ ഇറക്കി അടുത്ത ഘട്ടം ന്യായീകരണം തുടങ്ങി. ഇലക്ഷന്‍ അഫിഡവിറ്റ്, സോഷ്യല്‍ ഡൈനാമിക്‌സ്, കര്‍ഷക ആത്മഹത്യ തുടങ്ങിയ വിഷയങ്ങളെടുത്താണ് ജാനുവിനെ വ്യക്തിഹത്യ നടത്തിയത്. ശാസ്ത്ര സാഹിത്യം തന്നെയായിരുന്നു ആയുധം. വാദങ്ങളും 'ശാസ്ത്രീയമായി' തന്നെയായിരുന്നു.

യുഡിഎഫ് ഭരിക്കുന്ന അഞ്ചു വര്‍ഷവും നിരന്തരം പോസ്റ്റുകളിട്ട് തോമസ് ഐസക്കാണ് സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ ശക്തമാക്കിയത്. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഐസക്ക് ആരാധകര്‍ കൂട്ടത്തോടെ ഈ പോസ്റ്റുകളില്‍ ആകൃഷ്ടരായി. ഇത് ഐസക്കിന് തിരഞ്ഞെടുപ്പില്‍ ഏറെ സഹായകരമായി. മന്ത്രിയായ ശേഷം സോഷ്യല്‍ മീഡിയ ഇടപെടലില്‍ നിന്ന് പൊടി തട്ടി എഴുന്നേറ്റു പോയ ഐസക്ക്, ഫലത്തില്‍ ഈ ആരാധകരെ അനാഥരാക്കി. അതോടെ ഐസക്കിനെ അനുകരിച്ച് ഗവേഷണബുദ്ധിയോടെ ശിഷ്യന്മാർ ഇടപെടാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ പ്രകോപനാത്മകമായ കണ്ണൂര്‍ ശൈലിയോട് കിടപിടിക്കാന്‍ ഇവര്‍ക്കായില്ല.

കണ്ണൂരിലെ 'വാരിയേഴ്‌സിനെ' പാര്‍ട്ടി ഇടപെട്ട് അടക്കിയതോടെ ഐസക്ക് സ്‌കൂളിലെ ക്ടാങ്ങൾക്ക് അവസരം കിട്ടി. സംഘപരിവാര്‍ അണികള്‍ പശു ഓക്‌സിജനാണ് പുറന്തള്ളുന്നത് എന്ന് 'ശാസ്ത്രീയമായി' പറയുന്നതിനു തുല്യമായി ഇവരുടെ വാദങ്ങളും. സംഘി ശാസ്ത്രീയതയ്ക്കു തുല്യമായ സഖാ ശാസ്ത്രീയത, ഫലത്തില്‍ ജനവിരുദ്ധതയായി മാറി.

സി.കെ ജാനുവിനെ ഇക്കൂട്ടര്‍ അക്രമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയ റെസ്‌പോണ്‍സിബിലിറ്റി എന്ന ഹാഷ് ടാഗിട്ട് ഫസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ താക്കീത് ചെയ്യുന്നത് ഇക്കൂട്ടരെ കൂടി ഉദ്ദേശിച്ചാണ്.

'ഇപ്പോഴത്തെ പ്രവണത വൈറല്‍/ തമാശ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ്. ശരിയോ തെറ്റോ എന്ന് ഒരുവട്ടം ചിന്തിക്കുക പോലും ചെയ്യാതെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്. വ്യാജ വാര്‍ത്തകള്‍ കണ്ണടച്ച് വിശ്വസിക്കുന്നതിനു വേണ്ടി അത് പരത്തുക എന്നതാണ് രീതി. ഒരു വാര്‍ത്ത എത്രയും പെട്ടെന്ന് 'ബ്രേക്ക്' ചെയ്യാനുള്ള ആവേശമാണ് വ്യാജ വാര്‍ത്തകള്‍ പോലും തങ്ങളുടെ പരിചയ വലയത്തില്‍ ഒരു പരിശോധനയും കൂടാതെ പ്രചരിപ്പിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന മന:ശാസ്ത്രം.അതിന്റെ ഫലമോ? ഫേസ്ബുക്കും വാട്‌സാപ്പും മറ്റു സാമൂഹ്യ മാധ്യമ വേദികളും വ്യാജ വാര്‍ത്തകളും വ്യാജ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെ പോലെ തന്നെ അപരാധികളാണ് ഇവ പിന്നീട് വീണ്ടുവിചാരമില്ലാതെ പ്രചരിപ്പിക്കുന്നവരും.സാമൂഹ്യ മാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷവും സ്ത്രീ വിരുദ്ധതയും വ്യക്തി ഹത്യയും എല്ലാം പ്രചരിപ്പിക്കുന്ന പ്രവണത ശക്തമാണ് ഈ കാലത്ത്. എന്ത് കൊണ്ടാണ് ഇത്രയും വ്യാജ പ്രചാരണങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്? ഫേസ്ബുക്കിലും വാട്‌സാപ്പിലും ഒക്കെ വ്യാജ പോസ്റ്റുകള്‍ ചെയ്യുമ്പോള്‍ തങ്ങളിലേക്കുള്ള വഴി അവിടെത്തന്നെയുണ്ട് എന്ന് ഈ അപരാധം ചെയ്യുന്നവര്‍ക്ക് അറിയില്ലേ? നിയമ നടപടിക്കു സാധ്യതയുള്ള കുറ്റമാണ് ഇതെന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടാണോ? പലപ്പോഴും ഇത്തരം തെറ്റുകള്‍ സമൂഹത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് പോലും ഉണ്ടാകുന്നതായി നാം കാണാറുണ്ട്!'

- പിണറായി വ്യക്തമായ സൂചന നൽകുന്നു.

സി.കെ ജാനുവിനെ ഓഡിറ്റ് ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടതോടെ സംഘപരിവാര്‍ സിപിഐഎം നേതാക്കളെ ഓഡിറ്റ് ചെയ്യാന്‍ തുടങ്ങി. ഇ.പി ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്റെ മകന്‍ തുടങ്ങിയവര്‍ ഉപയോഗിച്ച വാഹനമടക്കം ട്രോളുകളിലേയ്ക്ക് വീണ്ടുമെത്തി. ഫലത്തില്‍ വൈപ്പിനും ജാനുവിനുമെതിരെ തൊടുത്ത അമ്പുകള്‍ ആയിരമായി കൊണ്ടത് പാര്‍ട്ടിയുടെ നെഞ്ചത്താണ്- ക്ടാങ്ങളെ ഐസക്ക് നിയന്ത്രിക്കുമോ അതോ പാര്‍ട്ടി ചെവിക്കു പിടിക്കുമോ എന്നേ അറിയാനുള്ളു.

വൈപ്പിന്‍, ജാനു വിഷയങ്ങളിലടക്കം കണ്ണൂരിലെ സൈബര്‍ പോരാളികള്‍ പുലര്‍ത്തിയ മൗനം പി. ജയരാജന്റെ ഇടപെടലിന്റെ കരുത്തറിയിക്കുന്നതാണ്. ഐസക്കിന്റെ തെക്കൻ കളരിയിലെ കള്ളപ്പയറ്റുകാരെ നിയന്ത്രിക്കാനും വടക്കൻ കളരിയിലെ ആശാന്മാർ തന്നെ ഇറങ്ങേണ്ടിവരും.

Read More >>