മദ്യവിരുദ്ധരേ... അനിവാര്യമായ ബ്രേക്ക് ‍ഡൗണിനു നിങ്ങളാണ് കാരണക്കാർ...

ധനപരവും സാമ്പത്തികവും സാമൂഹികവും സുരക്ഷാ ബന്ധിതവുമൊക്കെയായ വിപുല മാനങ്ങളുള്ള ഒരു വിഷയത്തെയാണ് കേവല സദാചാര നിലപാടുകൾക്കകത്തു നിർത്തി പരിശോധിക്കുന്നത്. മതത്തിനും പൗരോഹിത്യത്തിനുമൊക്കെ അവർ നിശ്ചയിച്ച പരിധിക്കപ്പുറം കാഴ്ച പോകില്ല. രാഷ്ട്രീയത്തിന് അതു പോര. എത്ര വേഗം ആ ബോധ്യമുണ്ടാകുന്നുവോ അത്രയും നന്ന്. അല്ലെങ്കിൽ അനിവാര്യമായ ബ്രേക്ക് ഡൗണിന് തയ്യാറാകാം.

മദ്യവിരുദ്ധരേ... അനിവാര്യമായ ബ്രേക്ക് ‍ഡൗണിനു നിങ്ങളാണ് കാരണക്കാർ...

എം ഗോപകുമാർ

ദേശീയ സംസ്ഥാന പാതയോരത്തെ മദ്യവിൽപന അവസാനിപ്പിക്കണമെന്ന സുപ്രിംകോടതി വിധി കേരളത്തിന്റെ സമ്പദ്ഘടനയിൽ അപരിഹാര്യമായ നഷ്ടത്തിനു കാരണമാകും. സർക്കാർ വരുമാനം ഇടിയുക മാത്രമല്ല, ടൂറിസം മേഖല തളരുകയും തൽഫലമായി സ്വകാര്യമേഖലയിലെ വലിയൊരു തൊഴിൽത്തുറ പ്രതിസന്ധിയിലാവുകയും ചെയ്യും. ലഹരിപ്രേമികളായ മനുഷ്യരുടെ പുതുപരീക്ഷണങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപരവും സാമൂഹികവുമായ വെല്ലുവിളികളും സംഘർഷങ്ങളും വേറെ.

സുപ്രിംകോടതി തീരുമാനം സംസ്ഥാന സർക്കാരിനുണ്ടാക്കുന്നത് ഏറ്റവും കുറഞ്ഞത് 5000 കോടിയുടെ വരുമാനനഷ്ടമാണ്. ഇതു നികത്താനാവില്ല. ഈ വരുമാനം നഷ്ടപ്പെടട്ടെ എന്ന് സമൂഹമെന്ന നിലയിൽ തീരുമാനിച്ചാൽ പ്രത്യാഘാതവും സാമൂഹികമായി നാം സഹിക്കേണ്ടി വരും. സർക്കാർ ചെലവിൽ ആനുപാതികമായ കുറവു വരും. സർക്കാരിന്റെ വികസനപ്രവർത്തനങ്ങളിൽ അതു പ്രതിഫലിക്കും.

മദ്യത്തിന്റെ ലഭ്യത കുറച്ചാൽ മദ്യപന്മാർ പിറ്റേന്നു മുതൽ ജീരകം വറുത്തു വെന്ത വെള്ളം കുടിച്ച് കഴിയുമെന്ന് കരുതരുത്. അവർ സ്വന്തം വഴി നോക്കും. പലതരം ലഹരികളിലേയ്ക്കു തിരിയും. വ്യാജവാറ്റ് അടക്കം സ്വയം ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങൾ വ്യാപകമാകും. അതിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഒന്നും ഉറപ്പാക്കാൻ ആർക്കും കഴിയുകയുമില്ല. പെരുകുന്ന ക്രമസമാധാന പ്രശ്നങ്ങൾ വേറെ.

നിയന്ത്രണങ്ങളുടെ കണ്ണുവെട്ടിച്ച് ലഭ്യമാക്കാൻ ബുദ്ധിമുട്ടു കൂടുതലുള്ള ലഹരിയാണ് മദ്യം. സ്വാഭാവികമായും വഴികൾ വേറെ തുറക്കും. ഉദാഹരണത്തിനു മെഡിക്കൽ സ്റ്റോറുകൾ. ലഹരിയുണ്ടാക്കുന്ന മരുന്നുകളുണ്ട്. അവ മെഡിക്കൽ സ്റ്റോറുകൾ വഴി ലഭ്യമായിത്തുടങ്ങും.

സ്റ്റാർ ഹോട്ടലുകളിലെ ബാറുകൾക്കു താഴു വീണാൽ സമ്പന്നരായ മാന്യന്മാരുടെ കുടി മുട്ടുമെന്നല്ലാതെ മറ്റുള്ളവർക്കെന്തു ചേതം എന്നു ചോദിക്കുന്നവരുണ്ട്. എന്നാൽ അത്ര ലളിതമല്ല ഈ പ്രശ്നം. എറണാകുളത്തെ ലേ മെറിഡിയൻ ഹോട്ടലിൽ പ്രൊഫഷണൽ കോൺഫറൻസ് നടക്കുന്ന ദിവസം ഒന്നു വീക്ഷിക്കുക.

നൂറു കണക്കിന് ടൂറിസ്റ്റ് ടാക്സികളാണ് ആ ദിവസം ഓടുന്നത്. അങ്ങനെ എത്ര ഹോട്ടലുകൾ, കോൺഫറൻസുകൾ. വ്യാപാര വാണിജ്യ കോർപറേറ്റ് മേഖലകൾക്ക് ഒഴിച്ചുനിർത്താനാവാത്ത കൂടിച്ചേരലുകൾ. നെടുമ്പാശ്ശേരിയുടെ വളർച്ചയിൽ ഈ കോൺഫറൻസ് ടൂറിസത്തിന് ഗണ്യമായ റോളുണ്ട്.

പ്രൊഫഷണൽ കോൺഫറൻസുകൾക്ക് വരുന്നവരുടെ ലക്ഷ്യം മദ്യപാനമാണോ എന്ന ചോദ്യം വെറും മുട്ടാത്തർക്കമാണ്. മദ്യമില്ലെങ്കിൽ യോഗം അതുള്ള സ്ഥലങ്ങളിലേയ്ക്കു മാറ്റും. അത്ര തന്നെ. കോൺഫറൻസിൽ വിതരണം ചെയ്യുന്ന മദ്യത്തിന്റെ ബില്ലും ബ്രാൻഡുമല്ല, കോൺഫറൻസ് ടൂറിസത്തെ ആശ്രയിക്കുന്നവരുടെ തൊഴിലും വരുമാനവും അതിജീവനവുമാണ് പ്രധാനം.

വളർന്നുകൊണ്ടിരിക്കുന്ന തൊഴിൽത്തുറയെന്ന നിലയിൽ ടൂറിസത്തിലാണ് കേരള സമ്പദ് വ്യവസ്ഥയുടെ പ്രതീക്ഷ. പ്ലാന്റേഷൻ, പ്രവാസി, പരമ്പരാഗത വ്യവസായങ്ങൾ എന്നീ മേഖലകൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

പ്ലാന്റേഷൻ മേഖലയുടെ ഭാവിയെന്തെന്ന് ആർക്കും ഒരു പിടിയുമില്ല. പ്രവാസത്തൊഴിലിന്റെ കാര്യവും തഥൈവ. പരമ്പരാഗത മേഖലയെ ആശ്രയിച്ച തലമുറയുടെ പിൻഗാമികൾ വഴിമാറിക്കഴിഞ്ഞു. മികച്ച വിദ്യാഭ്യാസം ലഭിച്ചവരെ ഉൾക്കൊള്ളാൻ പോന്ന സാധ്യതകളൊന്നും അവിടെയില്ല.

അവിടെയാണ് ടൂറിസം കേരളത്തിന്റെ പ്രതീക്ഷയായത്. സമ്പദ് വ്യവസ്ഥയുടെ 10-13 ശതമാനമുള്ള ഒരു പുതു തലമുറ തൊഴിൽത്തുറയാണ് ടൂറിസം. അതിനെ സ്ഥായിയായ വികസനത്തിൽ മദ്യലഭ്യത ഒരു ഘടകം തന്നെയാണ്.

കുടിക്കാനാണോ കേരളത്തിൽ വരുന്നത് എന്ന മുട്ടാത്തർക്കം കേട്ടില്ലെന്നു നടിക്കുകയേ വഴിയുള്ളൂ. മദ്യലഭ്യത ടൂറിസം വളർച്ചയിൽ ഒരു ചെറിയ ഘടകമാണെന്നെങ്കിലും അംഗീകരിക്കാത്തവരുമായി സംവാദത്തിനു സാധ്യതയില്ല. സഞ്ചാരികൾ മദ്യലഭ്യതയുള്ള സ്ഥലം തേടും.

ധനപരവും സാമ്പത്തികവും സാമൂഹികവും സുരക്ഷാ ബന്ധിതവുമൊക്കെയായ വിപുല മാനങ്ങളുള്ള ഒരു വിഷയത്തെയാണ് കേവല സദാചാര നിലപാടുകൾക്കകത്തു നിർത്തി പരിശോധിക്കുന്നത്. മതത്തിനും പൗരോഹിത്യത്തിനുമൊക്കെ അവർ നിശ്ചയിച്ച പരിധിക്കപ്പുറം കാഴ്ച പോകില്ല. രാഷ്ട്രീയത്തിന് അതു പോര. എത്ര വേഗം ആ ബോധ്യമുണ്ടാകുന്നുവോ അത്രയും നന്ന്. അല്ലെങ്കിൽ അനിവാര്യമായ ബ്രേക്ക് ഡൗണിന് തയ്യാറാകാം.