ഹാദിയ- ആയിഷ കേസ്: മുഖ്യമന്ത്രിക്ക്, ഇഷ്ടമുള്ള മതം തെരഞ്ഞെടുത്ത് ജീവിക്കുന്ന ഒരു പെണ്ണിന്റെ തുറന്ന കത്ത്

വസ്തുതകളോട് നീതിപുലർത്തിയും കോടതിക്ക് എതിരു നിൽക്കാതെയും ഹാദിയക്കും ആയിഷക്കും അവരുടെ അഭിപ്രായ സ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും സംരക്ഷിക്കാനും പൗരാവകാശങ്ങള്‍ ലഭ്യമാക്കാനും ചിലതൊക്കെ ചെയ്യാന്‍ സർക്കാരിനും പൊലീസിനും കഴിയും. പക്ഷേ ഈ രണ്ടു കേസിലും മുതലെടുക്കുന്ന പ്രതിലോമശക്തികൾക്കെതിരായ നിലപാട് സ്വീകരിക്കുന്നതില്‍ സർക്കാർ ഭാഗം ദുർബലമായിപ്പോവുന്നതാണ് കാണുന്നത്.

ഹാദിയ- ആയിഷ കേസ്: മുഖ്യമന്ത്രിക്ക്, ഇഷ്ടമുള്ള മതം തെരഞ്ഞെടുത്ത് ജീവിക്കുന്ന ഒരു പെണ്ണിന്റെ തുറന്ന കത്ത്

അസ്മ നസ്റിൻ

ആദരണീയനായ കേരള മുഖ്യമന്ത്രിക്ക്,

സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടമുള്ള മതജീവിതം തെരഞ്ഞെടുത്ത് ജീവിക്കുന്ന, ഹിന്ദുവായി ജനിച്ചു ഇപ്പോള്‍ മുസ്ലിമായി ജീവിക്കുന്ന ഒരു മുന്‍ കമ്മ്യൂണിസ്റ്റുകാരി കുറിക്കുന്നത്.

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എന്റെ വിശാലസ്വപ്‌നങ്ങള്‍ ആണ് വിദ്യാർത്ഥി കാലഘട്ടത്തില്‍ എന്നെയൊരു എസ്എഫ്ഐക്കാരിയും കുറച്ചുകാലം പാർട്ടി പ്രവർത്തകയും ആക്കിയത്.

അതിനു മുമ്പോ ശേഷമോ മറ്റൊരു മുഖ്യധാരാ പാർട്ടികളും എന്നെ ആകർഷിച്ചിട്ടില്ല. അതിനു കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യ സങ്കല്പമാണ്. എന്റെ തീവ്രമായ അന്വേഷണജീവിതം എന്നെ പിന്നീട് ഇസ്‌ലാം മതത്തിലേക്ക് ആകൃഷ്ടയാക്കുകയായിരുന്നു. എന്റെ സ്വാതന്ത്ര്യസങ്കൽപങ്ങളെ ഒരു നിലയ്ക്കും സ്പർശിക്കാന്‍ ആരെയും അനുവദിക്കാതെ ഒരു വ്യാഴവട്ടക്കാലത്തിലധികമായി ഞാന്‍ ജീവിക്കുന്നു.

സോഷ്യല്‍ മീഡിയയിലൂടെയും മറ്റും എന്റെ ആശയങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുകയും എന്റെ ജീവിതത്തിന്റെ ഉള്ളുകള്ളികള്‍ പോലും പുസ്തകമായി പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുകയും ചെയ്യുന്നു. ഞാന്‍ അതിജീവിച്ച പ്രശ്നങ്ങള്‍ നൽകുന്ന അനുഭവമാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്.

ഇത്രയും ആമുഖമായി പറഞ്ഞത് ഈയടുത്ത കാലത്തായി, ബഹുമാന്യനായ പിണറായി വിജയന്‍ കേരള മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുമ്പോള്‍ കേരളത്തിലുണ്ടായ രണ്ടു പെൺകുട്ടികളുടെ ദുരനുഭവമാണ്. ഒന്ന്- വൈക്കം സ്വദേശിയും ഹോമിയോ ഡോക്ടറുമായ അഖിലയെന്ന ഹാദിയ. രണ്ട്- കാഞ്ഞങ്ങാട് സ്വദേശിയായ ആതിരയെന്ന ആയിഷ.

ഇവര്‍ രണ്ടുപേരും ഇസ്‌ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ടു വാർത്തകളില്‍ നിന്ന് മനസിലാവുന്നത് അവര്‍ സ്വയം പഠിച്ചും മനസിലാക്കിയും തന്നെയാണ് മതപരിവർത്തനം നടത്തിയത് എന്നാണ്.

എന്നല്ല സ്വന്തമായി കാര്യങ്ങള്‍ മനസിലാക്കി തെരഞ്ഞെടുക്കാന്‍ അവകാശവും പ്രയപൂർത്തിയുമായവരുമാണ്. പക്ഷേ, സ്വാഭാവികമായി ജീവിച്ചുപോന്ന സാഹചര്യങ്ങളില്‍ നിന്നു വേരിടുമ്പോള്‍ ബന്ധുക്കളിലും മറ്റുമുള്ള ചിലർക്കൊക്കെ വിയോജിപ്പുണ്ടാകാം. പക്ഷേ അതവരുടെ ചിന്താസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിലേക്കോ അവരെ മാനസികമോ ശാരീരികമോ ആയി പീഡിപ്പിക്കുന്നതിലേക്കോ വഴിതെറ്റുന്നത് അപരിഷ്കൃതമാണ്.

ഒരു ജനാധിപത്യ സമൂഹത്തില്‍ അനുവദിക്കാന്‍ പാടില്ലാത്തതുമാണ്. പ​ക്ഷേ കോടതിയെ തെറ്റിദ്ധരിപ്പിച്ചും കോടതി നിർദേശങ്ങളെ കാറ്റില്‍ പറത്തിയും ആശയസ്വാതന്ത്ര്യത്തിന് അപായ ഭീഷണി മുഴക്കുന്ന പ്രതിലോമസംഘങ്ങൾക്ക് ഇടപെടാന്‍ സൗകര്യം ചെയ്തും ഈ പെൺകുട്ടികളെ ബന്ദികളെപ്പോലെ കൈകാര്യം ചെയ്യുന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

എന്തിന്റെ പേരില്‍ ആയാലും മാതാപിതാക്കൾക്കു പോലും അതിന് ഭരണഘടനാപരമായി അവകാശമില്ല എന്നത് തന്നെയല്ലേ യാഥാർത്ഥ്യം? വസ്തുതകളോട് നീതിപുലർത്തിയും കോടതിക്ക് എതിരു നിൽക്കാതെയും ഈ പെൺകുട്ടികൾക്ക് അവരുടെ അഭിപ്രായ സ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും സംരക്ഷിക്കാനും പൗരാവകാശങ്ങള്‍ ലഭ്യമാക്കാനും ചിലതൊക്കെ ചെയ്യാന്‍ സർക്കാരിനും പൊലീസിനും കഴിയുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

പക്ഷേ ഈ രണ്ടു കേസിലും മുതലെടുക്കുന്ന പ്രതിലോമശക്തികൾക്കെതിരായ നിലപാട് സ്വീകരിക്കുന്നതില്‍ സർക്കാർ ഭാഗം ദുർബലമായിപ്പോവുന്നതാണ് കാണുന്നത്. സ്ത്രീക്കും സ്വാതന്ത്ര്യത്തിനും വിലകൽപിക്കുന്ന ഒരു ആദർശത്തിന്റ വക്താവ് എന്ന നിലക്കും ഫാഷിസ്റ്റ്‌ വിരുദ്ധനെന്ന നിലയ്ക്കും ഈ സഹോദരിമാരായ പെൺകുട്ടികൾക്ക് -ഹാദിയയ്ക്കും ആയിഷയ്ക്കും- അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും അവർക്ക് മനഃസമാധാനവും നീതിയും സ്വാതന്ത്ര്യവും നേടാനുള്ള അനുകൂല സാഹചര്യമൊരുക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. അവരെ സ്വകാര്യ തടങ്കലില്‍ നിന്നു സ്വതന്ത്രമാക്കി, അവരുടെ ഇഷ്ടമെന്താണ് എന്നു പരിശോധിക്കാനും അത് കോടതിയെ ധരിപ്പിക്കാനും താങ്കളുടെ ഇടപെടലിനു സാധിക്കും.

ബാഹ്യശക്തികളെ മാറ്റിനിർത്തി ഈ പെൺകുട്ടികൾക്കു പിന്തുണ നൽകാന്‍ താങ്കൾക്ക് സാധിക്കുമെന്ന പ്രതീക്ഷയോടെ

Image Title




Image Title




Read More >>