പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാനൊരുങ്ങുന്ന ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയ്ക്കൊരു തുറന്ന കത്ത്...

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ യജ്ഞത്തെ തകർക്കുന്ന അധ്യാപകരുടെ സമീപനങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് നാരദാ ന്യൂസ് അസോസിയേറ്റ് എഡിറ്റർ കെ ജി ബിജു എഴുതുന്ന തുറന്ന കത്ത്

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാനൊരുങ്ങുന്ന ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയ്ക്കൊരു തുറന്ന കത്ത്...

ബഹു. വിദ്യാഭ്യാസമന്ത്രിക്ക്,

നവകേരള മിഷന്റെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ രക്ഷിതാക്കളും വിദ്യാർത്ഥികളുമടങ്ങുന്ന വലിയൊരു സമൂഹം ഏറെ പ്രതീക്ഷയോടെയാണല്ലോ വീക്ഷിക്കുന്നത്. വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന് വലിയ സാമൂഹിക പിന്തുണ ലഭിക്കുന്നുണ്ട്. എന്നാൽ ഈ യജ്ഞം ലക്ഷ്യം കാണണമെങ്കിൽ വിദ്യാലയാന്തരീക്ഷത്തിൽ അനിവാര്യമായ ചില തിരുത്തലുകൾ വരണമെന്ന കാര്യം താങ്കളും അംഗീകരിക്കുമല്ലോ. അത്തരമൊരു തിരുത്തലിനെക്കുറിച്ചാണ് ഈ തുറന്ന കത്ത്.

നമ്മുടെ സ്കൂളുകളിൽ ചില എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികൾക്ക് ഗ്രേസ് മാർക്കുണ്ട്. എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, സ്റ്റുഡന്റ് പോലീസ്, ജൂനിയർ റെഡ്ക്രോസ് എന്നിങ്ങനെ നീളുന്നു ആക്ടിവിറ്റി പട്ടിക. അധ്യാപകരുടെ ചുമതലയുണ്ടെങ്കിലേ ഇവയിലേതെങ്കിലും സ്കൂളുകളിൽ ആരംഭിക്കാനാവൂ. അതായത്, ആ സന്നദ്ധത പ്രകടിപ്പിക്കുന്ന അധ്യാപകരുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്കു മാത്രമേ നിലവിൽ ഗ്രേസ് മാർക്ക് ലഭിക്കാൻ സാഹചര്യമുണ്ടാകൂ. ആക്ടിവിറ്റികളിൽ പങ്കെടുക്കാൻ കുട്ടികൾക്കു താൽപര്യമുണ്ടെങ്കിലും ചുമതല വഹിക്കാൻ അധ്യാപകർ തയ്യാറല്ലെങ്കിൽ, ഗ്രേസ് മാർക്കിന്റെ ആനുകൂല്യം സ്വപ്നം കാണാനാവില്ല.

ഇതൊരു വലിയ വിവേചനത്തിനു കാരണമാകുന്നുണ്ട്. ഒരു യഥാർത്ഥ സംഭവം അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തട്ടെ. സംഭവം ചെറിയ കാര്യമാണെന്നു തോന്നാം. എങ്കിലും അതിലൊളിഞ്ഞിരിക്കുന്ന മനോഭാവം കാണാതെ പോകരുത്. നിലവിൽ സ്കൌട്ട് ആൻഡ് ഗൈഡ് ഇല്ലാത്ത ഹയർ സെക്കൻഡറി സ്കൂളുകളിൽ യൂണിറ്റ് ആരംഭിക്കാനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് ഇക്കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

യൂണിറ്റ് ആരംഭിച്ച് ശരാശരി പ്രവർത്തനനിലവാരമെങ്കിലുമുണ്ടെങ്കിൽ അംഗങ്ങളായ കുട്ടികൾക്ക് ആകെ മാർക്കിന്റെ 3 ശതമാനമാണ് ഗ്രേസ് മാർക്ക്. അതായത് 36 മാർക്കു കിട്ടും. സേവന പ്രോജക്ടുകൾ തയ്യാറാക്കി ചീഫ് മിനിസ്റ്റർ ഷീൽഡിനർഹത നേടിയാൽ അഞ്ചു ശതമാനം (60 മാർക്ക്) കിട്ടും. പ്ലസ് വൺ, പ്ലസ് ടു കാലയളവിൽ രാഷ്ട്രപതി അവാർഡ് ലഭിച്ചാൽ ഗ്രേസ് മാർക്ക് എട്ടു ശതമാനമാകും (96 മാർക്ക്).

11-1-2016ലെ GO.(Ms) 11/2016/GEdn ഉത്തരവു പ്രകാരമാണ് സ്ക്കൌട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ ഹയർ സെക്കൻഡറി കുട്ടികൾക്ക് ഗ്രേസ് മാർക്ക് സർക്കാർ അനുവദിച്ചത്.

ഇനി പ്രശ്നം പറയാം. മേൽപ്പറഞ്ഞ സർക്കുലറിന്റെ അടിസ്ഥാനത്തിൽ ചുമതലയുള്ള അധ്യാപകരെ തീരുമാനിക്കാൻ ഒരു സ്ക്കൂളിൽ ഇക്കഴിഞ്ഞ ദിവസം സ്റ്റാഫ് മീറ്റിംഗ് നടന്നു. നോട്ട് വില്ലിംഗ് (not willing) എന്നായിരുന്നു അധ്യാപകരുടെ പ്രതികരണം. ചുമതലയെടുക്കാൻ ഒരാൾ പോലും തയ്യാറല്ല. അതായത്, ആ സ്കൂളിൽ ഇക്കൊല്ലം സ്ക്കൌട്ടുമില്ല, ഗൈഡുമില്ല. സ്വാഭാവികമായും ആ ഇനത്തിൽ ഗ്രേസ് മാർക്കുമില്ല.

സംശയമിതാണ്. സർക്കാരിന്റെ ശമ്പളം പറ്റുന്നവർക്ക് സർക്കാർ നിർദ്ദേശത്തോട് not willing എന്നു പ്രതികരിക്കാൻ നമ്മുടെ സർവീസ് നിയമവും ചട്ടവുമൊക്കെ അനുവദിക്കുന്നുണ്ടോ? Not willing എന്നാൽ, "സൌകര്യമില്ല", "താൽപര്യമില്ല", "മനസില്ല" എന്നൊക്കെ അർത്ഥമെടുക്കാം. അർത്ഥം ഏതായാലും നഷ്ടം കുട്ടിയ്ക്കാണ്. അധ്യാപകരുടെ താൽപര്യമില്ലായ്മ മൂലം ഗ്രേസ് മാർക്കു ലഭിക്കാനുള്ള സാഹചര്യം ഹനിക്കപ്പെടുന്നുവെങ്കിൽ എന്തൊരു ക്രൂരമായ വിവേചനമാണത്. നിയമവിരുദ്ധവും.

കേരള വിദ്യാഭ്യാസ ചട്ടം (KER) 8 (10) അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തട്ടെ; Extra-curricular activities should form an integral part of education imparted in the school and the Headmaster and all the teachers should devote a definite time to such activities എന്നാണ് പ്രതിപാദ്യം. പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അധ്യാപകർ അതിനുവേണ്ടി നിശ്ചിതസമയം നീക്കിവെയ്ക്കണമെന്നും വെടിപ്പായി എഴുതിവെച്ചിട്ടുണ്ട്.

സ്കൂളുകളിൽ ഒന്നാമതായി ഉണ്ടായിരിക്കണമെന്ന് കെഇആർ നിഷ്കർഷിക്കുന്ന എക്സട്രാ കരിക്കുലർ വിഭാഗമാണ് സ്കൌട്ട് ആൻഡ് ഗൈഡ്സ്. പങ്കാളിത്തത്തെ സർക്കാർ ഗ്രേസ് മാർക്കു കൊടുത്തു പ്രോത്സാഹിപ്പിക്കുന്ന പാഠ്യേതര പ്രവർത്തനം. The following are some of the extra-curricular activities which should be organised in School എന്നു പറഞ്ഞാണ് ചട്ടത്തിൽ പട്ടിക പറഞ്ഞിരിക്കുന്നത്. Should be എന്നാണ് പ്രയോഗം. നിർബന്ധമായും ഉണ്ടായിരിക്കണം എന്നു വിവക്ഷ. നിർബന്ധമായും സ്ക്കൂളിൽ ഉണ്ടായിരിക്കണമെന്നു നിയമത്തിൽ പറയുന്ന പ്രവർത്തനം എല്ലാ സ്കൂളിലും വേണം. പ്രയോജനം താൽപര്യമുള്ള എല്ലാ കുട്ടികൾക്കും കിട്ടണം.

അനിവാര്യമായും ചെയ്യണമെന്ന് നിയമം മൂലം നിഷ്കർഷിക്കപ്പെട്ടിരിക്കുന്ന ഒരു പ്രവർത്തനത്തിന്റെ ചുമതലയേറ്റെടുക്കാൻ മനസില്ല/താൽപര്യമില്ല/തയ്യാറല്ല എന്ന് രേഖാമൂലം തന്നെ പ്രതികരിച്ചാലും ഒരു നടപടിയും നേരിടേണ്ടി വരില്ല എന്നൊരു സാഹചര്യം പൊതുവിദ്യാലയങ്ങളിലുണ്ട്.

കെഇആറിലെ 13(6)ഇങ്ങനെയും പറയുന്നു; Any person employed as a teacher in a school shall not be eligible to continue as a teacher if he refuses to obey orders communicated to him by the officers of the Department.

വകുപ്പു മുന്നോട്ടു വെയ്ക്കുന്ന നിർദ്ദേശങ്ങളും ഉത്തരവുകളും അനുസരിക്കാൻ വിസമ്മതിച്ചാൽ അധ്യാപകവൃത്തിയിൽ നിന്ന് അയോഗ്യനാക്കാം. അങ്ങനെയുമുണ്ട് വ്യവസ്ഥ. അങ്ങനെയൊരു വ്യവസ്ഥയുണ്ടായിട്ടും ഇത്തരം വിസമ്മതങ്ങൾ ധൈര്യസമേതം പ്രഖ്യാപിക്കണമെങ്കിൽ, രോഗം ഗുരുതരമാണ്.

Not willing എന്ന ഒറ്റ പ്രയോഗം വഴി ഒരു സ്കൂളിൽ സർക്കാർ നിർദ്ദേശിക്കുന്ന ഒരു പാഠ്യേതര പ്രവർത്തനം വേണ്ട എന്ന് അധ്യാപകർക്കു തീരുമാനിക്കാനാവുമോ. അതാണ് കാതലായ ചോദ്യം. അതിനുള്ള അധികാരം രാജ്യത്തു നിലവിലുള്ള ഏതെങ്കിലും നിയമമോ ചട്ടമോ അവർക്കു നൽകുന്നുണ്ടോ? സ്കൌട്ട് ആൻഡ് ഗൈഡ് യൂണിറ്റു വേണ്ട എന്നു തീരുമാനിച്ചാൽ മാർക്കിന്റെ കാര്യത്തിൽ മാത്രമല്ല കുട്ടികൾക്കു നഷ്ടം. രാജ്യത്തിനകത്തും പുറത്തും സൃഷ്ടിക്കപ്പെടുന്ന എത്രയോ അവസരങ്ങളിൽ നിന്നാണ് അവനും അവളും അകറ്റി നിർത്തപ്പെടുന്നത്.

ഭാരത് സ്കൌട്ട് ആൻഡ് ഗൈഡ്സിന്റെ വാർഷിക റിപ്പോർട്ടുകൾ നെറ്റിലുണ്ട്. ഒരെണ്ണമെടുത്ത് ഓടിച്ചു വായിച്ചാലറിയാം, പ്രവർത്തനത്തിന്റെ വൈവിദ്ധ്യവും ബാഹുല്യവും. രാജ്യത്തിനുള്ളിലും പുറത്തും വിസ്മയകരമായ നേതൃത്വപരിശീലന പരിപാടികളാണ് ഭാരതീയ സ്ക്കൌട്ട് ആൻഡ് ഗൈഡ് സംഘടിപ്പിക്കുന്നത്. അവയിലൊക്കെ പങ്കെടുക്കുന്നത് നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ക്കൂൾ കുട്ടികളാണ്. അതതു സ്ക്കൂളുകളിലെ അധ്യാപകർ തന്നെയാണ് ആ കുട്ടികളെ പ്രാപ്തരാക്കുന്നത്.

കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ സ്കൌട്ട് ആൻഡ് ഗൈഡ് ആരംഭിച്ചത് 2014ലിലാണ്. 2014 ജനുവരി 15ന് പൊതുവിദ്യാഭ്യാസവകുപ്പു പുറത്തിറക്കിയ GO(MS)14/14/GEdn നമ്പർ ഉത്തരവിന്റെ രണ്ടാം ഖണ്ഡികയിൽ "കൌമാരക്കാരായ വിദ്യാർത്ഥികളിൽ ഉത്തമ പൌരബോധവും ജാതി മത വർഗ ഭാഷാ വ്യത്യാസങ്ങൾക്ക് അതീതമായ സമ്പൂർണ വ്യക്തിത്വ വികാസവും സൃഷ്ടിക്കുകകയും സമൂഹനന്മയെ ലക്ഷ്യമാക്കി അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ കുട്ടികളെ സജ്ജമാക്കുകയുമാണ്" സ്കൌട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ ലക്ഷ്യമെന്ന് വിശദീകരിക്കുന്നുണ്ട്.

ഈ ലക്ഷ്യം നേടാൻ 2013-14 സാമ്പത്തികവർഷത്തിൽ നോൺ പ്ലാൻ ഗ്രാൻറായി 75 ലക്ഷം രൂപയും പ്ലാൻ ഗ്രാൻറായി 30 ലക്ഷം രൂപയുമാണ് കേരള സർക്കാർ നീക്കിവെച്ചത്. ഇത്തരം സഹായം തങ്ങളുടെ സ്കൂളിൽ വേണ്ട എന്നു കൂടിയാണ് not willing മനോഭാവമുള്ള അധ്യാപകർ തീരുമാനിക്കുന്നത്. എന്നുവെച്ചാൽ പരമാധികാര റിപ്പബ്ലിക്കുകളായ വെള്ളരിക്കാപ്പട്ടണങ്ങളാണ് നമ്മുടെ ചില പൊതുവിദ്യാലയങ്ങൾ. എന്തും ചെയ്യാം...? ചോദിക്കാനും പറയാനും ആരുമില്ല.

കേവലം ഒരു ഹയർ സെക്കൻഡറി സ്കൂളിൽ സ്ക്കൌട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ആരംഭിക്കാൻ അധ്യാപകർ തയ്യാറല്ലാത്ത സാഹചര്യം ബോധ്യപ്പെടുത്താൻ വിദ്യാഭ്യാസമന്ത്രിയ്ക്കെഴുതുന്ന തുറന്ന കത്തല്ല ഇത്. മറിച്ച്, പൊതുപണം ചെലവഴിച്ച് വിദ്യാലയങ്ങളിൽ ആവിഷ്കരിച്ചിരിക്കുന്ന സംവിധാനങ്ങൾ not willing എന്ന സമീപനം വഴി നമ്മുടെ കുട്ടികൾക്ക് അപ്രാപ്യമാകുന്ന സാഹചര്യമാണ് ചൂണ്ടിക്കാണിക്കുന്നത്.

വിദ്യാരംഗം കലാസാഹിത്യ വേദി, സയൻസ് ക്ലബുകൾ തുടങ്ങി ഏതെടുത്താലും ഒരുപക്ഷേ, ഇതൊക്കെത്തന്നെയായിരിക്കും അവസ്ഥ. മാനുവൽ പ്രകാരം കാര്യങ്ങൾ നടക്കുന്ന സ്കൂളുകൾ അപൂർവങ്ങളിൽ അപൂർവമായിരിക്കും. കുട്ടികളുടെ സർഗാത്മകശേഷികൾ വളർത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിക്കപ്പെട്ട പരിപാടികൾ ഒന്നുകിൽ സമ്പൂർണമായി അട്ടിമറിക്കപ്പെടുന്നു, അല്ലെങ്കിൽ ആർക്കാനും വേണ്ടി ഓർക്കാനിക്കുംവിധം എന്തെങ്കിലും കാട്ടിക്കൂട്ടുന്നു. ഇത്തരം പ്രവർത്തനങ്ങളെ അധ്യാപകരുടെ സൌകര്യ - അസൌകര്യ പ്രശ്നത്തിനപ്പുറത്ത് കുട്ടിയുടെ അവകാശം എന്ന നിലയിൽ കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തു പൊതുവിദ്യാഭ്യാസ സംരക്ഷണം?

സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നേരിടുന്ന യഥാർത്ഥ വെല്ലുവിളിയാണ് ഇത്തരം വിദ്യാലയങ്ങളും അവിടെ നടമാടുന്ന മനോഭാവങ്ങളും. കുട്ടികളുടെ സമഗ്രവളർച്ച ലക്ഷ്യമിട്ട് സ്കൂളുകളിൽ ആവിഷ്കരിക്കുന്ന പരിപാടികൾ ശരാശരി നിലവാരത്തിലെങ്കിലും ഏറ്റെടുക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാൻ നിലവിൽ ഒരു സംവിധാനവുമില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മാർഗരേഖയിൽ ഇത്തരം കാര്യങ്ങളെ അഭിമുഖീകരിക്കാൻ കാര്യപരിപാടികളുമില്ല.

മഹാഭൂരിപക്ഷം രക്ഷിതാക്കളും കുട്ടികളും ഇത്തരം കാര്യങ്ങളിൽ അജ്ഞരുമാണ്. അവർ ഇക്കാര്യങ്ങളൊക്കെ അറിഞ്ഞിട്ടും വലിയ കാര്യമില്ല. ഇത്തരം ചുമതലയൊന്നും തങ്ങളേൽക്കില്ല എന്ന് ഒറ്റക്കാലിൽ നിൽക്കുന്ന ദൈവതുല്യരായ ഗുരുഭൂതരെ അവർക്കെന്തു ചെയ്യാനാവും? ഒന്നുകിൽ വിധിയെന്നു കരുതി കുട്ടിയുടെ ഭാവി കുരുതി കൊടുക്കുക, അല്ലെങ്കിൽ കൊള്ളാവുന്ന വിദ്യാലയത്തിലേയ്ക്കു കുട്ടിയെ മാറ്റിക്കൊണ്ടുപോവുക. ഇതല്ലാതെ രക്ഷിതാക്കൾക്കു വേറെ വഴിയില്ല.

സർക്കാരിന്റെ മുന്നിൽ രണ്ടു വഴികളുണ്ട്. ഒന്നുകിൽ ഇത്തരം ഏർപ്പാടുകൾക്ക് ഗ്രേസ് മാർക്ക് അവസാനിപ്പിക്കണം. ഇനിയഥവാ, ഗ്രേസ് മാർക്ക് കൊടുത്തേ തീരൂവെന്നുണ്ടെങ്കിൽ അതു കിട്ടാനുള്ള അവസരങ്ങൾ എല്ലാ സ്കൂളുകളിലെയും കുട്ടികൾക്ക് ഒരുപോലെ ലഭിക്കണം.

ഏതാനും പ്രോജക്ടറുകളും കമ്പ്യൂട്ടറുകളും സ്ഥാപിച്ചതുകൊണ്ടു മാത്രം നമ്മുടെ പൊതുവിദ്യാലയങ്ങളിൽ മികവിന്റെ പൌർണമിയുദിക്കില്ല. പൊതുപണം ചെലവഴിച്ച് തങ്ങൾക്കു വേണ്ടി ആവിഷ്കരിച്ചിട്ടുള്ള എല്ലാ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലും കഴിവും സാമർത്ഥ്യവുമനുസരിച്ച് യഥേഷ്ടം പങ്കെടുക്കാനും നൈപുണികൾ തേച്ചുമിനുക്കാനും കുട്ടികൾക്ക് വൈവിദ്ധ്യമാർന്ന അവസരങ്ങൾ ലഭിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചു മാത്രമേ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ കഴിയൂ. അതിന് ആദ്യം ചികിത്സിക്കേണ്ടത് ചില അധ്യാപകരുടെയെങ്കിലും ഉള്ളിലെ NOT WILLING മനോഭാവത്തെയാണ്. ആ ബാധ ഒഴിഞ്ഞു പോയെന്ന് രക്ഷിതാക്കൾക്കു ഉറപ്പു ലഭിച്ചാലേ, പൊതുവിദ്യാലയങ്ങളിൽനിന്ന് അകന്നു പോയവരെ തിരിച്ചെത്തിക്കാനാവൂ.

രണ്ടുകാര്യങ്ങൾ ആവർത്തിക്കട്ടെ. അധ്യാപകർ കനിയുന്ന സ്കൂളുകളിലെ കുട്ടികൾക്കു മാത്രം ഗ്രേസ് മാർക്കു കിട്ടുന്ന അവസ്ഥ മാറിയേ തീരൂ. എല്ലാ കുട്ടികൾക്കും ഒരുപോലെ അവസരം കിട്ടണമെന്നുണ്ടെങ്കിൽ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികൾക്ക് അധ്യാപകർ നേതൃത്വം നൽകിയിരിക്കണമെന്ന കെഇആർ വ്യവസ്ഥ സ്ക്കൂളുകളിൽ പാലിക്കപ്പെടണം. താൽപര്യമുള്ള എല്ലാ കുട്ടികൾക്കും മാറ്റുരയ്ക്കാൻ വിദ്യാലയങ്ങളിൽ അവസരം ഏർപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികൾക്ക് ഗ്രേസ് മാർക്കു കൊടുക്കുന്ന പരിപാടിയെങ്കിലും അവസാനിപ്പിക്കണം. കുട്ടികൾക്കു വേണ്ടി ഖജനാവിൽ നിന്നു പണം മുടക്കി സർക്കാർ ഒരു പരിപാടി നിർദ്ദേശിക്കുമ്പോൾ, അതു നടപ്പിലാക്കാൻ ബാധ്യതയുള്ളവരാണ് not willing എന്നു മുഖം തിരിയ്ക്കുന്നത്. ഔദ്യോഗിക- രാഷ്ട്രീയനേത്രങ്ങളിൽ നിന്ന് എത്രയും വേഗം എടുത്തു കളയേണ്ട കരടാണത്. യോഗ്യതയും കഴിവും താൽപര്യവുമുള്ള എത്രയോ പേർ ഉദ്യോഗാർത്ഥികളായി പുറത്തുണ്ട്. താൽപര്യമുള്ളവർ വരട്ടെ. ഇല്ലാത്തവർ മാറി നിൽക്കട്ടെ.

സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളുടെ മേൽനോട്ടം ജില്ലാ പഞ്ചായത്തിനാണ്. പ്രൈമറി വിദ്യാലയങ്ങളുടേത് ഗ്രാമ പഞ്ചായത്തിന്റെയും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ തലങ്ങളിലെ ജനപ്രതിനിധികളുടെ ചുമതലയിൽ അനേകം കമ്മിറ്റികൾ രൂപം കൊള്ളുന്നുണ്ട്. സ്ക്കൂളുകളിൽ സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളുടെ കാര്യക്ഷമത അന്വേഷിക്കാനുള്ള ചുമതല ഈ സമിതികൾക്കുണ്ടാകണം.

ആത്മാർത്ഥമായും അർപ്പണബോധത്തോടെയും പ്രവർത്തനങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കുന്ന മിടുക്കരായ അധ്യാപകരും നമ്മുടെ വിദ്യാലയങ്ങളിലുണ്ട്. എണ്ണത്തിൽ തുലോം കുറവാണെങ്കിലും, അവരാണ് മികവിന്റെ പൂർണപ്രഭ ചൊരിയുന്ന വിദ്യാലയങ്ങളുടെ നട്ടെല്ല്. എന്നാൽ നിലവിൽ അവർക്കും മേൽപ്പറഞ്ഞ not willingകാർക്കും ഒരേ തളപ്പാണ്. അതു പാടില്ല. പ്രമോഷനിലും ഇൻക്രിമെന്റിലുമൊക്കെ മിടുക്കരെയും അല്ലാത്തവരെയും വേർതിരിച്ചുതന്നെ പരിഗണിക്കണം. ആ പരിഗണനയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രൂപം കൊള്ളുന്ന സമിതികളുടെ നിലപാടുകളും നിർദ്ദേശങ്ങളും പ്രധാനമാകണം. എങ്കിലേ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം യഥാർത്ഥ വിജയത്തിലെത്തൂ.

നമ്മുടെ പൊതുവിദ്യാലയങ്ങളെ തകർത്ത് അനാകർഷകമാക്കിയതിൽ മേൽപ്പറഞ്ഞ not willing മനോഭാവമുള്ള അധ്യാപകർക്ക് വലിയ പങ്കുണ്ട്. അവരെ വകുപ്പുതലത്തിലും നിയമപരമായും ചവിട്ടിത്തിരുമ്മി ചികിത്സിക്കാതെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിത ലക്ഷ്യത്തിലെത്തുകയില്ല. ഇക്കാര്യം അങ്ങയുടെ വ്യക്തിപരമായ പരിഗണനയിൽ വരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കത്തു ചുരുക്കുന്നു.

എല്ലാ വിജയാശംസകളും നേർന്നുകൊണ്ട്,

സർക്കാർ വിദ്യാലയത്തിൽ കുട്ടിയെ ചേർത്ത ഒരു രക്ഷിതാവ്.