സെക്‌സെന്ന് കേള്‍ക്കുമ്പോള്‍ സദാചാരം പൊട്ടിയൊഴുകുന്ന മലയാളിക്ക് മംഗളം പാടുന്നതിന് മുമ്പ് ഓര്‍ക്കേണ്ടത്......

മന്ത്രിയായെന്ന് വച്ച് മനുഷ്യന്റെ മൗലീകവകാശങ്ങള്‍ എങ്ങനെ ചങ്ങല ബന്ധിതമാകും. തനിക്ക് ഇഷ്ടമുള്ളയാള്‍ക്ക് ഉമ്മ കൊടുക്കാത്തവര്‍ എത്രയുണ്ട്? തങ്ങളുടെ പ്രണയ-കാമസ്വപ്‌നങ്ങള്‍ കോളിലൂടെയും മെസേജായും പങ്കുവെയ്ക്കാത്തവരായി എത്ര പേരുണ്ട്? എത്ര മാധ്യമപ്രവര്‍ത്തകരുണ്ട്?- സീനിയർ കറസ്പോണ്ടൻറ് എസ്. വിനേഷ് കുമാര്‍ എഴുതുന്നു.

സെക്‌സെന്ന് കേള്‍ക്കുമ്പോള്‍ സദാചാരം പൊട്ടിയൊഴുകുന്ന മലയാളിക്ക് മംഗളം പാടുന്നതിന് മുമ്പ് ഓര്‍ക്കേണ്ടത്......

സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ അനുഭവിക്കുന്ന മോബിന് മുന്നിലേക്ക് വിളമ്പിക്കൊടുക്കാവുന്നതില്‍ ഏറ്റവും രുചിയുള്ള വിഭവമാണ് ഇന്നലെ എ സര്‍ട്ടിഫിക്കറ്റോടെ മലയാളിയുടെ സ്വീകരണമുറിയില്‍ ചെന്ന് പതിച്ചത്. ഒരു മാധ്യമത്തിന് തരം താഴാവുന്നതിന്റെ പരമാവധി ബാലന്‍സില്‍ നിന്ന് മംഗളം ന്യൂസ് ചാനലിന്റെ തുടക്കം ചാരക്കേസിലെ ട്യൂണ മത്സ്യത്തിന്റെ തുള്ളല്‍ കഥയേക്കാള്‍ പതിന്‍മടങ്ങായിരുന്നു. ചൂണ്ടയിട്ട് പിടിക്കുന്ന വാര്‍ത്തയ്ക്കുള്ളിലെ ശരിയും ശരികേടും മനസ്സിലാക്കാന്‍ സാമാന്യബോധമില്ലാത്തവരാല്‍ നിയന്ത്രിക്കപ്പെടുന്നൊരു എഡിറ്റോറിയലിന് മാത്രമേ ഇങ്ങനെയൊരു സ്‌റ്റോറി പ്രേക്ഷകന് മുന്നിലേക്ക് എറിഞ്ഞുകൊടുക്കാനാവു.

സ്വീകരമുറിയില്‍ മലംതെറിച്ചാല്‍പോലും കഴുകിക്കളഞ്ഞാല്‍ ദുര്‍ഗന്ധം മാറും. അതില്‍കൂടുതല്‍ നാറുന്നൊരു ബ്രേക്കിംഗാണ് ഞായറാഴ്ച ഒഴിവുദിവസത്തെ കളിയാക്കി മലയാളിയുടെ മൂക്കത്ത് വിരല്‍ വെപ്പിച്ചത്. ഇങ്ങനെയൊരു കാലത്താണ് മറിയം റഷീദയെന്ന മാലി ദ്വീപുകാരിയും നമ്പിനാരായണന്‍, ശശികുമാര്‍ തുടങ്ങിയ ശാസ്ത്രജ്ഞരും ചാരന്‍മാരായത്. തുടര്‍ന്നിങ്ങോട്ട് മലയാളി ബാലന്‍സ് ചെയ്തുപോന്ന മാധ്യമസംസ്‌കാരത്തെ ഒന്നടങ്കം ചെളിക്കുണ്ടിലേക്ക് തള്ളിയിട്ടിരിക്കുന്നു. അതിനെ ഓശാന ഞായറാക്കിയവരാണ് യഥാര്‍ഥത്തില്‍ മുകളില്‍പ്പറഞ്ഞ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ അനുഭവിക്കുന്ന കുളംതോണ്ടികള്‍. ഇനിയങ്ങോട്ട് ഇങ്ങനെയൊക്കെയാവും മാധ്യമസംസ്‌കാരമെന്ന് ധാര്‍ഷ്ട്യത്തോടെ എഴുന്നെള്ളിക്കുന്ന മംഗളം പാടികള്‍ക്ക് മുമ്പില്‍ ജേര്‍ണ്ണലിസം ഒരു തൊഴിലിനപ്പുറം പാഷനായി കാണുന്നവരാണ് തലകുനിച്ചുപോകുന്നത്.

എന്താണു പൗരന്റെ മൗലികാവകാശം?

എ കെ ശശീന്ദ്രന്‍ ഒരു മനുഷ്യനാണ്. ചോരയും നീരമുള്ള വ്യക്തി. അദേഹത്തിന് ഇഷ്ടങ്ങളുണ്ട്. പ്രണയമുണ്ട്. കാമമുണ്ട്. എല്ലാ മനുഷ്യര്‍ക്കുമുള്ളപോലെയുള്ള കഴിവും കഴിവുകേടുമുണ്ട്. ഇവിടെ അദേഹം ചെയ്ത തെറ്റെന്താണെന്ന് പൊതുസമൂഹം ചോദിക്കുമ്പോള്‍ നമ്മളിലേക്ക് ചുരുങ്ങാതെ തന്റേടത്തോടെ തലയുയര്‍ത്തി മറുപടി കൊടുക്കാന്‍ ഈ വാര്‍ത്ത ചെയ്ത മാധ്യമപ്രവര്‍ത്തകന് കഴിയുമോ? കഴിയണം. കഴിഞ്ഞില്ലെങ്കില്‍ നിങ്ങളൊക്കെ ഈ പണി നിര്‍ത്തുക.

എ കെ ശശീന്ദ്രനെ ഒരു തരത്തിലും ന്യായീകരിക്കാനല്ല ഇത് പറയുന്നത്. മറിച്ച് മന്ത്രിയായെന്ന് വച്ച് മനുഷ്യന്റെ മൗലീകവകാശങ്ങള്‍ എങ്ങനെ ചങ്ങല ബന്ധിതമാകും. തനിക്ക് ഇഷ്ടമുള്ളയാള്‍ക്ക് ഉമ്മ കൊടുക്കാത്തവര്‍ എത്രയുണ്ട്? തങ്ങളുടെ പ്രണയ-കാമസ്വപ്‌നങ്ങള്‍ കോളിലൂടെയും മെസേജായും പങ്കുവെയ്ക്കാത്തവരായി എത്ര പേരുണ്ട്? എത്ര മാധ്യമപ്രവര്‍ത്തകരുണ്ട്? അങ്ങനെ ചെയ്യാത്ത മുരടന്‍മാരുണ്ടെങ്കില്‍ അവര്‍ മോശക്കാരാണെന്ന് അര്‍ഥവുമില്ല. അങ്ങനെയൊന്നും ചെയ്യാത്തവന് കിട്ടുന്ന നീതി ചെയ്യുന്നവനും കിട്ടണമല്ലൊ. അതല്ലെ നമ്മുടെ ഭരണഘടനയില്‍ ആറ് പൗരാവകാശങ്ങള്‍ എഴുതിച്ചേര്‍ത്തത്. വ്യക്തി സ്വാതന്ത്ര്യം പരമപ്രധാനമാണ്. മറ്റുള്ളവര്‍ക്ക് ദോഷമാകുമ്പോഴാണ് പ്രശ്‌നമാവുക. മംഗളം വാര്‍ത്തയുടെ മെറിറ്റിലേക്ക് തല്‍ക്കാലം കടക്കുന്നില്ല. അതിന്റെ സാങ്കേതികതയും ഇവിടെ വിഷയമല്ല. പക്ഷേ ഈയൊരു വാര്‍ത്തകൊണ്ട് പൊതുസമൂഹത്തിന് എന്ത് ഗുണമാണുണ്ടാക്കിയിരുന്നത്? അതിനുള്ള ഉത്തരം നല്‍കേണ്ടത് മംഗളം പാടി ഉദ്ധരിക്കുന്നവര്‍ തന്നെയാണ്.

ശശീന്ദ്രന്റെ ഫോണ്‍ കോളുണ്ടാക്കിയ നഷ്ടമെന്താണ്?

എ കെ ശശീന്ദ്രന്‍ നടത്തിയ ഫോണ്‍ കോളാണല്ലൊ രാജിയില്‍ കലാശിച്ചത്. എന്ത് നഷ്ടമാണ് അദേഹം ഖജനാവിന് വരുത്തിയത്? അധികാര ദുര്‍വിനയോഗം ഏതെങ്കിലും വിധത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ? അതല്ലെങ്കില്‍ ആരെങ്കിലും ശശീന്ദ്രനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ? ഒരു മന്ത്രിയെന്ന നിലയില്‍ അദേഹത്തിന്റെ രാജിയിലേക്ക് കലാശിക്കാന്‍ ഇങ്ങനെയെന്തെങ്കിലും മെറ്റീരിയല്‍ ഫാക്ടായ എവിഡന്‍സ് എടുത്തു കാട്ടാനുണ്ടോ? ഇരയെന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം പറയുമ്പോഴും ഇരയെവിടെ? അങ്ങനെയൊരു ഇര ഉണ്ടോ? ഉണ്ടെങ്കില്‍ അതാര്? ഐഡിന്റിറ്റി വെളിപ്പെടുത്താനല്ല പറയുന്നത്. മംഗളവും ഒരു കൂട്ടം മോറല്‍ ഡീലര്‍മാരും ഉന്നയിക്കുന്ന ഇര എന്നതിന്റെ അര്‍ഥം കൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും. വേട്ടയാടപ്പെടുന്നതാരോ അവരാണ് ഇര. ഇവിടെ ശശീന്ദ്രന്‍ എങ്ങനെയാണ് വേട്ടക്കാരനാവുന്നതെന്ന് കൂടി പറഞ്ഞുതരാനുള്ള ബാധ്യത ഫോര്‍ത്ത് എസ്‌റ്റേറ്റിനുണ്ട്. ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ആര്‍ക്കെങ്കിലും നഷ്ടമുണ്ടാക്കുമോ? അതിന്റെ ഫോണ്‍ വെര്‍ഷനിലേക്ക് കടക്കുമ്പോള്‍, (വേണമെങ്കില്‍ ഫോണ്‍ സെക്‌സെന്ന് പറയാം) സമൂഹത്തിന് എന്ത് നഷ്ടമാണുണ്ടാക്കുന്നത്? ഉഭയസമ്മത പ്രകാരമാണെങ്കില്‍ ചുംബിക്കാം, കെട്ടിപ്പിടിക്കാം, ഫോണില്‍ കിന്നാരം പറയാം, സെക്‌സ് ചെയ്യാം. ഇതൊക്കെ ഒളികാമറയില്‍ പിടിച്ച് വാര്‍ത്തയാക്കാനിറങ്ങിയാല്‍ ചെയ്യുന്നവന്റെ പുറത്ത് കമുകിന്‍പാള വച്ചുകെട്ടുന്നത് നന്നായിരിക്കും. ഇവിടെ എ കെ ശശീന്ദ്രന്‍ സമൂഹത്തിനും ഖജനാവിനും ഉണ്ടാക്കിയ നഷ്ടം എന്താണെന്ന് ചോദിക്കുമ്പോള്‍ മുണ്ടുപൊക്കി കാണിച്ച് സായൂജ്യമടയുന്നരോട് നമോവാകം.

നിങ്ങളിന്നലെ പറഞ്ഞതല്ല ജേർണലിസം

അതിരാവിലെ എഴുന്നേറ്റ് പത്രം വിതരണം ചെയ്യാന്‍ പോകുന്നവനൊരു മാന്യതയുണ്ട്. കേബിള്‍ ജോലി ചെയ്യുന്നവനും അതിന്റേതായ മാന്യതയുണ്ട്. അവരൊന്നും വായനക്കാരെയും പ്രേക്ഷകരെയൊന്നും പട്ടിയാക്കില്ല. അതിലും വില കുറഞ്ഞ പണിയെടുക്കുന്നവര്‍ മാധ്യമപ്രവര്‍ത്തകരായി വിലസുന്ന കാലത്താണ് ധാര്‍മ്മികമൂല്യം നഷ്ടപ്പെട്ട വാര്‍ത്തള്‍ നമ്മുടെ സിറ്റൗട്ടിലും സ്വീകരണമുറിയിലും ചെന്ന് വീഴുന്നത്. ചൂണ്ട ജേര്‍ണലിസത്തിന്റെ നല്ല വശങ്ങള്‍ നിങ്ങള്‍ക്കൊന്നും അറിയില്ലെങ്കില്‍ പഠിക്കണം. എംബഡഡ് ജേര്‍ണലിസത്തിന്റെ പകര്‍ത്തിയെഴുത്തിനിടയില്‍ കിട്ടുന്ന ചില മസാലകള്‍ക്ക് എക്‌സ്‌ക്ലൂസില് സ്ട്രിപ്പടിച്ച് വിളമ്പുന്നതിനപ്പുറം എന്ത് ധാര്‍മ്മികതയാണ് ഇന്നലെത്തെപ്പോലുള്ള വാര്‍ത്തകള്‍ക്ക് പതിച്ചുനല്‍കേണ്ടത്.

ജോസ് തെറ്റയിലിനെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതി നല്‍കിയ ദൃശ്യങ്ങള്‍ നമ്മള്‍ മാതൃഭൂമി ന്യൂസില്‍ കണ്ടതാണല്ലൊ. അതിന് പിന്നില്‍ ഗൂഢാലോചനയും 'വീര' വിജ്രംഭിതവുമായ പൊളിറ്റിക്കല്‍ അജണ്ടയുണ്ടായിരുന്നെന്നത് പിന്നീട് പുറത്തുവരിയുമുണ്ടായി. ഇനി ദേശീയതയിലേക്ക് പോയാല്‍ തന്നെ ചൂണ്ടയിട്ട് പിടിക്കുന്ന വാര്‍ത്തകള്‍ക്ക് അതിന്റെതായ പ്രസക്തിയുണ്ടായിരുന്നു.

തെഹല്‍ക കൊണ്ടുവന്ന ശവപ്പെട്ടി കുംഭകോണം, ആയുധ ഇടപാട്, ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ചുള്ള ബജ്രംഗദ്ള്‍ നേതാവിന്റെ വെളിപ്പെടുത്തല്‍, നാരദാന്യൂസ് പുറത്തുവിട്ട ബംഗാളിലെ ശാരദ ചിറ്റ്‌സിലെ കോഴ ഇടപാട് ഇങ്ങനെയുള്ള വാര്‍ത്തകള്‍. ഇത്തരം വാര്‍ത്തകള്‍ പൊതുസമൂഹം അറിഞ്ഞത് ഇങ്ങനെയുള്ള റിസ്‌ക്കിയായ എഫര്‍ട്ട് കൊണ്ടായിരുന്നു. പലരുടെയും മുഖം മൂടികള്‍ അഴിഞ്ഞുവീണതും ഇത്തരം വാര്‍ത്തകള്‍ മൂലമായിരുന്നു. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്കും ഭരണകേന്ദ്രങ്ങളെയും, എന്തിന് ജുഡീഷ്യറിയെപ്പോലും ഈ നേതാവ് വിലയ്‌ക്കെടുത്ത വാര്‍ത്ത ഇന്ത്യാവിഷന്‍ പുറത്തുകൊണ്ടുവന്നതും കണ്ടതാണല്ലൊ നമ്മള്‍. ഈ വാര്‍ത്തകളോട് എന്തായാലും മംഗളം ന്യൂസിലെ മലം വാര്‍ത്ത കൂട്ടിക്കെട്ടാമെന്ന് നിങ്ങളാരും മനപ്പായസമുണ്ണേണ്ടതില്ല. ഇനിയിപ്പോള്‍ പാല്‍പായസമാണെങ്കിലും കോളാമ്പിയിലൊഴിച്ചാലൊന്നും ആരും കുടിക്കില്ല. അത് കൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും. വാര്‍ത്തയൊരു തപസ്സായി കാണുന്ന, ധ്യാനമായി ഉള്‍ക്കൊള്ളുന്ന കുറച്ചുപേരെങ്കിലും കേരളത്തിലുള്ളതുകൊണ്ടാണ് മംഗളത്തിന്റെ തരവഴി ജേര്‍ണലിസം എതിര്‍ക്കപ്പെട്ടതെന്നോര്‍മ്മിക്കുന്നത് നന്നായിരിക്കും.

കേരള സമൂഹത്തിന് വേണ്ടത്

ക്രൈം ദ്വൈവാരിക, പാല്‍കോ ക്രൈം, മാഫിയ, ഫയര്‍, മുത്തുച്ചിപ്പി, മുത്ത് പോലുള്ള പ്രസിദ്ധീകരണങ്ങള്‍ വായിച്ച് വികാരം പൊട്ടിയൊലിക്കുന്ന മലയാളിയെ സംബന്ധിച്ചിടത്തോളം ഇത്തരം ചാനലുകളും വാര്‍ത്തകളും ഉണ്ടാക്കുന്ന ഉദ്ധാരണം ചെറുതൊന്നുമല്ല. എക്‌സ് വീഡിയോസിന്റെ ഗുണം ചെയ്യും. മലയാളിയ്ക്ക് പോണിനേക്കാളിഷ്ടം സെമി പോണ്‍ ആണല്ലൊ. അത് നന്നായിട്ടറിയുന്നവര്‍ അങ്ങനെ വാര്‍ത്ത മാര്‍ക്കറ്റ് ചെയ്യാന്‍ വന്നുവെന്നതിനപ്പുറം ഇതില്‍ പുതുമയൊന്നുമില്ല. കാക്കത്തൊള്ളായിരം ഓണ്‍ലൈന്‍ മീഡിയയുള്ള കേരളത്തില്‍ ആറേഴ് ഭാഷകളിലുള്ള ഒരു സൈറ്റുണ്ട്. അത് വായിച്ചാല്‍ തന്നെ ഓരോ ദിവസവും വികാര വിജ്രംഭിതരാകാം. അത്തരത്തിലുള്ള സൈറ്റുകള്‍ക്കുണ്ടാകുന്ന ഹിറ്റും റീഡര്‍ഷിപ്പുമൊക്കെ നമുക്കറിയാവുന്നതല്ലെ. ഇങ്ങനെ ഉദ്ധരിച്ച് നില്‍ക്കുന്ന മലയാളിയ്ക്ക് മുമ്പിലേക്ക് ദുര്‍ഗന്ധപൂരിതമായ വാര്‍ത്തകളും ദൃശ്യങ്ങളും ശബ്ദങ്ങളും ഇനിയും കടന്നുവരും. വാര്‍ത്തകള്‍ കച്ചവടവത്കരിക്കപ്പെടുന്ന കാലത്തിന്റെ സന്തതികളാണ് നമ്മള്‍. സരിത എസ് നായരുടെ സിഡി തെരഞ്ഞുപോയ കഥ പറഞ്ഞ് കൗണ്ടര്‍ ചെയ്യുന്നവര്‍ ഒന്നോര്‍ക്കണം. സോളാര്‍ കമ്മീഷന്‍ കോയമ്പത്തൂരില്‍ നിന്ന് സി ഡി കണ്ടെടുത്താല്‍ത്തന്നെ മാധ്യമങ്ങള്‍ക്ക് അത് സംപ്രേഷണം ചെയ്യാന്‍ കൊടുക്കില്ലെന്നറിയാനുള്ള സാമാന്യ ബുദ്ധിയൊക്കെ അതിന് പിന്നിലെ ഓടിയവര്‍ക്കുണ്ട് സര്‍. അതില്ലാത്തവരാണ് ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി മോറല്‍ പൊലീസിന്റെ പുതിയ വേര്‍ഷന്‍ ഫോം ചെയ്യുന്നത്. അവരെ തള്ളിപ്പറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നെ രംഗത്തുവരുമ്പോള്‍ കൊതിക്കെറുവാണെന്ന് പരിഹസിച്ചവരാണ് സരിതയുടെ എത്ര ക്ലിപ്പ് കണ്ടെന്ന് ചോദിച്ച് കൂട്ടുകാര്‍ക്ക് വാട്ട്സപ്പ് മെസേജ് അയക്കുന്നത്.