പാലക്കാട് നിന്ന് തത്സമയം; കണ്ടന്‍ എന്ന ദളിത് വയോധികനോട് നിങ്ങള്‍ പെരുമാറിയ വിധം

ദളിത് വയോധികന്റെ ജീവനോടും ജഡത്തോടും പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന അവഹേളനത്തിന്റെ ദൃക്‌സാക്ഷി വിവരണമാണിത്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്തിലെ ദളിതന്റെ നേര്‍ചിത്രമാവുകയാണ് ഇത്തരം അനീതികള്‍- സംഭവത്തിന് സാക്ഷിയായ നാരദ ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് സുകേഷ് ഇമാം എഴുതുന്നു

പാലക്കാട് നിന്ന് തത്സമയം; കണ്ടന്‍ എന്ന ദളിത് വയോധികനോട് നിങ്ങള്‍ പെരുമാറിയ വിധം

ചികിത്സ കിട്ടാതെ മരിച്ച ദലിത് വയോധികന്റെ മൃതദേഹം ചികിത്സിക്കാന്‍ രണ്ട് മണിക്കൂറിന് ശേഷം ഡോക്ടര്‍ വരിക, സംഭവം നടന്നത് പാലക്കാട് ജില്ലാ ആശുപത്രിയിലാണ്. മൃതദേഹം ചികിത്സിക്കാന്‍ വന്നെന്നു പറഞ്ഞത് കേട്ടാല്‍ മൃതദേഹത്തിനെ എന്തിനാണ് ചികിത്സിക്കുന്നതെന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നാം. എന്നാല്‍ ഇന്നലെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഒരു അര്‍ത്ഥത്തില്‍അതാണ് നടന്നത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് കൊടുവായൂരിനടുത്ത് കാക്കയൂരുള്ള കണ്ടന്‍ എന്ന ദളിത് വയോധികന് ശാരീരികാസ്വസ്ഥ്യം തുടങ്ങിയത്. മൂത്രാശയ സംബന്ധമായ രോഗമായിരുന്നു. കിട്ടിയ വാഹനം പിടിച്ച് രണ്ട് പെണ്‍മക്കളും ചേര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിയപ്പോള്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയായി. അത്യാഹിത വിഭാഗത്തില്‍ നിന്ന് എന്തോ ഇഞ്ചക്ഷന്‍ ചെയ്തു. പിന്നീട് അപ്പോള്‍ തന്നെ പുരുഷന്‍മാരുടെ വാര്‍ഡിലെ ഒരു കിടക്കയില്‍ കൊണ്ടു കിടത്തുകയായിരുന്നു. നേരം പുലരുന്നതിന്നിടയിലും നേരം പുലര്‍ന്ന് രാവിലെ പത്ത് മണിയോടെയും ആ വയോധികന്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എല്ലാ തവണയും മകള്‍ ദൈവാന ഓടി ചെന്ന് നേഴ്സുമാരോട് വിവരം പറയും. പക്ഷെ ആരും ചെന്നില്ല. ആരും വരാതെയായപ്പോള്‍ താഴെ ചെന്ന് ഓഫീസിലെ ചില ഏമാന്‍മാരോടും വിവരം പറഞ്ഞത്രെ. ആരും ചെന്നില്ലെന്ന് മാത്രമല്ല 11.30 ഓടെ രോഗി മരിച്ചു.

അച്ഛന്റെ ബെഡില്‍ നിന്ന് മൂന്ന് സ്ത്രീകളുടെ കരച്ചില്‍ ഉയര്‍ന്നപ്പോള്‍ രോഗി മരിച്ചെന്ന് അവിടെ കിടന്നിരുന്ന മറ്റ് രോഗികള്‍ക്കും നേഴ്സുമാര്‍ക്കും ഡോക്ടര്‍ക്കും മനസിലായി. പിന്നീട് ഈ മൃതദേഹം പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ എത്തുന്നത് ഉച്ചക്ക് രണ്ടുമണിയോടെയാണ്. കണ്ണിലേക്ക് ടോര്‍ച്ച് അടിച്ചും നാഡി ഞരമ്പുകള്‍ പിടിച്ചും അയാള്‍ മരണം സ്ഥിതികരിച്ചു. ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ സ്ത്രീകള്‍ കരച്ചില്‍ നിര്‍ത്തി. ഇനി അച്ഛന് ജീവനുണ്ടെന്നെങ്ങാനും ഡോക്ടര്‍ പറഞ്ഞാലോ.. അതൊരു പ്രതീക്ഷയായിരുന്നു. പക്ഷെ രോഗി മരിച്ചെന്ന് അടുത്തു നില്‍ക്കുന്ന പൊലിസ് ഉദ്യോഗസ്ഥനോടും ആശുപത്രി സൂപ്രണ്ടിനോടും അയാള്‍ പറഞ്ഞു. രോഗി മരിച്ച സമയം എപ്പോഴാവും എന്ന് ചോദ്യത്തിന്റെ ഉത്തരം തന്നപ്പോഴും അതില്‍ ഒരു പരിഹാസം ഉണ്ടായിരുന്നു. മരിച്ച സമയം കൃത്യമായി പറയാന്‍ മരിച്ച് ആറുമണിക്കൂറെങ്കിലും കഴിയണമെന്നായിരുന്നു ഉത്തരം. അതായത് ആശുപത്രിയില്‍ ചികിസ കിട്ടാതെ അച്ഛന്‍ മരിച്ചെന്ന് പറഞ്ഞ് മക്കള്‍ അലമുറയിട്ട് കരയുമ്പോഴാണ് മരിച്ചിട്ട് ആറുമണിക്കൂറിന് താഴെയുള്ള സമയം, അതൊരു പക്ഷെ അഞ്ച് മണിക്കൂറും ആകാം എന്നര്‍ത്ഥത്തില്‍ ഡോക്ടറുടെ വിശദീകരണം.

മറ്റൊരു വാര്‍ത്തയുടെ ആവശ്യവുമായി 'നാരദ ന്യൂസ്' ഇന്നലെ ജില്ലാ ആശുപത്രിയില്‍ ചെന്നപ്പോഴാണ് ദലിത് വൃദ്ധന്റെ മരണവും തുടര്‍ന്നുള്ള സംഭവങ്ങള്‍ക്കും സാക്ഷിയാകുന്നത്. പന്ത്രണ്ടെ കാലോടെ പുരുഷന്‍മാരുടെ വാര്‍ഡിന് മുന്നില്‍ എത്തിയപ്പോള്‍ അവിടെ പത്ത് പതിനഞ്ച് രോഗികളും കൂടി നിന്നിരുന്നു. ചികിത്സ കിട്ടാതെ ഒരു രോഗി മരിച്ചു, ഇന്നലെ കൊണ്ടു വന്ന ശേഷം ഒരാളും തിരിഞ്ഞു നോക്കിയില്ല. മൃതദേഹം മാറ്റാനും ആരും വന്നിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്. കയറി നോക്കിയപ്പോള്‍ ബെഡില്‍ അച്ഛന്റെ മൃതദേഹം കെട്ടിപ്പിടിച്ച് കരയുന്ന പെണ്‍മക്കള്‍, ഡോക്ടറോ, നേഴ്സോ ആരും തിരിഞ്ഞു നോക്കിയില്ലെന്നും നോക്കാതെ കൊന്നെന്നും പറഞ്ഞായിരുന്നു കരച്ചില്‍. അതു തന്നെയാണ് നടന്നതെന്ന് പറയാന്‍ കുറെ രോഗികളും വന്നു.

യൂത്ത് കോണ്‍ഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്തയുടെ നേതൃത്വത്തില്‍ കുറച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപ്പോഴാണ് എത്തിയത്. ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച വിവരം അറിഞ്ഞ് ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ ഷബ്നയും സംഘവും ഉടന്‍ തന്നെ മീഡിയവണ്‍ ചാനലിലെ അജിംസും എത്തി. ഈ സമയമായപ്പോഴേക്കും രോഗി മരിച്ചിട്ട് ഒന്നെകാല്‍ മണിക്കൂര്‍ കഴിഞ്ഞിരുന്നു. മൃതദേഹം മാറ്റേണ്ട കാര്യത്തെ കുറിച്ചും അറിയാന്‍ ചിലര്‍ സൂപ്രണ്ടിനെ ചെന്നു കാണുന്നു. വാര്‍ഡില്‍ രോഗി മരിച്ച വിവരം അറിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതികരണം. മരണത്തില്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് എതിരേയും മൃതദേഹത്തോട് അനാദരവ് കാണിച്ചവര്‍ക്കെതിരേയും നടപടിയെടുക്കാതെ ഇനി മൃതദേഹം കൊണ്ടു പോകേണ്ടെന്ന് ബന്ധുക്കളും രോഗികളും തീരുമാനിക്കുന്നതോടെ അതിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി.

തുടര്‍ന്ന് പാലക്കാട് സൗത്ത് എസ്‌ഐയുടെ നേതൃത്വത്തില്‍ വനിത പൊലിസുകാര്‍ ഉള്‍പ്പടെ പത്തോളം പേരെത്തി. സൂപ്രണ്ടും സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് മൃതദേഹം പരിശോധിച്ച് മരണം ഉറപ്പു വരുത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ ആര്‍ എം ഓ കൂടിയായ ഡോക്ടര്‍ എത്തിയത്. മരണപ്പെട്ട് രണ്ട് മണിക്കൂറിന് ശേഷം മൃതശരീരം ഡോക്ടര്‍ മൃതദേഹം പരിശോധിക്കുന്നത് നാരദ ന്യൂസ് പകര്‍ത്താന്‍ ശ്രമിക്കുന്നത് ഡോക്ടര്‍ വിലക്കി. ചിത്രീകരണം തുടര്‍ന്നപ്പോള്‍ അയാള്‍ പരിശോധന നിര്‍ത്തി തിരിഞ്ഞു പോയി. പിന്നീട് പൊലിസ് വന്ന് വീഡിയോ വന്ന് ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയാണ് അയാള്‍ മരണം സ്ഥീരീകരിച്ചത്.അത്യാസന്ന നിലയിലായ അച്ഛനെ കാണാന്‍ ഓടി വന്ന മകളെ മണിക്കൂറുകളോളം തടഞ്ഞു വെച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മാതൃകയാവുന്നതിനും ഇന്നലെ സാക്ഷിയായി. രാവിലെ എട്ട് മണിക്ക് വന്ന മകളെ അച്ഛന്‍ മരിച്ച ശേഷം ഉച്ചയക്ക് 12 മണിയോടെയാണ് കടത്തി വിട്ടത്. നാലു മണിക്കൂര്‍ നേരം പുറത്തിരുന്ന കരഞ്ഞ മകള്‍ക്ക് ഒടുവില്‍ മൃതദേഹം കാണാനാണ് യോഗം ഉണ്ടായത്.

പെട്രോള്‍ കുടിച്ച ഒരാള്‍ക്ക് 24 മണിക്കൂറും ചികിത്സ കൊടുക്കാതെ ഇപ്പോ ശരിയാക്കി തരാം എന്ന് പറഞ്ഞ് കാത്തിരുത്തിയതും ഇന്നലെ കണ്ടു. പാമ്പു കടിയേറ്റ് വന്ന കുട്ടിക്ക് ഒരു കുഴപ്പവും ഇല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇന്നലെ കുട്ടി അബോധാവസ്ഥയിലായപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, വേഗം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേത്ത് വിട്ടു കൊള്ളാന്‍. ഇതിനായി ആംബുലന്‍സ് വിളിക്കാന്‍ നോക്കിയപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ അതില്ല. പിന്നെ പുറത്തു നിന്ന് ഒരെണ്ണം വിളിച്ചപ്പോള്‍ ആദ്യം ഡീസല്‍ അടിക്കാന്‍ പണം കൊടുത്താലെ എടുക്കൂ എന്നായി. ഒടുവില്‍ വാര്‍ഡിലെ രോഗികള്‍ പിരിവെടുത്താണ് ആ കുട്ടിയെ ആംബുലന്‍സില്‍ വിട്ടത്. ഹൃദയത്തിന് അസുഖമായി വന്ന ഒരാളേയും കണ്ടു. വന്നിട്ട് നാലു ദിവസമായെങ്കിലും കാര്‍ഡിയോളജിസ്റ്റ് ഇതുവരെ മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെന്ന് അയാള്‍ പറഞ്ഞു. നഴ്സോ ഏതെങ്കിലും ജൂനിയര്‍ ഡോക്ടര്‍ കൊടുക്കുന്ന മരുന്നും കഴിച്ചാണ് നാലു ദിവസം കഴിച്ചത്. ഇനിയെന്താകും എന്നറിയില്ലെന്ന് അയാള്‍ പറഞ്ഞു.

ദലിത് വയോധികന്റെ മൃതദേഹവുമായി വൈകീട്ട് മൂന്നരയോടെയാണ് ആംബുലന്‍സ് ആശുപത്രി വിട്ടുപോയത്. അതിന് മുമ്പ് ഒരു കാര്യം മരണത്തില്‍ പരാതിയില്ലെന്ന് എഴുതി വാങ്ങാനും ആശുപത്രിയിലുള്ളവര്‍ മറന്നില്ല. പൊലിസ്, പോസ്റ്റ്മോര്‍ട്ടം, കേസ്, കോടതി ഇതെല്ലാം ആ ദളിത് കുടുംബത്തിന് സങ്കല്‍പ്പിക്കാന്‍ പോലും ആകില്ലായിരുന്നു. ഇതൊക്കെ എത്ര കണ്ടതാ ഞങ്ങള്‍ എന്ന ലാഘവം മാത്രമേ ചില നഴ്സുമാരുടേയും ഡോക്ടര്‍മാരുടേയും മുഖത്ത് കാണാന്‍ കഴിഞ്ഞുള്ളു.

Read More >>