ഇരട്ടച്ചങ്കിന്റെ ശൗര്യം നടപടികളിലാണ് കാണേണ്ടത്; അടിവസ്ത്രമൂരിച്ച ക്രിമിനലുകളെ അകത്തിടാന്‍ തന്റേടമുണ്ടോ, സഖാവേ...

'കോപ്പിയടി ഭയ'ത്തിന്റെ പുറത്താണ്, പരീക്ഷാഹാളിൽ അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങളേതൊക്കെ എന്ന നിബന്ധന പട്ടികപ്പെടുത്തി വച്ചിട്ടുള്ളത്. കൈയിലും കാലിലും ഷൂസിലും തട്ടത്തിനുള്ളിലും നീളൻ കുപ്പായക്കൈയ്ക്കുള്ളിലും അടിവസ്ത്രത്തിനുള്ളിലുമൊക്കെ തുണ്ട് വച്ച് അതു നോക്കി നീറ്റും നെറ്റും സെറ്റുമൊക്കെ എഴുതി വിജയിക്കണമെന്ന വിജൃംഭിത മാനസികാവസ്ഥയൊന്നും അതിന് അപേക്ഷിക്കുന്ന ഒരാൾക്കും ഉണ്ടാവില്ലെന്നതു മനസ്സിലാക്കാൻ മറ്റൊരു നീറ്റൊന്നും എഴുതേണ്ടതില്ലല്ലോ. ബാക്കിയൊക്കെ നടപ്പാക്കിക്കോട്ടെ, ഇല്ലാത്ത മാനദണ്ഡം ഉണ്ടാക്കി അതിന്റെ പേരിൽ പെൺകുട്ടികളെ ക്രൂശിക്കുന്നതിനെ ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. ക്ലാസിനുള്ളിൽവച്ച് അടിവസ്ത്രം ഊരി അമ്മയുടെ കൈയിൽ കൊടുത്ത ശേഷം പരീക്ഷാഹാളിലിരുന്ന പെൺകുട്ടി എന്തൊരു അപമാനകരമായ അവസ്ഥയിലൂടെയാണു കടന്നുപോയിട്ടുണ്ടാവുക!

ഇരട്ടച്ചങ്കിന്റെ ശൗര്യം നടപടികളിലാണ് കാണേണ്ടത്; അടിവസ്ത്രമൂരിച്ച ക്രിമിനലുകളെ അകത്തിടാന്‍ തന്റേടമുണ്ടോ, സഖാവേ...

തുണ്ട് (കോപ്പി) വയ്ക്കുമെന്നു പേടിച്ച് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി പരീക്ഷയെഴുതിപ്പിച്ച 'മഹത്തായ വിദ്യാഭ്യാസ? സംസ്കാര'ത്തിനാണ് ഇന്നലെ കേരളം സാക്ഷ്യം വഹിച്ചത്. പേര് 'നീറ്റെ'ന്നാണെങ്കിലും നടന്നത് 'ഫ്രോഡ്' സമീപനം ആണെന്നു വിശേഷിപ്പിക്കാവുന്ന സംഭവം. നടമാടിയത് കണ്ണൂരിലെ ഒരു ​ഗ്രാമത്തിലാണെങ്കിലും ഇത് ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യേണ്ടതും ​ഗുരുതര നടപടി കൈക്കൊള്ളേണ്ടതുമായ തോന്ന്യാസമാണെന്നേ ഒറ്റ വാക്കിൽ പറയാനൊക്കൂ. കാര്യം ​ഗൗരവമുള്ളതാണെന്ന് ഇന്നു രാവിലെ പത്രങ്ങളിൽ വാർത്ത കണ്ടപ്പോഴാണ് ചിലർക്കെങ്കിലുമൊക്കെ തോന്നുന്നത്.

കണ്ണൂർ കുഞ്ഞിമംഗലം കൊവ്വപ്പുറം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പരീക്ഷയ്ക്ക് എത്തിയവർക്കു മാത്രമാണ് ഈ ദുർ​ഗതി വന്നത്. തിരുവനന്തപുരം മണക്കാട്ടെ ഒരു സ്കൂളിൽ ശിരോവസ്ത്രം അഴിച്ചുമാറ്റിച്ച ശേഷം പരീക്ഷയെഴുതാൻ കയറ്റിയ സംഭവവും കൂടിയെടുത്താൽ ഇത്തരം അനിഷ്ട സംഭവങ്ങളിൽ മൂന്നാമതൊന്ന് സംസ്കാര സമ്പന്ന കേരളത്തിലെവിടെയും നടന്നതായി അറിവില്ല.

ശിരോവസ്ത്രം മതാചാര പ്രകാരമുള്ള ജീവിതരീതിയുടെ ഭാ​ഗമാണെന്നിരിക്കെ അതൊഴിവാക്കാനുള്ള നിർബന്ധം പിടിക്കൽ പൗരന്റെ മതസ്വാതന്ത്ര്യത്തിനെതിരാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും അവകാശം നൽകുന്ന ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ്. എന്നാൽ, ബുർക്ക പാടില്ലെന്നാണു നീറ്റിന്റെ നിബന്ധന. അതേസമയം, തലയിലൊരു ഷാളിടാൻ പോലും പാടില്ലെന്നുള്ള കർക്കശ നിലപാടിലാണ് പരീക്ഷാനടത്തിപ്പുകാരുള്ളത്. അതായത്, ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളൊക്കെ സിബിഎസ്‌സിക്കും ഈ ഇൻവിജിലേറ്റർമാർക്കുമൊക്കെ പുല്ലാണെന്നു സാരം. ഷാളിനടിയിൽ തുണ്ടു വച്ച് എത്രയെത്ര വിദ്യാർത്ഥികളാണ് നീറ്റ് പാസ്സായിട്ടുള്ളത് !

അതു പോട്ടെ, കണ്ണൂരിലെ വിഷയത്തിലേക്കു വരാം. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ പുറത്തിറക്കിയ നീറ്റ് പരീക്ഷയുടെ നിബന്ധനകളിലെ 'NOT ALLOWED' വിഭാ​ഗത്തിലെവിടെയും അടിവസ്ത്രത്തിന്റെ മാനദണ്ഡം പറയുന്നില്ല. 'തുണ്ടോഫോബിയ' ആണ് അധികൃതരുടെ പ്രശ്നമെങ്കിൽ അത് അടിവസ്ത്രത്തിലും ആവാമല്ലോ. പക്ഷേ, എന്തുകൊണ്ട് അവർ നിബന്ധനകളിൽ അടിവസ്ത്രം ഇന്ന രീതിയിലുള്ളതാവണം, ഇന്ന ഇന്ന കാര്യങ്ങൾ അതിൽ പാടില്ല എന്നൊന്നും പറഞ്ഞില്ല? അതുകൊണ്ടുതന്നെ ഒന്നാമതായി ഇതൊരു ചട്ടലംഘനമാണ്. അടിവസ്ത്രത്തിന്റെ കാര്യത്തിൽ അധികൃതർക്കില്ലാത്ത ഭയമാണ് ചില സ്കൂളുകളിൽ നിയോ​ഗിക്കപ്പെട്ടിട്ടുള്ള ഇൻവിജിലേറ്റർമാർക്ക്. അതായത്, രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് പ്രജയ്ക്ക്.


ഈ സാഹചര്യത്തിലാണ്, മെറ്റൽ ഡിറ്റക്ടറിൽ ബീപ് ശബ്ദം കേട്ടു എന്നുപറഞ്ഞ് ലോഹക്കൊളുത്തുള്ള അടിവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിനികളോട് അത് ഊരിക്കളഞ്ഞിട്ടു മാത്രം പരീക്ഷാഹാളിൽ കയറിയാൽ മതിയെന്ന വൃത്തികെട്ട ധാർഷ്ട്യം അവർ കാണിച്ചത്. അടിവസ്ത്രമൂരി പരിശോധന നടത്താൻ അവരെന്താ വിമാനത്താവളത്തിലെത്തിയ ഭീകരർ വല്ലതുമാണോ? ഇങ്ങനെയാണെങ്കിൽ, നാളെ ഉടുതുണിയെല്ലാം ഉരിഞ്ഞുമാത്രമേ പരീക്ഷയെഴുതാൻ പാടുള്ളൂ എന്ന നിബന്ധന ഇത്തരം വികൃതമനോഭാവക്കാരിൽ നിന്നുണ്ടാവുകയില്ലേ? ഇല്ലാത്ത നിബന്ധന ഉണ്ടാക്കി അടിവസ്ത്രം ഊരിപ്പിച്ചു പരീക്ഷയ്ക്കു കയറ്റിയ മാനസികാവസ്ഥയ്ക്കു നാടൻ ഭാഷയിൽ പറ്റിയ പ്രയോ​ഗമുണ്ടെങ്കിലും അതുപയോ​ഗിക്കാനുള്ള വേദിയിതല്ല എന്നതുകൊണ്ട് അതിന്റെ സാങ്കേതികവും നിയമപരവുമായ വശങ്ങളിലേക്കു വരാം.

സംഭവം ​ഗുരുതര മനുഷ്യാവകാശലംഘനമാണെന്നു മനുഷ്യാവകാശ കമ്മീഷൻ വിലയിരുത്തിക്കഴിഞ്ഞു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും ചെയ്തു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനു കത്തയക്കുകയും ചെയ്തു. മാത്രമല്ല, സിബിഎസ്ഇ റീജ്യണൽ ഡയറക്ടർ മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ ജില്ലാ പൊലീസ് മേധാവിയും വിശദീകരണം നൽകണം. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിടുണ്ട്.

ഇതുകൊണ്ടും തീർന്നില്ല, മുഖ്യമന്ത്രിയും ഇതിനെ കടുത്ത മനുഷ്യാവകാശലംഘനമായാണ് വിലയിരുത്തിയത്. നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ വേഷവിധാനങ്ങളില്‍ നിര്‍ബന്ധിതമാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചതുമുതല്‍ പെണ്‍കുട്ടികളുടെ ആഭരണങ്ങളും മറ്റും ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചതുമൊക്കെ അതില്‍പ്പെടുമെന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ആൺ-പെൺകുട്ടികളുടെ വസ്ത്രഭാ​ഗങ്ങൾ മുറിച്ചുമാറ്റിയതിനു പുറമെ, അടിവസ്ത്രങ്ങളിലെ ലോഹഭാഗങ്ങള്‍ ഒഴിവാക്കണമെന്നു നിര്‍ദ്ദേശിക്കുന്നയിടം വരെ കാര്യങ്ങളെത്തിയെന്നു മുഖ്യമന്ത്രിയും മനസ്സിലാക്കുന്നു.

പരീക്ഷയെഴുതാന്‍ തയ്യാറായി വരുന്ന കുട്ടികളുടെ മാനസികനിലയെ പോലും തകര്‍ക്കുന്നവിധത്തിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്നതെന്നും ഒരു പരിഷ്കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനാകാത്ത ജുഗുപ്സാവഹമായ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കാൻ പാടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊട്ടിത്തെറിക്കുന്നുണ്ട്. എല്ലാം നല്ലകാര്യം. മുഖ്യമന്ത്രിയുടെ ഭാ​ഗത്തുനിന്നൊരു പ്രതികരണം ഉണ്ടായത് കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം സ്വാ​ഗതാർഹമാണ്.

എന്നാൽ അതിലും വലിയൊരു ഇടപെടലാണ് ആഭ്യന്തരമന്ത്രി, അതായത് പൊലീസിന്റെ ചുമതല വഹിക്കുന്ന മന്ത്രി കൂടിയായ മുഖ്യമന്ത്രിയിൽ നിന്നും, ഒരു വലിയ ജനക്കൂട്ടത്തിനു മുന്നിൽ നാണംകെട്ട്, മനസ്സു തകർന്ന ആ കുട്ടികളും ഈ വാർത്തയറിഞ്ഞ ആളുകളും ആ​ഗ്രഹിക്കുന്നത്. നിയമോപദേഷ്ടാവ് അടക്കം ആറോ എട്ടോ ഉപദേശകരുള്ള ആളാണല്ലോ മുഖ്യമന്ത്രി. (ഉപദേശകരുടെ എണ്ണത്തിൽ മുഖ്യമന്ത്രിക്കു തന്നെ കൺഫ്യൂഷൻ ഉള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്). എന്നാൽ, ഓരോ മേഖലയിലും യഥാവിധവും ജനോപകാരപ്രദവുമായ ഉപദേശങ്ങൾ അവരിൽനിന്നൊക്കെ ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ജനത്തിനെന്ന പോലെ ഈയുള്ളവനും സംശയമുണ്ട്.

അതൊക്കെ പോട്ടെ, നിലവിൽ നീറ്റ് എഴുതാൻ വന്ന വിദ്യാർത്ഥിനികൾക്കു നേരെ നടന്ന ഈ അതിക്രമം ഐപിസിയുടെ ഏതു സെക്ഷനിൽ വരും, അതിൽ പരിശോധകർക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കാൻ കഴിയുക എന്നീ കാര്യങ്ങളിൽ മുഖ്യമന്ത്രി നിയമോപദേഷ്ടാവിൽ നിന്ന് ഉപദേശം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യാവകാശ ലംഘനമാണെന്ന കാര്യം തർക്കമില്ലാതെ സമ്മതിച്ച സ്ഥിതിക്ക്, ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ ഈ ക്രിയകൾ വരുമോ എന്നുംകൂടി പരിശോധിക്കുകയും നടപടിയെടുക്കുകയും ചേയ്യേണ്ടത് പൊലീസ് വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ കടമയാണ്.

ഇന്ത്യൻ പീനൽകോഡിൽ 354 എന്നൊരു വകുപ്പുണ്ട്. അതിൽ ഇങ്ങനെ പറയുന്നു.

Assault or criminal force to woman with intent to outrage her modesty.—Whoever assaults or uses criminal force to any woman, intending to outrage or knowing it to be likely that he will thereby outrage her modesty, shall be punished with impris­onment of either description for a term which may extend to two years, or with fine, or with both'.

അതായത്, സ്ത്രീയുടെ അന്തസ്സിനു കോട്ടം തട്ടുന്ന രീതിയിലുള്ള ഏതൊരു അതിക്രമവും ക്രിമിനൽ ബലപ്രയോ​ഗവും ഈ വകുപ്പിന്റെ കീഴിൽ വരും. ഇതിൽ ക്രിമിനൽ ബലപ്രയോ​ഗമില്ലെങ്കിൽപ്പോലും അസോൾട്ട് എന്നതിനു കീഴിൽ സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നവിധമുള്ള ആം​ഗ്യം പോലും ഉൾപ്പെടും. ഈ സാഹചര്യത്തിൽ കണ്ണൂരിൽ നടന്നത് ഐപിസി 354 പ്രകാരമുള്ള കുറ്റകൃത്യമാണെന്നു നിയമവിദഗ്ദ്ധർ പറയുന്നു. ഇതിനു രണ്ടുവർഷം വരെ ജയിൽവാസമോ പിഴയോ, രണ്ടുംകൂടിയോ ഉള്ള ശിക്ഷയാണ് പറഞ്ഞിട്ടുള്ളതു താനും. അപ്പോൾ, ഇവിടെന്താണ് പൊലീസിനു ചെയ്യാൻ കഴിയുക എന്നതിലൊരു സംശയവുമില്ല - ഈ വകുപ്പ് പ്രകാരം കുറ്റക്കാർക്കെതിരെ കേസെടുക്കുക. തക്കതായ ശിക്ഷ അവർക്കു വാങ്ങിക്കൊടുക്കുക.

വിദ്യാർത്ഥിനികളാരും പരാതിപ്പെട്ടില്ലെങ്കിലും പൊലീസിനു സ്വയം കേസ് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത്രയേറെ വലിയ നാണക്കേടുണ്ടാക്കുന്ന അതിക്രമം, നിശ്ചയിക്കപ്പെട്ട ഇൻവിജിലേറ്റർമാരുടെ ഭാ​ഗത്തുനിന്നുണ്ടായപ്പോൾ ഓൺ ദി സ്പോട്ടിൽ എന്തുകൊണ്ട് അവരും രക്ഷിതാക്കളും പ്രതികരിച്ചില്ല എന്ന ചോദ്യം ചിലരെങ്കിലും ഉയർത്തും. എന്നാൽ ഭാവിയെ കരുതി എങ്ങനെയെങ്കിലും പരീക്ഷയെഴുതിയിട്ടു പോവാൻ നോക്കുമോ അതോ പ്രതിഷേധിക്കാൻ നിൽക്കുമോ എന്ന മറുചോദ്യമാണ് ഇവിടെ മറുപടിയായുള്ളത്. അത്തരമൊരു ഭയം സ്വാഭാവികമായും അവരുടെ മനസ്സിൽവന്നതു കൊണ്ടാവാം അവർ പ്രതികരിക്കാതിരുന്നതും പൊലീസിൽ പരാതി നൽകാതിരുന്നതും എന്നല്ലേ മനസ്സിലാക്കേണ്ടത്.

'കോപ്പിയടി ഭയ'ത്തിന്റെ പുറത്താണ് പരീക്ഷാഹാളിൽ അനുവദനീയവും അല്ലാത്തതുമായ കാര്യങ്ങളേതൊക്കെ എന്ന നിബന്ധന പട്ടികപ്പെടുത്തി വച്ചിട്ടുള്ളത്. കൈയിലും കാലിലും ഷൂസിലും തട്ടത്തിനുള്ളിലും നീളൻ കുപ്പായക്കൈയ്ക്കുള്ളിലും അടിവസ്ത്രത്തിനുള്ളിലുമൊക്കെ തുണ്ടു വച്ച് അതു നോക്കി നീറ്റും നെറ്റും സെറ്റുമൊക്കെ എഴുതി വിജയിക്കണമെന്ന വിജൃംഭിത മാനസികാവസ്ഥയൊന്നും അതിന് അപേക്ഷിക്കുന്ന ഒരാൾക്കും ഉണ്ടാവില്ലെന്നതു മനസ്സിലാക്കാൻ നീറ്റൊന്നും എഴുതേണ്ടതില്ലല്ലോ. ബാക്കിയൊക്കെ നടപ്പാക്കിക്കോട്ടെ, ഇല്ലാത്ത മാനദണ്ഡം ഉണ്ടാക്കി അതിന്റെ പേരിൽ പെൺകുട്ടികളെ ക്രൂശിക്കുന്നതിനെ ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. ക്ലാസിനുള്ളിൽവച്ച് അടിവസ്ത്രം ഊരി അമ്മയുടെ കൈയിൽ കൊടുത്ത ശേഷം പരീക്ഷയെഴുതേണ്ടിവരുന്നതൊക്കെ എന്തൊരപമാനകരമാണ്!

ഉന്നത പദവിയിലിരിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥർ പോലും ഉളുപ്പില്ലാതെ കോപ്പിയടിച്ച് പരീക്ഷയെഴുതുന്ന 'ഉൽകൃഷ്ട' കേരളനാട്ടിൽ അന്നു സ്വീകരിക്കാത്ത നടപടിയാണ്, യൗവനത്തിലേക്കു കാലുവയ്ക്കുന്ന പെൺകുട്ടികളുടെ നേരെ അധികൃതർ പ്രയോഗിച്ചത്. പരസ്യമായി അപമാനിക്കുന്നതിലൂടെ നേടുന്ന സാഡിസ്റ്റിക് പ്ലഷറാവാം ഇതിനുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവുക. അടിവസ്ത്രത്തിനുള്ളിൽ തുണ്ടു വച്ചു പരീക്ഷയെഴുതി പാസ്സാകാൻ ആരാണു തയ്യാറാവുക എന്നു ചിന്തിക്കാനുള്ള അഞ്ചുപൈസയുടെ കോമൺസെൻസ് പോലും ആ ഇൻവിജിലേറ്റർമാർക്കില്ലാതെ പോയല്ലോ എന്നതാണ് സഹതാപമുണർത്തുന്ന കാര്യം. ഇത് കേവലം മനുഷ്യാവകാശത്തിന്റേയും ചട്ടലംഘനത്തിന്റേയും മാത്രം പ്രശ്നമല്ല. ക്രിമിനൽ കൃത്യമാണ്. ആ ഗൌരവത്തോടെ നടപടിയെടുക്കണം. എല്ലാ കാര്യത്തിനും ഉപദേശം തേടുന്ന മുഖ്യമന്ത്രിക്കു വേണമെങ്കിൽ ഒരു കൃത്യതയ്ക്കു വേണ്ടി ഇതിനുംകൂടി നിയമോപദേശം തേടാവുന്നതാണ്. തേടിയാലും ഇല്ലെങ്കിലും ഈ കുറ്റകൃത്യത്തിനുള്ള ശിക്ഷ ഒരിക്കലും ഒരു താക്കീതിൽ ഒതുക്കാവുന്ന കാര്യമല്ല.