പശു രാഷ്ട്രീയം കൊമ്പു കുലുക്കുമ്പോള്‍...

പശു എക്കാലത്തും ഇന്ത്യയില്‍ ഒരു രാഷ്ട്രീയ ആയുധം മാത്രമായിരുന്നു. ബുദ്ധ മതത്തിന്റെ വ്യാപനവും സ്വാധീനവും തടയിടാന്‍ കണ്ടെത്തിയ രാഷ്ട്രീയ നീക്കമായിരുന്നു ബ്രാഹ്മണരുടെ മാംസ വര്‍ജ്ജനം. മുള്ളിനെ മുള്ള് കൊണ്ടെടുക്കുക എന്ന തന്ത്രം പയറ്റുകയാണ് സത്യത്തില്‍ നടന്നത്. അതിനു മുന്‍പ് എവിടെയും മാംസം വ്യര്‍ജ്ജിക്കപ്പെടുന്ന വസ്തുവായിരുന്നില്ല എന്ന് മാത്രമല്ല വിശ്വാസ ആചാരങ്ങളുടെ ഭാഗവുമായിരുന്നു- നസറുദ്ദീന്‍ മണ്ണാര്‍ക്കാട് എഴുതുന്നു

പശു രാഷ്ട്രീയം കൊമ്പു കുലുക്കുമ്പോള്‍...

നസറുദ്ദീന്‍ മണ്ണാര്‍ക്കാട്

ലോകത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യവും ബീഫിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്ന രാജ്യവും ഇന്ത്യയായത് എങ്ങനെയാണ് ? ബിജെപി ഭരണത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. 18 ലക്ഷം കിലോ ബീഫാണ് പ്രതിമാസം അന്താരാഷ്ട്ര വിപണിയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നത് . ബീഫ് കയറ്റുമതിക്കെതിരെ ശക്തമായ വിമര്‍ശനം യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ത്തി വിട്ടു കൊണ്ടാണ് ശ്രീ. നരേന്ദ്രമോഡി ഉത്തരേന്ത്യന്‍ ബെല്‍റ്റുകളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായി കളം നിറഞ്ഞു നിന്നത്. ബീഫ് കയറ്റുമതി ഒരഭിമാനമായാണോ കേന്ദ്രം കാണുന്നത് എന്ന് വരെ ചോദിച്ചു.

എന്നാല്‍ മോഡി അധികാരത്തില്‍ വന്നതോടെ ബീഫ് കയറ്റുമതിയുടെ ഗ്രാഫ് കുത്തനെ ഉയരുന്നതാണ് കാണുന്നത്. ഇന്ന് ലോകത്തെ ബീഫ് കയറ്റുമതിയുടെ 44% വും ഇന്ത്യയുടെ വകയാണ്. ദേശീയത തലത്തില്‍ പശുവിന്റെ പേരില്‍ ജനങ്ങളെ അടിച്ചും കുത്തിയും കെട്ടിത്തൂക്കിയും കൊന്നു കൊണ്ടിരിക്കുമ്പോഴാണ് ഈ നേട്ടമെന്ന് കൂടി ഓര്‍ക്കണം. പശു എക്കാലത്തും ഇന്ത്യയില്‍ ഒരു രാഷ്ട്രീയ ആയുധം മാത്രമായിരുന്നു. ബുദ്ധ മതത്തിന്റെ വ്യാപനവും സ്വാധീനവും തടയിടാന്‍ കണ്ടെത്തിയ രാഷ്ട്രീയ നീക്കമായിരുന്നു ബ്രാഹ്മണരുടെ മാംസ വര്‍ജ്ജനം. മുള്ളിനെ മുള്ള് കൊണ്ടെടുക്കുക എന്ന തന്ത്രം പയറ്റുകയാണ് സത്യത്തില്‍ നടന്നത്. അതിനു മുന്‍പ് എവിടെയും മാംസം വ്യര്‍ജ്ജിക്കപ്പെടുന്ന വസ്തുവായിരുന്നില്ല എന്ന് മാത്രമല്ല വിശ്വാസ ആചാരങ്ങളുടെ ഭാഗവുമായിരുന്നു.

ശ്രീരാമന്റെ മകനായ കുശന്‍ അയോദ്ധ്യയില്‍ നടത്തിയ കുറ്റിപൂജയെക്കുറിച്ച് മഹാകവി കാളിദാസന്‍ രഘുവംശത്തില്‍ (16:8) വിവരിക്കുന്നത് കാണുക:

'തത: സപര്യാം സപശൂപഹാരംപുര പരാര്‍ദ്യ പ്രതിമാ ഗൃഹായഉപേക്ഷി തൈര്‍ വിധുധ വിദദി-ന്നിവര്‍ത്തയാമാസ രഘുപ്രവീര'-

അനന്തരം രഘുവീരന്‍ ആരാദ്ധ്യന്‍മാരുടെ പ്രതിമ വെച്ചിട്ടുള്ള ഗൃഹങ്ങളോടുകൂടി പുരിക്ക് ഉപവസിച്ച ഗൃഹ നിര്‍മ്മാണ വിദഗ്ദ്ധന്മാരെക്കൊണ്ട് പശുബലിയോടുകൂടിയ കറ്റിപൂജ കഴിച്ചു .ശ്രീരാമനും മറ്റും മാംസം കഴിച്ചിരുന്ന കാര്യം രാമായണത്തില്‍ വിവരിക്കുന്നുണ്ട്. വനവാസത്തിന് പോകുന്ന വഴിയില്‍ ഗംഗാനദി കടക്കുമ്പോള്‍ സീത ഗംഗയോട് പ്രാര്‍ത്ഥിക്കുന്നതിങ്ങനെ (അയോദ്ധ്യാകാണ്ഡം, സര്‍ഗം 52, ശ്‌ളോകം 88-ശ്രീവാല്‍മീകീ രാമായണം, വള്ളത്തോള്‍ വിവര്‍ത്തനം):

'ആയിരം മദ്യ കുംഭത്താല്‍ മാംസാന്നത്താലുമാസ്ഥയാദേവീ, പൂജിക്കുവന്‍ നിന്നെ,പ്പുരേ തിരിയെ വന്ന ഞാന്‍!

അന്നു രാത്രി കഴിക്കാന്‍ ഒരുക്കിയ ഭക്ഷണത്തെക്കുറിച്ച് 102 ാം ശ്‌ളോകത്തില്‍ ഇങ്ങനെ വിവരിക്കുന്നു:

'അതിങ്കലൃശ്യം, രുരു, പന്നി, പുള്ളിമാന്‍മേധ്യങ്ങളീ നാലു മഹാ മൃഗങ്ങളെതിന്മാന്‍ വധിച്ചേന്തി, വിരഞ്ഞു വൃക്ഷമൊ-ന്നണഞ്ഞിതന്തിക്കു വസിക്കുവാന്‍'

ഭരദ്വാജ മുനി ഭരതനും കൂട്ടര്‍ക്കും നല്‍കിയ ഭക്ഷണത്തെക്കുറിച്ച് ഇങ്ങനെ (അയോദ്ധ്യാ കാണ്ഡം, സര്‍ഗം 91, ശ്‌ളോകം 52,53) വിവരിക്കുന്നു:

'സുരാപര്‍ സുര സേവിപ്പിന്‍, വേണ്ടുവോര്‍ പായസത്തെയുംസുമേധ്യ മാംസങ്ങളെയും വേണ്ടുവോളം ഭുജിക്കുവിന്‍'

96-ാം സര്‍ഗത്തിലെ ഒന്നും രണ്ടും ശ്‌ളോകത്തിലെ വിവരണം ഇങ്ങനെ:

ആ മലമ്പുഴയവ്വണ്ണം കാട്ടി, വൈദേഹി സീതയെ മാംസത്താല്‍ പ്രീതയാക്കിക്കൊണ്ടിരുന്നാന്‍ ഗിരി സാനുവില്‍ ഇതു മൃഷ്ടമിതോ സ്വാദു, വിതു തിയ്യില്‍ പൊരിച്ചതാം എന്നങ്ങിരുന്നാന്‍ ധര്‍മ്മിഷ്ഠന്‍ സീതയോടൊത്തു രാഘവന്‍

തന്റെ പട്ടാഭിഷേകം മുടങ്ങിയ കാര്യം ശ്രീരാമന്‍ അമ്മയോട് വിവരിക്കുന്നത് (അയോദ്ധ്യാ കാണ്ഡം, 20:29)നോക്കുക:

ഈരേഴാണ്ടു മുനിക്കൊപ്പം നിര്‍ജ്ജനക്കാട്ടില്‍ വാഴണംവെച്ച മാംസമുപേക്ഷിച്ചു കായ് കിഴങ്ങുകള്‍ തിന്നു ഞാന്‍.

വിഖ്യാത ചരിത്രകാരന്‍ ദ്വിപേന്ദ്ര നാരായണന്‍ ഝാ തന്റെ കൃതിയായ ദീ മിത്ത് ഓഫ് ദ ഹോളി കൗവില്‍ ഗോമാംസം ഇന്ത്യന്‍ ആഹാരസ്വഭാവത്തിന്റെ ഭാഗമായിരുന്നുവെന്ന് പറയുന്നുണ്ട്. മൃഗബലി വൈദികകാലത്ത് സര്‍വ്വ സാധാരണമായിരുന്നു. എല്ലാ പൊതുയാഗങ്ങളുടേയും തയ്യാറെടുപ്പിന്റെ ഭാഗമായുള്ള ഒരു അനുഷ്ഠാനമായ ''ആഗ്നേയ'' എന്ന സമ്പ്രദായം ഒരു പശുവിനെ കൊല്ലണം എന്നു നിഷ്‌കര്‍ശിക്കുന്നുണ്ട്. വളരെ പ്രാധാന്യമുള്ള അശ്വമേധയാഗത്തില്‍ 600ല്‍ പരം മൃഗങ്ങളേയും പക്ഷികളേയും കൊന്നിരുന്നു. അതിന്റെ പരിസമാപ്തിയെന്നോണം 21 പശുക്കളെ കുരുതി കൊടുത്തിരുന്നു. പൊതുയാഗങ്ങളുടെ സുപ്രധാന ഘടകമായ ഗോസേവയില്‍ രാജസൂയത്തേയും വജപേയത്തേയും പോലെത്തന്നെ മാരുതിന് ഒരു പശുവിനെ സമര്‍പ്പിച്ചിരുന്നു.

പശുക്കളുള്‍പ്പടെയുള്ള മൃഗങ്ങളെ കൊല്ലുന്ന രീതി വിവിധ യജ്ഞങ്ങളില്‍ നമുക്ക് കാണാവുന്നതാണ്. പൗരാണിക ഭാരതത്തില്‍ മാംസാഹാരം വര്‍ജ്ജ്യമായിരുന്നില്ല എന്നു തെളിയിക്കുന്ന അനേകം തെളിവുകള്‍ വേറെയുമുണ്ട്. ലേഖനത്തിന്റെ ഉദ്ദേശം അതല്ലാത്തതിനാല്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല. അനേകം മൂല കൃതികളിലും അവയുടെ വിവിധ ഭാഷകളിലെ വിവരണങ്ങളിലുമായി ചിതറിക്കിടക്കുന്ന ഈ മാംസാഹാര കഥകള്‍ക്ക് പുതിയ വ്യാഖ്യാനം നല്‍കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. മാംസമെന്നാല്‍ പഴമെന്നാണ് ഉദ്ദേശമെന്ന വ്യാഖ്യാനങ്ങള്‍ ഒക്കെ കാണാവുന്നതാണ്. പക്ഷെ അത്ര ലളിതമായി വ്യാഖ്യാനിച്ചു വെളുപ്പിക്കാവുന്ന വിധത്തിലല്ല ഇവയുടെ കിടപ്പ്.

പറഞ്ഞു വന്നത് പശു മാംസത്തെ എക്കാലവും രാഷ്ട്രീയ അടവ് നയത്തിന്റെ ഭാഗമായി മാത്രമാണ് സവര്‍ണ്ണര്‍ ഉപയോഗിച്ചിട്ടുള്ളത്. ബുദ്ധന്റെ കാലത്ത് അവരെ തോല്‍പ്പിക്കാന്‍ മാംസാഹാരം വെടിഞ്ഞുവെങ്കില്‍ ഇന്ന് അതിന്റെ പേരില്‍ സ്വയം മഹത്വം നടിച്ചു കൊണ്ട് മറ്റുള്ളവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ഒരു വശത്ത് ബീഫ് കച്ചവടം പൊടി പൊടിക്കുമ്പോള്‍ മറുവശത്ത് അതേ പേര് പറഞ്ഞു കൊണ്ട് പൗരന്മാരെ യമപുരിയിലേക്ക് അയക്കുന്നു. പ്രധാനപ്പെട്ട ബീഫ് കയറ്റുമതി സ്ഥാപനങ്ങളധികവും ബിജെപിയുടെ സഹചാരികളുടേത് ആയതും യാദൃശ്ചികമല്ല.

അഖ്‌ലാഖ് എന്ന വൃദ്ധനെ ബീഫ് കഴിച്ചു എന്ന് ആരോപിച്ചു കൊണ്ട് നിര്‍ദ്ദയം അടിച്ചു കൊന്നപ്പോള്‍ ഉണ്ടായ പ്രതികരണങ്ങള്‍ ഇപ്പോള്‍ ഉണ്ടാവുന്നില്ല. കാരണം പൊതു മനസ്സ് പതിയെ പതിയെ ഇത്തരം കൊലകളോട് പാകപ്പെട്ടിരിക്കുന്നു. കുഴഞ്ഞു വീണു മരിക്കുന്നത് പോലെയോ ഹൃദയാഘാതം വന്നു മരിക്കുന്നത് പോലെയോ ഒരു സാധാരണ സംഭവമാണ് ബീഫ് കൊലകള്‍. ഉത്തരേന്ത്യയിലാവട്ടെ, ഭരിക്കുന്ന പാര്‍ട്ടിക്കാരുടെ ഗോരക്ഷകര്‍ മരണം വിധിക്കാന്‍ റോന്ത് ചുറ്റുകയുമാണ്. ഇന്ത്യ എങ്ങോട്ടു നീങ്ങുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്ന കാഴ്ച്ചകളാണിവയെല്ലാം.വിശ്വാസത്തെക്കാള്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയ്ക്കാണ് ബിജെപി കേരളത്തില്‍ പോലും ബീഫ് വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നത്.

നൂറ്റാണ്ടുകളായി മാംസാഹാരികളും സസ്യാഹാരികളും ഇഴുകി ചേര്‍ന്ന് ജീവിച്ചിട്ടും പരസ്പരം ഒരു സാംസ്‌കാരിക സംഘട്ടനം അതിന്റെ പേരില്‍ ഉണ്ടായിട്ടില്ല. ബീഫ് തീറ്റക്കാരനായിരുന്ന സവര്‍ക്കറുടെ പിന്‍ഗാമികള്‍ പക്ഷെ ഹിന്ദു മുസ്ലിം ഭിന്നിപ്പ് സൃഷ്ടിക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണ്. . ഇതിനൊരു മറുവശം കൂടിയുണ്ട്. പീഡിതരായ സമൂഹത്തിലേക്ക് കടന്നു കയറാന്‍ ഭീകരവാദത്തിനും തീവ്രവാദത്തിനും വളരെ എളുപ്പമാണ്. അത് കൊണ്ട് തന്നെ അടിച്ചമര്‍ത്തല്‍ കൊളാറ്ററല്‍ ഡാമേജ് ആണ് ഉണ്ടാക്കുക എന്ന് തിരിച്ചറിഞ്ഞു കൊണ്ട് മൗനം വെടിയാന്‍ നാം തയ്യാറാവണം. ഇല്ലെങ്കില്‍ സംഭവിക്കാനിരിക്കുന്നത് സര്‍വ്വ നാശമാണ്. ലോകത്തെവിടെയെങ്കിലും പരസ്പരം പോരടിക്കുന്ന സമൂഹങ്ങള്‍ അതിജീവിച്ചിട്ടുണ്ടോ? ബിജെപിയ്ക്ക് ഇതൊരു രാഷ്ട്രീയ ആയുധം മാത്രമാണ്. അത് എത്രയും നേരത്തെ തിരിച്ചറിഞ്ഞാല്‍ അത്രയും നല്ലത്.

Story by
Read More >>