ഗാമ മുതൽ അവസാനത്തെ വെള്ളക്കാരൻ വരെ

കേരളത്തിലെ മുസ്ലിം സമൂഹം ചരിത്രത്തിന്റെ ഭാഗമല്ലെന്നു വാദിക്കുന്ന സംഘപരിവാറിനോട് കേരളത്തിന്റെ ചരിത്ര നിർമ്മാണത്തിൽ എങ്ങനെയാണ് മുസ്ലിങ്ങൾ പങ്കുവഹിച്ചതെന്ന് വസ്തുതകൾ നിരത്തി അവതരിപ്പിക്കുകയാണ് നസ്രുദ്ദിൻ മണ്ണാർക്കാട്.

ഗാമ മുതൽ അവസാനത്തെ വെള്ളക്കാരൻ വരെ

1492 ലാണ് കൊളംബസ് യൂറോപ്പ്യരുടെ അധിനിവേശ യാത്രകൾക്ക് തുടക്കം കുറിച്ചത്. സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദീസയായ ഇന്ത്യയെ കണ്ടെത്താനുള്ള ആ യാത്ര അമേരിക്കയിൽ ചെന്നവസാനിക്കുകയായിരുന്നു. അക്കാലമത്രയും അറബികളാണ് യൂറോപ്പിലേക്ക് ചരക്കുകൾ എത്തിച്ചിരുന്നത്. സമ്പന്നമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നാട്ടു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും ദരിദ്രമായിരുന്നു. എത്രത്തോളം എന്ന് വെച്ചാൽ ഇന്ത്യയിൽ നിന്ന് കിട്ടുന്ന വ്യഞ്ജനങ്ങൾക്ക് പകരം വല്ലതും തിരിച്ചു നൽകാൻ പോലും അവരുടെ കയ്യിൽ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ടു കൂടിയാണ് നാടുകൾ കീഴടക്കി കൊള്ളയടിക്കുക എന്ന പദ്ധതികളിലേക്ക് അവർ നീങ്ങിയത്. അറബികളെ പോലെ വ്യാപാര ലക്ഷ്യങ്ങൾ ആയിരുന്നില്ല എന്ന് ചുരുക്കം.

1498 ലാണ് നാല് കപ്പലുകളുമായി വാസ് ഗോഡ ഗാമ ഇന്ത്യയിലേക്കുള്ള വഴി കണ്ടെത്തി കോഴിക്കോട് കാപ്പാട് കടപ്പുറത്ത് വന്നു കയറുന്നത് . കാപ്പാട് കടപ്പുറം വലിയ ചരക്ക് നീക്കം നടക്കുന്ന വലിയൊരു തുറമുഖമായിരുന്നു അന്ന്. അറബികളുടെ പായക്കപ്പലുകൾ നങ്കൂരമിട്ടു നിൽക്കുന്നതും അവർ സ്വതന്ത്രമായി ചരക്കുകൾ വാങ്ങി പോവുന്നതും ഗാമ കണ്ടു.

സാമൂതിരിയുമായി അറബികൾക്കുള്ള മികച്ച ബന്ധവും കടപ്പുറത്തെ മാപ്പിള കച്ചവടക്കാരുടെ സാന്നിദ്ധ്യവും തങ്ങളുടെ ലക്ഷ്യങ്ങൾക്ക് തടസ്സമാണെന്ന് കണ്ട ഗാമ സാമൂതിരിയെ സ്വാധീനിച്ചു കടപ്പുറത്തു നിന്നുള്ള ചരക്കുകളുടെ കുത്തക പോർച്ചുഗീസിന്‌ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നൂറ്റാണ്ടുകളായി അറബികളുമായി പുലർത്തുന്ന വ്യാപാര ബന്ധങ്ങൾ വേണ്ടെന്ന് വെയ്ക്കാൻ സാമൂതിരി തയ്യാറായില്ല.

വിപണിയിൽ നിന്ന് വില കൊടുത്തു നിങ്ങൾക്കും ചരക്കുകൾ വാങ്ങാമെന്ന സാമൂതിരിയുടെ നിർദേശം ഗാമയ്ക്ക് തൃപ്തികരമായി തോന്നിയില്ല. അല്ലെങ്കിലും അതായിരുന്നില്ലല്ലോ ലക്ഷ്യവും.

ഇന്ത്യയിൽ പാശ്ചാത്യ അധിനിവേശതിനെതിരെ ആദ്യത്തെ ചെറുത്ത് നിൽപ്പ് നടത്തിയത് മാപ്പിളമാരായിരുന്നു എന്ന് വ്യക്തമായ ചരിത്രത്തിന്റെ പിൻബലത്തോടെ തന്നെ പറയാം. 1498 ൽ ഗാമ വന്നുവെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ 1500 ൽ കബ്രാളിനോട് മാപ്പിളമാർ പോരാട്ടം തുടങ്ങിയിട്ടുണ്ട്.

കൊച്ചിയും കണ്ണൂരുമൊക്കെ കൈപിടിയിൽ കിട്ടിയിട്ടും കോഴിക്കോട് പിടിക്കാൻ അവർക്ക് കഴിയാതിരുന്നത് നാല് തലമുറ വരുന്ന കുഞ്ഞാലി മരയ്ക്കാർമാരുടെ നേതൃത്വത്തിൽ നടന്ന ഉജ്ജ്വലമായ ചെറുത്തു നിൽപ്പ് കൊണ്ടായിരുന്നു. സാമൂതിരിയുടെ നായർപ്പടയും കുഞ്ഞാലി മരയ്ക്കാർമാരുടെ നാവികപ്പടയും ഒന്നിച്ചു നിന്നത് കൊണ്ട്, ഭാഷ പോലും നഷ്ടപ്പെട്ട ഗോവയുടെ സ്ഥിതി നമുക്കുണ്ടായില്ല. മലയാള ഭാഷയുടെ സംരക്ഷകരായി കുഞ്ഞാലിമരക്കാർമാരെ ചരിത്രത്തിൽ വിശേഷിപ്പിക്കപ്പെടുന്നത് അത് കൊണ്ടാണ്.

സൈനുദ്ധീൻ മഖ്ദൂം രചിച്ച തഹ്രീളാണ് ഇന്ത്യയിൽ തന്നെ അധിനിവേശ ശക്തികൾക്ക് എതിരിൽ എഴുതപ്പെട്ട ആദ്യത്തെ കൃതി. ഒന്നാം സ്വാത്യന്ത്ര്യ സമരം നടക്കുന്നതിനു 350 വർഷങ്ങൾക്ക് മുൻപാണിതെന്ന് ഓർക്കണം. നാടിനെ കൊള്ളയടിക്കുന്ന പോർച്ചുഗീസുകാർക്കെതിരെ പൊരുതാൻ മുസ്ലിംകളോട് ആവശ്യപ്പെടുന്ന ഈ കൃതിയുടെ പകർപ്പ് കാൽനടയായി വിതരണം ചെയ്തതും അദ്ദേഹമായിരുന്നു.

പോർച്ചുഗീസ് സൈനികവ്യൂഹത്തിൽ നിന്നേറ്റ ചില തിരിച്ചടികൾ കാരണം അവരുമായി സന്ധിയിൽ ഏർപ്പെട്ട സാമൂതിരിയെ നേരിൽ കണ്ട് ഈ കീഴടങ്ങലിന്റെ അപകടം തിരിച്ചറിഞ്ഞില്ലെങ്കിൽ നാട് കൈവിട്ടു പോകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. യുദ്ധത്തിന് താൻ ഒരുക്കമാണെന്നും എന്നാൽ തന്റെ സൈന്യം അതിനു അശക്തരാണെന്നും സാമൂതിരി അറിയിച്ചതിനാലാണ് മുസ്ലിംകൾ സാമൂതിരിക്കൊപ്പം യുദ്ധമുഖത്തേക്ക് ഇറങ്ങാൻ മഖ്ദൂം കൽപ്പിച്ചത്.

ആ പോരാട്ടങ്ങൾ 100 വർഷങ്ങൾ നീണ്ടു. ഒരു തരത്തിലും പോർച്ച്ഗീസുകാർക്ക് പിടിക്കാൻ കഴിയാത്ത നാടായി മാറി കോഴിക്കോട്. ചാലിയത്ത് പറങ്കികൾ നിർമ്മിച്ച ഒരു കോട്ട നായർപ്പടയും കുഞ്ഞാലിമരയ്ക്കാരുടെ മാപ്പിളപ്പടയും ദിവസങ്ങളോളം ഉപരോധിക്കുകയുണ്ടായി. ആദ്യമൊക്കെ ചെറുത്തു നിന്ന പറങ്കികൾ ദിവസങ്ങൾ കഴിഞ്ഞതോടെ ഭക്ഷണം കിട്ടാതെ വലഞ്ഞു പിൻമാറി. കുഞ്ഞാലിമരയ്ക്കാർ ആ കോട്ട ഇടിച്ചു പൊളിക്കുകയും പറങ്കികളെ തുരത്തുകയും ചെയ്തു.

നാല് കുഞ്ഞാലിമാർ ഒരു പോലെ ധീരന്മാരായിരുന്നു. കടലിന്റെ നിയന്ത്രണം ഏറ്റെടുത്ത പറങ്കികൾക്ക് വലിയ വെല്ലുവിളിയായിരുന്നു ഇവരുടെ പോരാട്ടം. പറവകൾ എന്ന് വിളിപ്പേരുള്ള ചെറിയ വള്ളങ്ങളിൽ അതിവേഗം തുഴഞ്ഞു പോയി കപ്പലുകളെ ആക്രമിച്ചു മടങ്ങുകയായിരുന്നു ഈ പോരാളികളുടെ രീതി. കാറ്റിനെ ആശ്രയിച്ചു പായക്കപ്പൽ ഓടിക്കുന്ന പറങ്കികൾക്ക് കുഞ്ഞാലിമാരെ തൊടാൻ പോലും കഴിഞ്ഞിരുന്നില്ല.വാസ്ഗോഡ ഗാമ മുതൽ ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി വരെ മാപ്പിളമാരുടെ ദേശ സ്നേഹത്തിന്റെ ചൂടറിഞ്ഞിട്ടുണ്ട് . അവരുടെ ദേശ സ്നേഹത്തിനു വിലയിടാൻ മാത്രം ഇന്ത്യയിൽ സംഘപരിവാർ വളർന്നിട്ടില്ല.

കയറ്റിറക്കങ്ങൾ

ചരിത്രം അപഗ്രഥിക്കുമ്പോൾ മലബാറിലെ മാപ്പിളമാർക്ക് മൂന്നു അവസ്ഥകൾ ഉണ്ടായിട്ടുണ്ട്.

ഒന്ന്, പറങ്കികൾ വരുന്നത് വരെയുള്ള സമ്പന്ന കാലഘട്ടം

രണ്ട് , കുടിയാൻ കാലഘട്ടം

മൂന്ന് : ഇന്നത്തെ കാലഘട്ടം.

പറങ്കികൾ വരുന്നത് വരെയുള്ള സമ്പന്ന കാലഘട്ടം

ആദ്യത്തെ കാലഘട്ടത്തിൽ മിക്ക മാപ്പിളമാരും കച്ചവടക്കാരായിരുന്നു. യൂറോപ്പിലേക്കും മധ്യ പൂർവേഷ്യൻ രാജ്യങ്ങളിലേക്കും ചരക്കുകൾ കയറ്റി അയക്കുന്ന പ്രമാണികളായിരുന്നതിനാൽ അന്നത്തെ നാട്ടു രാജാക്കന്മാർക്കിടയിലും സമൂഹത്തിലും നല്ല സ്ഥാനം ലഭിച്ചിരുന്നു. കൊടുങ്ങല്ലൂർ തീരത്തിന്റെ പ്രതാപം ഇടിഞ്ഞ ശേഷം കോഴിക്കോട് തുറമുഖവും അതിനെ ചുറ്റിപ്പറ്റി ഒരു സംസ്കാരവും പട്ടണവും വളർന്നു വന്നതിൽ ഇവരുടെ പങ്ക് നിസ്തുലമാണ്. അറബികൾ ചരക്കുകൾ വാങ്ങുകയും യൂറോപ്പിലേക്ക് എത്തിക്കുകയും ചെയ്തു. യൂറോപ്പിൽ നമ്മുടെ വ്യഞ്ജനങ്ങൾക്ക് പൊന്ന് വിലയായിരുന്നു.

കുടിയാൻ കാലഘട്ടം

പറങ്കികളുടെ അധിനിവേശത്തെ ചെറുത്ത ആദ്യ സമൂഹം എന്ന നിലയ്ക്ക് അധിനിവേശത്തിന്റെ കഷ്ട നഷ്ടങ്ങൾ ആദ്യം അനുഭവിച്ച സമൂഹവും മാപ്പിളാരായിരുന്നു. നഗരങ്ങളെ തീയിടുകയും ഹജ്ജിനു പോവുന്ന കപ്പലുകൾ കൊള്ളയടിക്കുകയും ചെയ്തു കൊണ്ടാണ് പറങ്കികൾ തങ്ങളുടെ നര നായാട്ടിനു തുടക്കം കുറിച്ചത്. 400 പേരുമായി വന്ന ഒരു കപ്പൽ വളഞ്ഞു പിടിച്ചു സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഹജ്‌ജാജികളെ തീവെച്ചു കൊന്ന ഗാമയെന്ന ക്രൂരൻ അതിലെ ഒരു കണ്ണി മാത്രം. ഈ ശക്തികൾക്കെതിരെ 1500 മുതൽ 1600 വരെ നീണ്ട പോരാട്ടം മാപ്പിളമാരുടെ സ്ഥിതി ദയനീയമാക്കി.1520 ൽ തന്നെ അറബികൾ സ്ഥലം വിട്ടു പോയിരുന്നു. കടലിൽ തങ്ങളുടെ അനുമതി ഇല്ലാതെ സഞ്ചരിക്കാൻ പാടില്ലെന്ന പോർച്ചുഗീസ് ധാർഷ്ട്യം കാരണം ചരക്ക് നീക്കങ്ങളും ദുരിതത്തിലായി. നാവിക സൈന്യത്തിന്റെ അകമ്പടിയോടെ തുർക്കിയിലേക്ക് ചരക്ക് കടത്തി മരയ്ക്കാർമാർ ശൂരത കാണിച്ചിരുന്ന കാലം കൂടിയാണ്.

പതിയെ പതിയെ കച്ചവടങ്ങളിൽ നിന്ന് പിൻവലിഞ്ഞ മാപ്പിളമാർ ജന്മികളുടെ അടിമകളായി മാറുകയാണ് ചെയ്തത്. ഏതാണ്ട് മൂന്നു നൂറ്റാണ്ടു കാലം ഈ നുകത്തിനു കീഴിൽ അവർ ജീവിച്ചു. ന്യായമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട അവർ ജന്മികൾക്കെതിരെ നടത്തിയ നിരവധി ചെറുത്തു നിൽപ്പുകളുടെ അവസാനത്തെ പോരാട്ടമായിരുന്നു 1921 ലേത്.

മാപ്പിള സമൂഹം വിദ്യാഭ്യാസപരമായും സാമ്പത്തികമായും തകർന്നടിഞ്ഞു . ജീവിക്കാൻ ശരീരം വിൽക്കേണ്ടി വന്ന മാപ്പിള സ്ത്രീകളുടെ കാലത്തെ 'കൈ കുത്താതെ മറിയുന്ന പെണ്ണുങ്ങൾ' എന്നാണ് കവി ഹൈദർ വിശേഷിപ്പിച്ചത്.

ആധുനിക കാല ഘട്ടം

രാഷ്ട്രീയമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മാപ്പിളമാർ എങ്ങനെ പുറകോട്ട് പോയി എന്നതിന്റെ ഉത്തരമാണ് രണ്ടാം ഘട്ടമെങ്കിൽ തിരിച്ചു വരവിന്റെ മൂന്നാം ഘട്ടത്തിലാണ് ഇന്ന്. രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും പതിയെ ഉയർന്നു വന്നപ്പോൾ പഴയ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കും വിധം അറബ് സമൂഹവും അതിൽ പങ്കാളികൾ ആവുന്നു. അന്ന് അറബികൾ നമ്മുടെ നാട്ടിൽ വന്നു നമ്മെ സമ്പന്നമാക്കിയെങ്കിൽ ഇന്ന് നാം അറബ് നാട്ടിൽ പോയി സമ്പന്നരാവുന്നു.

ചരിത്രം കയറ്റിറക്കങ്ങളുള്ള ഒരു യാത്രയാണ്.
Read More >>