ജനകീയ പാരമ്പര്യ ​ഗാനശാഖയായ മാപ്പിളപ്പാട്ട് ഇതിനേക്കാൾ ഒക്കെ എത്രയോ മുകളിലാണ്

മാപ്പിളപ്പാട്ടിനു വിഷയങ്ങള്‍ക്ക് പരിമിതി ഇല്ല. അത് തന്നെയാണ് അതിന്‍റെ സവിശേഷതയും. ഇടക്കാലത്ത് അത് വെറും പൈങ്കിളി ആയപ്പോള്‍ പലരും ഒന്നടങ്കം മാപ്പിള പാട്ട് അശ്ലീലം എന്ന് വിശേഷിപ്പിച്ചു- നസറുദ്ദീൻ മണ്ണാർക്കാട് എഴുതുന്നു

ജനകീയ പാരമ്പര്യ ​ഗാനശാഖയായ മാപ്പിളപ്പാട്ട് ഇതിനേക്കാൾ ഒക്കെ എത്രയോ മുകളിലാണ്

മാപ്പിളപ്പാട്ട് പോലെ ജനകീയമായ ഒരു പാരമ്പര്യ ഗാനശാഖ വേറെ ഉണ്ടാവുമോ എന്ന് സംശയമാണ്. അതിന്‍റെ വിപണി മൂല്യം മുതലെടുക്കാന്‍ ചാനലുകളും സിനിമകളും മത്സരിക്കുകയാണ്. അതിന്‍റെ ഭാഗമായി തന്നെയാണ് മാണിക്യ മലരായ ബീവി സിനിമയില്‍ പുനരാവിഷ്ക്കരിച്ചത്. അതിന്‍റെ ചിത്രീകരണത്തിന്‍റെ ചേര്‍ച്ച ഒഴിച്ചാല്‍ വിനീതിന്‍റെ ആലാപനം ശരിക്കും ആസ്വദിക്കാവുന്ന ഒന്ന്‍ തന്നെയാണ് എന്നാണ് അഭിപ്രായം. മാപ്പിളപ്പാട്ടിന്‍റെ കാലപ്പഴക്കവും വളര്‍ച്ചയും വികാസവും സംഭവിച്ചത് നൂറ്റാണ്ടുകള്‍ കൊണ്ടാണ്. അറിയപ്പെട്ട ആദ്യത്തെ കൃതി മുഹിയുദ്ദീന്‍ മാലയാണ് എങ്കിലും അത് തന്നെയാണ് ആദ്യത്തെ കൃതി എന്ന് പറയുവാന്‍ കഴിയില്ല. ഇരുത്തം വന്ന ഒരു ഗാന ശാഖയായി അതിനു മുൻപ് തന്നെ വളര്‍ന്നിരിക്കണം.

ബൈത്തുകളെ ഇത്രമേല്‍ നെഞ്ചോട്‌ ചേര്‍ത്ത സമൂഹം അപൂർവ്വമായിരിക്കും. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെയുള്ള മഖ്ദൂമിന്‍റെ ആഹ്വാനങ്ങള്‍ പോലും തെളിയിക്കുന്നത് അതാണ്‌. ആ ബൈത്തുകള്‍ അധിനിവേശത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളായി, ഇടി മുഴക്കങ്ങളായി, പോരാട്ടങ്ങളായി. മലബാറിന്‍റെ ഓരവും തീരവും സംരക്ഷിക്കാന്‍ ഒരു സമൂഹം യുദ്ധഭൂമികകളിലേക്ക് ഒഴുകി.

പ്രണയവും പോരാട്ടവുമായിരുന്നു മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകളുടെ പ്രമേയം.

"പൂമകളാണേ ഹുസ്നുല്‍ ജമാല്‍, പുന്നാര താളം മികന്ത ബീവി" എന്ന് വൈദ്യര്‍ എഴുതുമ്പോള്‍ അതിനോട് കിടപിടിക്കുന്ന മറ്റൊരു പ്രണയ കാവ്യം മലയാള സാഹിത്യത്തില്‍ എവിടെയും അന്ന് ഇല്ല.

ഹുസ്നുല്‍ ജമാലില്‍ പരന്നൊഴുകിയ പ്രണയ വര്‍ണ്ണനകള്‍ പ്രവാചകനോടുള്ള ഇശ്ഖായി മാറുന്ന കാഴ്ച്ചയാണ്‌ വൈദ്യരുടെ ബദറിലും ഉഹുദിലും കാണുന്നത്. പോരാട്ടത്തിന്‍റെ തീക്ഷ്ണ ഭൂമികയില്‍ പോലും പ്രവാചകനോടുള്ള ഇഷ്ഖ് പ്രകടിപ്പിക്കുന്ന അനുയായികളെ വൈദ്യര്‍ ഇശലുകള്‍ കൊണ്ട് വരച്ചു കാട്ടുന്നു.

"ഉരത്ത് യാ മൗലല്‍ഉറൂബ, ഉശിരങ്കല്‍ യാ ഹബീബ

ഉദി മങ്കും താബ താബ യാ റസൂലുള്ള"

ബദറിലെ ഈ രംഗത്തിലെ ഇഷ്ഖ് ആരുടെ കണ്ണാണ് ഈറന്‍ അണിയിക്കാത്തത്?

മലയാള സാഹിത്യത്തില്‍ നാം ഇന്ന് ആഘോഷിക്കുന്ന എല്ലാ മഹാകവികള്‍ക്കും പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് വൈദ്യര്‍ വെറും നാല്‍പ്പത് വയസ്സ് കൊണ്ട് ഇതിഹാസം രചിച്ചു കടന്നു പോയത് എന്ന് ഓര്‍ക്കണം. തലമുറകള്‍ ആ പാട്ടുകള്‍ ഏറ്റെടുത്തു. അത് പില്‍ക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തെ വരെ വിറപ്പിക്കുന്ന കാവ്യങ്ങളായി. ഖിലാഫത്ത് സമര കാലത്ത് വൈദ്യരുടെ കൃതികള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചത് അത് ഒരു ജനതയെ നാടിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നു എന്ന് മനസ്സിലാക്കി തന്നെയാണ്.

മാപ്പിളപ്പാട്ട് പിന്നെയും മാറ്റങ്ങള്‍ക്ക് വിധേയമായി. അത് ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിനു കത്തെഴുതുന്ന മറിയ കുട്ടിയുടെ ആത്മ നൊമ്പരങ്ങളുടെ പ്രകാശനമായി. "കൈ കുത്താതെ മറിയുന്ന പെണ്ണുങ്ങള്‍" എന്ന ഉബൈദിയന്‍ വിശേഷണത്തിലൂടെ, സമരാനന്തരം പട്ടിണി കിടന്ന മലബാറിലെ ശരീരം പോലും സ്ത്രീകളുടെ ദയനീയതയുടെ നേര്‍ചിത്രമായി. ഹിച്ച്കോക്കിന്‍റെ സ്മാരകം തച്ചു തകര്‍ക്കാനുള്ള ആഹ്വാനമായി. "അന്നിരുപത്തൊന്നില്‍ നമ്മള്‍ ഇമ്മലയാളത്തില്" എന്ന കമ്പളത്ത് ​ഗോവിന്ദന്‍ നായര്‍ രചന അന്നത്തെ സാമൂഹിക ഐക്യത്തിന്‍റെ മധുര സ്മൃതി അല്ലാതെ മറ്റെന്താണ്?

ഇശല്‍ നൗക പിന്നെയും ഒഴുകി. അത് കേരളം കണ്ട മഹാപ്രളയത്തിന്റെ വിവരണമായി. ബാഫഖി തങ്ങളുടെ ജ്വലിക്കുന്ന ഓര്‍മ്മയായി. ഇന്ദിര ഗാന്ധിയുടെ സ്മരണകള്‍ തളിര്‍ക്കുന്ന പൂമരമായി, ബാബരിയുടെ നൊമ്പരമായി. സമൂഹത്തോട് മാപ്പിളപ്പാട്ട് ഇശലുകളിലൂടെ സംവദിച്ചു.

മാപ്പിളപ്പാട്ടിനു വിഷയങ്ങള്‍ക്ക് പരിമിതി ഇല്ല. അത് തന്നെയാണ് അതിന്‍റെ സവിശേഷതയും. ഇടക്കാലത്ത് അത് വെറും പൈങ്കിളി ആയപ്പോള്‍ പലരും ഒന്നടങ്കം മാപ്പിള പാട്ട് അശ്ലീലം എന്ന് വിശേഷിപ്പിച്ചു. പ്രണയം മാപ്പിളപ്പാട്ടിനു വിഷയം തന്നെയാണ്. സാഹിത്യമേന്മ തെല്ലും ഇല്ലാതെ ഒരേ വാക്കുകളുടെയും പല പേരുകളുടെയും വെറും ആവര്‍ത്തനം. അതും ഗദ്യം തേച്ചു മിനുക്കി പദ്യമാക്കുന്ന പോലെ വലിച്ചു നീട്ടുന്ന ആഭാസത്തിന്റെ കാലവും ഏതാണ്ട് അസ്തമിക്കുകയാണ്.

താല്‍കാലികമായ ആ പ്രതിഭാസത്തെ മറികടന്നു പോവാതിരിക്കാന്‍ ഈ ഗാനശാഖയ്ക്ക് കഴിയില്ല. ഒ എം കരുവാരക്കുണ്ട് മാഷിനെ പോലുള്ള ആധുനിക കവികളുടെ മികച്ച പ്രയത്നവും സംഭാവനയും അതിന്‍റെ വഴി തെളിക്കുക തന്നെ ചെയ്യും. സിനിമയിലെ ഇത്തരം വിഷ്വലുകളെ അവഗണിക്കുക എന്നതാണ് മാപ്പിളപ്പാട്ടിനോട് ചെയ്യാന്‍ കഴിയുന്ന നീതി. അതിന്‍റെ മെറിറ്റും ഡീ മെറിറ്റും ചികയുമ്പോള്‍ മനസ്സിലാക്കേണ്ടത്, മാപ്പിള പാട്ട് അതിന്‍റെ എത്രയോ മുകളില്‍ ആണെന്നാണ്‌. അതിലേക്ക് ഇറങ്ങി ചെന്ന് ചെറുതാവേണ്ട കാര്യമില്ല.

Read More >>