നസറുദീന്‍ ഷാ പാകിസ്ഥാനിലേക്ക് പോകണമെന്ന് പറയാന്‍ 'കപട ദേശസ്നേഹികൾക്ക്' എന്താണധികാരം?

ജീവൻ ത്യജിക്കാൻ വരെ തയ്യാറായി, സാമ്പത്തിക ലാഭമോ ഉന്നതപദവികളോ, നേതൃപ്രീണനമോ ആഗ്രഹിക്കാതെ രാജ്യസേവനം നടത്തുന്ന ഒരു വിഭാഗത്തോട് പാകിസ്ഥാനിലേക്ക് പോകാൻ പറയാൻ 'കപട ദേശസ്നേഹികൾക്ക്' എന്താണധികാരം?

നസറുദീന്‍ ഷാ പാകിസ്ഥാനിലേക്ക് പോകണമെന്ന് പറയാന്‍ കപട ദേശസ്നേഹികൾക്ക് എന്താണധികാരം?

=പ്രവീണ്‍ ആറന്മുള =

ആരാണ്? എന്താണ്? നസ്‌റുദീൻ ഷാ?

- ഒരു യാഥാർഥ്യം-

ഇദ്ദേഹത്തെ കുറിച്ച് പറയും മുമ്പേ മറ്റു ചിലത് കൂടി പറയണം. ഉത്തർപ്രദേശിലെ ഭുലൻ ഷഗറിൽ ഒരു പൊലീസ് ഓഫീസറിൽ ഇല്ലാകുറ്റം കണ്ടെത്തി ഗോസംരക്ഷകർ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. മാത്രമല്ല, കഴിഞ്ഞ 7-8 വർഷങ്ങളായി ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട നൂറോളം പേരെയാണ് ആൾക്കൂട്ടാക്രമണം നടത്തി ഇവർ കൊലപ്പെടുത്തിയത്. ഈ നരഹത്യ നടത്തിയ ഒട്ടുമിക്ക കുറ്റവാളികളെയും പൊലീസ് അറസ്റ്റ് ചെയ്തട്ടില്ല. അറസ്റ്റ് ചെയ്ത ചിലരെ തെളിവുകൾ ഇല്ലാത്തതിനാൽ കോടതി വെറുതെ വിടുകയും ചെയ്തു. കൊലപാതകികളായ പശു സംരക്ഷകർ ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ ഒരു കേന്ദ്രമന്ത്രിയാണ് അവരെ ഹാരം അണിയിച്ചു സ്വീകരിച്ചത്, ഏതോ വീരകർമ്മം ചെയ്തവരായി അവർ ആദരിക്കപ്പെട്ടു.

ഇതിനെ ചോദ്യം ചെയ്തും പരിഹസിച്ചും കൊണ്ട് ഇന്ത്യയിലെ പ്രശസ്ത നാടക- സിനിമാ കലാകാരനായ നസ്‌റുദീൻ ഷാ ട്വീറ്റ് ചെയ്തു. വൈകിയില്ല 'ദേശീയ ഭക്തർ' എന്ന് സ്വയം പേറ്റന്റ് എടുത്തവർ ഉണർന്നു നസ്‌റുദീൻ ഷായോട് ഉടൻ പാകിസ്ഥാനിലേക്ക് പോകാൻ ആജ്ഞാപിച്ചു. ഈ പറഞ്ഞ ആർക്കെങ്കിലും നസ്‌റുദീൻ ഷായും അദ്ദേഹത്തിന്റെ കുടുംബവും സ്വന്തം മാതൃ രാജ്യത്തോട്, ഇന്ത്യയോട് കാണിച്ച ദേശസ്നേഹം എന്താണെന്ന കാര്യത്തിൽ അറിവുള്ളവരല്ല. നമ്മുടെ ദേശത്തിനു വേണ്ടി അർപ്പിക്കപ്പെട്ടതാണ് ആ കുടുംബത്തിന്റെ ചരിത്രം.

നസ്‌റുദീൻ ഷായും കുടുംബവും ഉത്തർപ്രദേശുകാരാണ്. അദ്ദേഹത്തിന്റെ ജേഷ്ഠൻ ലഫ് :ജനറൽ സമീറുദീൻ ഷാ ഇന്ത്യൻ ആർമിയുടെ ഡെപ്യൂട്ടി വൈസ് ചീഫും,ആർമി കമ്മാൻഡറുമായി സേവനം ചെയ്തയാളാണ്. ഇദ്ദേഹത്തിന് അതിനിർണ്ണായകമായ പോസ്റ്റിങ്ങ്‌ കൊടുത്തത് ബി.ജെ.പി ഭരണത്തിൽ അടൽ ബിഹാരി വാജ്‌പേയ് ആണ്. 2002ൽ ഗുജറാത്ത്‌ സർക്കാറും സംസ്ഥാന പൊലീസും അവിടുത്തെ മുസ്ലീങ്ങൾക്കെതിരെ കലാപം അഴിച്ചുവിട്ടപ്പോൾ, സ്ഥിതി നിയന്ത്രിക്കാൻ വാജ്‌പേയ് നിയോഗിച്ചത് ജനറൽ ഷായുടെ നേതൃത്വത്തിലുള്ള പട്ടാളത്തെയാണ്.

ഈ അടുത്തിടെ പ്രസിദ്ധീകരിച്ച ' എ സർക്കാരി മുസൽമാൻ ' എന്ന പുസ്തകത്തിൽ ജനറൽ ഇതിനെ വിവരിക്കുന്നത് ഇങ്ങനെയാണ്. പട്ടാളത്തെ നിയോഗിക്കുന്നു എന്ന കേന്ദ്രസർക്കാരിന്റെ ഉത്തരവ് വരുന്നത് രാത്രിയിലാണ്. പുലർച്ചെ മൂന്നരക്ക് അന്നു മുഖ്യമന്ത്രിയായിരുന്ന മോദിയെ ചെന്നു കാണുകയും ക്രമസമാധാനം പട്ടാളം ഏറ്റെടുക്കുകയാണെന്നും അറിയിച്ചു. മോദി ഇതു കേട്ടു നിശ്ശബ്ദനായി.

ജനറൽ ഒരു വാക്ക് കൂടി മോദിയോട് പറഞ്ഞു. ഇന്ത്യൻ ആർമിയുടെ യൂണിഫോം ധരിക്കുന്നവൻ നിക്ഷ്പക്ഷനായിരിക്കും. ശത്രുവിനെതിരെയാണ് പട്ടാളം നിറയൊഴിക്കുന്നത്. പക്ഷെ ഗുജറാത്തിൽ പക്ഷാപാതികളായ ഗുജറാത്ത്‌ പൊലീസിനെതിരെയാണ് ഇവർക്ക് നിറയൊഴിക്കേണ്ടി വന്നത്. അതിനു കാരണമായി ജനറൽ പറയുന്നത് അവർ കലാപകാരികൾക്ക് യുണിഫോം ഇട്ടു പരസ്യമായ പിന്തുണ കൊടുത്തവരാണ്. എന്നാൽ, മണിക്കൂറിനുള്ളിൽ പട്ടാളം പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് കലാപം പൂർണമായും അടിച്ചൊതുക്കി. അതാണ് ഇന്ത്യൻ ആർമി! അവരിൽ ജാതിയോ, മതമോ, വിദ്വേഷമോ ഒന്നും തന്നെയില്ല. ഇന്ത്യയും,ഇന്ത്യയുടെ ജനാധിപത്യത്തെയും സംരക്ഷിക്കും എന്നത് ഗുജറാത്തിൽ ജനറൽ ഷായുടെ നേതൃത്വത്തിൽ ആർമി തെളിയിച്ചു. വാജ്‌പേയ് തന്നെ പിന്നീട് അദ്ദേഹത്തെ പ്രശംസിക്കുകയുണ്ടായി.

അതിൽ രസകരമായ മറ്റൊരു കാര്യം 1968-2008 വരെ ഒരു ആര്മിക്കാരനായി സേവനം അനുഷ്ഠിച്ച ജനറൽ സമീർ എല്ലാ മാസവും ഒരു രൂപ വച്ചാണ് ശമ്പളം കൈപ്പറ്റിയത്. അദ്ദേഹം യു. പി യിലെ ഒരു ജന്മികുടുംബാംഗമാണ്. അദ്ദേഹത്തിന്റെ പിതാവ് പട്ടാളം ഓഫീസറായി ആംഗ്ലോ-അഫ്‌ഗാൻ യുദ്ധത്തിൽ പങ്കെടുത്തയാളാണ്. ഒന്നാം ലോക മഹാ യുദ്ധത്തിൽ സീനിയർ ഓഫിസറായി പങ്കെടുത്തിട്ടുണ്ട്. ആ കുടുംബത്തിലുള്ളവരെയാണ് പാകിസ്താനിലേക്ക് പോകാൻ അല്ലെങ്കിൽ ഇന്ത്യ വിട്ടു പോകാൻ,ഇന്ത്യൻ സ്വതന്ത്ര സമരത്തെ ഒറ്റു കൊടുത്തവരുടെ കൊച്ചുമക്കൾ ആവശ്യപ്പെടുന്നത്. 1971ൽ ഇൻഡോ -പാകിസ്ഥാൻ യുദ്ധത്തിൽ അന്നു ക്യാപ്ടനായിരുന്ന സമീർ ആർട്ടിലറിയുടെ ഒരു യുണിറ്റ് ബംഗ്ലാദേശ് ബോർഡറിൽ നയിച്ചിട്ടുണ്ട്.

ഇങ്ങനെയെല്ലാം, ജീവൻ ത്യജിക്കാൻ വരെ തയ്യാറായി, സാമ്പത്തിക ലാഭമോ ഉന്നതപദവികളോ, നേതൃപ്രീണനമോ ആഗ്രഹിക്കാതെ രാജ്യസേവനം നടത്തുന്ന ഒരു വിഭാഗത്തോട് പാകിസ്ഥാനിലേക്ക് പോകാൻ പറയാൻ 'കപട ദേശസ്നേഹികൾക്ക്' എന്താണധികാരം?