ചരിത്ര പരിസരത്തു നിന്നും പൂര്‍ണ്ണമായും അടര്‍ത്തി എടുത്തു ഒരാളെ ഓഡിറ്റ് ചെയ്യുന്നത് ആ വ്യക്തിയോട് ചെയ്യുന്ന നീതികേടാണ്

ക്രിമിനല്‍ നിയമങ്ങള്‍ റിട്രോസ്പെക്ട്ടീവ് ആയി നടപ്പിലാക്കുന്നത് യുക്തിരഹിതമായ കാര്യം ആയതിനാല്‍ തന്നെ ഇപ്പോഴുള്ള നിയമം വച്ച് പഴയ കാല സംഭവങ്ങളെ വിലയിരുത്തുക എന്നത് റോഡ്‌ വണ്‍ വേ ആക്കിയ ശേഷം വണ്‍വേ ആക്കുന്നതിനു മുന്‍പ് അത് വഴി വണ്ടി ഓടിച്ചവര്‍ക്ക് എതിരെ കേസ് എടുക്കണം എന്ന് പറയുന്നത് പോലെയാണ്- നാസർ കുന്നുംപുറത്ത് എഴുതുന്നു

ചരിത്ര പരിസരത്തു നിന്നും പൂര്‍ണ്ണമായും അടര്‍ത്തി എടുത്തു ഒരാളെ ഓഡിറ്റ് ചെയ്യുന്നത് ആ വ്യക്തിയോട് ചെയ്യുന്ന നീതികേടാണ്

ചില അനുഭവ കഥകള്‍ പറയട്ടെ...

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കോളേജില്‍ പഠിക്കുന്ന കാലം ഞാനും എന്‍റെ ചങ്ക് ബ്രോ ആയ എസ്എഫ്ഐ സുഹൃത്തും കൂടെ ഒരു ഡിബേറ്റ് കോമ്പറ്റീഷനില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ കോളേജിനെ പ്രതിനിധീകരിച്ചു കോഴിക്കോട് സര്‍വകലാശാലയില്‍ എത്തി. ഡിബേറ്റ് തുടങ്ങുന്നതിനു പതിനഞ്ചു മിനിറ്റ് മുന്‍പ് വിഷയം കിട്ടി. "പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍" എന്നതായിരുന്നു വിഷയം. ഞങ്ങളുടെ കോളേജ് ടീമില്‍ ഒരാള്‍ വിഷയത്തെ എതിര്‍ത്തും, മറ്റൊരാള്‍ അനുകൂലിച്ചും സംവാദം നടത്തണം. സത്യത്തില്‍ ഞാന്‍ പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് അനുകൂല നിലപാട് ഉള്ള ആളായിരുന്നു. എസ്എഫ്ഐ ക്കാരന്‍ ആയ സുഹൃത്ത് നേരെ തിരിച്ചും. എന്നാല്‍ നറുക്കെടുപ്പില്‍ അവന്‍ പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ എന്ന വിഷയത്തെ അനുകൂലിച്ചും, ഞാന്‍ എതിര്‍ത്തും സംസാരിക്കെണ്ട അവസ്ഥയില്‍ ആയി. എനിക്ക് വലിയ വിഷമം ഒന്നും തോന്നിയില്ല. ഞാന്‍ ഈ വിഷയത്തില്‍ ഇടതുപക്ഷം പറയുന്ന പോയിന്റ്‌, എംപി വീരേന്ദ്രകുമാര്‍ മുതല്‍, ഇഎംഎസ് വരെ എഴുതിയ ലേഖനങ്ങള്‍ എല്ലാം ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുത്ത് എന്‍റെ വാദങ്ങള്‍ സജ്ജമാക്കി, എന്നാല്‍ സുഹൃത്തായ സഖാവിന് ഈ വിഷയത്തെ അനുകൂലിച്ചു സംസാരിക്കാന്‍ ഒട്ടും താല്പര്യമില്ല. എന്‍റെയും, പാര്‍ട്ടിയുടെയും നിലപാട് ഇതിനെതിരാണ്‌. ഇതിനെ അനുകൂലിക്കുന്ന പോയന്‍റ് ഒന്നും എനിക്ക് അറിയില്ല എന്നൊക്കെ അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ കുറെ അനുകൂല പോയിന്‍റ് ഉണ്ടാക്കി കൊടുത്തു..

എന്തായാലും നല്ലൊരു ഡിബേറ്റര്‍ ആയ അവന്‍റെ അന്നത്തെ മോശം പെര്‍ഫോമന്‍സ് കാരണം കിട്ടേണ്ടിയിരുന്ന സമ്മാനം വഴുതി പോയി. സമാനമായ അനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഒരുമിച്ചുള്ള യാത്രകളില്‍, മദ്യപാന സദസ്സുകളില്‍, കുടുംബ സദസ്സുകളില്‍ എല്ലാം തന്നെ കമ്മ്യൂണിസ്റ്റ് അണികളും അനുഭാവികളും ഒരു തരത്തിലുമുള്ള വിട്ടു വീഴ്ചക്ക് തയ്യാറാകുന്ന പതിവ് കുറവാണ്. എത്ര നല്ല ബന്ധവും പാര്‍ട്ടിക്ക് വേണ്ടി ഉപേക്ഷിക്കും. ചിലപ്പോള്‍ പ്രണയം പോലും.

മറ്റൊരിക്കല്‍ ഞങ്ങളുടെ നാട്ടിലെ ധനാഢ്യനായ കോൺഗ്രസ് പ്രാദേശിക നേതാവിന്‍റെ അടുത്ത് ഗായകനും, സിപിഎം പ്രവര്‍ത്തകനുമായ ഒരാളെ സുഹൃത്തുക്കള്‍ എത്തിച്ചു. ആള്‍ ടിപ്പിക്കല്‍ കലാകാരനാണ്. ഹാര്‍മോണിയ പെട്ടിയില്‍ വിരലുകള്‍ മൃദുലമായി ചലിച്ചു. റഫിയുടെ ചില പാട്ടുകള്‍ അദ്ദേഹം പാടി. മുതലാളിയുടെ അനേകം സ്ഥാപനങ്ങളില്‍ എവിടെയെങ്കിലും ഇങ്ങേര്‍ക്ക് ജോലി കൊടുക്കണം എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കയറേണ്ട സ്ഥാപനവും മുതലാളി തീരുമാനിച്ചു. ജോലിയൊന്നും ചെയ്യേണ്ട, നീ പാട്ട് നിര്‍ത്തേണ്ട എന്നൊക്കെ മുതലാളി പറഞ്ഞതോടെ കലാകാരനായ സഖാവിന്‍റെ കണ്ണ് നിറഞ്ഞു. ഇതിനിടെയാണ് മുതലാളി അടുത്ത ബോംബ്‌ പൊട്ടിച്ചത്. "നീ നിങ്ങളുടെ കമ്മ്യൂണിസ്റ്റ് പരിപാടിയും കൊണ്ട് നടക്കരുത്. ജോലി അല്ലെങ്കില്‍ കല. ഇതേ പാടുള്ളൂ". 'എന്നാ പിന്നെ ഇന്ക്ക് ഇങ്ങളെ ജോലി വേണ്ട…' എന്നും പറഞ്ഞു കലാകാരന്‍ എഴുന്നേറ്റു.

മുകളില്‍ പറഞ്ഞത് പോലെയുള്ള ഒട്ടേറെ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായി കാണും എന്നതിനാല്‍ തന്നെ ഇതര രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെയല്ല സിപിഎം പ്രവര്‍ത്തകര്‍ എന്ന തിരിച്ചറിവ് എനിക്ക് മുന്‍പ് തന്നെയുണ്ട്‌. അതൊരു കുറവ് ആയി തോന്നിയിട്ടില്ല. എല്ലാവരും രാഷ്ട്രീയത്തെ ഒരു പോലെ കാണണം എന്ന് വാശി പിടിക്കുന്നത് ശരിയല്ലല്ലോ.

കഴിഞ്ഞ ദിവസങ്ങളിലായി കിട്ടിയ മെസ്സേജുകള്‍, ചില സ്വകാര്യ സൌഹൃദ/ രാഷ്ട്രീയ കൂട്ടായ്മകള്‍ എന്നിവയിലെല്ലാം സഖാക്കള്‍ പലരും അതീവ വൈകാരികമായി തന്നെ പ്രതികരിച്ചു കാണുന്നു എന്നതിനാല്‍ തന്നെ അത്തരം ഒരു വികാരത്തെ കൂടെ കണക്കിലെടുക്കേണ്ടതുണ്ട് എന്നാണു എനിക്ക് വ്യക്തിപരമായി തോന്നുന്നത്. ഫ്രീതിങ്കേഴ്സിന്റെ തുടക്ക കാലങ്ങളില്‍ പ്രവാചകന്‍ മുഹമ്മദ്‌ എന്നോ, മുഹമ്മദ്‌ നബി എന്നോ ഞാന്‍ പറയാറുണ്ടായിരുന്നില്ല. എന്നാല്‍ അത്തരം പ്രയോഗങ്ങള്‍ കൊണ്ട് വലിയ കാര്യമില്ല എന്നും കുറെ കൂടെ വ്യത്യസ്തമായ തരത്തില്‍ മുസ്ലീങ്ങളോട് സംവദിക്കണം എന്നും മനസ്സിലാക്കിയതിനാലാണ് ഒരു സ്വയം തിരുത്തല്‍ നടത്തിയത്. പൊതു സമൂഹത്തിലെ ബിംബങ്ങളെ വിമര്‍ശിക്കുന്നതില്‍ കുറെ കൂടെ കൃത്യമായ ഗൈഡ് ലൈന്‍ പാലിക്കുക എന്നതും ഒരു രാഷ്ട്രീയം ആണ് എന്ന് തോന്നുന്നു.

രാഷ്ട്രീയത്തെ നമ്മള്‍ വളരെ ശക്തമായ ഒരു ടൂള്‍ ആയി തന്നെ കാണണം, ജനാധിപത്യം നിര്‍മ്മിക്കപ്പെടുന്നത് രാഷ്ട്രീയ നിലപാടിലും ഒത്തൊരുമയിലുമാണ്. എന്നാല്‍ രാഷ്ട്രത്തിനും, നീതിക്കും, വസ്തുതകള്‍ക്കും വേണ്ട രാഷ്ട്രീയം എന്നതിനപ്പുറം സംഘടനാ രാഷ്ട്രീയത്തിനു വേണ്ടി(മാത്രം) ഉള്ള രാഷ്ട്രീയം എത്രത്തോളം ആശാസ്യമാണ് എന്നതാണ് എകെജി വിവാദവും ആയി ബന്ധപ്പെട്ടു ഉണ്ടായ പ്രതികരണങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.

ഫ്രീതിങ്കേഴ്സ് ഗ്രൂപ്പില്‍ വന്ന ഒരു കമന്റാണ് ഇന്ന് കേരളാ രാഷ്ട്രീയത്തെ ഇത്രയും കലുഷിതമാക്കി മാറ്റിയിരിക്കുന്നത്. മുഹമ്മദിനെ കുറിച്ച് പറഞ്ഞാല്‍ സോഷ്യല്‍ മീഡിയക്ക് പുറത്തുള്ള മുസ്ലീങ്ങൾ പ്രതികരിക്കുന്നതിനു സമാനമായ തരത്തിലാണ് ഇടതു സുഹൃത്തുക്കള്‍ പ്രതികരിച്ചത്. എകെജി യെ എന്നല്ല ഒരു ചരിത്ര പുരുഷനെയും അയാളുടെ ചരിത്ര പരിസരത്തു നിന്നും പൂര്‍ണ്ണമായും അടര്‍ത്തി എടുത്തു ഓഡിറ്റ് ചെയ്യുന്നത് ആ വ്യക്തിയോട് ചെയ്യുന്ന നീതികേടാണ്. കാരണം മറുപടി പറയാന്‍ അയാളില്ല എന്നത് മാത്രമല്ല, ഒരാളുടെ വിശ്വാസം, കുടുംബ ജീവിതം, ആഹാര, വസ്ത്ര രീതികള്‍ എന്നിവയൊന്നും വ്യക്തിയുടെ മരണ ശേഷം വിപുലമായ ചര്‍ച്ചയ്ക്ക് കൊണ്ട് വന്നു വയ്ക്കുന്നത് ഒട്ടും ആശാസ്യമല്ല. ക്രിമിനല്‍ നിയമങ്ങള്‍ റിട്രോസ്പെക്ട്ടീവ് ആയി നടപ്പിലാക്കുന്നത് യുക്തിരഹിതമായ കാര്യം ആയതിനാല്‍ തന്നെ ഇപ്പോഴുള്ള നിയമം വച്ച് പഴയ കാല സംഭവങ്ങളെ വിലയിരുത്തുക എന്നത് റോഡ്‌ വണ്‍ വേ ആക്കിയ ശേഷം വണ്‍വേ ആക്കുന്നതിനു മുന്‍പ് അത് വഴി വണ്ടി ഓടിച്ചവര്‍ക്ക് എതിരെ കേസ് എടുക്കണം എന്ന് പറയുന്നത് പോലെയാണ്.

പക്ഷെ ചരിത്രപരമായി കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികത നില കൊള്ളുന്നത് ചരിത്ര പഠനങ്ങളിലൂടെയാണ്. മാര്‍ക്സ് തന്‍റെ ആശയങ്ങളെ രൂപീകരിച്ചത് തന്നെ ചരിത്രത്തെയും, ചരിത്ര സംഭവങ്ങളെയും, പൂര്‍വ കാല വ്യവസ്ഥകളെയും ചോദ്യം ചെയ്തു കൊണ്ടാണ്. ഇടതു പ്രത്യയശാസ്ത്രത്തിന്‍റെ അവകാശവാദം തന്നെ മനുഷ്യ ചരിത്രത്തിന്‍റെ ശാസ്ത്രീയമായ അപഗ്രഥനം (Scientific analysis of human history) എന്നതാണ്. അതിനാല്‍ തന്നെ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ പൂര്‍വകാല ഭരണകൂടത്തിന്‍റെ എല്ലാ വിധത്തിലും ഉള്ള കുഴപ്പങ്ങളെയും ഓഡിറ്റ് ചെയ്തിട്ടുണ്ട് എന്നതൊരു വസ്തുതയാണ്.

കോൺഗ്രസുകാര്‍ ഉള്‍പ്പടെയുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ആയ ആളുകള്‍ പോലും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് തങ്ങളുടെ വീടുകളില്‍ അഭയം നല്‍കിയിട്ടുണ്ട്. ഒളിവിലെ ജീവിതത്തില്‍ പ്രേമം, കലഹം, ഇഷ്ടം, ക്രോധം എന്നിവയെല്ലാം ഉണ്ടായിട്ടുണ്ടാവാം. ഇല്ലാതെയുമിരിക്കാം. ദുരന്ത മുഖത്ത് ജീവിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് എങ്ങിനെയാണ് സെക്സിനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും സമയം കിട്ടുന്നത് എന്ന് ബുദ്ധിപരമായി ചോദിക്കുന്നത് പോലെയാണ് ഒളിവില്‍ താമസിക്കുന്നവര്‍ക്ക് പ്രേമിക്കാന്‍ സമയം കിട്ടുമോ എന്ന ചോദ്യം. എകെജി യുടെ ഇഷ്ടം പോലും ഇന്നത്തേതു പോലെ ആ കാലത്ത് വിലയിരുത്തപ്പെട്ടില്ല എന്നതിനാലാണ് അദ്ദേഹം എഴുതിയ ആത്മകഥയില്‍ പോലും അത് ഇടം നേടിയത്. പൂര്‍വ്വ കാല സംഭവങ്ങളെ അതിന്‍റെ കാലഘട്ടം കൂടെ വിലയിരുത്തി റാഷണലായ ഒരു തലത്തില്‍ ഇരുന്നു ചര്‍ച്ച ചെയ്യാവുന്ന തരത്തില്‍ നമ്മുടെ സമൂഹം വളര്‍ന്നിട്ടില്ല. എകെജി എന്തോ ഭീകരമായ കുറ്റം ചെയ്തു എന്നും ബാല പീഡന കേസില്‍ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു എന്നുമുള്ള സിപിഎം വിരുദ്ധരുടെ നിലപാടുകളോട് വിയോജിക്കാതെ തരമില്ല. എകെജിയുടെ സുന്നത്ത് പാലിക്കണം എന്ന് സിപിഎം അണികള്‍ പറയാത്ത കാലത്തോളം അവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. അതേ സമയം എകെജി യെ വിമര്‍ശിക്കുന്നതിനെ ദൈവ നിന്ദയോടു മത വിശ്വാസികള്‍ പ്രതികരിക്കുന്നത് പോലെ പ്രതികരിക്കുന്നത് എത്രത്തോളം ആശാസ്യമാണ് എന്ന് സഖാക്കളും ചിന്തിക്കേണ്ടിയിരിക്കുന്നു.

പീഡോ എന്ന പ്രയോഗം താന്‍ തന്നെയും ഇനിയും ആവര്‍ത്തിക്കുന്നില്ല എന്ന് ബൽറാം പറഞ്ഞ സ്ഥിതിക്ക് ഇതിന്‍റെ പേരില്‍ ഇനിയും വിവാദങ്ങള്‍ തുടരേണ്ട കാര്യമില്ല. തെരുവുകളില്‍ പൂക്കളും, മനസ്സില്‍ ഇഷ്ടങ്ങളും വളരട്ടെ എന്ന് മാത്രം ആശംസിക്കുന്നു.

Read More >>