'നാട്ടിലേക്ക് പോയ സലീമിന്റെ കയ്യിൽ ഒരു ചാക്ക് കത്തുകൾ ഉണ്ടായിരുന്നു'; ഗൾഫ് യുദ്ധ സ്മരണകൾ

അമേരിക്കയുടെയും അറബ് ഭരണാധികാരികളുടെയും തണലിൽ വളർന്നു പന്തലിച്ച സദ്ദാമിനെ ഒതുക്കേണ്ടത് അമേരിക്കയുടെ ആവശ്യമായിരുന്നു. അതിന് അമേരിക്ക തീർത്ത കെണിയായിരുന്നു കുവൈറ്റ് യുദ്ധം - നാസ്സർ ചെമ്മട്ട് എഴുതുന്നു.

നാട്ടിലേക്ക് പോയ സലീമിന്റെ കയ്യിൽ ഒരു ചാക്ക് കത്തുകൾ ഉണ്ടായിരുന്നു; ഗൾഫ് യുദ്ധ സ്മരണകൾ

ആദ്യ ഗൾഫ് യുദ്ധം ഇന്നും ഓർമയിൽ മായാതെ തങ്ങി നില്കുന്നു. ഓഗസ്റ്റ് രണ്ടാം തീയതി, അന്നൊരു വ്യാഴാഴ്ചയായിരുന്നു. പതിവ് പോലെ രാവിലെ ഒമ്പതു മണിക്ക് തന്നെ ഓഫീസിൽ എത്തി. അന്ന് ഞാൻ ജോലി ചെയ്യുന്നത് ജിദ്ദയിൽ അൽ അലാമിയാ എന്ന കമ്പ്യൂട്ടർ ആൻഡ് സോഫ്റ്റ്‌വെയർ കമ്പനിയിൽ ആയിരുന്നു. അവിടെ പ്രധാന ബിസിനസ് അറബിക് സോഫ്റ്റ്‌വെയർ അതെ പോലെ അറബിക് ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള കമ്പ്യൂട്ടറിന്റെ വില്പനയുമായിരുന്നു. സ്റ്റുഡന്റസ് കമ്പ്യൂട്ടർ ആയിരുന്നു മുഖ്യവില്പന. ഇവിടെ അക്കൗണ്ട്സ് ആണ് ഞാൻ പണിചെയ്യുന്നത്. മലയാളിയായി ഞാൻ ഒരാൾ മാത്രം, മറ്റുള്ളവരെല്ലാം ഈജിപ്ത് സ്വദേശികൾ. ഓഫീസിൽ കയറിയപ്പോൾ തന്നെ എന്തോ എനിക്കൊരു പന്തികേട് തോന്നി. റിസപ്ഷനിൽ ആരെയും കാണുന്നില്ല. അക്കൗണ്ട്സ് ഡിപ്പാർമെന്റിൽ എല്ലാവരും തടിച്ചുകൂടി എന്തൊക്കൊയോ പറയുന്നുണ്ട്. ചെറിയ ഒരു പോർട്ടബിൾ ടിവി ടേബിളിൽ വെച്ച് എല്ലാവരും അതിലേക്ക് നോക്കിക്കൊണ്ടിരുന്നു. എല്ലാം പതിവിന് വിപരീതം. എനിക്ക് ഒന്നും മനസ്സിലായില്ല. ഓഫീസിൽ ആകെ മൂകത.

ആരും ജോലി ചെയ്യുന്നില്ല എല്ലാവരും അന്യോന്യം പതുക്കെ കാര്യങ്ങൾ പറയുന്നുണ്ട് . ഞാൻ എന്റെ ടേബിളിൽ ഇരുന്നു ഇവരെല്ലാവരെയും വീക്ഷിച്ചു . എല്ലാ ഡിപ്പാർട്മെന്റിലെ ആളുകളും ടി വി ക്ക് മുമ്പിൽ ഉണ്ട് . ഞാൻ പോയി കാര്യം തിരക്കി . അപ്പോഴാണ് അറിയുന്നത് കുവൈറ്റിൽ ഇറാക്ക് സേന കയറിയെന്നും എല്ലാം ഇറാഖിന്റെ നിയന്ത്രണത്തിലായെന്നും . എന്താ സംഭവിക്കുക എന്നുള്ള ജിജ്ഞാസയിലാണ്എല്ലാവരും.

ഒരറ്റ രാത്രികൊണ്ടാണ് എല്ലാം തകിടം മറിഞ്ഞത്. അതിന് നമുക്കെല്ലാവർക്കും പ്രത്യക കാരണവുമുണ്ട്. നമ്മുടെ കമ്പനിയുടെ ഹെഡ് ഓഫീസ് കുവൈറ്റിൽ ആണ്. ഉടമസ്ഥൻ കുവൈത്തി പൗരനും. സോഫ്റ്റ്‌വെയർ പ്രൊഡക്ഷൻ എല്ലാം കുവൈറ്റിൽ ആണ്. അത് കൊണ്ട് നമ്മുടെ എല്ലാവരുടെയും ഭാവി എന്താകും എന്ന ഭയത്തിലാണ് എല്ലാവരും. ടിവിയിൽ കുവൈറ്റിലെ കാര്യങ്ങൾ ലൈവ് ആയി കണ്ട് കൊണ്ടിരിക്കയാണ് എല്ലാവരും. ടിവിയിൽ ഇടക്ക് ഇടക്ക് സദ്ദാം ഹുസൈനെ പട്ടാള വേഷത്തിൽ കാണിച്ചുകൊണ്ടിരിക്കുകയാണ് .

സദ്ദാമിന്റെ വീര കൃത്യങ്ങൾ ഇടക്ക് ഇടക്ക് ഹൈലൈറ് ചെയ്യുന്നുണ്ട് . റോഡ് എല്ലാം വിജനമാണ് എല്ലായിടത്തും ഇറാക്ക് പട്ടാളം മേയുകയാണ് . കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു . പെട്ടെന്നായത് കൊണ്ട് ആരും ഒന്നും കരുതിവച്ചിട്ടില്ല .എല്ലാരും കുബ്ബൂസിനും വെള്ളത്തിനുമായി നെട്ടോട്ടമോടുന്നു. ഒരൊറ്റ രാത്രികൊണ്ട് പ്രമാണിമാരായി ഇരുന്നവരുടെ അവസ്ഥ പരിതാപകരമായി. എങ്ങും കൂറ്റൻ ടാങ്കുകൾ ചീറിപായുന്നു. അന്തരീക്ഷം പുകമയം . അന്ന് ലോകത്തിൽ വെച്ച് ഏറ്റവും സമ്പന്നരായിരുന്നു കുവൈറ്റികൾ. പക്ഷെ ഒരുദിവസം കൊണ്ട് എല്ലാം തകിടം മറിഞ്ഞു. കുവൈറ്റ് ഇറാഖിന്റെ ഒരു സ്റ്റേറ്റ് ആയി പ്രഖ്യാപിച്ചു. കുവൈറ്റ് എയർലൈൻസ് ഇറാഖി ഐർവേസ്‌ ആക്കി മാറ്റി. ഇന്ത്യക്കാരായ ഒരുപാട് അവിടെ ഉണ്ടായിരുന്നു, പ്രത്യേകിച്ച് മലയാളികൾ. ഒരുപാട് ദുരിതം അനുഭവിക്കേണ്ടി വന്നവർ. അവസാനം ജോർദാൻ വഴി ഇന്ത്യ ഗവൺമെന്റിന്റെ ചാർട്ടർ ചെയ്ത ഫ്ലൈറ്റിൽ ആണ് അവരെ നാട്ടിൽ എത്തിച്ചത്. അന്നത്തെ പ്രധാന മന്ത്രിയായിരുന്ന വിപി സിങ്ങും അന്ന് കേന്ദ്ര മന്ത്രിസഭയിൽ ഉണ്ടായിരുന്ന കെ പി ഉണ്ണികൃഷ്ണനും ചേർന്നാണ് എല്ലാവരേയും നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത് .കുവൈറ്റ് യുദ്ധം നടക്കുമ്പോൾ ഏറെ പറഞ്ഞുകേട്ട പേര് ടൊയോട്ട സണ്ണിയെ ഞാൻ ഇപ്പോഴും ഓർക്കുന്നു.

അങ്ങനെ നമ്മുടെ കമ്പനിയുടെ കാര്യം എന്തായി എന്നറിയാനുള്ള ബദ്ധപ്പാടിലാണ് എല്ലാവരും. രണ്ടു ദിവസമായിട്ടും കുവൈറ്റിൽ നിന്നും അപ്ഡേറ്റ് ഒന്നും ഇല്ല. ഓഫീസിൽ ആകെ ശോകമൂകം. സൗദിയിലെ കമ്പനിയുടെ ഹെഡ് ഓഫീസ് റിയാദിൽ ആണ്. അങ്ങനെ മൂന്നാം ദിവസം വിവരം കിട്ടി. മുതലാളിയും ഫാമിലിയും കുവൈറ്റിൽ നിന്നും പലായനം ചെയ്ത് റിയാദിൽ എത്തിയിട്ടുണ്ടെന്ന്. മുഹമ്മദ് ശാരിഖ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ശാരിഖ് ഫാമിലി ഒന്നടങ്കം പലായനം ചെയ്തു റിയാദിൽ സേഫ് ആയി എത്തി. അന്ന് കുവൈറ്റിൽ നിന്നും പലായനം ചെയ്തുവരുന്ന അറബികൾക് താമസിക്കാനായി എല്ലാ വലിയ സിറ്റികളിലും ഫ്ലാറ്റുകൾ ഒരുക്കിയിരുന്നു. സത്യത്തിൽ അത് ബന്ധുക്കൾ ആയ സൗദികൾക്ക് പട്ടണത്തിലേക്കു പുനരധിവസിക്കാൻ ഉണ്ടാക്കിയ ഫ്ലാറ്റ് സമുച്ഛയങ്ങൾ ആയിരുന്നു. പക്ഷെ അത് കുവൈറ്റികൾക്കാണ് ഉപകാരപ്പെട്ടത്. നമ്മൾ മലയാളികൾ കൂട്ട ബിൽഡിങ് എന്നും കുവൈറ്റി ബിൽഡിങ് എന്നും ഓമനപ്പേരിട്ട് വിളിച്ചു.

അങ്ങിനെ യുദ്ധം സൗദിയിലേക് നീങ്ങുമെന്ന് മുന്നറിയിപ്പ് വന്നുതുടങ്ങി. അതുവരെ സദ്ദാമുമായി ചങ്ങാത്തത്തിൽ ആയിരുന്ന അമേരിക്ക, ബുഷ് ഒന്നാമൻ ചുവട് മാറ്റി. കുവൈറ്റിനെ മോചിപ്പിക്കാൻ അമേരിക്കൻ സേനക്ക് താവളം ഒരുക്കാൻ സൗദി തയ്യാറായി അതോടെ കളിമാറി. സൗദിയുമായി നല്ല കൂട്ടായിരുന്നു സദ്ദാം . പക്ഷെ അമേരിക്കയും സൗദിയും ചേർന്നുള്ള പുതിയ നീക്കം അറിഞ്ഞതോടെ സദ്ദാം സൗദിയെയും ആക്രമിക്കാൻ തുടങ്ങി .

ഇറാൻ - ഇറാഖ് യുദ്ധത്തിൽ ഏറ്റവും കൂടുതൽ ഇറാഖിനെ സപ്പോർട്ട് ചെയ്തിരുന്ന രണ്ടു രാജ്യങ്ങളും ശത്രു പക്ഷത്തായി. 1980ൽ തുടങ്ങി 1988ൽ ആണ് ഇറാൻ - ഇറാഖ് യുദ്ധം അവസാനിച്ചത്. നീണ്ട 8 വർഷം ഇറാഖ് പിടിച്ചു നിന്നത് ഈ രണ്ടു ശക്തികളുടെയും സപ്പോർട്ട് കൊണ്ടാണ്. ഷിയാ മുസ്ലിമും സുന്നി മുസ്ലിമും തമ്മിലുള്ള യുദ്ധം എന്ന് അതിനെ വിശേഷിപ്പിക്കാം. അല്ലാതെ വേറൊരു കാരണവും ഉള്ളതായിട്ട് തോന്നുന്നില്ല. രണ്ടു വിശ്വാസങ്ങൾ തമ്മിൽ ഉള്ള ഏറ്റുമുട്ടലിൽ നഷ്ടപ്പെടുന്നത് ഒരുപാട് ജീവനുകളും സ്വന്തം രാജ്യത്തിൻറെ കെട്ടുറപ്പും ആയിരുന്നു. ഞാൻ റബേഗിൽ ആയിരുന്ന കാലത് ജിദ്ദയിൽ നിന്നും അങ്ങോട്ട് പോവുന്ന വഴി തൂവൽ എന്ന ചെറിയ ഒരു സീപോർട്ട് ഉണ്ട്. അവിടെ നിന്നാണ് ഇറാഖിലേക് യുദ്ധ ആയുധങ്ങൾ വളരെ രഹസ്യമായി കയറ്റി അയച്ചിരുന്നത് എന്ന് അവിടെ ഉള്ള ഒരു മലയാളി പറഞ്ഞതായി ഓർക്കുന്നു.

അതായത് അമേരിക്കയിൽ നിന്നും ആയുധങ്ങൾ സൗദിയിലെ തൂവൽ പോർട്ട് വഴിയാണ് പോയിരുന്നത്. അന്താരാഷ്ട്ര തലത്തിൽ അമേരിക്ക നേരിട്ട് ഇടപെടുന്നില്ല എന്ന് വരുത്തി തീർക്കുകയും എന്നാൽ യഥാർത്ഥത്തിൽ അമേരിക്കയുടെയും സൗദിയുടെയും സഹായത്തോടെയാണ് യുദ്ധം നീണ്ട എട്ടുവർഷം നീണ്ടുപോകുകയും ചെയ്യും. അതിന്റെ ബാക്കി പതിപ്പാണ് ഇപ്പോൾ യമെനിൽ നടന്നുകൊണ്ടിരിക്കുന്നത് .

അതിനെ പറ്റിയെല്ലാം കൂടുതൽ ഞാൻ ഇനിയൊരിക്കൽ എഴുതാം.

കുവൈറ്റ് അക്രമിച്ചതിന്റെ തലേ ദിവസം ജിദ്ദയിൽ ജിസിസി മീറ്റിംഗ് നടന്നിരുന്നു. ആ മീറ്റിംഗിൽ മറ്റു ജിസിസി രാജ്യ തലവന്മാരുടെ കൂട്ടത്തിൽ സദ്ദാമും കുവൈറ്റ് അമീറും പങ്കെടുത്തിരുന്നു. അന്ന് അവിടെ വെച്ച് സദ്ദാമും കുവൈറ്റ് അമീറും വാക്കുതർക്കം ഉണ്ടായെന്നാണ് അറിയാൻ കഴിഞ്ഞത് .

അങ്ങനെ യുദ്ധം കൂടുതൽ കടുത്തു. സൗദിയിലെ ഖഫ്ജി എന്ന സ്ഥലത്തെല്ലാം സദ്ദാമിന്റെ സേന കയറിത്തുടങ്ങി. ഖഫ്ജി, കുവൈറ്റ് - സൗദി ബോർഡർ പട്ടണമാണ്. എണ്ണ സമ്പന്നമായ സ്ഥലം. അവിടെ എണ്ണ ഖനനം നടത്തുന്നത് കുവൈറ്റും സൗദിയും ചേർന്നാണ്. യുദ്ധം കൂടുതൽ ശക്തമായി തുടങ്ങി. മിസൈലുകൾ ചീറിപ്പാഞ്ഞ് വരാൻ തുടങ്ങി. നമ്മൾ എല്ലാവരും അരിയും ഉപ്പും അടക്കമുള്ള അത്യാവശ്യ സാധനങ്ങൾ എല്ലാം വാങ്ങി സ്റ്റോക്ക് വെച്ചു. എയർപോർട്ടും സീപോർട്ടും എല്ലാം അടച്ചു. നാട്ടിലേക്കുള്ള എല്ലാ കമ്മ്യൂണിക്കേഷൻസും നിലച്ചു. അന്ന് മുഖ്യമായും ആശ്രയിച്ചിരുന്നത് കത്തിനെയാണ്. നമ്മുടെ കമ്പനിയുടെ റിയാദ് ഓഫീസ് പ്രവർത്തനം ജിദ്ദയിലേക് ഷിഫ്റ്റ് ചെയ്തു. ജിദ്ദ കൂറേക്കൂടെ സുരക്ഷിതമായിരുന്നു. ദമ്മാമിനെ അപേക്ഷിച്ച് മിസൈലുകൾ അധികവും ലക്‌ഷ്യം വെച്ചത് റിയാദിനെയും അതേപോലെ കിഴക്കൻ പ്രവിശ്യയിലെ ഓയിൽ റിഫൈനറികളെയും ആയിരുന്നു.

നമ്മൾ താമസ സ്ഥലത്തെ ജനലുകളുടെ എല്ലാ വിടവുകളും ടേപ്പ് വെച്ചു ഒട്ടിച്ചു ക്ലോസ് ചെയ്തു. സദ്ദാം രാസായുധം പ്രയോഗിക്കാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നായിരുന്നു അത് ചെയ്തത് . സദ്ദാമിന് സൗദി അറേബ്യ ആക്രമിക്കാൻ പ്ലാൻ ഇല്ലായിരുന്നു . പക്ഷെ അമേരിക്കൻ ഇടപെടൽ ആണ് അതിന് പ്രേരിപ്പിച്ചത്. വെള്ളം കലക്കി മീൻ പിടിക്കുന്ന ഏർപ്പാട് ആണ് അവർ ചെയ്തത്. അവരുടെ ലക്‌ഷ്യം ആയുധ കച്ചവടം ആണല്ലോ. ഗൾഫ് മേഖലയിൽ സംഘർഷം ഉണ്ടാവേണ്ടത് അവരുടെ ആവശ്യമായിരുന്നു. അത് അവിടെ തുടർന്ന് കൊണ്ടിരിക്കുന്നു. നേട്ടം അമേരിക്ക കൊയ്തുകൊണ്ടേ ഇരിക്കുന്നു.

അമേരിക്കയുടെ മൗനസമ്മതത്തോടെയാണ് സദ്ദാമിന്റെ സേന കുവൈറ്റ് പിടിച്ചടക്കിയത്. പക്ഷെ അമേരിക്ക ചുവട് മാറ്റി. അവരുടെ ലക്ഷ്യം രണ്ടായിരുന്നു. അറബ് മേഖലയിൽ നിർണായക ശക്തി കേന്ദ്രമായ സദ്ദാമിനെ ഒതുക്കുക. ഗൾഫ് മേഖലയിൽ ആധിപത്യം സ്ഥാപിക്കുക, ഒപ്പം ആയുധ കച്ചവടവും. . അതെല്ലാം അവർ സാധിച്ചെടുത്തു. അന്നൊക്കെ അറബ് ഭരണാധികാരികൾ സദ്ദാമിനോട് കൂടി ആലോചിച്ചിട്ടാണ് പല അന്താരാഷ്ട്ര ഇടപടെലുകളുടെ തീരുമാനങ്ങൾ എടുത്തിരുന്നത്. അറബ് നേതാക്കളുടെ കണ്ണിലുണ്ണിയും അമേരിക്കയുടെ കണ്ണിലെ കരടുമായിരുന്നു സദ്ദാം

ഇടക്ക് ഇടക്ക് ടിവിയിൽ സൈറൺ മുഴങ്ങും. മിസൈൽ വരുന്നത് അറിഞ്ഞാൽ എല്ലാവരും റൂമിൽ ശബ്ദം ഉണ്ടാക്കാതെ ഒതുങ്ങിയിരിക്കും. പാട്രോയ്റ് മിസൈൽ അതിനെ നശിപ്പിച്ചെന്ന് അറിഞ്ഞാൽ സമാധാനമായി. കിഴക്കൻ പ്രവിശ്യയിലെ പല സ്ഥലത്തും റിയാദിലും മിസൈലിന്റെ അവശിഷ്ടങ്ങൾ വീണിട്ടുണ്ട്. ജിദ്ദ മിസൈൽ പരിധിയിൽ നിന്നും ഒരുപാട് ദൂരം ആയത്കൊണ്ട് എത്തിയിട്ടില്ല. യുദ്ധം കഴിഞ്ഞു സൗദി അറേബ്യ ആദ്യമായി വേൾഡ് ബാങ്കിൽ നിന്നും കടം എടുത്തു. അമേരിക്ക സൗദിയുടെ ചിലവിൽ ഗൾഫിൽ അധ്യപത്യം സ്ഥാപിച്ചെടുത്തു.

അമേരിക്കയുടെയും അറബ് ഭരണാധികാരികളുടെയും തണലിൽ വളർന്നു പന്തലിച്ച സദ്ദാമിനെ ഒതുക്കേണ്ടത് അമേരിക്കയുടെ ആവശ്യമായിരുന്നു. അതിന് അമേരിക്ക തീർത്ത കെണിയായിരുന്നു കുവൈറ്റ് യുദ്ധം. അമേരിക്കയുടെ ചതിക്കുഴി മുൻകൂട്ടി മനസ്സിലാക്കാൻ സദ്ദാമിന് പറ്റിയില്ല. സദ്ദാം പലപ്പോഴായി ജിസിസി മീറ്റിംഗിൽ ഗൾഫിന് മൊത്തമായി ഒരു കോമൺ കറൻസി വേണമെന്നും വിനിമയം ഡോളറിലുടെ മാത്രമായി നിശ്ചയിച്ചത് എടുത്ത് കളയണമെന്നും അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയുള്ള പല നീക്കങ്ങളും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇറാനെ ഒതുക്കാൻ സദ്ദാമിനെ ഉപയോഗിച്ച അമേരിക്ക അതേനാണയത്തിൽ സദ്ദാമിനെ ഒതുക്കാനും മറന്നില്ല.

അങ്ങിനെ ഗൾഫ് യുദ്ധം ഓഗസ്റ്റ് 1990ൽ തുടങ്ങി ഫെബ്രുവരി അവസാനം 1991ൽ അവസാനിച്ചു. നാട്ടിൽ നിന്നുള്ള ഒരുവിവരവും അറിയുന്നില്ല . വിമാനത്താവളങ്ങൾ എല്ലാം അടച്ചത്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കത്തുകൾ ഒന്നും ഇല്ല. അങ്ങനെ എയർപോർട്ട് എല്ലാം ഓപ്പൺ ആയി തുടങ്ങി. നമ്മുടെ കമ്പനിയിലെ സലിം നാട്ടിൽ പോകുന്നതറിഞ്ഞ എല്ലാവരും നാട്ടിലേക്കുള്ള കത്തുകൾ എല്ലാം അവനെ ഏല്പിച്ചു. ഒരു ചാക്ക് നിറയെ കത്തുണ്ടായിരുന്നു. ആ കത്തുകൾ എല്ലാം അതേപോലെ സ്റ്റാമ്പ് ഒട്ടിക്കാതെ തപാൽ പെട്ടിയിൽ ഇടുകയും എല്ലാവരും കൂലി കത്തായി പൈസകൊടുത്തു സ്വീകരിക്കുകയുമാണ് ചെയ്തത്.

Read More >>