ഇനി വില്‍ക്കാനൊന്നുമില്ല, കടങ്ങള്‍ വീട്ടി സ്വസ്ഥമാകണം എന്നാണ് പ്രാര്‍ത്ഥന

ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. ഇനി ഒന്നിലേക്കും ഇല്ല എങ്ങിനെയും കടങ്ങള്‍ വീട്ടി ഒന്ന് സ്വസ്തമാകണം എന്നാണ് പ്രാര്‍ത്ഥന - അച്ചായന്‍ പറഞ്ഞു നിര്‍ത്തി - നാസർ ചെമ്മട്ട് എഴുതുന്നു

ഇനി വില്‍ക്കാനൊന്നുമില്ല, കടങ്ങള്‍ വീട്ടി സ്വസ്ഥമാകണം എന്നാണ് പ്രാര്‍ത്ഥന

കോട്ടയത്തുകാരന്‍ അച്ചായനെ യാദൃച്ഛികമായാണ് പരിചയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പ്രൈവറ്റ് ടാക്‌സിയില്‍ ഒരുദിവസം യാത്ര ചെയ്യേണ്ടി വന്നു. ഓഫീസില്‍ നിന്നും സുഖമില്ലാതെ വീട്ടിലേക്ക് മടങ്ങാന്‍ കമ്പനി ഡ്രൈവര്‍ ഏര്‍പ്പാടാക്കി തന്നതാണ് ഈ ടാക്‌സി. കമ്പനി വണ്ടി വേറൊരു അത്യാവശ്യത്തിന് പോകേണ്ടി വന്നത് നന്നായി. ജീവിതാനുഭവങ്ങള്‍ ഉള്ള ഒരാളെ പരിചയപ്പെടാന്‍ കഴിഞ്ഞല്ലോ, സന്തോഷം! യാത്രക്കിടയില്‍ ഞങ്ങള്‍ ഒരുപാട് അനുഭവങ്ങള്‍ പങ്കുവെച്ചു.

1982 ലാണ് ഇദ്ദേഹം സൗദിയില്‍ എത്തുന്നത്. സ്‌പോണ്‍സര്‍ ദമ്മാമില്‍ നിന്നുള്ളയാളാണ്. തെരുവ് കച്ചവടമായിരുന്നു സ്പോണ്‍സറുടെ പ്രധാന ബിസിനസ്. അങ്ങനെ തെരുവില്‍ സാധനങ്ങള്‍ വില്‍ക്കുന്ന ജോലി കിട്ടി. പിന്നീട് സ്പോണ്‍സറുടെ ബിസിനസ്സ് എല്ലാം തകര്‍ന്നു. ജോലിക്കാര്‍ക്ക് ഒന്നുകില്‍ തിരിച്ചു പോകാം, അല്ലെങ്കില്‍ പുതിയ സ്പോണ്‍സറെ കണ്ടെത്തി റിലീസ് വാങ്ങാം. അങ്ങനെയാണ് പുതിയ സ്പോണ്‍സറെ കണ്ടെത്തി ഒരു ബിസിനസ് ആരംഭിച്ചത്. ബിസിനസ് മെച്ചപ്പെട്ടു തുടങ്ങി. വിദേശത്ത് നിന്നും ചെറുതായി സാധനങ്ങള്‍ കൊണ്ടു വരാനും അത് വില്‍ക്കാനും തുടങ്ങി. തൊടുന്നതെല്ലാം പൊന്നായി മാറിയ കാലം - അദ്ദേഹം പറഞ്ഞു നിര്‍ത്തി.

പിന്നെ എന്താ ടാക്‌സിയുമായെന്ന് ഞാന്‍ ചോദിച്ചു

'അതെല്ലാം ഒരുപാട് ഉണ്ട് സാറെ' എന്നായിരുന്നു മറുപടി. ഒപ്പം ഒരു ദീര്‍ഘ നിശ്വാസവും ഒരു ചെറുപുഞ്ചിരിയും.

എന്നെ അല്‍ഖോബാറിലെ ഫ്‌ളാറ്റില്‍ എത്തിച്ച് എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞാണ് തിരിച്ച് പോയത്.

കുറച്ച് ദിവസത്തിന് ശേഷം എനിക്കും കുടുംബത്തിനും ഒരു യാത്ര ചെയ്യാനുള്ള അവസരം ഉണ്ടായി. ദൂരയാത്രകളില്‍ ഞാന്‍ ഡ്രൈവ് ചെയ്യാറില്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇങ്ങനെ ചില തീരുമാനങ്ങളെടുക്കേണ്ടി വന്നത്. അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ആവേശത്തിലായിരുന്ന ഞാന്‍ ഈ യാത്ര ഒരു അവസരമാക്കി.

ഞാനാണ് തുടങ്ങിവെച്ചത്. അദ്ദേഹം പറഞ്ഞു തുടങ്ങി : ബിസിനസ് വളരെ നല്ല നിലയ്ക്ക് പോകുകയായിരുന്നു. പലരും ഒരുമിച്ച് പണം മുടക്കാന്‍ തയ്യാറായി വന്നു. അങ്ങനെ മലയാളി സമൂഹത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. സഭയുടെ പ്രാര്‍ത്ഥനാ പരിപാടികളിലെല്ലാം സജീവമായി. ഭാര്യയും കുട്ടികളും സൗദിയില്‍ ഒന്നിച്ച താമസിക്കാന്‍ തുടങ്ങി. ജീവിതം സന്തോഷകരമായി മുന്നോട്ടു പോയി. പല സൗദി പൗരന്മാരുമായി നല്ല സൗഹൃദ ബന്ധം. അങ്ങനെ ബിസിനസ്സ് തുടങ്ങാമെന്ന് പറഞ്ഞ് ഒരു സൗദി പൗരന്‍ എന്നെ സമീപിച്ചു. പണം അദ്ദേഹം മുടക്കാമെന്ന കരാറില്‍ ബിസിനസ്സ് ആരംഭിച്ചു. എന്നാല്‍ ആവശ്യമുള്ളപ്പോഴൊന്നും പണം കിട്ടിയില്ല. സീ പോര്‍ട്ടില്‍ നിന്നും സാധനങ്ങള്‍ റിലീസ് ചെയ്യാന്‍ കഴിയാതെ കൂടുതല്‍ തുക അടക്കേണ്ടി വന്നു. ബിസിനസ് തകര്‍ന്നു. സൗദി പാട്ണര്‍ കേസ് നല്‍കി. കോടതി വിധി പ്രകാരം എന്നെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. അതോടെ എന്റെ കഷ്ടകാലം തുടങ്ങി - അദ്ദേഹം പറഞ്ഞു നിര്‍ത്തി. ബാക്കി ഒരു ചായകുടിച്ചവാമെന്ന് കരുതി.

ഞങ്ങള്‍ ചായ കുടിക്കാനിറങ്ങി. ബൂഫിയക്കാരന്‍ കുഞ്ഞാമുട്ടിയെ പരിചയപ്പെട്ടു. അദ്ദേഹം തന്റെ കഥ പറയാന്‍ തുടങ്ങി - നാട്ടില്‍ നിന്നും വന്നിട്ട് മൂന്ന് വര്‍ഷമായി. പന്ത്രണ്ട് മണിക്കൂര്‍ പണിയെടുക്കണം. നിന്ന് നിന്ന് കാല് കഴക്കുന്നു, കാലിന് നീരുവന്ന് തുടങ്ങി.... ഇദ്ദേഹത്തിന്റെ വിശേഷങ്ങള്‍ ഞാന്‍ പിന്നീട് എഴുതാം.

ചായകുടിച്ച് ഞങ്ങള്‍ വണ്ടിയില്‍ കയറി വീണ്ടും യാത്ര തുടര്‍ന്നു. അദ്ദേഹം തന്റെ കഥ തുടര്‍ന്നു: ജയിലിലായ ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായി. ആരും തിരിഞ്ഞു നോക്കാനില്ല. ആകെ ഒറ്റപ്പെട്ടു. ഭാര്യയും മകളും ഒറ്റയ്ക്ക് ഫ്‌ളാറ്റില്‍. കൂടെയുണ്ടായിരുന്നവര്‍ ഒപ്പം നിന്നില്ല. സ്‌കൂള്‍ അധികൃതര്‍ വിവരം അറിഞ്ഞ് ഭാര്യയ്ക്ക് ഒരു ചെറിയ ജോലി ശരിയാക്കി കൊടുത്തു. അതുകൊണ്ട് കുടുംബം പട്ടിണിയില്ലാതെ മുന്നോട്ടു പോയി. മകളുടെ ഫീസും അവര്‍ ഇളവു ചെയ്തു. മകന്‍ നാട്ടില്‍ പഠിക്കുകയാണ്. എല്ലാം കൊണ്ടും വല്ലാത്തൊരു അവസ്ഥ. കൂടെ നിന്ന ആരും തന്നെ ജയിലില്‍ എന്നെ കാണാന്‍ പോലും വന്നില്ല.

ഇനി ജയിലിലെ വിശേഷങ്ങള്‍ പറയാം. മൊത്തം മലയാളികള്‍ 5 പേരുണ്ട്. എല്ലാവരും പല കുറ്റം ചെയ്തവര്‍. ചെറിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ്. ഞാനാണ് പ്രായം കൊണ്ടും കേസിന്റെ കാഠിന്യം കൊണ്ടും മുതിര്‍ന്നവന്‍. ഒന്നാമന്‍ രാജേഷ്, പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നു. പണം മോഷ്ടിച്ചെന്നാരോപിച്ചാണ് ജയിലിലായത്. സുബിന്‍, യൂസഫ് എന്നിവര്‍ ബഹ്റൈനില്‍ നിന്നും മദ്യം കടത്തുമ്പോള്‍ പിടിക്കപ്പെട്ടവരാണ്. എല്ലാവരും ചെറുപ്പക്കാര്‍. ജയിലിലെ ഭക്ഷണം വിളമ്പാന്‍ സഹായിക്കുന്നത് സുബിനാണ്. കൂലിയായി മാസത്തില്‍ മുന്നൂറ് റിയാല്‍ കിട്ടും. പണമല്ല ഒരു തരം പ്ലാസ്റ്റിക് കോയിന്‍ ആണ്. അതുപയോഗിച്ച് അവര്‍ക്ക് ജയിലിനുള്ളില്‍ പെപ്‌സിയും മറ്റും വാങ്ങാം. ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ആരുടെ കൈയ്യിലും മൊബൈല്‍ ഫോണ്‍ ഇല്ലെന്നാണ് അധികൃതരുടെ ധാരണ. എന്നാല്‍ രാത്രി ഉറങ്ങാന്‍ കിടന്നാല്‍ എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ ഓണാകും. എല്ലാവരും പതുങ്ങിയ ശബ്ദത്തില്‍ സംസാരിക്കുന്നത് കേള്‍ക്കാം. പകല്‍ സമയത്ത് അത് എവിടെയാണ് ഒളിപ്പിക്കുന്നതെന്ന് പടച്ചവനും അവര്‍ക്കും മാത്രമേ അറിയൂ.

എനിക്കുള്ള ഭക്ഷണം സുബിന്‍ പ്രത്യകമായി കൊണ്ടുവന്ന് തരും. അവിടെ നമ്മള്‍ എല്ലാവരും നല്ല കൂട്ടായിരുന്നു. പ്രത്യേകിച്ച് പായത്തെ മാനിച്ച് എല്ലാവര്‍ക്കും എന്നോട് നല്ല ബഹുമാനമായിരുന്നു. സുബിന്‍ രാത്രി മുഴുവന്‍ ഫോണിലായിരിക്കും. ബഹ്‌റിനിലുള്ള ഒരു മലയാളി പെണ്‍കുട്ടിയുമായി നല്ല ബന്ധമുണ്ട്. താന്‍ ബിസിനസ് ടൂറിലാണെന്നും കുറച്ചു ദിവസം കഴിഞ്ഞു വരുമെന്നുമാണ് സുബിന്‍ അവളോട് പറയുന്നത്.

ജയിലില്‍ ഞങ്ങള്‍ക്കൊപ്പം ഒരു സൗദി പൗരനമുണ്ടായിരുന്നു. മയക്കുമരുന്ന് കേസിലാണ് ശിക്ഷയനുഭവിക്കുന്നത്. ഞങ്ങളുമായി നല്ല കൂട്ടായിരുന്നു. അദ്ദേഹം ജയിലിലായതോടെ വീട്ടില്‍ ഭാര്യയും രണ്ടു വയസ്സായ മകനും ഒറ്റയ്ക്കാണ്. അദ്ദേഹത്തിന്റെ സങ്കടം നമ്മളുമായി പങ്കുവെക്കും. അതിനിടയ്ക്ക് അല്‍ ഖോബാറില്‍ മലയാളിയെ കൊലപ്പെടുത്തിയ പാകിസ്ഥാനി യുവാവും നമ്മളെ പരിചയപ്പെട്ടു. അവന്‍ ഒരു കൂസലും ഇല്ലാതെ അങ്ങനെ കഴിഞ്ഞു കൂടുന്നു. കൊല്ലപ്പെട്ട മലയാളിയുടെ മക്കള്‍ മൈനര്‍ ആയതിനാല്‍ അവര്‍ക്ക് പ്രായപൂര്‍ത്തി ആയതിന് ശേഷം അവരുടെയും അഭിപ്രായം കൂടി പരിഗണിച്ചേ വിധി നടപ്പാക്കൂ. പാകിസ്ഥാനി മലയാളം പഠിക്കാനുള്ള തിരക്കിലാണ്. ഭാവിയില്‍ മക്കളെ സ്വാധീനിക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പാണ്.

വിഷമമുള്ള കാര്യം വധശിക്ഷയ്ക്ക് വിധിച്ചവരും നമ്മുടെ കൂട്ടത്തില്‍ ഉണ്ടെന്നതാണ്. ശിക്ഷ നടപ്പാക്കുന്ന ദിവസം ഡോക്ടറുടെ അടുത്തേക്കാണെന്ന് പറഞ്ഞാണ് ഇവരെ നമ്മുടെ ഇടയില്‍ നിന്നും കൊണ്ടുപോവുക. പിന്നീട് തിരിച്ചു വരാഞ്ഞാല്‍ മനസിലാക്കാം ശിക്ഷ നടപ്പാക്കിയെന്ന്.

ജയിലിലെ അന്തേവാസികള്‍ക്ക് അവരുടെ ഫാമിലിയുമായി കഴിയാന്‍ മാസത്തില്‍ ഒരു ദിവസം അനുവദനീയമാണ്. അതിന് മുന്‍കൂട്ടി അപേക്ഷ കൊടുത്താല്‍ അതിനുള്ള ചെറിയ സ്റ്റുഡിയോ അപാര്‍ട്‌മെന്റ് ജയിലിനുള്ളില്‍ തന്നെ അനുവദിക്കുന്നതാണ്.

ജയിലിനുള്ളില്‍ എന്തൊക്കെ അനുവദീയമല്ലാതുണ്ടോ അതൊക്കെ അവിടെ കിട്ടും. മൊബൈല്‍ ഫോണ്‍, റീചാര്‍ജ് കാര്‍ഡ്, ആനമയക്കി പോലുള്ള സാധനങ്ങള്‍. അതൊന്നടിച്ചാല്‍ രണ്ടു ദിവസം ബെഡില്‍ തന്നെ കിടക്കും. രാത്രി കിടക്കാന്‍ നേരത്താണ് എല്ലാവരുടെയും വിഷമങ്ങള്‍ പുറത്തു വരിക. ബഹ്‌റൈനില്‍ നിന്നും മദ്യം കൊണ്ടുവന്ന് വില്പന നടത്തുന്ന മലയാളികളില്‍ പിടിക്കപ്പെടാറുണ്ട്. ഫാമിലിയ്‌ക്കൊപ്പമാണ് വരുന്നതെങ്കില്‍ ചെക്കിങ് കുറവായിരിക്കും എന്ന് കരുതി ഇറങ്ങി തിരിച്ചവര്‍ അവസാനം നമ്മുടെ കൂട്ടത്തില്‍ എത്താറുണ്ട്. ഫാമിലിയെ പോകാനനുവദിക്കും ഭര്‍ത്താവിനെ ജയിലിലേക്കും അയക്കും. പെട്ടെന്ന് പണമുണ്ടാകാം എന്ന ചിന്തയാണ് ആളുകളെ ഇതില്‍ കൊണ്ടെത്തിക്കുന്നത്. നൂറിരട്ടി ലാഭം കിട്ടുന്ന ബിസിനസാണ് ഇത്. പല രീതികളും അവര്‍ പരീക്ഷിച്ചിട്ടുണ്ട്. കാറിന്റെ പെട്രോള്‍ ടാങ്ക് രണ്ട് അറയാക്കി അതില്‍ ഒന്നില്‍ മദ്യം നിറച്ചും സ്റ്റെപ്പിനി ടയറില്‍ കാറ്റിന് പകരം മദ്യം നിറച്ചും പല രീതികള്‍ പരീക്ഷിച്ച് പരാജയപ്പെട്ട് അവസാനം ഇവിടെ നമ്മുടെ കൂട്ടത്തില്‍ ജയിലിലെത്തും.

മദ്യവുമായി ബന്ധപ്പെട്ട കേസുകളില്‍ കൂടുതലും മലയാളികളാണ്. സ്വന്തമായി ചാരായം കാച്ചി വില്‍ക്കുന്ന മലയാളികള്‍ മുന്‍പന്തിയിലാണ്. ഒപ്പം ഫിലിപ്പീന്‍സുകാരുമുണ്ട്. കുഴല്‍പ്പണ കേസിലും മലയാളികളുടെ എണ്ണം കുറവല്ല. പാകിസ്ഥാനികള്‍ പൊതുവെ അടിപിടി കേസുകളിലും മയക്കുമരുന്ന് കേസുകളിലുമാണ് പിടിക്കപ്പെടാറ്. ജയിലില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആളുകളുടെ എണ്ണം കുറവാണ്. ചാരായം വെള്ളക്കുപ്പികളില്‍ നിറച്ചു വില്‍ക്കാന്‍ എളുപ്പമാണ്. പെട്ടെന്ന് മനസ്സിലാകില്ല. കറന്‍സി കടത്തല്‍ പരിപാടിയിലും നമ്മുടെ ആളുകള്‍ മോശക്കാരല്ല. മലയാളികളുടെ ജീവിത സാഹചര്യം, അവരുടെ ചുറ്റുപാടുകള്‍ എന്നിവ അവരെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള തെറ്റായ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നു.

അങ്ങനെ എന്റെ കേസ് ഒത്തുതീര്‍പ്പാക്കി. എന്റെ സ്‌പോണ്‍സര്‍ മുന്നിട്ടിറങ്ങി. അങ്ങിനെ ഓരോ വര്‍ഷവും ഒരു ലക്ഷം റിയാല്‍ വീതം മൊത്തം അഞ്ചു ലക്ഷം കൊടുത്തു തീര്‍ക്കാമെന്നായിരുന്നു കരാര്‍. കോടതി മുമ്പാകെ സ്‌പോണ്‍സര്‍ ഉത്തരവാദിത്വം ഏറ്റെടുത്തു. എന്റെ സ്‌പോണ്‍സര്‍ വളരെ നല്ല മനുഷ്യനാണ്. വലിയൊരു മനുഷ്യ സ്‌നേഹിയാണ്. അദ്ദേഹത്തിന്റെ ഇടപെടലോടെ തല്‍ക്കാലം ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞു. ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഒപ്പമുള്ളവര്‍ ചിലതെല്ലാം പറഞ്ഞേല്‍പ്പിച്ചിരുന്നു. അങ്ങിനെ രണ്ടു വയസ്സായ മകനുമൊന്നിച്ച് കഴിയുന്ന സൗദി പൗരന്റെ കുടുംബത്തിനെ കാണാന്‍ പോയി. മകന് വേണ്ടി കുറച്ചു ചോക്ലേറ്റും പാലുമായാണ് പോയത്. അവര്‍ക്ക് വളരെ സന്തോഷമായി.

പിന്നീട് രാജേഷിന്റെ കേസില്‍ ഇടപെടാന്‍ തീരുമാനിച്ചു. പെട്രോള്‍ പമ്പ് ഉടമയുമായി സംസാരിച്ചു. തല്‍ക്കാലം 12000 റിയാല്‍ തരാമെങ്കില്‍ കേസ് ഒത്തുതീര്‍പ്പാക്കാം എന്നവര്‍ സമ്മതിച്ചു. ആ വിവരം അവന്റെ അച്ഛനെ വിളിച്ചറിയിച്ചു. അവനുമായി യാതൊരു ബന്ധവും ഇപ്പോഴില്ല അതുകൊണ്ട് ഇനി ഈകാര്യത്തില്‍ വിളിക്കരുതെന്ന് പറഞ്ഞു ഫോണ്‍ കട്ടുചെയ്തു. അതിന് ശേഷം അവന്റെ ഭാര്യയെ വിളിച്ചു. മറുപടി കേട്ട് ഞാന്‍ അന്തം വിട്ടുപോയി. അവന്‍ അവിടെ തന്നെ കിടന്നോട്ടെ നാട്ടിലാകുമ്പോള്‍ തീരെ സ്വസ്ഥത തരാത്തവന. ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്വസ്ഥത ഉണ്ട്. അതുകൊണ്ട് ഒരിക്കലും ജയിലില്‍ നിന്നും പുറത്തിറക്കേണ്ട എന്നാണ് മറുപടി കിട്ടിയത്.

ഇപ്പോള്‍ ഞാന്‍ സൗദി പൗരന് കൊടുക്കാനുള്ള പണമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. നാട്ടിലുള്ളതെല്ലാം വിറ്റു. ഇനിയൊന്നും വില്‍ക്കാന്‍ ബാക്കിയില്ല. ഇടയ്ക്ക് നാട്ടില്‍ പോയി ലോണ്‍ ശരിയാക്കാനുള്ള ശ്രമം നടത്തി. എന്റെ സ്‌പോണ്‍സര്‍ നല്ലൊരു മനുഷ്യനായതുകൊണ്ടും ഞാന്‍ ഈ കേസില്‍ നിരപരാധി ആണെന്ന് അദ്ദേഹത്തിന് അറിയാവുന്നത് കൊണ്ടും ഒരു ജ്യേഷ്ഠസഹോദരന്റെ സ്ഥാനത്ത് നിന്ന് ഒരുപാട് സഹായിച്ചിട്ടുണ്ട്. എനിക്ക് ഇടയ്ക്കു നാട്ടില്‍ പോകാന്‍ അനുമതി തരുന്നത് അദ്ദേഹത്തിന്റെ റിസ്‌കില്‍ ആണ്. അഥവാ ഞാന്‍ തിരിച്ച് വന്നില്ലെങ്കില്‍ കുടുങ്ങുന്നത് അദ്ദേഹമായിരിക്കും.

ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. ഇനി ഒന്നിലേക്കും ഇല്ല, എങ്ങിനെയും കടങ്ങള്‍ വീട്ടി ഒന്ന് സ്വസ്ഥമാകണം എന്നാണ് പ്രാര്‍ത്ഥന - അച്ചായന്‍ പറഞ്ഞു നിര്‍ത്തി.

(ഇതില്‍ പ്രതിപാദിച്ചിട്ടുള്ള പേരുകള്‍ സാങ്കല്പികമാണ്)

Read More >>