''അഭിമന്യു പൂവിയുടേയും മനോഹരന്റെയും മകനാണ്'' (അതുകൊണ്ടല്ല അവന്‍ കൊല്ലപ്പെട്ടത് എന്നു നിങ്ങള്‍ പറയുമോ?)

അഭിമന്യുവിനെ കൊന്നത് സവര്‍ണ്ണ ജാതിബോധം പിന്തുടരുന്ന എസ്ഡിപിഐക്കാരാണ്. കൊലയാളികള്‍ക്കു മേല്‍ പട്ടികജാതി- വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ചേരും. ശിക്ഷ ഇരട്ടിയാകും; അപ്പോഴുണ്ട് ദാ ഒരു കൂട്ടര്‍ പറയുന്നു; അഭിമന്യു കൊല്ലപ്പെട്ടത് ആദിവാസിയായതു കൊണ്ടല്ലെന്ന്. എന്നുവച്ചാല്‍ ആ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തണ്ട എന്നാണോ?

അഭിമന്യു പൂവിയുടേയും മനോഹരന്റെയും മകനാണ് (അതുകൊണ്ടല്ല അവന്‍ കൊല്ലപ്പെട്ടത് എന്നു നിങ്ങള്‍ പറയുമോ?)

അഭിമന്യു മഹാരാജാസുകാരനാണ്

- അതെ

നാഷണല്‍ സര്‍വ്വീസ് സ്‌കീംകാരനാണ്

- അതെ

ഇടുക്കിക്കാരനാണ്

- അതെ

വട്ടവടക്കാരനാണ്

- അതെ. വിളിപ്പേരും അതാണ്

ആദിവാസിയാണ്

- അതുകൊണ്ടല്ല കൊല്ലപ്പെട്ടത്.

പട്ടിക വര്‍ഗ്ഗക്കാരനാണ്

- അതുകൊണ്ടല്ല കൊല്ലപ്പെട്ടത്.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള അഭിമന്യു എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയില്‍ ഉള്ളതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത്. എത്ര വലിയ മുന്നേറ്റമാണ് അതിലൂടെ എസ്എഫ്‌ഐക്ക് ഉണ്ടാകുന്നത്. ആദിവാസി വിഭാഗത്തിലെ ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന സംഘാടകന്‍ തെരഞ്ഞെടുത്ത സംഘടനയാണ് എസ്എഫ്‌ഐ എന്നല്ലേ അഭിമാനിക്കേണ്ടത്.

പകരം, അഭിമന്യു ആദിവാസിയായതിനാലല്ല എസ്എഫ്‌ഐ ആയതിനാലാണ് കൊല്ലപ്പെട്ടത് എന്ന് ആവര്‍ത്തിക്കാനും ആദിവാസിയിലും വലുതാണ് എസ്എഫ്‌ഐ എന്നാവര്‍ത്തിക്കാനും നിങ്ങള്‍ കാണിക്കുന്ന ഉത്സാഹം തികട്ടി വരുന്ന ജാതീയതയാണ് എന്ന ബോധ്യം വല്ലതുമുണ്ടോ?

ഇനി, അഭിമന്യുവിനെ അത്രപെട്ടന്നങ്ങു കൊന്നു എന്നാണോ നിങ്ങള്‍ പറയുന്നത്. അല്ലേയല്ല, അവന്‍ ആദിവാസിയാണെന്നും അവനെയാണ് കൊല്ലുന്നതെന്നും കൊല്ലാന്‍ തീരുമാനിച്ചു വന്നവര്‍ക്ക് അറിയാം. നമ്മള്‍ അഭിമന്യു കൊല്ലപ്പെട്ട ശേഷം നാരദ ന്യൂസിലൂടെയാണ് അറിയുന്നത്, അഭിമന്യു ആദിവാസിയാണെന്ന്. പക്ഷെ, കൊല്ലാനുറപ്പിച്ച സമയത്ത് സവര്‍ണ്ണ മുസ്ലീം സായുധ സംഘടനയ്ക്ക് അവന്‍ ആദിവാസിയാണ് എന്ന് അറിയാമായിരുന്നു. ദൃക്‌സാക്ഷി വിവരണത്തില്‍ വ്യക്തമാണ്, അഭിമന്യുവിനെ തന്നെയാണ് അവര്‍ കൊല്ലാന്‍ വന്നത്. കൊല്ലാനുള്ള പരിശീലനം നേടിയവരാണ് കുത്തിയത്.

അഭിമന്യു പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥി സംഘടനയാണ് എസ്എഫ്‌ഐ. യുവജന സംഘടനയാണ് ഡിവൈഎഫ്‌ഐ. അവന്റെ അമ്മ പൂവി ആണ് എന്നു പറയുമ്പോള്‍ അതുകൊണ്ടല്ല അവന്‍ കൊല്ലപ്പെട്ടത് എന്നു പറയാത്ത നിങ്ങള്‍, അവന്റെ അച്ഛന്‍ മനോഹരനാണ് എന്നു പറയുമ്പോള്‍ അതുകൊണ്ടല്ല അവന്‍ കൊല്ലപ്പെട്ടത് എന്നു പറയാത്ത നിങ്ങള്‍, അവന്‍ ആദിവാസിയാണ് എന്നു പറയുമ്പോള്‍ അല്ല, അതുകൊണ്ടല്ല അവന്‍ കൊല്ലപ്പെട്ടത് എന്നാവര്‍ത്തിക്കുന്നത്, നീ പേറുന്ന സവര്‍ണ്ണ ജാതിയുടെ വെറിയാണ് ചങ്ങാതി. കൊണ്ടുപോയി രക്തം പരിശോധിച്ചു നോക്കൂ.

അതെ, അവന്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഉശിരനൊരു സംഘാടകനായി വളരുമായിരുന്നു. ഒരുപക്ഷെ ഒരു എംഎല്‍എ... മന്ത്രി... ആരുമാകുമായിരുന്നു. അപ്പോഴും അവന്റെ അച്ഛന്‍ മനോഹരനും അമ്മ പൂവിയുമായിരിക്കുന്നതു പോലെ ആദിവാസിയുമാകും. ആദിവാസി എന്നത് എത്രമാത്രം അഭിമാനകരമായ അവസ്ഥയാണ് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ? അവന് മരണ ശേഷം ആദിവാസി എന്ന നിലയ്ക്കുള്ള നീതിയും കിട്ടേണ്ടതുണ്ട്. കൊലയാളികള്‍ക്കു മേല്‍ ചുമത്തേണ്ട കുറ്റങ്ങളില്‍ പട്ടികജാതി- പട്ടിക വര്‍ഗ്ഗ പീഡന നിരോധന വകുപ്പുകളുമുണ്ട്. ഏയ് വിഢികളേ, നിങ്ങള്‍ പൊലീസിനോടും പറയുമോ- ആ വകുപ്പുകള്‍ വേണ്ട, കാരണം അവന്‍ കൊല്ലപ്പെട്ടത് ആദിവാസിയായതിനാല്‍ അല്ലെന്ന്?


Read More >>