കുമ്പസാരക്കൂട്ടിലെ പീഡകന്റെ ശബ്ദം 'പിടിയില്‍': നാണക്കേട് എന്ന ട്രംപ്‌കാർഡ് ഉയര്‍ത്തി എന്നു വ്യക്തം

കുമ്പസാരക്കൂട്ടിലെ രഹസ്യം ഭര്‍ത്താവിനോട് വെളിപ്പെടുത്തും എന്നു ഭീഷണി മുഴക്കി അധ്യാപികയെ പീഡിപ്പിച്ച വൈദികരില്‍ പ്രമുഖന്റെ ശബ്ദരേഖ നാരദാദയ്ക്ക് ലഭിച്ചു. ശബ്ദം എഡിറ്റ് ചെയ്യാതെ പുറത്തു വിടുന്നു

കുമ്പസാരക്കൂട്ടിലെ പീഡകന്റെ ശബ്ദം പിടിയില്‍: നാണക്കേട് എന്ന ട്രംപ്‌കാർഡ് ഉയര്‍ത്തി എന്നു വ്യക്തം

ഒടുവില്‍ സീനിയര്‍ കത്തനാരുടെ ന്യായീകരണവും എത്തി. നിഷ്‌കളങ്കനാണ് സ്വര്‍ഗ്ഗരാജ്യത്തിന് ഇപ്പോഴും അവകാശിയാണ് യാതൊരു തെറ്റും ചെയ്തിട്ടില്ല എന്നിങ്ങനെ ഘോരഘോരം തന്നെ ഈ കത്തനാര്‍ നാരദാദയ്ക്ക് കിട്ടിയ ഓഡിയോയില്‍ വാദിക്കുന്നുണ്ട്. കുമ്പസാരക്കൂട്ടില്‍ നിന്നും കേട്ട രഹസ്യം മുതലെടുത്ത് എട്ടോളം വൈദികര്‍ ഒരു സ്ത്രീയെ ലൈംഗിക അറ്റിമയാക്കിയ സംഭവം പുറത്തുവന്നതോടെ പരുങ്ങലിലായ വൈദികരില്‍ പ്രധാനിയുടെ ന്യായീകരണ ശബ്ദമാണ് നാരദാദയ്ക്ക് ലഭിച്ചത്. പ്രത്യേകിച്ചൊന്നും കത്തനാര്‍ക്ക് പറയാനില്ല എന്ന് ഈ ഓഡിയോ കേള്‍ക്കുമ്പോള്‍ തന്നെ അറിയാം, ചെയ്തു കൂട്ടിയ പ്രവൃത്തികളില്‍ യാതൊരു മനസ്താപം തോന്നിയിട്ടില്ല എന്നും! എങ്കിലും എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ സഭാംഗങ്ങള്‍ തങ്ങളെ അവിശ്വസിച്ചാലോ എന്ന ഭയത്തില്‍ എന്തൊക്കെയോ പറയുന്നു എന്നുമാത്രം. ഇനി ഈ പറഞ്ഞതെല്ലാം എന്താണ് എന്നു കൂടി അറിയണം-

ഇങ്ങനെയൊരു അബദ്ധം സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ ഏതെങ്കിലും ഭര്‍ത്താവ് തന്റെ മാനവും മക്കളെയുമോര്‍ത്തു പുറത്തുപറയുമോ എന്നാണ് കത്തനാരുടെ സംശയം. 'നാണക്കേട്' എന്ന ട്രംപ് കാര്‍ഡ് ഉപയോഗിച്ചു മുതലെടുത്തിരുന്നവര്‍ ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ലലോ. വിശ്വാസം മറയാക്കിയ കാപട്യ ജീവിതങ്ങള്‍ക്ക് എന്നും സുരക്ഷിതത്വമായിരിക്കും എന്നാണ് കരുതിയിരുന്നത്. അല്ലെ? കത്തനാരെ, അഭിമാനം നിങ്ങള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ഉണ്ട് അതു മനസ്സിലാക്കുക. മാത്രമല്ല 'അളമുട്ടിയാല്‍ ചേരയും കടിക്കും' എന്ന പഴഞ്ചൊല്ലും ഓര്‍മ്മിക്കുക.

പ്രസ്തുത സീനിയര്‍ കത്തനാരുടെ സഹോദരന്റെ മകളാണത്രേ ഈ സ്ത്രീ! അതായത് ബന്ധത്തില്‍ മകള്‍ തന്നെ! ഈ മകളുടെ ഭര്‍ത്താവാണ് ഇപ്പോള്‍ കത്തനാര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതിനും കത്തനാര്‍ക്ക് ഒരു ന്യായമുണ്ട് കുടുംബസ്വത്തായ ഒരു 13 സെന്റ് വസ്തുവില്‍ തുടങ്ങിയ വസ്തുതര്‍ക്കം ആണത്രേ വര്‍ഷങ്ങള്‍ക്കുശേഷം ആ സ്ത്രീയുടെ കുടുംബ ജീവിതം പോലും തകര്‍ത്തുകൊണ്ട് ആഞ്ഞടിച്ചിരിക്കുന്നത്. ഹോ! ഇത്തരം കാര്യങ്ങള്‍ കണ്ടെത്തുന്ന താങ്കളെ സമ്മതിക്കാതെ തരമില്ല.

കത്തനാരുടെ അടുത്ത സംശയം ഇതാണ്- കുടുംബമായി ജീവിക്കുന്ന അധ്യാപികയായ ഒരു സ്ത്രീ, അതും വീടിനടുത്തു നിന്നും വളരെ ദൂരം ഒന്നുമല്ലാത്ത സ്‌കൂളില്‍ പഠിപ്പിക്കുന്ന ഒരാള്‍ക്ക് ഇത്രയും വൈദികരുമായി എങ്ങനെ ഒരു ബന്ധം സ്ഥാപിക്കുവാന്‍ കഴിയുമെന്നാണ്. ആത്മീയ ഭീഷണിക്കു മുന്നില്‍ ഇവരെ നിലയ്ക്ക് നിര്‍ത്താം എന്ന് മറ്റാരേക്കാളും നിങ്ങള്‍ക്ക് നന്നായി അറിയാമല്ലോ കത്തനാരെ. കുമ്പസാര രഹസ്യം എന്ന പിടിവള്ളി ഉള്ളിടത്തോളം കാലം പേടിക്കുകയും വേണ്ട. മാത്രമല്ല, കള്ളത്തരം കാണിക്കുവാന്‍ മുതിരുന്നവര്‍ ആരോടും അനുവാദം വാങ്ങിയല്ലലോ ഇതെല്ലാം ചെയ്യുന്നത്.

ഫ്‌ളൈറ്റ് കേറി ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ വൈദികന് ലെ മെറിഡിയനില്‍ കാശ് സെറ്റില്‍ ചെയ്യാന്‍ പ്രയാസം ഉണ്ടാകുമോ എന്നാണ് പരിഹാസം നിറഞ്ഞ ശബ്ദത്തില്‍ കത്തനാര് അടുത്തതായി ചോദിക്കുന്നത്. മാനസിക വൈകല്യമുള്ളവര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യും എന്നാണ് നാരദാദ പറയുന്നത്. മറ്റുള്ളവരുടെ മുതല്‍ കട്ടനുഭവിക്കുന്നതിലായിരിക്കും ഇവര്‍ക്ക് ലഹരി. സ്വന്തം പോക്കറ്റില്‍ പണമുണ്ടെങ്കിലും മറ്റുള്ളവരുടെ ചെലവില്‍ ആകുമെങ്കില്‍ ആകട്ടെ എന്നൊരു വൈകല്യ മനോഭാവം! കത്തനാര് ചോദിച്ചത് പോലെ തന്നെ ഈ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും അവിടെത്തന്നെയുണ്ടാവും, യാതൊരു സംശയവും വേണ്ട. മറ്റൊരു അട്ടിമറി നടന്നില്ല എങ്കില്‍ അത് തന്നെ തെളിവുകളായി നിങ്ങളുടെ സംശയം തീര്‍ത്ത് തരും. പോരാത്തതിന് അന്നേ ദിവസം ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് എത്തിയ ഫ്ളൈറ്റിലെ പാസഞ്ചര്‍ ലിസ്റ്റും ഡല്‍ഹിയിലെ കൊച്ചിയിലെ വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി വേണമെങ്കില്‍ പരിശോധിച്ചോളൂ. യാതൊരുവിധ സംശയങ്ങളും അവശേഷിപ്പിക്കേണ്ടതില്ല.

ഈ സ്ത്രീ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ താന്‍ നാടുവിട്ടതാണ് എന്ന് കത്തനാര് പറയുന്നുണ്ട്. അതുകൊണ്ടെന്താണ് ഉദ്ദേശിക്കുന്നത് എന്നു നാരദയ്ക്ക് മനസ്സിലാകുന്നില്ല. ഒരിക്കലും മടങ്ങി ചെല്ലാത്ത ഏതു പറുദീസയിലേക്ക് ആണ് താങ്കള്‍ പോയി ഓടിയൊളിച്ചത്? വാക്കുകളെ സൂക്ഷിച്ച് ഉപയോഗിക്കുക, ഒടുവില്‍ ഇതെല്ലാം ബാലപീഡനത്തിന് എത്താതിരുന്നാല്‍ സഭയുടെ ഭാഗ്യം എന്ന് മാത്രമേ പറയേണ്ടതുള്ളൂ.

സഭ പരിപാലിച്ചുപോരുന്ന പല ആചാരങ്ങളും അനുഷ്ടാനങ്ങളും അവസാനിപ്പിക്കുവാനുള്ള ഗൂഡലക്ഷ്യം ആയി താങ്കള്‍ ഇതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നുണ്ട്. ശരിയാണ് വിശ്വാസത്തെ ചോദ്യം ചെയ്താല്‍ അന്ധവിശ്വാസികളായ സഭാംഗങ്ങള്‍ തന്നെ നേരിടും എന്ന് നിങ്ങള്‍ക്ക് അറിയാം. മാറ്റപ്പെടേണ്ട ദുരാചാരങ്ങളും അനുഷ്ഠാനങ്ങളും ആണെങ്കില്‍ അത് മാറ്റുക തന്നെ വേണ്ടേ? കുമ്പസാരക്കൂട്ടില്‍ ളോഹയിട്ട പാതിരികള്‍ പോണ്‍ വീഡിയോ സമ്മാനിക്കുന്നതിലും ഉള്‍പ്പുളകം സ്വീകരിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടത് അല്ല എന്നുണ്ടോ?

നാരദാദയോടു നേരിട്ട് സംസാരിച്ച വെണ്ണിക്കുളം സ്വദേശിയായ സഭാംഗത്തിന്റെ കാര്യം കൂടി പറയാം. സോണി അച്ചനെ ഈ ഇടവകയിലേക്ക് നിയമിച്ചപ്പോള്‍ സഭാംഗങ്ങള്‍ പരാതിയുമായി നേതൃത്വത്തിലേക്ക് ചെന്നു. എന്നാല്‍ ഉന്നതങ്ങളില്‍ പിടിപാടുള്ള താങ്കളെ മാറ്റുവാന്‍ നേതൃത്വം തയ്യാറായില്ല. മുംബൈ ഓഫ്‌ഷോറില്‍ ജോലി ചെയ്യുന്ന ഈ യുവാവ് ഇക്കാര്യങ്ങളെല്ലാം അറിഞ്ഞതോടെ നാട്ടിലെത്തിയാല്‍ പോലും കഴിവതും മദ്ബഹയില്‍ കയറാതെയായി.

ഒരിക്കല്‍ താങ്കളോടൊപ്പം അള്‍ത്താരയില്‍ നിന്നപ്പോള്‍ ഈ യുവാവ് മനംനൊന്ത് പ്രാര്‍ത്ഥിച്ചതും ഇങ്ങനെയാണ്- കപടത മാത്രം കൈമുതലുള്ള ഈ മനുഷ്യനോടൊപ്പം നിന്ന് ബലിയര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ വേദന നിറഞ്ഞതാണ്. ഇങ്ങനെയുള്ള അവസരങ്ങളെ കര്‍ത്താവേ നീ ഒഴിവാക്കണം എന്നായിരുന്നു. അത് അതുപോലെ സംഭവിച്ചു എന്നും യുവാവ് പറഞ്ഞു.

ബഹുമാനപ്പെട്ട കത്തനാരെ സ്ത്രീകള്‍ക്കു മാത്രമല്ല ഉറക്കെ പറഞ്ഞില്ല എങ്കില്‍ പോലും താങ്കളുടെ സഭയിലെ ആബാലവൃദ്ധ ജനങ്ങളില്‍ നല്ലൊരു ശതമാനത്തിനും താങ്കള്‍ കത്തനാരല്ല, കാപാലികനാണ്!


Read More >>